ആത്മസംയമനത്തിന്‍റെ പാഠം

ആത്മസംയമനത്തിന്‍റെ പാഠം
Published on

ഒരിക്കല്‍ ധ്യാനനിമഗ്നനായിരുന്ന ശ്രീബുദ്ധന്‍റെ അരികില്‍ ഒരാള്‍ വന്ന്, ഏറെ ദുഷിച്ച വാക്കുകള്‍ പറയാന്‍ തുടങ്ങി. അയാള്‍ പറയുന്ന ചീത്തയൊന്നും ബുദ്ധന്‍ ശ്രദ്ധിക്കുന്നതേയില്ല. പുഞ്ചിരിക്കുന്ന മുഖഭാവത്തോടെ അദ്ദേഹം തന്‍റെ ധ്യാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ബുദ്ധന്‍റെ ശിഷ്യന്മാര്‍ ഈ രംഗം കാണുന്നുണ്ടായിരുന്നു. അവരിലൊരുവനു വല്ലാതെ കോപം വന്നു. ഈ വൃത്തികെട്ടവനെ തൂക്കി എറിഞ്ഞു കളഞ്ഞാലോ എന്നുവരെ അയാള്‍ ചിന്തിച്ചു. എങ്കിലും ഗുരുവിന്‍റെ അക്ഷോഭ്യമായ അവസ്ഥ കണ്ട് അയാളും മറ്റു ശിഷ്യന്മാരും ഒന്നും സംഭവിക്കാത്ത മട്ടിലിരുന്നു. ഗുരുവാകട്ടെ ആ പുലഭ്യങ്ങള്‍ എല്ലാം കേട്ടിട്ടും അനങ്ങാപ്പാറ പോലെ ഇരുന്നു.
ഒടുവില്‍ കുറെനേരം ഒച്ചവച്ചിട്ട്, വന്ന മനുഷ്യന്‍ അതേപടി പോയി. അപ്പോള്‍ ശിഷ്യന്മാര്‍ ബുദ്ധനോടു ചോദിച്ചു: 'അങ്ങെന്താണ് ഒട്ടും പ്രതികരിക്കാതിരുന്നത്? ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ അയാളെ ചവുട്ടി പുറത്താക്കിയേനേ."
ശ്രീബുദ്ധന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: ഈ മനുഷ്യന്‍ സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുവന്ന് എന്‍റെ കാല്‍ക്കല്‍ വയ്ക്കുകയും ഞാനതു സ്വീകരിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്തു സംഭവിച്ചേനെ. അയാള്‍ അതു തിരിച്ചെടുത്തു കൊണ്ടുപോയേനെ. ഇവിടെയും സംഭവിച്ചത് അതുതന്നെ. അയാളുടെ ശകാരവര്‍ഷം ഞാന്‍ സ്വീകരിച്ചില്ല. അതുകൊണ്ട് അയാള്‍ക്ക് അതിന്‍റെ ഭാണ്ഡവും പേറി തിരിച്ചുപോകേണ്ടിവന്നു.
സംയമനത്തിന്‍റെ മഹത്തായ പാഠമാണ് ശ്രീബുദ്ധന്‍ നമ്മെ പഠിപ്പിക്കുന്നത്. പലപ്പോഴും നമ്മുടെ അനാവശ്യമായ പ്രതികരണങ്ങളാണ് കാര്യങ്ങള്‍ വഷളാക്കുക. വിഷം നിറഞ്ഞ വാക്കുകള്‍ ചൊരിയുന്നവനോട് പ്രതികരിക്കാതിരിക്കുകയാണ് നന്ന്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org