പകർന്നു കൊടുക്കാം ആത്മവിശ്വാസം, ബന്ധങ്ങളിൽ…

പകർന്നു കൊടുക്കാം ആത്മവിശ്വാസം, ബന്ധങ്ങളിൽ…

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry
& Roldants Behaviour Studio, Cochin

എന്‍റച്ഛന്‍ പൊതുവെ പേടിക്കാരനാണ്. എന്ത് കാര്യം ചെയ്യാന്നു വെച്ചാലും വേണ്ടാന്ന് പറഞ്ഞു തടയും. പുറത്തേക്കൊന്നു തനിയെ പോകുന്ന കാര്യം ചോദിച്ചാല്‍ ദേഷ്യപ്പെട്ട് ആകെ സീന്‍ ആക്കും. എപ്പോഴും എവിടെയൊക്കെയോ അപകടം പതുങ്ങിയിരിക്കുന്നുവെന്നാണ് അച്ഛന്‍ എപ്പോഴും പറയാറ്. ഈ പേടിയും അസ്വസ്ഥതയും കാണുമ്പോള്‍ പിന്നെ ഞാന്‍ എങ്ങും പോകാന്‍ ചോദിക്കാറില്ല. അച്ഛന്‍ പറയുന്ന പല കഥകളും കേട്ടു എന്‍റെ ഉള്ളിലും പേടി വളര്‍ന്നു. വന്നു വന്നു എനിക്ക് പുറത്തിറങ്ങാന്‍ പേടിയായി. പ്ലസ് ടു കഴിഞ്ഞു കോളേജിലേക്ക് പോകേണ്ട സമയമായപ്പോള്‍ എന്‍റെ പേടി കൂടി. ചുറ്റുമുള്ളവരെല്ലാം നെഗറ്റീവ് ആണെന്നൊരു തോന്നല്‍. ആത്മവിശ്വാസം പണ്ടേ കുറവായിരുന്നു. ഇപ്പോ അത് മുഴുവനും പോയി.

ഫ്രണ്ട്സ് എനിക്ക് വലിയ വീക്ക്നെസ്സ് ആണ്. ഞാന്‍ അവരുടെ കൂടെ ആയിരിക്കുമ്പോഴാണ് ഹാപ്പി ആയിരിക്കുന്നത്. ഞങ്ങടെ ഗാങ്ങില്‍ ബോയ്സും ഗേള്‍സും എല്ലാരും ചേര്‍ന്ന് മാസത്തില്‍ ഒരിക്കല്‍ ടൗണിലെ മാളില്‍ ഒരുമിച്ചു കൂടി ഫുഡ് അടിക്കും. ഒരേ ഒരു തവണ മാത്രേ എന്നെ അമ്മ വിട്ടിട്ടുള്ളൂ. പിന്നെ പോകാന്‍ അമ്മ സമ്മതിക്കത്തില്ല.. ഞാന്‍ ഫ്രണ്ട്സിന്‍റെ കൂടെ കൂടി വഷളാകും, കൈവിട്ടു പോകും എന്നാണ് അമ്മയുടെ ചിന്ത. നല്ല സുഹൃത്തുക്കള്‍ പോലും അമ്മയുടെ കാഴ്ചപ്പാടില്‍ കാമുകന്മാരാണ്. പതിയെ പതിയെ എന്‍റെ സോഷ്യല്‍ കോണ്‍ടാക്ട്സ് എല്ലാം നിന്നു. നല്ല ആക്റ്റീവ് ആയിരുന്ന ഞാന്‍ ഇപ്പോ സൈലന്‍റ് ആയി. ഓവര്‍ കെയറും ഓവര്‍ കറക്ഷനും കാരണം നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും മിസ്ടേക്ക്സ് ഉണ്ടെന്നൊരു തോന്നല്‍ ആണ് മനസ്സില്‍ എപ്പോഴും.

എനിക്ക് ബാങ്കിലാണ് ജോലി. കൂടെ ജോലി ചെയ്യുന്ന ഒരു സ്റ്റാഫ് ഞാന്‍ എന്ത് ചെയ്താലും അതിനകത്തൊരു കുറ്റം കണ്ടെത്തി പറയും. അയാളെ പേടിച്ചിട്ടു പണിയെടുക്കാന്‍ പറ്റാതായി. നല്ലത് ചെയ്താലും കളിയാക്കലും കുത്തിയുള്ള സംസാരവും കാരണം നന്നായി ജോലി ചെയ്തോണ്ടിരുന്ന എന്‍റെ ആത്മ വിശ്വാസം എവിടൊക്കെയോ നഷ്ടമായി.

ചുറ്റുമുള്ളവരെ തിരിച്ചറിയണം
ചില ബന്ധങ്ങള്‍ നമ്മുടെ ആത്മവിശ്വാസം കൂട്ടും. മറ്റു ചില ബന്ധങ്ങള്‍ ഉള്ളത് കൂടെ കളയും. നമുക്ക് ചുറ്റും ജീവിക്കുന്നവര്‍ ഏതു തരക്കാരാണെന്നത് നാം തിരിച്ചറിയണം. അവരുടെ വ്യക്തിത്വ പ്രത്യേകതകള്‍ ആകാം അവരുടെ പെരുമാറ്റത്തിന് കാരണം. കുത്തി മുറിവേല്പിച്ച് ആത്മവീര്യം കളയുന്നവര്‍ നമ്മുടെ സൗഹൃദവലയത്തില്‍ ഉണ്ടെങ്കില്‍ അവരുടെ ചളിയഭിഷേകം തുടര്‍ക്കഥകളാകും.

പേടികളും പരിമിതികളും
തങ്ങളിലുള്ള പരിഹരിക്കപ്പെടാത്ത പല പേടികളും പരിമിതികളും ആണ് നമ്മില്‍ പലരും മറ്റൊരാള്‍ക്ക് മേല്‍ ചൊരിയുന്നത്. പേടിയുള്ള മാതാപിതാക്കള്‍ മക്കളെ പേടിയില്‍ വളര്‍ത്തും. പേടിയുള്ള ഭാര്യ ഭര്‍ത്താവിനെ ഇടംവലം തിരിയാന്‍ സമ്മതിക്കില്ല. പേടിയുള്ള ഭര്‍ത്താവ് ഭാര്യയുടെ മനസ്സില്‍ നിരന്തരം ഇടുന്ന പേടിയുടെ വിഷവിത്തുകള്‍ കളകളായി രൂപപ്പെടും. വിവാഹശേഷം സന്തോഷവും സമാധാനവും കൂടിയവരുണ്ട്. കല്യാണത്തോടെ ഉള്ള ആത്മവിശ്വാസം കൂടെ പോയവരുമുണ്ട്.

ഉപദ്രവമോ ഉണര്‍ത്തുപാട്ടോ
ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ പേടിപ്പെടുത്തല്‍ അല്ലെങ്കില്‍ ശക്തിപ്പെടുത്തല്‍ നടക്കുന്നുണ്ട്. ബിസിനസ്സിലും ജോലിയിലും കലാകായിക മേഖലയിലും സംഘടനകള്‍ക്കിടയിലും ക്ലബ്കളിലും എല്ലാം ബന്ധങ്ങള്‍ക്കിടയില്‍ വളര്‍ത്തല്‍ അല്ലെങ്കില്‍ തളര്‍ത്തല്‍ നടക്കുന്നുണ്ട്. നമുക്ക് ലഭിക്കുന്നത് ഉപദ്രവമാണോ ഉണര്‍ത്തു പാട്ടാണോ എന്നതും, നാം മറ്റുള്ളവരെ ശക്തിപ്പെടുത്താന്‍ ഉത്സുകനായ വ്യക്തിയാണോ അതോ അറിഞ്ഞോ അറിയാതെയോ നമ്മുടെ ചുറ്റുമുള്ളവരുടെ തളര്‍ച്ചയ്ക്കു നാം കാരണക്കാരനാണോ എന്നതും ചിന്തനീയ വിഷയങ്ങളാണ്.

ഒളിഞ്ഞും തെളിഞ്ഞും
നമ്മളെ തളര്‍ത്തുന്ന വാക്കുകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കുന്ന 'അടുത്ത ആളുകള്‍' ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ വാക്കുകളും രീതികളും നമുക്കുണ്ടാക്കുന്ന അസ്വസ്ഥകളും വേദനകളും ബുദ്ധിമുട്ടുകളും മാന്യമായ രീതിയില്‍ അവരോടു തുറന്നു പറയുന്നത് ഉചിതമാണ്. അവര്‍ അത് വകവെയ്ക്കാതെയാണ് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരുമായി ആരോഗ്യകരമായ ഒരു അകല്‍ച്ച പാലിക്കുന്നത് അവനവന്‍റെ ആത്മസ്ഥിതിക്കും മനഃസമാധാനത്തിനും ഉചിതമായിരിക്കും.

ആകാം കലാകാരന്‍, ശാസ്ത്രജ്ഞനും.
നാം ഇടപെടുന്നവരും നമുക്ക് ചുറ്റും നിരന്തരം ഇടപഴകുന്നവരുമായ ആളുകള്‍ ആരൊക്കെയാണ് എന്നൊന്ന് ചിന്തിച്ചു നോക്കിയാല്‍ നമ്മുടെ അവരോടുള്ള സമീപനം വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഞാന്‍ പകര്‍ന്നു കൊടുക്കുന്നത് പ്രതീക്ഷയുടെയും സാധ്യതകളുടേതുമായ ആശയങ്ങളാണോ അതോ നിരാശ നിറഞ്ഞവയാണോ എന്ന് ഒന്ന് പരിശോധിക്കൂ. നമ്മിലേയ്ക്കെത്തുന്ന ഓരോരുത്തരുടെയും ഉള്ളം നിറക്കാന്‍ പറ്റിയ ആശ്വാസവാക്കുകളും, അവരുടെ പ്രതിസന്ധികളെ മറികടക്കാന്‍ പറ്റിയ ആത്മവിശ്വാസ ചിന്തകളും ചൊരിയപ്പെടുന്ന മനസ്സ് എത്ര ശ്രേഷ്ഠമാണ്. മറ്റുള്ളവരുടെ നന്മ കാംക്ഷിക്കുന്ന, അവരെ വളര്‍ത്തുന്ന സാധാരണക്കാരായ ഒട്ടനവധി സുമനസ്സുകള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നതാണ് നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ സമ്പത്തും ബലവും. പരസ്പരം വളര്‍ത്തുന്ന ശീലം നമ്മില്‍ കുറവാണെങ്കില്‍ സ്വയം തിരിച്ചറിഞ്ഞു, വേണ്ട മാറ്റങ്ങള്‍ വരുത്തി നമുക്കും പരസ്പരം വളര്‍ത്താം. ആത്മവിശ്വാസം ഉണര്‍ത്തുന്നത് ഒരു കലയും ശാസ്ത്രവുമാണ്. ഒരേ സമയം ഒരു കലാകാരനും ശാസ്ത്രജ്ഞനുമാകട്ടെ നമ്മളോരോരുത്തരും.

1. അറിയാം. പറയാം.
നമുക്ക് ചുറ്റും മറ്റുള്ളവരെ വെറുതെ കുറ്റം പറയുന്ന ശീലക്കാര്‍ ഉണ്ടാകാം. അവരെ അറിയുക. അവരുടെ രീതികളോടുള്ള വിയോജിപ്പ് സ്നേഹപൂര്‍വ്വം ഒറ്റയ്ക്ക് കണ്ടു സൂചിപ്പിക്കാം. ഒരു പക്ഷെ അവരുടെ രീതികള്‍ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെങ്കിലോ!?

2. മാറ്റാം. മാറാം.
നല്ല നിര്‍ദ്ദേശങ്ങളിലൂടെ നമുക്കിടയിലുള്ള സുഹൃത്തുക്കളെ തിരുത്താന്‍ നമുക്കായാല്‍ അവരുടെ ജീവിതവും സൂപ്പര്‍ ആകും. അവര്‍ സ്വഭാവം മാറ്റുന്നില്ലെങ്കില്‍ നമ്മളുടെ സ്വഭാവം അവരുമൂലം മോശമാകാതിരിക്കാന്‍ അവര്‍ക്കിടയില്‍ നിന്നങ്ങു മാറുന്നതായിരിക്കും സ്വന്തം തടിക്കു നല്ലത്.

3. വളരാം. വളര്‍ത്താം.
നല്ലത് കണ്ടാല്‍ അപ്പോത്തന്നെ പറഞ്ഞു അഭിനന്ദിക്കാന്‍ ഉള്ള സദ് ശീലം പരിശീലിക്കണം. നന്മയില്‍ വളരാനും കൂടെയുള്ളവരില്‍ ആത്മവിശ്വാസം വളര്‍ത്താനും ഇത് മതി

4. എണ്ണാമെങ്കില്‍ എണ്ണിക്കോ
നമ്മള്‍ വഴി മനസുണര്‍ന്നു ജീവിതത്തില്‍ രക്ഷപ്പെട്ടവര്‍ എത്രയുണ്ടാവും? എണ്ണാമെങ്കില്‍ എണ്ണിക്കോ. അത്രയധികമുണ്ടാകും ഏതൊരാള്‍ക്കും.
Because we are better than we think.

Mob: 9744075722
vipinroldant@gmail.com
www.roldantrejuvenation.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org