അപകര്‍ഷത വേണ്ട; ആത്മവിശ്വാസം നേടൂ

അപകര്‍ഷത വേണ്ട; ആത്മവിശ്വാസം നേടൂ
Published on

ഡൊണാള്‍ഡ് തോണ്‍ടണ്‍ എന്ന നീഗ്രോ ഒരു കൂലിവേലക്കാരനും അയാളുടെ ഭാര്യ ഒരു വീട്ടുജോലിക്കാരിയുമായിരുന്നു. നിര്‍ദ്ധനരായ അവര്‍ക്ക് ആറു പെണ്‍മക്കള്‍.

അവരെയെല്ലാം ഡോക്ടര്‍മാരാക്കണമെന്നാണു തോണ്‍ടണിന്‍റെ ആഗ്രഹം. അന്നത്തെ കാലത്തു നീഗ്രോ കുടുംബത്തില്‍ നിന്നു ഡോക്ടര്‍മാരോ? അയാളുടെ ആ അതിമോഹത്തെ പലരും അവജ്ഞയോടെ ആക്ഷേപിച്ചു.

പക്ഷേ, ആ പിതാവു ധീരതയോടെ മുന്നോട്ടു നീങ്ങി. കൂടുതല്‍ പണം സമ്പാദിക്കുന്നതിനുവേണ്ടി മറ്റൊരു ജോലി കൂടി അയാള്‍ സ്വീകരിച്ചു.

"നിങ്ങള്‍ ഞങ്ങളെപ്പോലെയാവരുത്. പഠിച്ചു മിടുക്കരാവണം. അതിനുള്ള കഴിവു നിങ്ങള്‍ക്കുണ്ട്. പണം എങ്ങനെയും ഞാന്‍ സംഘടിപ്പിക്കാം" – അയാള്‍ മക്കളോടു പറയും.

"നിങ്ങള്‍ക്കു വീട്ടുജോലിക്കാരികളാകാനേ കഴിയൂ" എന്നു പറഞ്ഞു വെള്ളക്കാരായ സഹപാഠികള്‍ ആക്ഷേപിച്ചപ്പോഴും അപകര്‍ഷതാബോധം വെടിഞ്ഞ് ആ നീഗ്രോക്കുട്ടികള്‍ പഠിച്ചു മിടുക്കരായി. തോണ്‍ടണ്‍ മരിക്കുന്നതിനുമുമ്പു കുട്ടികളില്‍ മൂന്നു പേര്‍ ഡോക്ടര്‍മാരും മറ്റുള്ളവര്‍ മികച്ച ജോലിക്കാരുമായി.

അപകര്‍ഷതാബോധത്തിനു പകരം ശരിയായ ആത്മബോധവും ആത്മവിശ്വാസവും നേടിയെടുത്തതായിരുന്നു ആ നീഗ്രോപിതാവിന്‍റെ വിജയരഹസ്യം. ആ തന്‍റേടം അയാള്‍ തന്‍റെ കുട്ടികളിലേക്കും പകര്‍ന്നു.

അപകര്‍ഷതാബോധമാണു പലരുടെയും ജീവിതവിജയത്തിനു വിഘാതം സൃഷ്ടിക്കുന്നത്. ദൈവം ഒട്ടേറെ കഴിവുകള്‍ തന്നിട്ടും അതൊന്നും സ്വയം കണ്ടെത്തുന്നില്ല എന്നതാണു സത്യം. അപകര്‍ഷതാബോധത്തെ ആത്മവിശ്വാസംകൊണ്ടു തോല്പിച്ചു നമുക്കു മുന്നേറാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org