ദാമ്പത്യത്തില്‍ അനിവാര്യമായ ആത്മീയ ഐക്യം

ദാമ്പത്യത്തില്‍ അനിവാര്യമായ ആത്മീയ ഐക്യം

സിസ്റ്റര്‍ ഡോ. റോസ് ജോസ് സിഎച്ച്എഫ്

ഭാര്യ-ഭര്‍തൃബന്ധത്തില്‍ പ്രഥമവും പ്രധാനവുമായി പരിഗണിക്കപ്പെടുന്ന വൈകാരികതലം പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അതിലെ ആത്മീയതലവും. ദാമ്പത്യത്തിന്‍റെ ഊഷ്മളതയും തീവ്രതയും കാത്തുസൂക്ഷിക്കുന്ന ദമ്പതികളില്‍ തീര്‍ച്ചയായും ഈ ആത്മബന്ധം ദൃഢതരമായിരിക്കും. വൈകാരികവും ആത്മീയവുമായ ഐക്യം ദാമ്പത്യവിജയത്തിന് അനിവാര്യമാണ്. വൈകാരിക തലത്തില്‍ ചില പാളിച്ചകള്‍ ഉണ്ടായാല്‍പോലും ദമ്പതികള്‍ തമ്മില്‍ ആത്മബന്ധം നിലനില്‍ക്കുന്നുവെങ്കില്‍ അവിടെ വലിയ പ്രതിസന്ധികളോ പരിഭവങ്ങളോ പ്രശ്നങ്ങളോ ഉടലെടുക്കില്ല.

ദമ്പതികള്‍ തമ്മിലുള്ള ആത്മബന്ധം പരസ്പര പൂരകമാകണം. ഭര്‍ത്താവിനു തന്നോടു സ്നേഹമില്ലെന്നു പരിതപിക്കുന്ന ഭാര്യ, ഒരുപക്ഷെ പ്രാര്‍ത്ഥിച്ചും സഹിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടാകാം. ഭര്‍ത്താവിന്‍റെ ദുസ്വഭാവവും മറ്റും അവള്‍ സഹിക്കുകയാണെങ്കിലും പരസ്പരമുള്ള ആത്മബന്ധം അവിടെ നടക്കുന്നില്ല. ദാമ്പത്യത്തില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചാണു വളരേണ്ടത്. അപ്പോഴാണ് ശാരീരികവും വൈകാരികവും ആത്മീയവുമായ ബന്ധം അവിടെ ആഴ പ്പെടുന്നത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും സംസ്ക്കാരങ്ങളില്‍ നിന്നും വരുന്നവര്‍ ദാമ്പത്യത്തില്‍ ഒന്നിക്കുമ്പോള്‍ വ്യത്യസ്തതകള്‍ സ്വാഭാവികമാണ്. ദാമ്പത്യത്തില്‍ ആദ്യത്തെ ഏതാനും നാളുകളില്‍ പരസ്പരം അറിയാനോ മനസ്സിലാക്കാനോ സാധിക്കില്ല. ചിപ്പിക്കുള്ളിലെ മുത്തു പോലെയാണ് ദമ്പതികള്‍ പരസ്പരം അറിയേണ്ടത്. ചിപ്പിയുടെ ഉള്ളിലാണു മനോഹരമായ മുത്തുള്ളത്. പുറംതോടു പൊട്ടിച്ച് അകത്തേക്കു നോക്കുമ്പോഴാണ് ദാമ്പത്യത്തിന്‍റെ മനോഹാരിത വ്യക്തമാകുന്നത്. പരസ്പരം അറിഞ്ഞും പങ്കുവച്ചും വളരുന്ന ദമ്പതികള്‍ ആത്മബന്ധത്തില്‍ ഒന്നാകുമ്പോള്‍ വൈകാരികമായും ശാരീരികമായും ആത്മീയമായും ദൃഢതരമായ ഒരു ബന്ധത്തിലേക്ക് അവര്‍ വളരുന്നു. എന്നാല്‍ ഇന്നു നാം പലപ്പോഴും കാണുന്നത്, ഉപരിപ്ലവമായ ദാമ്പത്യബന്ധങ്ങളും അത്തരത്തിലുള്ള ജീവിത രീതികളുമാണ്. വിവാഹം കഴിഞ്ഞു മൂന്നോ നാലോ മാസം കഴിയുമ്പോള്‍ പരസ്പരം എല്ലാം അറിഞ്ഞുവെന്നും മനസ്സിലാക്കിയെന്നും അവകാശപ്പെട്ട് പങ്കാളിയുടെ കുറ്റവും കുറവും കണ്ടെത്തുന്നവരാണ് അധികവും.

ഇന്നത്തെ പുതുതലമുറയില്‍ ഈ സമീപനം വളരെ കൂടുതലാണ്. ഹ്രസ്വമായ ദാമ്പത്യത്തിലൂടെ പരസ്പരം വിധിയെഴുതി പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി നടക്കുന്നവരെ കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ ഇടപെടലുകള്‍ പലപ്പോഴും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ഇവിടെയാണു തമ്പുരാന്‍റെ ഇടപെടലിനുവേണ്ടി നാം പരിശ്രമിക്കേണ്ടത്, അഥവാ കാത്തിരിക്കേണ്ടത്. വിവാഹം ഒരുവന്‍ തന്‍റെ ഇഷ്ടത്തിനു തിരഞ്ഞെടുക്കുന്ന ഒരു ബന്ധം മാത്രമല്ല. ആ തിരഞ്ഞെടുപ്പില്‍ ദൈവികമായ ഇടപെടല്‍ ഉണ്ടെന്നുള്ള വിശ്വാസം വേണം. അപ്പോള്‍ പോരായ്മകളെക്കുറിച്ചും ദാമ്പത്യത്തിലെ പ്രതിസന്ധികളെക്കുറിച്ചുമൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടു തുറന്നു കിട്ടും. തമ്പുരാന്‍റെ ഇടപെടലില്‍ ഭാര്യയുടെ നന്മ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ നന്മ ഭാര്യയ്ക്കും ഗുണകരമായി ഭവിക്കും. പരസ്പരമുള്ള വീണ്ടെടുപ്പ് അവിടെ സാധ്യമാകും.

പങ്കാളിയുടെ വൈകാരിക – ശാരീരിക ഭാവങ്ങളേക്കാള്‍ അയാളില്‍ വസിക്കുന്ന ദൈവാത്മാവിനെ കണ്ടെത്തുമ്പോള്‍ ദാമ്പത്യം സ്വര്‍ഗതുല്യമാകും. ദൈവവിശ്വാസത്തില്‍ ആഴപ്പെട്ടും ശരണപ്പെട്ടും ദാമ്പത്യം മുന്നേറുമ്പോള്‍ ദൈവാത്മാവിനെ ദര്‍ശിക്കാനാകും. അതിനുള്ള ബോധപൂര്‍വമായ ശ്രമം – ആത്മീയതയിലേക്കുള്ള ആഴപ്പെടല്‍ – ദമ്പതികള്‍ ആര്‍ജ്ജിച്ചെടുക്കണം. പങ്കാളികള്‍ പരസ്പരം തങ്ങളില്‍ വസിക്കുന്ന ദൈവത്തെ കണ്ടെത്തണം. എന്‍റെയുള്ളിലും അവന്‍റെയുള്ളിലും ഈശോ വസിക്കുന്നുണ്ടെന്ന ബോധ്യത്തിലേക്ക് അവര്‍ വളരണം. ആ ദൈവത്തെ കണ്ടുമുട്ടാന്‍, അവനില്‍ ആശ്രയിച്ചു മുന്നേറാന്‍ പരിശ്രമിക്കുകയും അതിനായി ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ കല്‍ക്കരിക്കട്ട വൈഡൂര്യമാകുന്ന പ്രതിഭാസം ദാമ്പത്യത്തില്‍ ദൃശ്യമാകും.

ഇതിനോടൊപ്പം തനിക്കു ചേര്‍ന്ന ഇണയെയാണ് ദൈവം എനിക്കായി നല്‍കിയിരിക്കുന്നത് എന്ന അവബോധത്തിലേക്കും ദമ്പതികള്‍ വളരണം. എന്‍റെ ഇണയും തുണയും എനിക്കു ചേര്‍ന്നതാണ് എന്ന ബോധ്യം രൂപപ്പെടണം. ഇതിനു കാലപരിധി നിശ്ചയിക്കാനാവില്ല. അതു നിരന്തരം സംഭവിക്കേണ്ടതാണ്. ഈ ബോധ്യം ജീവിതാവസാനം വരെ ഉണ്ടാകണം. ജീവിതത്തിലെ ഓരോ നിമിഷവും വ്യത്യസ്തമാണ്, ദാമ്പത്യത്തിലും ഇതാണവസ്ഥ. ഒരു സമയത്ത് പങ്കാളി ഏറ്റവും പ്രിയപ്പെട്ടവനായിരിക്കും. മറ്റൊരു നിമിഷത്തില്‍ ഏറ്റവും വെറുക്കപ്പെട്ടവനാകാം. അടുക്കുന്നതുപോലെ അകലാനുമുള്ള പ്രേരണയും സാഹചര്യങ്ങളും ധാരാളമാണ്. എന്നാല്‍ ഇതൊന്നും ദാമ്പത്യത്തെ തളര്‍ത്തുകയോ തകര്‍ക്കുകയോ അരുത്. വിവാഹം ദൈവികമായ കൂദാശയാണ്. പക്ഷെ രോഗാതുരമായ ബന്ധങ്ങളും അവിടെ വന്നു ചേരാം. എല്ലാ വിവാഹങ്ങളും കൂദാശയാകണമെന്നില്ല. വിശ്വാസമുള്ളവരിലാണ് വിവാഹം കൂദാശയാകുന്നത്. ദാമ്പത്യത്തില ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് എന്‍റെ വിശ്വാസം എന്നെ പഠിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ ജീവിക്കാനുള്ള ദര്‍ശനം പങ്കാളിയുമായുള്ള ആത്മബന്ധത്തില്‍ ഞാന്‍ പുലര്‍ത്തണം. അപ്പോള്‍ ചിപ്പിക്കുള്ളിലെ മുത്തായി എന്‍റെ പങ്കാളിയെ കാണാനും സ്വീകരിക്കാനും എനിക്കു സാധിക്കും.

ദാമ്പത്യത്തിലെ ആത്മീയ ഐക്യത്തെക്കുറിച്ചു പങ്കാളികള്‍ ഗൗരവപൂര്‍വം ധ്യാനിക്കേണ്ടതുണ്ട്. അതിലേക്കു വളരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു അവര്‍ക്ക് അവബോധം ഉണ്ടാകണം. അവിടെ മതങ്ങള്‍ക്കു വലിയ പങ്കുണ്ട്. ദാമ്പത്യത്തില്‍ ആത്മ ബന്ധം വളര്‍ത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും മതത്തിന്‍റെ ഇടപെടലുകള്‍ അനിവാര്യവുമാണ്. ആത്മീയതയില്‍ ഐക്യപ്പെട്ടും ആഴപ്പെട്ടും നിലനില്‍ക്കുന്ന കുടുംബങ്ങള്‍ കാറ്റിലും കോളിലും ജീവിതപ്രതിസന്ധികളിലും തളരാതെ മുന്നേറുമെന്നതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ കാണാനാകും. ദാമ്പത്യത്തില്‍ ആത്മീയത അതിമാത്രം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വൈകാരികതലത്തിലും ശാരീരികതലത്തിലും നില നില്‍ക്കുമ്പോള്‍ത്തന്നെ ആത്മീയ ഐക്യത്തിലും ആത്മബന്ധത്തിലും ഒന്നിച്ചു നിന്നു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ദമ്പതികളാണ് ദൈവേഷ്ടത്തിനു കൂടുതല്‍ യോഗ്യരും എല്ലാവര്‍ക്കും പ്രിയപ്പെട്ടവരുമായിത്തീരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org