വിശ്വാസപരിശീലനത്തിലെ ആത്മീയലൗകികത

വിശ്വാസപരിശീലനത്തിലെ ആത്മീയലൗകികത

ഫാ. വര്‍ഗീസ് തൊട്ടിയില്‍

നമ്മുടെ ഉത്സവങ്ങളിലും തിരുനാളുകളിലും ആഘോഷങ്ങളിലുമൊക്കെ ക്രിസ്തു നഷ്ടപ്പെട്ടുപോകുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ഇവിടെ ആത്മീയലൗകികത എന്ന അപകടത്തില്‍നിന്നു നാം പുറത്തുകടക്കണം. ആനന്ദത്തിന്‍റെ സുവിശേഷം എന്ന ലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 93 മുതല്‍ 95 വരെയുള്ള ഖണ്ഡികയില്‍ ഓര്‍മ്മിപ്പിക്കുന്ന സത്യമിതാണ്. തിരുസഭ ഇന്നു കടന്നുപോകുന്ന ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണ് ആത്മീയലൗകികത എന്നത്.

നമ്മുടെ മതബോധനം എല്ലായിടത്തും വളരെ ചിട്ടയായി പോകുന്നുണ്ട്. നാം എല്ലാം ഭംഗിയായും ചിട്ടയായും ആഘോഷമായും ചെയ്യും. പക്ഷേ ആത്മാവ് ഇല്ലാതാകുന്നു. ഈ പ്രകടനപരത വല്ലാതെ നമ്മെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ലോകത്തിനു മുന്നില്‍ എല്ലാം ഭംഗിയായിരിക്കുക, ക്രമമായിരിക്കുക, എല്ലാം ചിട്ടയായിരിക്കുക എന്നുള്ള ഒരു ലൗകികതയുടെ മാനം നമ്മുടെ ആത്മീയതയിലും ശുശ്രൂഷകളിലും കടന്നുവരുമ്പോള്‍ അതു വലിയ അപകടമായി മാറുന്നുണ്ട്. അവിടെ നമ്മുടെ കുട്ടികള്‍ പരാജയപ്പെടുന്നു.

സിലബസ് തീര്‍ച്ചയായും ആവശ്യമാണ്. അത്തരമൊരു അടിസ്ഥാനമില്ലാതെ അദ്ധ്യയനവര്‍ഷം മുന്നോട്ടു കൊണ്ടുപോകുക എളുപ്പമല്ല. പക്ഷേ, സിലബസ് എന്ന അച്ചുകൂടത്തില്‍ നാം കുടുങ്ങിപ്പോകുമ്പോള്‍ ക്രിസ്തു ഇല്ലാതായിപ്പോയേക്കാം. 12 വര്‍ഷത്തെ വിശ്വാസപരിശീലനത്തിനുശേഷം നമ്മുടെ കുട്ടികള്‍ പള്ളിക്കു പുറത്താകുന്ന, അഥവാ പള്ളിയില്‍നിന്ന് അകലുന്ന അവസ്ഥ എങ്ങനെയുണ്ടാകുന്നു? 12 വര്‍ഷങ്ങള്‍ നാം അവരെ നിര്‍ബന്ധിക്കുന്നു, ചില സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുന്നു. അതിനുശേഷം നിയന്ത്രണങ്ങളില്ലാത്ത ഒരു കാലഘട്ടത്തില്‍ അവര്‍ പള്ളിയിലേക്കു വരാന്‍ മടിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം, ആത്മീയലൗകികതയില്‍ നാം കുടുങ്ങിക്കിടക്കുന്നു എന്നതാണ്.

"ഭക്തിയുടെയും സഭയോടുള്ള സ്നേഹത്തിന്‍റെയും പിന്നിലുള്ള ആത്മീയലൗകികത കര്‍ത്താവിന്‍റെ മഹത്ത്വത്തിനു പകരം മനുഷ്യന്‍റെ മഹത്ത്വവും വ്യക്തിപരമായ ക്ഷേമവും തേടുന്നു" എന്നാണ് ഇതേക്കുറിച്ചു ഫ്രാന്‍സിസ് പാപ്പ പറയുന്നത്. നമ്മുടെ ഇടവകയിലെ മതബോധനം വളരെ ചിട്ടയായി ക്രമീകരിക്കപ്പെടുമ്പോള്‍ ഇടവകക്കാര്‍ പറയും, "വളരെ ഭംഗിയായിരിക്കുന്നു." ആ സാഹചര്യത്തില്‍ നാം തൃപ്തരാകുകയാണ്. കര്‍ത്താവിന്‍റെ മഹത്ത്വം അന്വേഷിക്കേണ്ടതിനു പകരം മനുഷ്യന്‍റെ മഹത്ത്വം അന്വേഷിക്കുന്നു. ഒപ്പം വ്യക്തിപമായ ക്ഷേമത്തെ തേടുന്നു. ഇതാണ് ആത്മീയ ലൗകികതയുടെ ഒന്നാമത്തെ പ്രശ്നം.

രണ്ടാമതായി മാര്‍പാപ്പ പറയുന്നത്, ആരാധനക്രമവും വിശ്വാസസത്യവും സഭയുടെ അഭിമാനവും സംബന്ധിച്ചു പ്രകടനാത്മകമായ വ്യഗ്രത ചിലരില്‍ നാം കാണുന്നു എന്നാണ്. ഇതെല്ലാം സംരക്ഷിക്കാനുള്ള വ്യഗ്രതയാണ്. ക്രിസ്തുവിനേക്കാള്‍ പ്രധാനപ്പെട്ടതായി സഭ മാറുന്നുണ്ടോ ഈ കാലഘട്ടത്തില്‍ എന്നു സംശയിക്കണം. എന്നാല്‍ ദൈവജനത്തിന്‍റെയും വര്‍ത്തമാനകാലത്തിലെ സമൂര്‍ത്തമായ ആശയങ്ങളുടെയും മേല്‍ സുവിശേഷത്തിന് ഒരു യഥാര്‍ത്ഥ സ്വാധീനം ഉണ്ടായിരിക്കണം എന്നു മാര്‍പാപ്പ വ്യക്തമാക്കുന്നു. പക്ഷേ, ഇതിന് ആര്‍ക്കും വലിയ താത്പര്യമില്ല.

മദര്‍ തെരേസ പറയുന്ന ഒരു വാചകമുണ്ട്: "വിജയിക്കുക എന്നതിനേക്കാള്‍ വിശ്വസ്തരായിരിക്കുക എന്നതാണു പ്രധാനം." നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സമ്മാനം കിട്ടുന്നതിനുവേണ്ടി മാത്രമായി പോകുന്നു. എക്സലന്‍റ് യൂണിറ്റിനു സമ്മാനം കിട്ടുമെങ്കില്‍ എന്തെങ്കിലുമൊക്കെ ചെയ്തെന്നു വരുത്താം. വിജയത്തിനു മുന്‍തൂക്കം നല്കി വിശ്വസ്തതയില്‍ പിന്നോട്ടു പോകുന്ന സാഹചര്യങ്ങളാണിത്.

ഒരു പുട്ടുകുറ്റി വിദ്യാഭ്യാസമാണു കേരളത്തില്‍ പൊതുവേ കാണാന്‍ കഴിയുന്നതെന്നു പലരും ആക്ഷേപിക്കാറുണ്ട്. ടീച്ചേഴ്സ് ഒരു മണിക്കൂര്‍ ക്ലാസ്സെടുക്കുന്നു. മാവുകുഴച്ച് അവര്‍ പുട്ടുകുറ്റിയില്‍ ഇടുകയാണ്. അതു കഴിയുമ്പോള്‍ തേങ്ങാപ്പീര കുട്ടികള്‍ ഇടുന്നു. വീണ്ടും അടുത്ത മണിക്കൂറില്‍ അദ്ധ്യാപകര്‍ മാവു കുഴച്ചു പുട്ടുകുറ്റിയില്‍ നിറയ്ക്കുന്നു, കുട്ടികള്‍ പീരയിടുന്നു… ഇങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോകും. അവസാനം പുട്ടുകുറ്റിയില്‍ നിന്നു പുട്ടു പുറത്തുവരും. ഉള്ളു പൊള്ളയാകുന്നു, പിന്നെയും! ഇതു നമ്മുടെ വിശ്വാസപരിശീലനത്തിലും സംജാതമാകുന്നുണ്ടോ എന്നു നാം ചിന്തിക്കണം. കോളേജിലെ പരീക്ഷാസമയത്ത് ഒരു പെണ്‍കുട്ടി അതിവിദഗ്ദ്ധമായി കോപ്പിയടിക്കുന്നതു ഞാന്‍ കണ്ടുപിടിച്ചു. അവള്‍ കത്തോലിക്കാ കുട്ടിയാണ്. ഒരു കാറ്റിക്കിസം ടീച്ചറുമാണ്! നമ്മുടെ ഇടവകകളില്‍ വിശ്വാസപരിശീലനം നേടിയ കുട്ടികള്‍ ഇതര മതസ്ഥരെ പ്രണയിച്ചു വിവാഹം കഴിച്ചു എന്ന വാര്‍ത്തകള്‍ നാം കേള്‍ക്കുന്നുണ്ട്. അദ്ധ്യാപനമേന്മയ്ക്കോ ഇടവകയുടെ പേരിനോ വേണ്ടി കുട്ടികളെ പഠിപ്പിക്കാതെ നമ്മില്‍ ഏല്പിക്കപ്പെട്ട ശുശ്രൂഷ ഉത്തരവാദിത്വപൂര്‍വം നിര്‍വഹിക്കാനാകണം. പ്രൊമോട്ടേഴ്സ് സന്ദര്‍ശനത്തിനു വരുമ്പോള്‍ മാത്രം ശരിയാക്കി വയ്ക്കേണ്ടതല്ല നമ്മുടെ മതബോധന രീതികള്‍.

മറ്റൊന്ന് നാമെല്ലാം വെളിച്ചമുള്ള മനുഷ്യരായിത്തീരുക എന്നതാണ.് വിവാഹിതരായി ഏറെ നാള്‍ കഴിയുംമുമ്പു വേര്‍പിരിയാന്‍ തീരുമാനിച്ച ദമ്പതികളോട് അതിനുളള കാരണം ചോദിച്ചപ്പോള്‍ ഭാര്യ പറഞ്ഞത്, തന്‍റെ ഭര്‍ത്താവിനു യാതൊരു വെളിച്ചവുമില്ല എന്നാണ്; വെളിച്ചമില്ലാത്ത മനുഷ്യന്‍! സമ്പത്തുണ്ട്, ആരോഗ്യമുണ്ട്, എല്ലാമുണ്ട്. പക്ഷേ, ഉള്ളില്‍ വെളിച്ചമില്ല. വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമുക്ക് അവശ്യം ഉ ണ്ടായിരിക്കേണ്ട യാഥാര്‍ത്ഥ്യമാണു ക്രിസ്തുവാകുന്ന പ്രകാശം നെഞ്ചില്‍ അരിച്ചിറങ്ങാനുള്ള കൃപ. മൂന്നു യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം തപസ്സ് ചെയ്യണം. ഒന്ന്, വി. കുര്‍ബാന, രണ്ട് വി. കുരിശ്, മൂന്ന് വി. ഗ്രന്ഥം. ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നിലും തപസ്സിരിക്കുന്നവര്‍ക്കേ ദൈവസ്പര്‍ശം ഏറ്റുവാങ്ങാന്‍ കഴിയൂ. കര്‍ത്താവിന്‍റെ സ്പര്‍ശനം ഏറ്റുവാങ്ങി ക്ലാസ്സ്മുറികളിലേക്കു പോകാന്‍ കഴിഞ്ഞാല്‍ അത് ഏറെ അനുഗ്രഹപ്രദമായിത്തീരും… അനുഭവത്തിന്‍റെ വെളിച്ചമുള്ളവനേ സാക്ഷിയായി മാറാന്‍ കഴിയൂ. അല്ലെങ്കില്‍ ഇതൊരു തസ്തിക മാത്രമായിത്തീരും. ഒരു മതാദ്ധ്യാപകന്‍ എന്ന നിലയില്‍ ഈശോയ്ക്കു സാക്ഷ്യം കൊടുക്കുന്ന വചനത്തിന്‍റെ ഉടമകളായി മാറണമെങ്കില്‍ നമുക്ക് ഈ ദൈവാനുഭവത്തിന്‍റെ ഊര്‍ജ്ജം ഉണ്ടായിരിക്കണം.

(എറണാകുളം-അങ്കമാലി അതിരൂപത മതബോധന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മതാദ്ധ്യാപകര്‍ക്കായി എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ മാര്‍ച്ച് 11-ന് സംഘടിപ്പിച്ച സോണല്‍ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org