Latest News
|^| Home -> Suppliments -> Familiya -> പാലു കടഞ്ഞാല്‍ വെണ്ണ കിട്ടും

പാലു കടഞ്ഞാല്‍ വെണ്ണ കിട്ടും

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

“സ്നേഹം എന്നാല്‍ എന്താണ്?” – കുഞ്ഞിനോടു ചോദിച്ചുനോക്കൂ. കുട്ടിക്ക് അറിയുമോ, സ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും അര്‍ത്ഥവും? ഇഷ്ടം സ്നേഹമാണോ? മോഹം സ്നേഹമാണോ? കാമം സ്നേഹമാണോ?

നാസി ക്യാമ്പില്‍ അടയ്ക്കപ്പെടുകയും കഠോരപീഡനങ്ങള്‍ക്കു വിധേയമാക്കപ്പെടുകയും ചെയ്ത അനേകം യുവാക്കളിലൊരാളായിരുന്നു വിക്ടര്‍ എമില്‍ ഫ്രാങ്കിള്‍. ഓസ്ട്രിയ വംശജനായ അദ്ദേഹം, ഒരു ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റുമായിരുന്നു. അതിശൈത്യത്തില്‍ മഞ്ഞുപാളികള്‍ക്കു മുകളില്‍ നഗ്നപാദരായി മേല്‍വസ്ത്രമില്ലാതെ, ഭക്ഷണമില്ലാതെ ഓരോരുത്തരായി മരണത്തിനു കീഴ്പ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ വിക്ടര്‍ ജീവിച്ചു. തന്‍റെ പ്രിയതമയോടുള്ള തീവ്രസ്നേഹത്താല്‍ താന്‍ മരണത്തെ അതിജീവിച്ചു എന്നാണ് അദ്ദേഹം തന്‍റെ പുസ്തകത്തില്‍ (A mans search for meaning) എഴുതിയത്. സ്നേഹത്തിനു മനുഷ്യനെ വിമോചിപ്പിക്കുവാന്‍ കഴിയും എന്നു സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഓരോ മനുഷ്യാത്മാവും സ്നേഹത്തിനുവേണ്ടി തീവ്രമായി ദാഹിക്കുന്നു. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള പ്രേരണയാണു മനുഷ്യജീവിതത്തിലെ എല്ലാ ഊര്‍ജ്ജത്തിന്‍റെയും അടിസ്ഥാനം. എങ്കിലും യഥാര്‍ത്ഥ സ്നേഹം കണ്ടെത്താനും തിരിച്ചറിയാനും എല്ലാവര്‍ക്കും കഴിയുന്നില്ല. ആ സ്നേഹത്തിന്‍റെ പൂര്‍ണത നമുക്കു ക്രിസ്തുവില്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ.

കുഞ്ഞ് അമ്മയെ സ്നേഹിക്കുന്നു; അമ്മ കുഞ്ഞിനെയും. അവര്‍ ഇരുവരും സ്നേഹത്തില്‍ വളരുമ്പോള്‍ അവരുടെ സ്നേഹം പങ്കുവയ്ക്കപ്പെടുന്നു. കൂടുതല്‍ പേര്‍ അവരുടെ സ്നേഹത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചേര്‍ക്കപ്പെടുകയും ചെ യ്യുന്നു. കുഞ്ഞു വളരുമ്പോള്‍ കൂട്ടുകാരെ നേടുന്നു, അദ്ധ്യാപകരെ ലഭിക്കുന്നു. എല്ലായിടത്തും സ്നേഹമാണ് പങ്കുവയ്ക്കപ്പെടുന്നത്. കൂട്ടുകാരെ സന്തോഷിപ്പിക്കാന്‍ കുസൃതി കാട്ടുന്നതും അദ്ധ്യാപകരെ സന്തോഷിപ്പിക്കാന്‍ നന്നായി പഠിക്കുന്നതും സ്നേഹത്തിന്‍റെ ഊര്‍ജ്ജത്താലാണ്.

സ്വന്തം നെഞ്ചിലെ ചോര മക്കള്‍ക്കു നല്കുന്ന അമ്മപ്പക്ഷിയുടെ ചിത്രം കുഞ്ഞുങ്ങള്‍ക്കു കാണിച്ചുകൊടുക്കണം. സ്വന്തം മകനെ സ്നേഹത്താല്‍ ദാനം ചെയ്ത പരിശുദ്ധ കന്യാമറിയം എല്ലാ അമ്മമാരുടെയും മാതൃകയാണെന്നും മനസ്സിലാക്കിക്കൊടുക്കണം.

സ്വയം ദാനമാണു സ്നേഹിക്കല്‍. ക്ലേശമോ ദുരിതമോ പീഡനമോ നഗ്നതയോ പട്ടിണിയോ ആപത്തോ വാളോ സ്നേഹത്തെ പിന്തിരിപ്പിക്കില്ല. സ്നേഹം നിഷ്കളങ്കമാണ്. അതുകൊണ്ട് പീഡിപ്പിക്കുന്നവരെ ശപിക്കാതെ, അവരെ അനുഗ്രഹിക്കും. പ്രതികാരം ദൈവത്തിനു കൊടുക്കാന്‍ സ്നേഹിക്കുന്നവര്‍ക്കു കഴിയും. സ്നേഹം ആരെയും വിധിക്കുന്നില്ല. തിന്മയ്ക്കു പകരം തിന്മ ചെയ്യുന്നില്ല. ബലമുള്ളപ്പോള്‍ ദുര്‍ബലരോടു കരുണ കാണിക്കും.

വൈകാരികത്തള്ളലല്ല സ്നേഹമെന്ന തിരിച്ചറിവ് കുഞ്ഞുങ്ങള്‍ക്കു ലഭിക്കേണ്ടതു മുതിര്‍ന്നവരില്‍നിന്നുതന്നെയാണ്. സ്നേഹം പ്രകടിപ്പിക്കുന്നതു ത്യാഗത്തിലൂടെയാണെന്നു കുട്ടിക്കാലത്താണ് അറിയേണ്ടത്. പൊള്ളയായ പുകഴ്ത്തലുകളോ ആഘോഷങ്ങളുടെ കൊഴുപ്പോ അല്ല സ്നേഹം എന്നുംകൂടി അവര്‍ അറിഞ്ഞിരിക്കണം. നല്ല സ്നേഹസംരക്ഷണം കിട്ടി വളര്‍ന്ന കുട്ടികള്‍ക്കു മുതിര്‍ന്നവരുടെ അംഗീകാരം വേഗത്തില്‍ നേടിയെടുക്കാന്‍ കഴിയും അപ്പോള്‍ പരിഗണന ലഭിക്കാതെ വരുന്നവര്‍ എന്തു ചെയ്യും? കുറുക്കുവഴികള്‍ തേടും. അതാണു കോപ്പിയടിക്കുക, ക്യാമ്പസ് അതിക്രമം തുടങ്ങിയ കലാപരിപാടികളായി വളരുന്നത്. ഇതു മുന്‍കൂട്ടി കണ്ടു ക്രിയാത്മകമായി ഇടപെടുവാന്‍ സ്നേഹത്തില്‍ ഒരുപാടു വളര്‍ന്ന അദ്ധ്യാപകര്‍ ഉണ്ടായിരിക്കണം. നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റിച്ചേര്‍ന്നു വളരുന്നതുപോലെ സ്നേഹം ഉള്ളവര്‍ക്കു ചുറ്റും ആളുകള്‍ ഉണ്ടായിരിക്കും; മദര്‍ തെരേസയ്ക്കു ചുറ്റും മനുഷ്യര്‍ ഓടിക്കൂടിയതുപോലെ.

സ്നേഹം മരണത്തിലും അവസാനിക്കുന്നില്ല. മരണശേഷമാണല്ലോ വിശുദ്ധരായവരുടെ സ്നേഹം ജീവിച്ചിരിക്കുന്നവര്‍ കൂടുതല്‍ അനുഭവിക്കുന്നത്.

1 കോറി 13 : “സ്നേഹം ദീര്‍ഘക്ഷമയും ദയയും ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല, അനീതിയില്‍ സന്തോഷിക്കുന്നില്ല; സത്യത്തില്‍ ആഹ്ലാദിക്കുന്നു. സ്നേഹം സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു.”

ഈ സവിശേഷതകളുള്ളതിനെ മാത്രമേ സ്നേഹം എന്നു വിളിക്കുവാന്‍ കഴിയൂ. ഇതു ജീവിക്കുവാന്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവരാണല്ലോ മാതാപിതാക്കള്‍. തങ്ങളുടെ സ്നേഹജീവിതം മക്കള്‍ക്കു മാതൃകാപരമായിരിക്കുവാന്‍ ശ്രദ്ധിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്കു മാത്രമേ, സ്നേഹത്തെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. തന്‍റെ നെഞ്ചിലെ സ്നേഹത്തിന്‍റെ ഉറവ കണ്ടെത്തിയ കുഞ്ഞുങ്ങള്‍ അതു കൂട്ടുകാരിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കും. എത്രമാത്രം സ്നേഹം ഒഴുക്കുന്നുവോ അത്രമാത്രം സ്നേഹം ദൈവത്തിന്‍റെ ചങ്കില്‍നിന്ന് ആ കുഞ്ഞിന്‍റെ ഉറവിലേക്കും ഒഴുകും. അങ്ങനെ വളരുന്ന കുഞ്ഞു വീടിനും നാടിനും ഒരു നിധിയായിത്തീരും.

Leave a Comment

*
*