അവരുടെ വികാരങ്ങള്‍ എന്‍റേതു കൂടിയാണ്

അവരുടെ വികാരങ്ങള്‍ എന്‍റേതു കൂടിയാണ്

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
അസി. പ്രഫസര്‍, സെന്‍റ് തോമസ് കോളേജ്, തൃശ്ശൂര്‍

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുള്‍പ്പെടെയുള്ള മയക്കു മരുന്നുകളോടുള്ള ഭ്രമവും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സാക്ഷരതയിലും സാംസ്കാരികപൈതൃകത്തിലും മുന്‍പന്തിയിലുള്ള നമ്മുടെ സംസ്ഥാനം തന്നെയാണ് ആളോഹരി മദ്യ ഉപഭോഗത്തിന്‍റെ കാര്യത്തിലും ആത്മഹത്യാനിരക്കിന്‍റെ കാര്യത്തിലും മുന്‍പന്തിയില്‍. മദ്യശാലകളും ബാറുകളും തുറക്കുന്നതിനെതിരെ സമരങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് ഇക്കഴിഞ്ഞ മാസം പൂട്ടിക്കടന്ന ബാറുകള്‍ തുറന്നപ്പോള്‍ ചെണ്ടമേളത്തോടെയുള്ള ആഹ്ലാദ പ്രകടനങ്ങള്‍ അരങ്ങേറിയത്. പുകയിലയുല്പ്പന്നങ്ങളുടേയും കഞ്ചാവിന്‍റെയും ചില്ലറ വില്പനയും റെയ്ഡും അറസ്റ്റും വാര്‍ത്തയായിരുന്നിടത്ത് ഇവയുടെ മൊത്തക്കച്ചവടങ്ങളും ക്വിന്‍റല്‍ കണക്കിനുള്ള ഉല്പ്പന്നങ്ങളുടെ റെയ്ഡുമൊക്കെ പതിവു വാര്‍ത്തകളായി. ചുരുക്കി പറഞ്ഞാല്‍ മദ്യവും പുകയിലയുല്പ്പന്നങ്ങളും ഒരു ശരാശരി മലയാളിയുടെ സംസ്ക്കാരത്തിന്‍റെ ഭാഗമായി കഴിഞ്ഞെന്നു വാസ്തവം.

കുട്ടികളേയും യുവാക്കളേയും വൈകാരികമായി അറിയാനും അവരെ നേര്‍വഴിയിലേയ്ക്ക് കൈപിടിച്ചു നടത്താനും അധ്യാപകരും രക്ഷിതാക്കളുമുള്‍പ്പെടുന്ന പൊതുസമൂഹത്തിനായില്ലെങ്കില്‍ വരുംതലമുറയുടെ ക്രിയാത്മകതയും സര്‍ഗശേഷിയും വിപരീതാനുപാതത്തിലാകുമെന്ന് തീര്‍ച്ച. എക്സൈസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും മറ്റു സന്നദ്ധ സംഘടനകളുടേയും സേവനങ്ങള്‍ ലഭ്യമാണെങ്കിലും പ്രാഥമികമായി ഇവിടെ നമുക്കാവശ്യം അവരുടെ പക്ഷം ചേരുന്ന, അവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന വ്യക്തിപരമായ ഇടപെടലുകളാണ്.

സാഹചര്യമറിയുക:
ഉപയോഗത്തിലേയ്ക്കു നയിക്കുന്ന ആദ്യത്തെ ഘടകം സാഹചര്യങ്ങള്‍ തന്നെയാണ്. ഉപയോഗിക്കുന്നവരുടേയും ഉപയോഗിച്ചവരുടേയും വീരവാദങ്ങളും ആകാംക്ഷയും കൂട്ടുകാരുടെ സമ്മര്‍ദ്ദവും പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോടലുമൊക്കെ നല്ല വളക്കൂറുള്ള സാഹചര്യങ്ങള്‍ തന്നെ. അനുകരണശീലവും പരീക്ഷാ പേടിയുമൊക്കെ സ്വാധീനിക്കുമെങ്കിലും കുടുംബബന്ധങ്ങളിലെ തകര്‍ച്ചയും ഒരു പരിധി വരെ ഇവയുടെ ഉപയോഗത്തിനു കാരണമായേക്കാവുന്ന ഘടകങ്ങളാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സൂചനകള്‍:
ശാരീരിക ക്ഷീണം, നിരാശാ ബോധം, കൃത്യനിഷ്ഠയില്ലാതെ പെരുമാറല്‍, കുടുംബാംഗങ്ങളെ അഭിമുഖീകരിക്കാതെ മുറിയില്‍ കതകടച്ചിരിക്കല്‍, വ്യത്യസ്ത ആവശ്യങ്ങളുടെ പേരില്‍ വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടംവാങ്ങല്‍, പണത്തിനു വേണ്ടി പുതിയ സാധ്യതകള്‍ കണ്ടെത്തല്‍, പതിവു സുഹൃത്തുക്കളില്‍ നിന്നും മാറി പുതിയ സൗഹൃദങ്ങള്‍ തേടല്‍, മണം പുറത്തറിയാതിരിക്കാനുള്ള ച്യൂയിങ്ങ് ഗമ്മിന്‍റെയും മറ്റ് അനുബന്ധ വസ്തുക്കളുടേയും അമിതമായ ഉപയോഗം, പഠനത്തിലും അനുബന്ധകാര്യങ്ങളിലും ശ്രദ്ധയില്ലാതെ അലസരായി തുടരുക തുടങ്ങിയവയൊക്കെ പ്രത്യക്ഷത്തില്‍ കാണാവുന്ന ശാരീരിക സൂചനകളാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യപ്പെടുക, എന്തിനേയും എതിര്‍ക്കുന്ന മനോഭാവം, സംശയാസ്പദ രീതിയിലുള്ള പെരുമാറ്റം, വീട്ടുകാരോടും കുടുംബാംഗങ്ങളോടും അധ്യാപകരോടും മുന്‍വൈരാഗ്യമുള്ളതുപോലെയുള്ള സംസാരം ഇവയൊക്കെ മാനസികമായി തന്നെ കാണാവുന്ന സൂചകങ്ങളാണ്.

മുന്‍കരുതലുകള്‍:
കുട്ടികളെ സ്നേഹിക്കുന്നതോടൊപ്പം സ്നേഹം അവരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ സ്നേഹിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയെന്നതാണ് ആദ്യ മുന്‍കരുതല്‍. അതിന് മക്കളുമായി സംസാരിക്കാന്‍ കുടുംബങ്ങളില്‍ സാഹചര്യമൊരുക്കേണ്ടതുണ്ട്. സമ്മര്‍ദ്ദം ചെലുത്തുന്ന രക്ഷിതാക്കളുടെ പ്രതിനിധികളാകാതെ, അവരെ പ്രോത്സാഹിപ്പിക്കുകയും വീഴ്ചകളില്‍ കൈപിടിച്ചെഴുന്നേല്പ്പിക്കുകയും ചെയ്യുന്ന, നല്ല മാതൃകകള്‍ നല്കുന്ന മാതാപിതാക്കളാകുക. കുട്ടികള്‍ക്ക് എന്തിനും സര്‍പ്രെെസ് നല്കുന്ന രക്ഷിതാക്കളാകാതെ അവരുടെ ചെലവുകളെ അത്യാവശ്യം, ആവശ്യം, അനാവശ്യമെന്ന് വേര്‍തിരിച്ച് ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ മാത്രം നിവൃത്തിക്കുന്ന മാതാപിതാക്കളാകുക. മക്കളെ സഹഗമിക്കുന്ന, അവരുടെ സുഹൃത്തുക്കളിലെ നെല്ലും പതിരും തിരിച്ചറിയുന്ന, അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന, മക്കളോട് വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന രക്ഷിതാക്കളാവുക. മക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന മാതാപിതാക്കളാകാതെ, ദൈവത്താല്‍ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന മക്കളാക്കി ശിക്ഷണത്തില്‍ അവരെ വളര്‍ത്തുകയെന്നതൊക്കെയാണ് ഇതിനെടുക്കാവുന്ന ജാഗ്രതാ നടപടികള്‍.

വിശ്വാസം നല്ലത്; പക്ഷേ അമിത വിശ്വാസം ആപത്ത്:
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും പറയുക; എന്‍റെ മകന്‍ /മകള്‍ അതു ചെയ്യില്ലെന്നാണ്. ഇതോടൊപ്പം അവരുടെ കയ്യിലൊന്നും അതിനുള്ള പണമില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കും. മക്കളെ സുഹൃത്തുക്കളായി കാണുന്ന മാതാപിതാക്കളുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

അതു കരുതി സംശയദൃഷ്ടിയോടെ അവരെ നോക്കി കാണണമെന്നല്ല; മറിച്ച് അവരെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നോര്‍മ്മിപ്പിക്കുന്നുവെന്നു മാത്രം. ഓര്‍ക്കുക; ഞാനിന്നൊരു സിപ്പെടുത്തു, കൂട്ടുകാരില്‍ നിന്ന് ഞാനൊരു പഫെടുത്തു, ഞാനൊരു ഡ്രിപ്പെടുത്തു എന്നൊക്കൊ അച്ഛനമ്മമാരോട് തുറന്നുപറയാന്‍ മാത്രം മലയാളിയുടെ മനസ്സ് വളര്‍ന്നിട്ടില്ലെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കിയാല്‍ നന്ന്. മിക്കവാറും കേസുകളില്‍ ലഹരിയുമായി ബന്ധപ്പെട്ട ആദ്യ അനുഭൂതി കുട്ടിക്കുണ്ടാകുന്നത് അടുത്ത കൂട്ടുകാരില്‍ നിന്നോ അല്ലെങ്കില്‍ കുടുംബവുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത ബന്ധുവില്‍ നിന്നോ ആയിരിക്കും, അല്ലാതെ ഇവയുടെ മൊത്ത കച്ചവടക്കാരെ നേരിട്ടു ബന്ധപ്പെട്ടിട്ടല്ല.

ബോധ്യപ്പെട്ടാല്‍ അവരെ ചേര്‍ത്തു നിര്‍ത്താം.
മക്കളോ വിദ്യാര്‍ത്ഥികളോ ഏതെങ്കിലും തരത്തിലുള്ള ലഹരിക്കടിമപ്പെട്ടിട്ടുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അവരെ ഒറ്റപ്പെടുത്തുകയോ തെറ്റുകാരായി മുദ്രകുത്തുകയോ ചെയ്യാതെ, അതിന്‍റെ അടിമത്വത്തില്‍ നിന്നവരെ അകറ്റുന്നതിനുള്ള കൗണ്‍സലിംഗുള്‍പ്പെടെയുള്ള സംവിധാനങ്ങളും മറ്റു ചികിത്സകളും ലഭ്യമാക്കാനും അവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താനും നമുക്കു സാധിക്കണം. ഇവിടെ മാനസികമായി വളരേണ്ടത് വിദ്യാര്‍ത്ഥികളേക്കാളുപരി മാതാപിതാക്കളാണ്.

ഏതുതരം ലഹരിയും കുട്ടികളേയും യുവാക്കളേയും സ്വാധീനിക്കുകയും അവരുടെ സിരകളെ ത്രസിപ്പിക്കുകയും ചെയ്യുന്ന വലിയൊരു ജിജ്ഞാസയോ ആകാംക്ഷയോ ആണ്. ഈ ജിജ്ഞാസയെ ഫലപ്രദമായി ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചില്ലെങ്കില്‍, വന്‍വിപത്തിലേക്കവരെത്തിപ്പെടും. കാരണം ഇന്നത്തെ ലഹരിയുടെ അടിമകളില്‍ ബഹുഭൂരിപക്ഷവും ഒരു പഫിന്‍റെ, സിപ്പിന്‍റെ, ഡ്രിപ്പിന്‍റെയൊക്കെ ആകാംക്ഷയുടെ ജീവിക്കുന്ന ഇരകളാണ്, രക്തസാക്ഷികളാണ്.

നമുക്കു കൈകോര്‍ക്കാം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരു രക്ഷിതാവെന്ന നിലയില്‍ അധ്യാപകനെന്ന നിലയില്‍ പൊതുസമൂഹത്തിന്‍റെ പ്രതിനിധിയെന്ന നിലയില്‍ നമുക്കൊരുമിക്കാം. നന്മയുള്ള നാളേയ്ക്കായ് ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org