ആയിരിക്കുന്ന അവസ്ഥകളെ അം​ഗീകരിക്കുക

ആയിരിക്കുന്ന അവസ്ഥകളെ അം​ഗീകരിക്കുക

സുമുഖനായ ഒരു വിദ്യാര്‍ത്ഥി ഫ്രഞ്ച് തത്ത്വചിന്തകനും ശാസ്ത്രജ്ഞനുമായ ബ്ലെയിസ് പാസ്കലിനെ സമീപിച്ചു പറഞ്ഞു.

"അങ്ങയുടെ തലച്ചോര്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനൊരു നല്ല മനുഷ്യനായേനെ."

പാസ്കലിന്‍റെ മറുപടി ഇതായിരുന്നു: "നിങ്ങളൊരു നല്ല മനുഷ്യനാകൂ. അപ്പോള്‍ എന്‍റെ തലച്ചോര്‍ നിങ്ങള്‍ക്കു ലഭിക്കും."

പലപ്പോഴും ഇപ്രകാരമല്ലേ നമ്മുടെയും പെരുമാറ്റം?

എന്‍റെ അച്ഛനമ്മമാര്‍ കൂടുതല്‍ സമ്പന്നരായിരുന്നുവെങ്കില്‍ ഞാന്‍ ഉയര്‍ന്ന നിലയിലെത്തിയേനെ. എനിക്കു സൗന്ദര്യം ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരും എന്നെ സ്നേഹിച്ചേനെ… എന്നിങ്ങനെ സാഹചര്യങ്ങളെ കുറ്റം പറഞ്ഞുകൊണ്ടു നമ്മുടെ തെറ്റുകള്‍ ന്യായീകരിക്കുവാനാണു നാം ശ്രമിക്കാറുള്ളത്.

മോശമായ സാഹചര്യങ്ങളില്‍നിന്നും ഉയര്‍ന്നുവന്നിട്ടുള്ളവരാണു പില്ക്കാലത്ത് ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചിട്ടുള്ളത്. അവരുടെ മനോഭാവമാണ് അവരെ വിജയിക്കുവാന്‍ സഹായിച്ചത്.

എന്നാല്‍ തോല്ക്കുമെന്നാണു നിങ്ങളുടെ വിശ്വാസമെങ്കില്‍ തോല്വിയായിരിക്കും ഫലം. നമ്മുടെ കഴിവുകള്‍ എത്രമാത്രം വലുതാണെന്നു തിരിച്ചറിയാതെ മറ്റുളളവരുമായി താരതമ്യപ്പെടുത്തി സ്വയം നശിക്കുകയാണു നാം.

നമ്മുടെ സാഹചര്യങ്ങളാണു നമ്മുടെ വ്യത്യസ്തത. അതിനാല്‍ നാം ആയിരിക്കുന്ന അവസ്ഥയില്‍ നിന്നുകൊണ്ടു ഭാവി നേട്ടങ്ങള്‍ക്കുവേണ്ടി പ്രയത്നിക്കാന്‍ നമുക്കു സാധിക്കണം. ദുഃഖങ്ങളെ മറക്കുവാനും പ്രയാസങ്ങളെ നോക്കി പുഞ്ചിരിക്കുവാനും സാധിക്കുന്നവര്‍ക്കേ ജീവിതലക്ഷ്യങ്ങള്‍ നേടുവാനാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org