പുതിയ അദ്ധ്യയന വർഷത്തിലേക്ക്

പുതിയ അദ്ധ്യയന വർഷത്തിലേക്ക്

എം. ഷൈറജ്

യുവര്‍ കരിയര്‍

ഏറെ പ്രതീക്ഷകളോടെ വിദ്യാര്‍ത്ഥികള്‍ പുതിയൊരു കലാലയവര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ്. വിജ്ഞാനം ആര്‍ജ്ജിക്കുന്നതിലൂടെയും വ്യക്തിത്വവികസനത്തിലൂടെയും നല്ലൊരു ഭാവിയാണ് അവര്‍ ലക്ഷ്യമിടുന്നത്. 'തുടക്കം നന്നായാല്‍ പാതി നന്നായി' എന്നാണു പഴഞ്ചൊല്ല്. അതിനാല്‍ അദ്ധ്യയനവര്‍ഷത്തിന്‍റെ ആരംഭം തന്നെ മികച്ചതാക്കാന്‍ ശ്രദ്ധിക്കണം. വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ടുപോയാല്‍ ജീവിതവിജയം സുനിശ്ചിതമാണ്. വര്‍ഷാരംഭത്തില്‍ മനസ്സിരുത്തേണ്ട ചില കാര്യങ്ങള്‍ പ്രതിപാദിക്കാം.

പോയ വര്‍ഷത്തെക്കുറിച്ചുള്ള വിലയിരുത്തല്‍:
കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തിലെ നേട്ടങ്ങളെയും കോട്ടങ്ങളെയും തുറന്ന മനസ്സോടെ വിലയിരുത്തിക്കൊണ്ടു വേണം പുതിയ വര്‍ഷം തുടങ്ങേണ്ടത്. നേട്ടങ്ങളെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുവാനും കോട്ടങ്ങള്‍ പരിഹരിക്കാനുമുള്ള ശ്രമങ്ങളുണ്ടാവണം. അത്തരത്തില്‍ നമ്മുടെ ലക്ഷ്യം നിര്‍വചിക്കാവുന്നതാണ്. ഉദാഹരണത്തിനു ഫസ്റ്റ് ക്ലാസ്സ് ലഭിച്ച വിദ്യാര്‍ത്ഥിക്കു ഡിസ്റ്റിംഗ്ഷന്‍ ലക്ഷ്യമാക്കാം. ഏതെങ്കിലും വിഷയത്തിനു പിന്നിലായിട്ടുണ്ടെങ്കില്‍ അതിന്‍റെ പരിഹാരവും ലക്ഷ്യമാവണം. പാഠ്യവിഷയങ്ങളില്‍ മാത്രമല്ല, പാഠ്യേതര കാര്യങ്ങളിലും ഇത്തരത്തില്‍ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കാം.

പഴയ പുസ്തകങ്ങള്‍:
സ്കൂള്‍ തലത്തില്‍ പഠിക്കുന്നവര്‍ക്കു കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങളുടെ തുടര്‍ച്ചതന്നെയാവും ഈ വര്‍ഷത്തിലുള്ളത്. അതിനാല്‍ ഓരോ വിഷയത്തിലും കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തിലെ പാഠഭാഗങ്ങള്‍ ഒന്ന് ഓടിച്ചുനോക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും. കോളജുതലത്തിലും പൊതുവേ ഇതുതന്നെയാണു സ്ഥിതി. എന്നാല്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നവര്‍ ആ കോഴ്സിനു ബാധകമായ വിഷയങ്ങള്‍ മാത്രം നോക്കിയാല്‍ മതി.

പുതിയ പുസ്തകങ്ങള്‍, സിലബസ്:
കോളജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഒരു അദ്ധ്യയനവര്‍ഷം തുടങ്ങേണ്ടത് കോഴ്സിന്‍റെ സിലബസ്സ് നന്നായി മനസ്സിലാക്കിക്കൊണ്ടായിരിക്കണം. അതോടൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ഒന്നു നോക്കിവയ്ക്കണം. പാഠഭാഗങ്ങളെക്കുറിച്ചും പരീക്ഷാരീതിയെക്കുറിച്ചും മുന്നേ മനസ്സിലാക്കുന്നതു പഠനം എളുപ്പമാക്കും. എല്ലാ വിദ്യാര്‍ത്ഥികളും പുതിയ പാഠപുസ്തകങ്ങളെ നന്നായി പരിചയപ്പെടണം. ഏതെല്ലാം അദ്ധ്യായങ്ങളാണുള്ളതെന്നും അവയിലോരോന്നിലും എന്തൊക്കെയാണു പ്രതിപാദിക്കുന്നതെന്നും മനസ്സിലാക്കാന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ മതി. ചിത്രങ്ങളും ചാര്‍ട്ടുകളും പാഠത്തിന്‍റെ അവസാനമുള്ള സംക്ഷിപ്തവും ചോദ്യങ്ങളുമൊക്കെ ഒന്നു ശ്രദ്ധിക്കണം. നാം നടക്കേണ്ട വഴികളെക്കുറിച്ചു മുന്‍ ധാരണയുണ്ടാകുന്നതു പ്രയോജനപ്രദമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

പഠനസ്ഥലത്തിന്‍റെ ക്രമീകരണം:
വീട്ടില്‍ പഠനത്തിനു കൃത്യമായ ഒരു ഇടം വേണം. വെളിച്ചവും വായുവും ആവശ്യത്തിനു ലഭ്യമാകുന്ന സ്ഥലമായിരിക്കണം പഠനത്തിനു തെരഞ്ഞെടുക്കേണ്ടത്. ടി.വി., റേഡിയോ, മൊബൈല്‍ ഫോണ്‍ തുടങ്ങിയ പഠനത്തില്‍ നിന്നു ശ്രദ്ധ തിരിക്കുന്ന വസ്തുക്കളൊന്നും പഠനമുറിയില്‍ വേണ്ട. കിടക്കയിലോ കസേരയിലെ കിടന്നുകൊണ്ടു വായിക്കുന്നതിനു പകരം സുഷുമ്നാനാഡി നേരെ നില്ക്കുന്ന രൂപത്തില്‍ നിവര്‍ന്നിരുന്നു വായിക്കുന്നതാണു ഫലപ്രദം.

പഠനസ്ഥലത്തു പുസ്തകങ്ങള്‍, നോട്ടുകള്‍, പേന, പെന്‍സില്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ എല്ലാ പഠനസാമഗ്രികളും ഉണ്ടാവണം. പഠനത്തിനിടയില്‍ ഇവയ്ക്കായുള്ള തിരച്ചില്‍ പഠനത്തെ പ്രതികൂലമായി ബാധിക്കും.

ടൈംടേബിള്‍:
പഠനത്തിനും പാഠ്യേതരകാര്യങ്ങള്‍ക്കും ഒരു സമയക്രമം ഉണ്ടാക്കണം. ഏതു സമയമാണു പഠനത്തിന് അനുയോജ്യമെന്നത് ഓരോ വ്യക്തിയെയും അനുസരിച്ചിരിക്കും. നേരത്തെ ഉറങ്ങുന്നവര്‍ കഴിയുന്നത്ര നേരത്തെ ഉണര്‍ന്നു പഠിക്കണം. ഏറെ വൈകി രാത്രി പഠനം നടത്തുന്നവര്‍ ആവശ്യത്തിന് ഉറക്കം കഴിഞ്ഞ് ഉണര്‍ന്നാല്‍ മതി.

40 മിനിറ്റ് പഠനത്തിനുശേഷം അഞ്ചോ ആറോ മിനിറ്റ് ബ്രേക്ക് നല്കണം. നാല്പതു മിനിട്ടിലധികം തുടര്‍ച്ചയായി ഒരു കാര്യത്തില്‍ ഏകാഗ്രമായിരിക്കാന്‍ നമുക്കു ബുദ്ധിമുട്ടാണ്. എന്നാല്‍ ബ്രേക്ക് 10 മിനിട്ടിനപ്പുറം പോകാതിരിക്കാനും ശ്രദ്ധിക്കണം.

വ്യായാമം:
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതിനാല്‍ കായികവ്യായാമത്തിനു പ്രാധാന്യം നല്കണം. ലഘുവായെങ്കിലും എക്സൈസോ യോഗയോ നൃത്തമോ നീന്തലോ ഒക്കെ ചെയ്യാന്‍ സമയം കണ്ടെത്തണം.

പാഠ്യേതര വിഷയങ്ങള്‍:
പാഠ്യവിഷയങ്ങളിലെ മികവുകൊണ്ട് മാത്രം ഒരു നല്ല ഭാവി ഉറപ്പിക്കാനാവില്ല. നമ്മുടെ അഭിരുചിക്കിണങ്ങുന്ന പാഠ്യേതര കാര്യങ്ങളില്‍ സജീവമാകണം. മുന്‍പന്തിയിലെത്തണമെന്നോ സമ്മാനങ്ങള്‍ നേടണമെന്നോയില്ല, പങ്കെടുക്കുകയെന്നതിനാണു പ്രാധാന്യം.

വ്യക്തിത്വവികസനം:
വിദ്യാഭ്യാസയോഗ്യതയ്ക്കുപരിയായി ഓരോ തൊഴിലിലുമുള്ള വ്യക്തിഗുണങ്ങള്‍ ഏറെ പരിഗണിക്കപ്പെടുന്ന ഘടകമാണ് ആശയവിനിമയ പ്രാവീണ്യം, കമ്പ്യൂട്ടര്‍ വിജ്ഞാനം, ഒരു ഗ്രൂപ്പിന്‍റെ ഭാഗമായി ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള കഴിവ്, മാന്യമായ വസ്ത്രധാരണം, സമ്മര്‍ദ്ദസാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവ് തുടങ്ങിയവയെല്ലാം പ്രാധാന്യമുള്ളവയാണ്. കലാലയത്തില്‍ വിവിധ പരിപാടികളുടെ സംഘാടനത്തിലും മറ്റും ഭാഗഭാക്കാകുന്നത് ഇക്കാര്യത്തില്‍ ഗുണകരമാണ്. വലിയ വാഗ്മിയൊന്നുമായില്ലെങ്കിലും നാലാളുടെ മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുവാനുള്ള കഴിവ് ആര്‍ജ്ജിക്കണം.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിനെയും സോഫ്റ്റ്വെയറുകളെയും കുറിച്ചുള്ള സാമാന്യ അറിവ് എല്ലാ കുട്ടികള്‍ക്കുമുണ്ടാകണം. ഒരു പുതിയ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ പ്രിന്‍റര്‍ ഘടിപ്പിക്കുവാനോ ചെറിയ ട്രബിള്‍ഷൂട്ടിംഗിനോ ഒന്നും പരസഹായം തേടേണ്ടിവരരുതെന്നര്‍ത്ഥം. എം.എസ്. ഓഫീസ്, ലളിതമായ അക്കൗണ്ടിംഗ് സോഫ്റ്റ്വെയറുകള്‍ എന്നിവയിലൊക്കെ പരിജ്ഞാനമുണ്ടാകുന്നതു നല്ലതാണ്. പഠനത്തോടൊപ്പം ഈ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തണമെന്നു സാരം.

ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ആ ഭാഷയിലുള്ള പത്രമാധ്യമങ്ങളും ന്യൂസ് ചാനലുകളും ശീലമാക്കാം.

സഹായം തേടണം:
പാഠ്യവിഷയങ്ങളിലോ അല്ലാതെയോ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ എല്ലാം സ്വയം കൈകാര്യം ചെയ്യുവാന്‍ ശ്രമിക്കരുത്. സഹായം തേടേണ്ട ഘട്ടങ്ങളില്‍ അതു തേടുകതന്നെ ചെയ്യണം. അദ്ധ്യാപര്‍, സഹപാഠികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്കും നിങ്ങളെ ഏറെ സഹായിക്കുവാനാകും.

തടസ്സമാകുന്ന ഘടകങ്ങള്‍:
പഠനത്തിലും അനുബന്ധ കാര്യങ്ങളിലെ നമ്മെ തടസ്സപ്പെടുത്തുന്നതോ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതോ ആയ ഘടകങ്ങളെ തിരിച്ചറിയണം. അത്തരം കാര്യങ്ങളെ ഒരു അകലത്തില്‍ സൂക്ഷിക്കാന്‍ ശീലിക്കണം.

അദ്ധ്യയനവര്‍ഷാരംഭത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്ന പ്രവൃത്തികളും ശോഭനമായ ഒരു ഭാവിക്കുള്ള അടിത്തറയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org