ബദാം

ബദാം

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

മലയാളികള്‍ക്ക് വളരെ സുപരിചിതമായ ഒരു വൃക്ഷമാണ് ബദാം. തണുപ്പുള്ള സ്ഥലത്ത് നന്നായി വളരുകയും ഫലം തരുകയും ചെയ്യുന്നു. ഔഷധ ഗുണങ്ങളും പോഷകഗുണങ്ങളും നിറഞ്ഞതാണ് ബദാം പരിപ്പ് – 'റോസേസി' കുലത്തില്‍പ്പെടുന്ന ബദാമിനെ ഇംഗ്ലീഷില്‍ 'Almond' (ആമണ്ട്) എന്ന് വിളിക്കുന്നു.
നിരവധി ഔഷധഗുണങ്ങള്‍ ഉള്ള ഇവയ്ക്ക് നല്ല ഡിമാന്‍റും ഉണ്ട്. പണക്കാരുടെ മാത്രം കായായിട്ടാണ് ബദാം അറിയപ്പെട്ടിരുന്നത്. ബദാം പരിപ്പില്‍ പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് അയണ്‍, കാല്‍സിയം, ഫോസ്ഫറസ്, തയാമിന്‍, ഫോളിക്കാസിഡ്, റീബോഫ്ളോബിന്‍ എന്നിവ വിവിധ അളവില്‍ അടങ്ങിയിരിക്കുന്നു. ഉണക്കപ്പഴങ്ങളില്‍ വെച്ചേറ്റവും പ്രധാനമായിട്ടുള്ളത് ബദാം പരിപ്പാണ്. ബദാംപരിപ്പിന്‍റെ നിത്യോപയോഗം പലവിധ രോഗങ്ങളെയും തടഞ്ഞുനിര്‍ത്തുവാന്‍ സഹായിക്കും.

ആരോഗ്യമുണ്ടാകുവാനും ശരീരപുഷ്ടിയുണ്ടായി ആകര്‍ഷകമായിത്തീരുന്നതിനും സര്‍വ്വോപരി ഉണര്‍വിനും ഉന്മേഷത്തിനും ഉപയുക്തമായ ഘടകങ്ങള്‍ അനവധി അടങ്ങിയിട്ടുള്ളതാണ് ബദാം. തലച്ചോറിനുണ്ടാകുന്ന പലവിധ അസുഖങ്ങള്‍ക്കും മസ്സിലുകള്‍ക്കുണ്ടാകുന്ന ക്ഷീണത്തിനും ബദാം പരിപ്പ് ഏറെ നല്ലതാണ്. ഒരു ടോണിക്കിന്‍റെ ഫലം ചെയ്യുന്നതാണ് ബദാം പരിപ്പ്.

നേത്രരോഗം, ഉദരരോഗങ്ങള്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധിയായി ബദാം പരിപ്പ് ഉപയോഗിച്ചുവരുന്നു. ബദാം തനിച്ചും പാല്‍ ചേര്‍ത്തും തേന്‍ ചേര്‍ത്തും ഉപയോഗിക്കാറുണ്ട്. ബദാമിന്‍റെ എണ്ണയും നിരവധി ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.
മുഗള രാജാക്കന്മാര്‍ ബദാം പരിപ്പിന്‍റെ പ്രിയപ്പെട്ടവരായിരുന്നു എന്ന് ചരിത്രരേഖകളില്‍ കാണാം.

10 മീറ്ററില്‍ അധികം പൊക്കത്തില്‍ വളരുന്ന ഒരു വൃക്ഷമാണിത്. നല്ലൊരു തണല്‍വൃക്ഷം. പാതയോരങ്ങളിലും മറ്റും തണലിനായി ഇവ നട്ടുവളര്‍ത്തിവരുന്നു.
അനുയോജ്യമായി തയ്യാര്‍ ആക്കിയ കുഴികളില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്ത് തൈ നടാം. കനത്ത മഴയുള്ള അവസരത്തില്‍ നടുന്നത് ഒഴിവാക്കണം. മഴക്കാലത്ത് തൈയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും ഒഴിവാക്കണം.

വേനലില്‍ പുതയിടല്‍ നടത്തുന്നതും ജലസേചനം നടത്തുന്നതും നല്ലതാണ്. ഓല മറച്ചുകെട്ടി കടുത്തചൂടില്‍ നിന്നും സംരക്ഷിക്കാം. നട്ട് ആറ് മാസത്തിനുശേഷം കളയെടുപ്പ് നടത്തി ചുവട്ടില്‍ ജൈവവളങ്ങള്‍ ചേര്‍ത്തു കൊടുക്കാം. ബദാം സാധാരണയായി മൂന്ന് തരത്തില്‍ കാണുന്നു. കായ്കള്‍ കട്ടിയുള്ള തോടുകൂടിയതും മൃദുവായ തോടോടുകൂടിയതും കടലാസിന്‍റെ കനത്തിലുള്ള തോ ടോടു കൂടിയതും ഉണ്ട്.

ബദാം നട്ട് മൂന്ന് മുതല്‍ നാലുവര്‍ഷത്തിനകം കായ്പിടിച്ചു തുടങ്ങും. ജൂലൈ-സെപ്തംബര്‍-മാസത്തോടുകൂടി കായ്പഴുത്ത് തോട് പൊട്ടുന്നു. ചില ഇനം കായ്കള്‍ക്കു തോടുപൊട്ടുകയില്ല. കായുടെ തോട് പൊട്ടിച്ച് പരിപ്പ് എടുക്കാം. ഒരു ബദാം വൃക്ഷത്തില്‍ നിന്നും 80 വര്‍ഷത്തോളം തുടര്‍ച്ചയായി കായ്കള്‍ ലഭിക്കും.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ബദാമിന് മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍റുണ്ട്. ഇവ ചേര്‍ത്ത ബിസ്ക്കറ്റുകളും ചോക്കലേറ്റുകളും മറ്റും ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. വിദേശ വിപണിയിലും ബദാം പരിപ്പിന് നല്ല ഡിമാന്‍റുണ്ട്.

ഒട്ടനവധി ഔഷധ പോഷക ഗുണങ്ങള്‍ നിറഞ്ഞ ബദാം മരത്തിന്‍റെ തൈ കള്‍ നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടത്തിലും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org