Latest News
|^| Home -> Suppliments -> Familiya -> ബ​ഹുമാനം ആർക്ക്?

ബ​ഹുമാനം ആർക്ക്?

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

‘ഭൂമിയെ നിമിഷാര്‍ത്ഥം കൊണ്ടു തകര്‍ക്കാന്‍ കഴിവുള്ള ഉല്‍ക്ക പതിച്ചുകഴിഞ്ഞു; ഭൂമിയെ വിഴുങ്ങാന്‍ ഒരു കോസ്മിക് സുനാമി രൂപപ്പെട്ടുകഴിഞ്ഞു’ എന്നിങ്ങനെയുള്ള പ്രവചനങ്ങള്‍ ശാസ്ത്രലോകത്തുനിന്നും കേട്ടുകൊണ്ടേ ഇരിക്കുകയാണ് ഈയിടെയായി. ലോകാവസാനം, നാസ പോലും കാത്തിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ചത് മറ്റൊരു രീതിയിലാണ്. “ലോകം നശിപ്പിക്കപ്പെടുന്നത് ദുഷ്ടതയും ക്രൂരതയും നിറഞ്ഞ തിന്മ പ്രവര്‍ത്തിക്കുന്നവരുടെ പ്രവര്‍ത്തനത്താലല്ല; മറിച്ച് അവരെ എതിര്‍ക്കാതെ നിശബ്ദകാഴ്ചക്കാരായി നിസംഗത പുലര്‍ത്തുന്ന നല്ലവരെന്നു കരുതുന്നവര്‍ മൂലമാണ്.”

ധാര്‍മ്മികാധഃപതനം മൂലം ലോകാവസാനം ഉണ്ടായിക്കൂടായ്കയില്ലെന്ന് അല്പം ചിന്താശേഷിയുള്ള ആര്‍ക്കും ബോധ്യമാകും. കാരണം മനുഷ്യര്‍ പരസ്പരം കൊല്ലാന്‍ മത്സരിക്കുന്നു എന്നതു തന്നെ. ബോംബുകള്‍, ലഹരികള്‍, സൈബര്‍ സ്ലേവറി, ലൈംഗികപീഠനം, വിദ്വേഷം, അടിമസംസ്കാരം, ആശയ പ്രചരണങ്ങള്‍, അത്തരം ബിസിനസ് സ്ഥാപനങ്ങള്‍, മാഫിയകള്‍, അധികാര ദുര്‍വിനിയോഗങ്ങള്‍ ഒക്കെ വംശീയഹത്യയ്ക്ക് പ്രാപ്തമാണ്. പ്രസിദ്ധ മനോരോഗവിദഗ്ദ്ധന്‍ ഡോ. ജോണ്‍ ചെന്നക്കാട്ടു മുന്നറിയിപ്പു തരുന്നു “ഒപ്പീനിയന്‍ മേക്കേഴ്സ് എന്നൊരു കൂട്ടര്‍ വലിയതോതില്‍ സാമൂഹിക ക്യാന്‍വാസിലുണ്ട്. സ്ഥാപിത താല്പര്യക്കാരായ യജമാനന്മാരുടെ മൗത്പീസുകളാണ് ഇവര്‍… അഭിപ്രായങ്ങള്‍ കണ്ണടച്ചു വിഴുങ്ങരുത്.”

ഉത്തരവാദിത്വ ബോധമില്ലാത്ത, സുഖഭോഗകേന്ദ്രീകൃതമായ പുത്തന്‍ജീവിതസംസ്കാരം കു ടുംബവ്യവസ്ഥിതിയെയും ശിശു പരിപാലനത്തെയും തകര്‍ത്തേക്കാം. ഇപ്പോള്‍ത്തന്നെ വീട്ടിലിരുന്ന് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന, കുടുംബകാര്യങ്ങള്‍ നോക്കുന്ന സ്ത്രീയും പുരുഷനും അസ്വീകാര്യരാണ് സമൂഹത്തിന്. കുറഞ്ഞപക്ഷം, ഒരു സാമൂഹികസേവനമെങ്കിലും നടത്താത്തവര്‍ തീര്‍ത്തും ഒറ്റപ്പെടും.

യൗവ്വനം മുഴുവന്‍ വരെ പോലും ജീവിച്ചിരിക്കാന്‍ പ്രാപ്തമല്ലാത്ത തലമുറയെ സൃഷ്ടിച്ച് ആരൊക്കെയോ ധനികരും, പ്രമാണിമാരും ആകുന്നുണ്ട്. ഒടുവില്‍ അവരുടേതു മാത്രമായ ഒരിടമായി ഭൂമി മാറിക്കൊണ്ടിരിക്കുകയാണോ? പത്തുവര്‍ഷം മുമ്പ് അപമാനമായിക്കരുതിയിരുന്ന, ലഹരി പാര്‍ട്ടികളും നഗ്നസമ്മേളനങ്ങളും ഇന്നു ഫാഷനായി വ്യാഖ്യാനിക്കപ്പെടുന്നു. സമൂഹത്തിലെ ഉന്നതരുടെ രീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. മനോവിഭ്രമങ്ങളും, രോഗങ്ങളും, അപകടമരണങ്ങളും കെണിയില്‍പ്പെട്ടു പോകുന്ന നിസഹായകര്‍ക്കു പ്രതിഫലവുമാകുന്നു. വിവേകം ലഭിച്ചിട്ടുള്ളവര്‍ക്ക് നേര്‍വഴി കാട്ടാന്‍ ഉത്തരവാദിത്വമുണ്ട്. അയല്‍ക്കാരന്‍റെ കുഞ്ഞ് കഞ്ചാവു വലിക്കുന്നുണ്ടെന്ന് നിങ്ങളുടെ മകന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും? ‘മോന്‍ അവനോടിനി കൂട്ടുകൂടരുത്’ എന്നു ശാസിക്കും. അവന്‍റെ മേല്‍ അതിന് ഒരു ശ്രദ്ധയും വയ്ക്കും. പക്ഷെ, അയല്‍ക്കാരന്‍റെ കുടുംബം തകരുന്നതു നിസംഗരായി നമ്മള്‍ നോക്കിനില്‍ക്കും.

മറ്റൊരാളെ തെറ്റു ചൂണ്ടിക്കാണിച്ചു ശത്രു ആക്കാന്‍ നമുക്കു താത്പര്യമില്ല. പുറമെ നമ്മള്‍ അവരോടു ചിരിക്കുന്നു. രഹസ്യത്തില്‍ പരിഹസിക്കുന്നു. പ്രാര്‍ത്ഥനയില്‍ ഫരിസേയനാകുന്നു. ഇങ്ങനെയുള്ള നമ്മളെ മറ്റുള്ളവര്‍ ബഹുമാനിക്കുന്നു, മാന്യനാക്കുന്നു.

“ദുഷ്ടനു ബഹുമാനം കൊടുക്കുന്നത് കവണയില്‍ കല്ലു വച്ചു കൊടുക്കുന്നതു പോലെയാണ്.” ഇന്നു നമ്മളിലേറെപ്പേരും ഇതു ചെയ്യുന്നുണ്ട്. ഈ കല്ലുകളോരോന്നായി നമ്മുടെ തന്നെ നെറ്റിയില്‍ കൊള്ളാതിരിക്കുമോ?

നമ്മുടെ മക്കളെ നമ്മള്‍ ഇത്തരം നുണകള്‍ക്കും, കപടസദാചാരത്തിനും അടിമകളാക്കുന്നുണ്ടോ എന്നതാണ് ഇന്നത്തെ ചിന്താവിഷയം! സ്വാതന്ത്ര്യം മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള ഏക വഴി സത്യസന്ധരായി ജീവിക്കുക എന്നതും. നമ്മുടെ മക്കള്‍ സത്യവും സ്വാതന്ത്ര്യവും അനുഭവിച്ചു വളരുവാന്‍ നമ്മള്‍ അനുവദിക്കണം. അതിനവസരവും നല്‍കണം. അതാണ് പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം.

സാഹചര്യങ്ങളോടും വ്യക്തികളോടും എങ്ങനെ സത്യസന്ധമായി പ്രതികരിച്ച് മുന്നോട്ടുപോകാം എന്ന് വീട്ടില്‍ നിന്നു തന്നെയാണ് കുട്ടികള്‍ മാതൃകയും പരിചയവും നേടിയെടുക്കുന്നത്. നല്ല കുടുംബ സംവിധാനം ആണ് നല്ല സമൂഹത്തിനു രൂപംകൊടുക്കുന്നത്. പരസ്പരം സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന, അംഗീകരിക്കുന്ന, തിരുത്തുന്ന, വളര്‍ത്തുന്ന കുടുംബമാണ് നല്ല കുടുംബം. കുടുംബത്തിന്‍റെ കെട്ടുറപ്പിനു വേണ്ടി നമുക്കോരോരുത്തര്‍ക്കും അദ്ധ്വാനിക്കാം. അതിനുവേണ്ടി സമയം ചെലവിടാം. ത്യാഗം ചെയ്യാം. ആഴമായ അറിവു നേടാനായി പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യാം. നമ്മുടെ കുഞ്ഞുങ്ങള്‍ മണ്ണെണ്ണ വിളക്കില്‍ ഈയാംപാറ്റകളെന്ന പോലെ മ്ലേഛരുടെ കെണിയില്‍ ചിറകു കരിഞ്ഞു വീഴാതിരിക്കട്ടെ.

Leave a Comment

*
*