ബലിജീവിതത്തിന്റെ വിജയസാക്ഷ്യം

ബലിജീവിതത്തിന്റെ വിജയസാക്ഷ്യം

നിയമനം ലഭിച്ച ഇടവക യാത്രാസൗകര്യം തീരെയില്ലാത്ത മലമ്പ്രദേശത്തുള്ള ഒരു ഗ്രാമമായിരുന്നു. അതിനാല്‍ ഏറെ നടന്നു വിഷമിച്ചാണ് ആ വൈദികന്‍ ഇടവകയിലേക്ക് എത്തുന്നത്. അധികാരികളാല്‍ തിരസ്കരിക്കപ്പെട്ട ഒരു നിയമനം. എങ്കിലും നടന്നുചെന്നതു നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു. വഴിയില്‍ കണ്ടുമുട്ടിയ ഒരു ബാലനോട് ആ വൈദികന്‍ പറഞ്ഞു: "ആര്‍സിലേക്കുള്ള വഴി കാണിച്ചുതരിക, ഞാന്‍ നിനക്കു സ്വര്‍ഗത്തിലേക്കുള്ള വഴി പറഞ്ഞുതരാം." അസൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന ആ കൊച്ചുപള്ളിയില്‍ കയറി ആ വൈദികന്‍ ആദ്യമായി ദിവ്യസക്രാരിയിലെ ഈശോയോടു പറഞ്ഞു: "ആകാശത്തിന്‍റെയും ഭൂമിയുടെയും ഉടയവനായ നിനക്ക് ഇവിടെ വസിക്കാമെങ്കില്‍ നിശ്ചയമായും ഈ ജോണിന് ഇവിടെ താമസിക്കാം." നല്ല ഭക്ഷണമില്ല, യാത്രാസൗകര്യമില്ല, നല്ലൊരു മുറിയോ കട്ടിലോ ഇല്ല. എങ്കിലും ആത്മാക്കളെ നേടാന്‍ ഈ "ഇല്ലായ്മ"കളൊക്കെയും കൂടുതല്‍ സഹായകമാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. ദിവസവും അനേകം മണിക്കൂറുകള്‍ കുമ്പസാരവേദിയിലും ദിവ്യകാരുണ്യസന്നിധിയിലും ചെലവഴിച്ചു. എല്ലാവരാലും തിരസ്കരിക്കപ്പെട്ടപ്പോള്‍ ഈശോ കൂടുതല്‍ അടുത്തായതുപോലെ അദ്ദേഹത്തിനു തോന്നി. ദിവ്യകാരുണ്യ ഈശോ ആത്മമിത്രമായിത്തീര്‍ന്നു. ആര്‍സില്‍ തെളിഞ്ഞ ആ പൊന്‍താരം ആഗോളസഭയില്‍ വൈദികരുടെ മദ്ധ്യസ്ഥനായി ഇന്നു പ്രശോഭിക്കുന്നു. അള്‍ത്താരയില്‍ ദിവ്യബലിക്കായി അണയുമ്പോള്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു മന്ത്രം അദ്ദേഹം എല്ലാ വൈദികര്‍ക്കുമായി ഉപദേശിച്ചുതരുന്നു: "ഇത് എന്‍റെ ആദ്യബലിപോലെ, ഇത് എന്‍റെ അന്ത്യബലിപോലെ, ഇത് എന്‍റെ ഏകബലിപോലെ." ബലിജീവിതത്തിന്‍റെ വിജയസാക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org