വഴനയുടെ ഗുണങ്ങള്‍

വഴനയുടെ ഗുണങ്ങള്‍

ജോഷി മുഞ്ഞനാട്ട്

നാട്ടിന്‍പുറങ്ങളിലും മറ്റും സവിശേഷമായ ഇലകളുടെ സുഗന്ധത്താല്‍ ശ്രദ്ധേയമായ ഒരു സുഗന്ധവൃക്ഷമാണ് എടന. വഴന, ഇടന എന്നീ പേരുകളിലും അറിയപ്പെടുന്നു. കുമ്പിള്‍ അപ്പം ഇതിന്റെ ഇലകളില്‍ വച്ച് ഉണ്ടാക്കുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ കുമ്പിള്‍ ഇല എന്നും വിളിക്കുന്നു. കറുവയുടെ ഒരു ബന്ധുവാണ് വഴനമരം. എന്നാല്‍ കറുവയല്ല. ഇതിന്റെ ഇലകള്‍ക്ക് അല്‍പം കട്ടിയും കനവുമുണ്ട്. ഇവയുടെ സസ്യനാമം 'സിന്നമോമം മാലബത്രം' എന്നാണ്. 20 മീറ്റര്‍ വരെ ഉയരത്തില്‍ ഇവ വളര്‍ന്നു കാണുന്നു.

ഒരു വൃക്ഷസുഗന്ധിയാണ് വഴന. ഇതിന്റെ ഇലകള്‍ തേജ്പത് എന്ന പേരില്‍ വിവിധ പാചകവിധികളില്‍ ഉപയോഗി ക്കുന്നു. ഉത്തരേന്ത്യയില്‍ ഇതു പണ്ടേ പരിചിതമാണ്. പാചകത്തിനും അത്തര്‍ നിര്‍മ്മാണ ത്തിനും ഇതിന്റെ ഇലകള്‍ ഉപയോഗിക്കാറുണ്ട്. പുരാതന റോമാക്കാര്‍ക്ക് മാലബത്രം എന്ന പേരിലും ഇവ പരിചിതമായി രുന്നു. ഉത്തരേന്ത്യയിലെ പാചക വിധികളില്‍ വഴനയിലക്കും ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ചില ഗരം മസാലകളിലും ഇവയുണ്ട്. നേപ്പാള്‍, ജനക്പൂര്‍, ബര്‍മ്മ തുടങ്ങിയ സ്ഥലങ്ങളിലും ഇവയ്ക്ക് ആരാധകരുണ്ട്.

ഇതിന്റെ തൈകള്‍ വച്ച് നട്ടുവളര്‍ത്താം. ജൈവവളമുള്ള നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഇവ വളരാന്‍ ഉത്തമം. ബാഷ്പീകരണ സ്വഭാവമുള്ള ഒരു തൈലം ഇതിന്റെ ഇലയില്‍ അടങ്ങിയിട്ടുണ്ട്. വഴനയില ഒരു നിരോക്‌സീകാരി കൂടിയാണ്. ദഹനരസങ്ങളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിച്ച് ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ ഇതിനു കഴിയും. ഭക്ഷണപദാര്‍ത്ഥങ്ങളോടൊപ്പം ചേര്‍ക്കുമ്പോള്‍ ഇതു വായുകോപം ഉണ്ടാകാതെ തടയുന്നു. വയറുവേദന ശമിപ്പിക്കും.

ജീവകങ്ങള്‍, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലേനിയം, സിങ്ക് എന്നിവയും ഇലകളിലുണ്ട്. ആയുര്‍വേദ വിധിപ്രകാരം ചുമ, അലര്‍ജി, തലവേദന, ആസ്ത്മ, ദഹനക്കേട്, വൃക്ക തകരാറുകള്‍, ഹൃദ്രോഗം, ആകാംക്ഷ, തുമ്മല്‍, നാഡീവേദന, ദന്തസംരക്ഷണം എന്നിവയ്‌ക്കെല്ലാം വഴനയില പ്രതിരോധവും പരിഹാരവും ആയി ഉപയോഗിക്കുന്നുണ്ട്.

ഒട്ടനവധി രോഗങ്ങള്‍ക്ക് പ്രതിവിധി എന്നവണ്ണം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ മണം ആരെയും ആകര്‍ഷിക്കുന്നതാണ്. കുമ്പിള്‍ അപ്പം ഉണ്ടാക്കാന്‍ പണ്ടുകാലം മുതലേ ഇവ മലയാളികള്‍ ഉപയോഗിച്ചുവരുന്നു. ഈ ഇലയില്‍ ഉണ്ടാക്കുന്ന കുമ്പിള്‍ അപ്പത്തിനു രുചിയും സുഗന്ധവും കൂടും. ഇവ ആരെയും ആകര്‍ഷിക്കും. പാചകത്തിനും മറ്റും ഇതുപയോഗിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇലകള്‍ മരത്തില്‍ നിന്നുമെടുത്ത് കൂടുതല്‍ ദിവസം സൂക്ഷിച്ചു വച്ച് ഉപയോഗിച്ചാല്‍ ഗുണം കുറയും. ഇലകള്‍ തുടച്ചു നല്ല വൃത്തിയായി വേണം ഉപയോഗിക്കാന്‍. കേടുവന്നതും പഴകിയതുമായ ഇലകള്‍ ഉപയോഗിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org