ബൈബിൾ മലയാള ഭാഷയിൽ

ബൈബിൾ മലയാള ഭാഷയിൽ

ചര്‍ച്ച് മിഷനറി സൊസൈറ്റിയിലെ അംഗമായിരുന്ന ബെഞ്ചമിന്‍ ബെയ്ലി മലയാളഭാഷാ പണ്ഡിതനായ ചന്തുമേനോന്‍റെയും മറ്റ് ഭാഷാപണ്ഡിതരുടെയും സഹായത്തോടെ പുതിയ നിയമം തര്‍ജ്ജമ ചെയ്യുകയുണ്ടായി. ഇത് 1829-ല്‍ കോട്ടയം സെമിനാരിയിലാണ് അച്ചടിക്കപ്പെട്ടത്. ഇതായിരുന്നു കേരളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യ മലയാള പുസ്തകവും മലയാള ബൈബിള്‍ തര്‍ജ്ജമയും. പിന്നീട് അദ്ദേഹംതന്നെ പഴയനിയമ ഗ്രന്ഥവും തര്‍ജ്ജമ ചെയ്ത് മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. 1839-ലും1840-ലും 1841-ലുമായിരുന്നു ഈ ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടത്. 1841-ലാണു വി. ഗ്രന്ഥം പൂര്‍ണ്ണമായി മലയാളത്തില്‍ ലഭ്യമായത്. ഈ തര്‍ജ്ജമകളില്‍ ഉപയോഗിച്ചിരിക്കുന്ന മലയാളഭാഷ തെക്കന്‍ കേരളത്തില്‍, പ്രത്യേകമായി തിരുവിതാംകൂറില്‍ ഉപയോഗത്തിലിരുന്ന മലയാള ഭാഷയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്‍റെ വടക്കന്‍ ഭാഗത്തെ വിശ്വാസികള്‍ക്കുവേണ്ടി അതായത് കൊച്ചി മുതല്‍ വടക്കു ഭാഗത്തുള്ളവര്‍ക്കായി ഒരു തര്‍ജ്ജമ നിര്‍വഹിക്കുക ഒരു ആവശ്യമായി വന്നു. ജര്‍മ്മന്‍ മിഷനറി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ഈ ദൗത്യം ഏറ്റെടുത്തു. ആദ്യമേ തന്നെ വി. ഗ്രന്ഥത്തിലെ ചരിത്ര പുസ്തകങ്ങളെ സത്യവേദ ഇതിഹാസങ്ങള്‍ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തു. 1841-45 കാലഘട്ടത്തിലായിരുന്നു ഈ തര്‍ജ്ജമ നടന്നത്. 1852-54 വരെയുള്ള കാലഘട്ടത്തിനിടെ ലേഖനങ്ങളും വെളിപാട് ഗ്രന്ഥവും അദ്ദേഹം തര്‍ജ്ജമ ചെയ്തു. 1856-ല്‍ പുതിയ നിയമം മുഴുവനും അദ്ദേഹം തര്‍ജ്ജമ ചെയ്തു പുറത്തിറക്കി. 1867-ല്‍ പ്രബോധനഗ്രന്ഥങ്ങളും 1859-ല്‍ പ്രവാചകഗ്രന്ഥങ്ങളും അദ്ദേഹം അച്ചടിച്ച് പ്രസിദ്ധം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org