ഏഴു മക്കളുടെ അമ്മ

ഏഴു മക്കളുടെ അമ്മ

ജെസ്സി മരിയ

യവനാധിപത്യത്തിനെതിരായുള്ള യഹൂദരുടെ ചെറുത്തു നില്‍പിന്‍റെ ചരിത്രമാണ് മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങളില്‍ വിവരിക്കുന്നത്. ഗ്രീക്കുകാരെ ചെറുത്തുനിന്നവര്‍ ക്രൂരമായ മതപീഡനങ്ങള്‍ക്കു വിധേയരായി ബി.സി. 175-ല്‍ അന്തിയോക്കസ് എപ്പിഫാനസ് നാലാമന്‍ രാജാവായതോടെ യഹൂദര്‍ അതിക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായി സത്യദൈവത്തെ നിഷേധിച്ച് വിഗ്രഹാരാധന നടത്തുന്നതിനും, നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കുന്നതിനും യഹൂദര്‍ നിര്‍ബന്ധിതരായി. അനേകം യഹൂദര്‍ മതമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ഇങ്ങനെ വധിക്കപ്പെട്ടവരില്‍ ഒരമ്മയും ഏഴ് ആണ്‍മക്കളും ഉണ്ടായിരുന്നു. ധീരയായ ആ അമ്മയെക്കുറിച്ച് ഒരു ചെറിയ ചിന്ത.

മക്കബായക്കാരുടെ രണ്ടാം പുസ്തകം ഏഴാം അദ്ധ്യായത്തിലാണ് രക്തസാക്ഷികളായി മരിച്ച അമ്മയെയും, അവളുടെ ഏഴ് ആണ്‍മക്കളെയും കുറിച്ച് പറയുന്നത്. ചരിത്രകഥകളില്‍ ഹന്ന, മിറിയം, പോള മോണിയ എന്നീ പേരുകളില്‍ അവള്‍ അറിയപ്പെടുന്നു. അന്തിയോക്കസ് രാജാവ് ഈ അമ്മയെയും, ഏഴു മകളെയും പിടിച്ച് ബന്ധിച്ച് ചാട്ടയും ചമ്മട്ടിയും കൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. അവരില്‍ മൂത്തവന്‍ എല്ലാവര്‍ക്കുംവേണ്ടി രാജാവിനോട് സംസാരിച്ചു. അവന്‍ പറഞ്ഞു, "ഞങ്ങളോട് എന്തു ചോദിച്ചറിയാനാണ് നീ ശ്രമിക്കുന്നത്? പിതാക്കന്മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനേക്കാള്‍ മരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്." ഇതുകേട്ട് കോപാക്രാന്തനായ രാജാവ് വറചട്ടികളും ചട്ടകങ്ങളും പഴുപ്പിക്കാന്‍ ആജ്ഞാപിച്ചു. അമ്മയുടെയും സഹോദരന്മാരുടെയും മുമ്പില്‍വച്ച് അവര്‍ അവന്‍റെ നാവും കൈകാലുകളും ഛേദിച്ച് ശിരോചര്‍മ്മം ഉരിഞ്ഞ് ജീവനോടെ അവനെ വറചട്ടിയിലേയ്ക്കിട്ടു. മറ്റു സഹോദരന്മാരും അമ്മയും ശ്രേഷ്ഠമായ മരണം വരിക്കാന്‍ പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ട് ദൈവസ്തുതികള്‍ ആലപിച്ചുനിന്നു. അവരുടെ ധൈര്യവും വിശ്വാസതീക്ഷ്ണതയും രാജാവിനെ കോപത്താല്‍ ഭ്രാന്തനാക്കി. അയാള്‍ രണ്ടാമനെയും, മൂന്നാമനെയും ഓരോരുത്തരായി ആറു സഹോദരങ്ങളെയും ക്രൂരമായ പീഡനത്തിനിരയാക്കി കൊന്നു. ആറു മക്കളുടെയും മരണം കണ്‍മുന്നില്‍ കണ്ടിട്ടും ആ മാതാവ് കുലുങ്ങിയില്ല. അവള്‍ തന്‍റെ ഇളയമകനെ ശ്രേഷ്ഠമായ മരണത്തിന് ഒരുക്കി. കര്‍ത്താവിലുള്ള പ്രത്യാശ അവളെ സുധീരയാക്കി. വചനം പറയുന്നു: "പിതാക്കന്മാരുടെ ഭാഷയില്‍ അവള്‍ അവരോരോരുത്തരെയും ധൈര്യപ്പെടുത്തി ശ്രേഷ്ഠമായ വിശ്വാസദാര്‍ഢ്യത്തോടെ, സ്ത്രീ സഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരതകൊണ്ടു ബലപ്പെടുത്തി. അവള്‍ പറഞ്ഞു: "നിങ്ങള്‍ എങ്ങനെ എന്‍റെ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് ജീവനും ശ്വാസവും നല്കിയതും, നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും, എല്ലാറ്റിന്‍റെയും ആരംഭം ഒരുക്കുകയും ചെയ്ത ലോക സ്രഷ്ടാവ്, തന്‍റെ നിയമത്തെപ്രതി നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാല്‍ കരുണാപൂര്‍വ്വം നിങ്ങള്‍ക്കു ജീവനും, ശ്വാസവും വീണ്ടും നല്കും."

ഏറ്റവും ഇളയവന്‍ അപ്പോഴും ബാക്കിയുണ്ടായിരുന്നു. അന്തിയോക്കസ് അവനെ പ്രലോഭിപ്പിച്ച് അവന് ധനവും, സ്ഥാനമാനങ്ങളും, വാഗ്ദാനം ചെയ്തു. ആ യുവാവ് സമ്മതിച്ചില്ല. അപ്പോള്‍ രാജാവ് അവന്‍റെ അമ്മയെ അരികില്‍ വിളിച്ച് തന്നെത്തന്നെ രക്ഷിക്കുവാന്‍ അവനെ ഉപദേശിക്കണമെന്ന് നിര്‍ബന്ധിച്ചു. നിര്‍ബന്ധം കൂടിയപ്പോള്‍ അവള്‍ അവനെ ഉപദേശിക്കാമെന്നേറ്റു. പുത്രന്‍റെ മേല്‍ ചാഞ്ഞ് അവള്‍ ക്രൂരനായ ആ സ്വേച്ഛാധിപതിയെ നിന്ദിച്ചുകൊണ്ട് മാതൃഭാഷയില്‍ പറഞ്ഞു: "മകനേ എന്നോടു ദയ കാണിക്കുക. ഒമ്പതു മാസം ഞാന്‍ നിന്നെ ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നു കൊല്ലം മുലയൂട്ടി. ഇന്നു വരെ പോറ്റിവളര്‍ത്തി. മകനേ ഞാന്‍ യാചിക്കുന്നു, ആകാശത്തെയും ഭൂമിയെയും നോക്കുക, അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയില്‍ നിന്നല്ല ദൈവം അവയെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുക. മനുഷ്യരും അതുപോലെയാണ് സൃഷ്ടിക്കപ്പെട്ടത്. ഈ കശാപ്പുകാരനെ ഭയപ്പെടേണ്ട. സഹോദരന്മാര്‍ക്കു യോജിച്ചവനാണ് നീയെന്നു തെളിയിക്കുക. മരണം വരിക്കുക. ദൈവകൃപയാല്‍ നിന്‍റെ സഹോദരന്മാരോടൊത്ത് എനിക്ക് നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ." അവള്‍ സംസാരിച്ചു തീര്‍ന്നയുടനെ യുവാവ് രാജാവിനോടു ചോദിച്ചു, "നിങ്ങള്‍ എന്തിനാണു വൈകുന്നത്? മോശവഴി ഞങ്ങളുടെ പിതാക്കന്മാര്‍ക്കു ലഭിച്ച നിയമം ഞാന്‍ ലംഘിക്കില്ല. എന്‍റെ സഹോദരന്മാരെപ്പോലെ ഞാനും ശരീരവും, ജീവനും പിതാക്കന്മാരുടെ നിയമങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുന്നു." അവന്‍റെ നിന്ദയില്‍ കോപംപൂണ്ട അന്തിയോക്കസ് മറ്റുള്ളവരേക്കാള്‍ ക്രൂരമായി അവനോടു പ്രവര്‍ത്തിച്ചു. അവന്‍റെ തന്‍റെ പ്രത്യാശ മുഴുവന്‍ കര്‍ത്താവിലര്‍പ്പിച്ച് മാലിന്യമേല്ക്കാതെ മരണം വരിച്ചു. പുത്രന്മാര്‍ക്കു ശേഷം അവസാനം ധീരയായ ആ മാതാവും വധിക്കപ്പെട്ടു.

ചാപല്യമേ നിന്‍റെ പേര് സ്ത്രീ എന്ന് ആരോ പാടിയത് ഓര്‍ക്കുന്നു. ഇല്ല, ഉത്തമയായ സ്ത്രീ ചപലയോ, അബലയോ അല്ല. അവള്‍ ശക്തയും ധീരയുമാണ്. ദൈവവിശ്വാസമെന്ന അടിത്തറയില്‍ പണിയപ്പെട്ടവളെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല. കേവലം ശരീരസുഖങ്ങള്‍ക്കുവേണ്ടി മക്കളെയും, കുടുംബത്തെയും തള്ളിപ്പറയുന്ന സ്ത്രീകള്‍ ഈ അമ്മയുടെ ധൈര്യം കണ്ടുപഠിക്കട്ടെ. അവള്‍ ഒന്നു മനസ്സുവച്ചിരുന്നെങ്കില്‍ ധനം, സുഖം, സ്ഥാനമാനങ്ങള്‍ ഇതെല്ലാം പുഷ്പംപോലെ ലഭിക്കുമായിരുന്നു. പക്ഷെ, ദൈവത്തെയും പിതാക്കന്മാരില്‍നിന്നു പകര്‍ന്നു കിട്ടിയ നിയമങ്ങളെയും ലംഘിച്ച് കളങ്കപ്പെട്ടു ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. കേവലം നാമമാത്ര ക്രിസ്ത്യാനികളായി ജീവിക്കുന്ന നമുക്ക് ഈ അമ്മയും മകളും പകര്‍ന്നു നല്കുന്ന പാഠം ഗ്രഹിക്കല്‍ കുറച്ച് കഠിനം തന്നെയാണ്. ക്രിസ്തീയത എന്നാല്‍ എളുപ്പ വഴിയിലൂടെ ക്രിയ ചെയ്യലല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org