ജെഫ്തായുടെ മകൾ..

ജെഫ്തായുടെ മകൾ..

ബൈബിൾ വനിതകൾ

ജെസ്സി മരിയ

ന്യായാധിപന്മാരുടെ പുസ്തകം 11-ാം അധ്യായം ന്യായാധിപനായ ജെഫ്തായുടെ ചരിത്രമാണ്. ഗിലയാദുകാരനായ ജെഫ്താ ഇസ്രായേലിലെ ന്യായാധിപനും ശക്തനായ സേനാനിയും ആയിരുന്നു. അവന്‍ ഇസ്രായേലില്‍ ആറു വര്‍ഷം ന്യായപാലനം നടത്തി. അക്കാലത്താണ് അമ്മോന്യര്‍ ഇസ്രായേലിനെതിരെ യുദ്ധത്തിനു വന്നത്. അപ്പോള്‍ ഗിലയാദിലെ ശ്രേഷ്ഠന്മാര്‍ ജെഫ്തായുടെ നേതൃത്വത്തില്‍ അവരെ നേരിടാന്‍ പോയി. യുദ്ധം ഒഴിവാക്കാനുള്ള ജെഫ്തായുടെ നിര്‍ദേശങ്ങളൊന്നും അമോന്യരാജാവ് വകവച്ചില്ല. വിശുദ്ധഗ്രന്ഥം പറയുന്നു. 'കര്‍ത്താവിന്‍റെ ആത്മാവ് ജെഫ്തായുടെമേല്‍ ആവസിച്ചു. 'അവന്‍ അമ്മോന്യാരെ നേരിടാന്‍ പോയി. പോകും മുമ്പ് അവന്‍ കര്‍ത്താവിനു ഒരു നേര്‍ച്ച നേര്‍ന്നു. അങ്ങ് അമ്മോന്യരെ എന്‍റെ കയ്യില്‍ ഏല്‍പ്പിക്കുമെങ്കില്‍ ഞാന്‍ അവരെ തോല്‍പ്പിച്ചു തിരിച്ചുവരുമ്പോള്‍ എന്നെ എതിരേല്‍ക്കാന്‍ പടിവാതില്‍ക്കലേക്ക് ആദ്യം വരുന്നത് ആരായാലും അവന്‍ കര്‍ത്താവിന്‍റേതായിരിക്കും. ഞാന്‍ അവനെ ദഹനബലിയായി അവിടത്തേയ്ക്ക് അര്‍പ്പിക്കും. അവന്‍ അവരോടു യുദ്ധം ചെയ്തു. വലിയ യുദ്ധം നടന്നു. അമ്മോന്യര്‍ ഇസ്രായേലിനു കീഴടങ്ങി.

ജെഫ്താ മിസ്പായിലുള്ള തന്‍റെ വീട്ടിലേക്ക് വന്നു. ഇസ്രായേല്‍ക്കാര്‍ അവനെ എതിരേല്‍ക്കാന്‍ തപ്പ്കൊട്ടി വന്നു. അവന്‍റെ മകളാണ് ഏറ്റവും മുന്നില്‍ തപ്പ് കൊട്ടി നൃത്തം ചെയ്തിരുന്നത്. ആ പെണ്‍കുട്ടി അവന്‍റെ ഏക സന്താനമായിരുന്നു. വേറെ മകനോ മകളോ അവനില്ലായിരുന്നു. മുന്നില്‍ മകളെ കണ്ടപ്പോള്‍ അവന്‍ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ, ഞാന്‍ കര്‍ത്താവിനു വാക്ക് കൊടുത്തുപോയി. നേര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ എനിക്ക് സാധിക്കുകയില്ല. അവള്‍ പറഞ്ഞു : അപ്പാ അങ്ങ് കര്‍ത്താവിനു വാക്ക് കൊടുത്തെങ്കില്‍ അതനുസരിച്ചു എന്നോട് ചെയ്തു കൊള്ളുക. കര്‍ത്താവ് ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം ചെയ്തല്ലോ. അവള്‍ തുടര്‍ന്നു: ഒരു കാര്യം എനിക്ക് ചെയ്തു തരണം, എന്‍റെ കൂട്ടുകാരികളോടോത്തു പര്‍വതങ്ങളില്‍ പോയി എന്‍റെ കന്യാത്വത്തെ പ്രതി രണ്ടു മാസത്തേക്കു വിലപിക്കാന്‍ എന്നെ അനുവദിക്കണം. അവന്‍ അനുവാദം കൊടുത്തു. അവള്‍ സഖിമാരോടൊപ്പം പര്‍വതങ്ങളില്‍ പോയി താമസിച്ച് തന്‍റെ കന്യാത്വത്തെപ്പറ്റി വിലപിച്ചു. രണ്ടു മാസം കഴിഞ്ഞ് അവള്‍ പിതാവിന്‍റെ പക്കലേക്കു തിരിച്ചു വന്നു. അവന്‍ നേര്‍ന്നിരുന്നതുപോലെ അവളോടു ചെയ്തു. ജെഫ്തായുടെ പുത്രിയെ ഓര്‍ത്ത് ഇസ്രായേല്‍ പുത്രിമാര്‍ വര്‍ഷം തോറും നാലു ദിവസം കരയാന്‍ പോകുക പതിവായി തീര്‍ന്നു.

തന്‍റെ പിതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അനുസരണത്തിന്‍റെ, മാറ്റമില്ലാത്ത വാക്കിന്‍റെ ഉത്തമ ഉദാഹരണമായി ബൈബിള്‍ ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നു. തന്‍റെ പിതാവ് കര്‍ത്താവിനു കൊടുത്ത വാക്ക് നിറവേറ്റാന്‍ അവള്‍ കൊടുത്തത് തന്‍റെ ജീവനാണ്. ഇളം പ്രായത്തിലേ ജീവന്‍ ബലി നല്‍കാന്‍ ചങ്കൂറ്റം കാട്ടിയ ഇവള്‍ ധീരനായ ജെഫ്തായുടെ ധീരയായ വിശ്വസ്തയായ മകളാണ്. ഇസ്രായേല്‍ പുത്രിമാര്‍ക്ക് അഭിമാനവും മകുടവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org