
കൂട്ടുകാര്‍ക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയുമായിരിക്കും. എന്നാല്‍ എത്രപേര്‍ക്ക് അതിന്‍റെ ചരിത്രമറിയാം. എന്നാല്‍ കേട്ടോളൂ….
1817-ല്‍ ബാരണ്‍ വോന്‍ ഡേവിസ് എന്നയാള്‍ ഒരു വോക്കിംഗ് മെഷീന്‍ ഉണ്ടാക്കിയതാണ് ബൈസിക്കിളിന്‍റെ ആദ്യരൂപം. ചവിട്ടാന്‍ പെഡലുകളില്ലാതിരുന്ന അതിനെ കാലുകൊണ്ട് തള്ളി നീക്കിയായിരുന്നു മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്.
1839-ല്‍ സ്കോട്ലന്‍ഡുകാരനായ പാട്രിക് മക്മില്ലന്‍ ഇന്നു കാണുന്ന സൈക്കിളിന്‍റെ ഏകദേശം ഒരു മാതൃകയിലുള്ള ഒരു സൈക്കിള്‍ കണ്ടുപിടിച്ചു. എങ്കിലും മക്മില്ലന്‍റെ സൈക്കിളില്‍ പെഡല്‍ മുന്നോട്ടും പിന്നോട്ടും മാത്രമേ ചലിപ്പിക്കാനാവുമായിരുന്നുള്ളൂ. പെഡലിനെ വൃത്തത്തില്‍ കറങ്ങിത്തിരിയാന്‍ സഹായിച്ചത് റോട്ടറി ക്രാങ്കിന്‍റെ കണ്ടുപിടിത്തമാണ്. 1870-ലാണ് പൂര്‍ണമായും ലോഹത്തില്‍ നിര്‍മ്മിച്ച ബൈസിക്കിള്‍ ഇറങ്ങിയത്.
അസാമാന്യ വലുപ്പമുള്ള ഒരു മുന്‍ചക്രവും വളരെ ചെറിയ ഒരു പിന്‍ചക്രവും മുന്‍വീലില്‍ ഒരു പെഡലുമായിരുന്നു അതിന്‍റെ രൂപം. ഏകദേശം 1890 വരെയും ബൈസിക്കിളിന്‍റെ രൂപത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.
20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ ബൈസിക്കിള്‍ വന്‍ പ്രചാരത്തിലായി. സമ്പന്നന്‍റെയും ഇടത്തരക്കാരന്‍റെ യും പ്രധാന ഗതാഗത ഉപാധിയായി മാറുകയായിരുന്നു ആ ഇരുചക്രവാഹനം. യൂറോ പ്പിലൊട്ടാകെ സൈക്കിള്‍ ക്ലബുകള്‍ സ്ഥാപിക്കപ്പെട്ടു. 1930-കളിലെ സാമ്പത്തികമാ ന്ദ്യം ജനങ്ങളെ കാറില്‍ നിന്നും സൈക്കിളുകളിലേക്ക് മടക്കിക്കൊണ്ടു വരാനും കാരണമായി.
സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ പ്രതീകമെന്ന തരത്തിലും സൈക്കിള്‍ വനിതകള്‍ക്കിടയില്‍ പ്രിയങ്കരമായി. നിലത്തിഴഞ്ഞു നടന്ന നീളന്‍ ഗൗണുകള്‍ സുഗമമായ സൈക്കിള്‍ യാത്രയ്ക്ക് വിഘാതമായതോടെ യൂറോപ്പിലെ സ്ത്രീകള്‍ കൂടുതല്‍ സൗകര്യപ്രദമായ പാന്‍റ്സിലേക്ക് മാറുവാനും സൈക്കിള്‍ ഒരു കാരണമായി. 1895-ല്‍ ആനി ലണ്ടന്‍ബെറി എന്ന അമേരിക്കന്‍ വനിത ലോകം മുഴുവന്‍ സൈക്കിളില്‍ ചുറ്റിയ ആദ്യത്തെ വനിതയായി. സൈക്കിളിന്‍റെ അഭിമാനപൂര്‍വ്വമായ ചരിത്രത്തെ സജീവമായി നിലനിര്‍ത്തുന്നതില്‍ ലോകമൊട്ടാകെയുള്ള സൈക്കിള്‍ ക്ലബ്ബുകള്‍ക്ക് സുപ്രധാന പങ്കാണുള്ളത്. സൈക്ലിംഗ് എന്നത് ആരോഗ്യപൂര്‍ണമായ ഒരു ജീവിതചര്യയാണെന്നോര്‍മ്മിപ്പിക്കുവാനായി ഏപ്രില്‍ 19 സൈക്കിള്‍ദിനമായി പല രാജ്യങ്ങളും ആഘോഷിക്കുന്നു.