കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍
Published on

ദാവീദു രാജാവിന്റെ കുടുംബത്തില്‍ ജൊവാക്കിമിന്റെയും അന്നായുടേയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കില്‍ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങള്‍ ഈ നക്ഷത്രത്തിന്റെ ഉദയം പാടി അറിയിച്ചിട്ടുള്ളതാണ്.
കിസ്മസ് ആനന്ദത്തിന്റെ തിരുനാളാണെങ്കില്‍ മേരിമസ് സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും തിരുനാളായി കൊണ്ടാടേണ്ടതാണ്. ഈശോ ദൈവപുത്രനാകയാല്‍ മേരി ദൈവമാതാവാണ്.
ബെസ്ലഹമ്മിലെ തൊഴുക്കൂട്ടില്‍ കിടന്നു കരയുന്ന ചോരക്കുഞ്ഞ് അത്യുന്നതന്റെ പുത്രനാണെന്ന് എങ്ങനെ തോന്നും? അന്നായുടെ ഈ കുഞ്ഞു സുന്ദരിയാണെങ്കിലും മറ്റു കുഞ്ഞുങ്ങളില്‍ നിന്നു ബാഹ്യദൃഷ്ടിയില്‍ എന്തു വ്യത്യാസമാണുള്ളത്? അതുകൊണ്ട് "ഞാന്‍ കറുത്തവളാണെങ്കിലും അല്ലയോ ജെറൂസലേം പുത്രിമാരേ, സുന്ദരിയാണ്," എന്ന ഉത്തമഗീതത്തിലെ വാക്യം മറിയത്തെപ്പറ്റിയാണെന്നു കരുതപ്പെടുന്നു. ഒന്നുകൂടെ ഉറപ്പിച്ചു മണവാളന്‍ പറയു ന്നു: "മുള്ളുകളുടെ ഇടയില്‍ ലില്ലിയെപ്പോലെയാണു മക്കളില്‍ എന്റെ പ്രിയ," "അങ്ങു സുന്ദരിയാണ്." "അങ്ങില്‍ യാതൊരു കുറവുമില്ല," "നന്മ നിറഞ്ഞവളാണ്," "സര്‍പ്പത്തിന്റെ തല തകര്‍ത്തവളാണ്." ഇവയെല്ലാം പരിഗണിച്ച് മേരീമഹത്വം എന്ന വി. അല്‍ഫോണ്‍സു ലിഗോരിയുടെ ഗ്രന്ഥത്തില്‍ പറയുന്നതു മറിയത്തിന്റെ ഉത്ഭവസമയത്ത് അവള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള ഏതു വിശുദ്ധ രേക്കാളും പ്രസാദവരപൂര്‍ണ്ണ ആയിരുന്നുവെന്നാണ്.
ആകയാല്‍ അമലോത്ഭവയായ ദൈവമാതാവിന്റെ ജനനത്തില്‍ സ്വര്‍ഗ്ഗവാസികള്‍ ആനന്ദിക്കുന്നു; ഭൂവാസികള്‍ ആഹ്ലാദിക്കുന്നു. ഒരു പിറന്നാള്‍ സമ്മാനം അമ്മയ്ക്കു കാഴ്ചവയ്ക്കാം.

വിചിന്തനം: "ദൈവമാതാവു സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിയാണ്. ഈ ഗോവണി വഴി ദൈവം ഇറങ്ങിവന്നതു മനുഷ്യര്‍ മറിയം വഴി സ്വര്‍ഗ്ഗത്തിലേക്കു കയറിപ്പോകാനാണ്" (വി. അംബ്രോസ്).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org