നിണമണിഞ്ഞ ചൂണ്ടുവിരല്‍…

നിണമണിഞ്ഞ ചൂണ്ടുവിരല്‍…

ജയ്‌മോന്‍ ദേവസ്യ, തലയോലപ്പറമ്പ്

ചെറിയ ശരീരത്തിന് ഒട്ടും യോജിക്കാതെ തോളില്‍ തൂക്കിയിരുന്ന മാറാപ്പ് ഒന്നു കൂടെ ശരിയാക്കി, കൂടപ്പിറപ്പു പോലെ കാലങ്ങളായി കൂടെയുള്ള കാലിലെ മുറിവിന്റെ വേദന മറക്കുന്നതിനായി കാലിനെ തന്നെ മറന്ന്, മുന്നിലുള്ള വലിയ പടിക്കെട്ടിനെ ഉയര്‍ന്നു നിന്നു നോക്കി…
വയറിന്റെ കാര്യമാണ്…
പെരുന്നാള്‍ സ്ഥലത്തിരുന്നാല്‍ കഞ്ഞി കുടിക്കാനുള്ള വകയെങ്കിലും കിട്ടും… കയറിയേ പറ്റൂ…
ഉന്നതിയിലിരിക്കുന്ന ദേ വാലയത്തിലേക്കുള്ള നടക്കല്ലുകള്‍ പതിയെ, പതിയെ കയറാന്‍ തുടങ്ങി…
ഏറ്റവും താഴെയുള്ള നടക്കല്ലിന്റെ ചാരെയുള്ള കുരിശടിയും കടന്ന് നിരപ്പുള്ള ചെറിയ സ്ഥലത്തെത്തിയപ്പോള്‍ കിതച്ചു. ഉയരെയുള്ള പള്ളിയില്‍ നിന്ന് ഉച്ചത്തില്‍ ഉയരുന്ന സ്‌തോത്ര ഗീതങ്ങള്‍ കേള്‍ക്കാം…
എല്ലാ ഗീതങ്ങളും യാചന രൂപത്തില്‍…
ഇമ്പമാര്‍ന്ന സ്വരത്തിലാണ്…
കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും കയറാന്‍ തുടങ്ങിയപ്പോള്‍ പിടലിയുടെ പുറകിലൊരു പിടുത്തം. കൂടെയൊരു ചോദ്യവും.
'എങ്ങോട്ടാ…?'
'വിശക്കുന്നുണ്ട്, യാചകനാ…!'
'യാചക നിരോധിത മേഖലയില്‍ പിച്ച എടുക്കുന്നോ…? ഇറങ്ങിപ്പോടാ…'
പളുപളെ തിളങ്ങുന്ന ഉടുപ്പില്‍ പപ്പടവട്ടത്തിലുള്ള ബാഡ്ജും കുത്തി കുടം കമഴ്ത്തിയ മാതിരി വയറുമുള്ള മാന്യന്റെ വര്‍ത്തമാനവും, തള്ളും ഒരുമിച്ചായിരുന്നു…
അതിന്റെ ശക്തിയില്‍ മൊത്തത്തില്‍ ഒന്ന് ഉലഞ്ഞ്… താഴേയ്ക്ക് പോകവെ കല്പടവിലെ ഭിത്തിയില്‍ തലയിടിച്ചതോടെ എവിടെയോ ഒരു പിടുത്തം കിട്ടി… പതിയെ എഴുന്നേറ്റു…
'ഇവറ്റകളെ വിശ്വസിക്കാന്‍ പറ്റില്ല… തക്കം കിട്ടിയാല്‍, കിട്ടുന്നതെല്ലാം പൊക്കും…' അരിശത്തോടയാള്‍ പറയുന്നുണ്ടായിരുന്നു.
തലയിടിച്ച സ്ഥലത്താകെ മരവിപ്പ്…
ഏന്തി ഏന്തിക്കയറിയ നടകള്‍ കാളുന്ന വയറോടെ, തിരിച്ചിറങ്ങുമ്പോള്‍, ഇടയന്റെ ചൂരുള്ള ചെറിയൊരു ചൂടുകാറ്റ് ആ ചെറിയ ശരീരത്തെ തഴുകി…
കര്‍ണ്ണത്തില്‍ പതിഞ്ഞ ചെറിയൊരു മന്ത്രണം അവന്‍ കേട്ടു…
'എപ്പഴേ ഞാനവിടെ നിന്നിറങ്ങിയതാ മകനേ…'
മുകളിലെ ദേവാലയത്തെ ചൂണ്ടിക്കൊണ്ട് പറഞ്ഞ ദൃഢമായ ആ കൈത്തലം, അയാളുടെ ചെറിയ കരത്തെ പിടിച്ചു…
എവിടെ നിന്നോ എങ്ങനെയോ അനുഭവപ്പെട്ട ശക്തിയില്‍ അയാള്‍ക്കൊപ്പം അവനാ നടക്കല്ലുകള്‍ അനായാസേന ഇറങ്ങി…
ഞൊണ്ടിക്കയറിയവന്‍ പ്രാരാബ്ധമില്ലാതെ ഇറങ്ങുന്നത് കണ്ടപ്പോഴുണ്ടായ ജനങ്ങളുടെ പരിഹാസച്ചിരി പുറകിലാകെ ഉച്ചത്തില്‍ മുഴങ്ങുന്നതയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു…
അവനെ പിടിച്ചിരുന്ന കൈത്തലത്തിന്റെ അനന്യമായ മൃദുലതയിലും ദൃഢമായ കൈപ്പത്തിയുടെ നടുവിലുള്ള വടു അവന്‍ തിരിച്ചറിഞ്ഞു…
അവന് ശബ്ദിക്കുവാന്‍ പറ്റിയില്ല…!
'നിനക്ക് വിശക്കുന്നുണ്ടോ…'
സ്‌നേഹം നിറഞ്ഞ ചോദ്യം…
മറുപടി പറയാഞ്ഞതിലാവാം… സ്വന്തം കൈത്തലത്തിലെ വടുവിലേക്ക് അവന്റെ ചൂണ്ടുവിരല്‍ മുട്ടിച്ചു…
അവിടെ നിന്ന് അപ്പോഴും കിനിയുന്ന രക്തത്തുള്ളികള്‍ അവന്റെ ചുണ്ടുവിരലിന്റെ അഗ്രത്തില്‍ പതിഞ്ഞു.
അങ്ങുയരെ ദേവാലയത്തില്‍ മുഴങ്ങുന്ന മണിനാദങ്ങള്‍ക്കിടെ സ്‌തോത്ര ഗീതം മാറി അവനാെരു വചനം കേട്ടു…
'ഇത് എന്റെ രക്തമാകുന്നു… ഇതില്‍ നിന്ന് നിങ്ങള്‍ വാങ്ങി കുടിക്കുവിന്‍…!'
ഭിത്തിയിലിടിച്ച തലയില്‍ പെരുപ്പ് കൂടി കൂടി വരുന്നു…
കണ്ണിലാകെ ഇരട്ടു കയറി… ഒന്നും കാണാനാകുന്നില്ല…
തൊട്ടരുകില്‍, എന്തോ തട്ടി വീണ ശബ്ദം… പിന്നെയെല്ലാം നിശബ്ദമായി…
ചെണ്ടയും, ബാന്റും തപ്പും തകിലുമായി വീഥിയിലൂടെ പ്രദക്ഷിണം വരുമ്പോഴേക്കും തോളത്തു തൂക്കിയിരുന്ന മാറാപ്പിലേക്ക് ചാഞ്ഞ് അനക്കമില്ലാതെ ചുരുണ്ടുകൂടി കിടക്കുന്ന ആ ചെറിയ ശരീരത്തെ അങ്ങകലെ, ഉയരങ്ങളില്‍ രാജകീയവേഷധാരിയുടെ കൂടെയിരുന്ന് ഒരുവന്‍ കാണുന്നുണ്ടായിരുന്നു…
അപ്പോഴേക്കും, പ്രദക്ഷിണ വീഥിക്കരികെ… ആരെയൊ ലക്ഷ്യം വച്ച്… രക്തം പതിഞ്ഞ മരവിച്ച ചൂണ്ടുവിരലും ഉയര്‍ത്തി… നാട്ടുകാര്‍ക്ക് ഒരു വാര്‍ത്ത പോലുമല്ലാതെ കിടന്നിരുന്ന ആ ചെറിയ ശരീരത്തിലേക്ക് മരണത്തിന്റെ തണുപ്പ് വല്ലാതങ്ങ് പടര്‍ന്നിരുന്നു…!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org