തീന്‍ മേശയിലെ നഷ്ടപ്പെടുന്ന പങ്കുവെക്കലുകള്‍

തീന്‍ മേശയിലെ നഷ്ടപ്പെടുന്ന  പങ്കുവെക്കലുകള്‍

ബ്രദര്‍ ജെയ്സണ്‍ സി.എസ്.ടി.

ഒരുപക്ഷെ ഒരു അത്താഴ മേശക്കുചുറ്റുമിരുന്നു പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന പ്രശ്നമേ ഉണ്ടായിരുന്നിരിക്കൂ ആ അപ്പനും മക്കളും തമ്മില്‍. അതിനു കൂട്ടാക്കാത്തതു കൊണ്ടായിരിക്കാം തന്‍റെ ഓഹരിയും വാങ്ങി ആ ഇളയമകന്‍ ഇറങ്ങിപ്പോയത്. അന്നുമുതല്‍ എല്ലാവരും അവനെ ധൂര്‍ത്തപുത്രനെന്നു വിളിച്ചു; ആ പിതാവൊഴികെ. പന്നിക്കൂട്ടില്‍ കിടന്നു തവിട് തിന്നാറായപ്പോളാണ് പണ്ട് നഷ്ടപ്പെടുത്തിയ ആ അത്താഴവും നാവിലെ രുചിയും അവന് ഓര്‍മ്മവന്നത്. അവിടെനിന്ന് അനുതാപത്തോടെ തിരിച്ചു വീട്ടിലെത്തിയപ്പോഴും സ്നേഹത്തോടെ വിരുന്നൊരുക്കി മകനെ ആ അപ്പന്‍ ചേര്‍ത്തുപിടിച്ചു. അവന്‍ നഷ്ടപ്പെടുത്തിയ തീന്‍മേശയില്‍ വെച്ചുതന്നെ പിതാവിന് അവനെ തിരിച്ചുകിട്ടി.

ഒരുപാട് പ്രശ്നങ്ങളുടെ പരിഹാരവേദിയാണ് തീന്‍മേശകള്‍. അവിടെ വലിപ്പച്ചെറുപ്പമില്ല. പങ്കുവെക്കലും അനുരഞ്ജനവും മാത്രം. പക്ഷെ ഇന്നത്തെ ലോകത്ത് ഒരുമിച്ചുള്ള അത്താഴങ്ങളും പങ്കുവെക്കലുകളും വിരളമല്ലേ? മാതാപിതാക്കളും മക്കളും കളിച്ചും തമാശകള്‍ പറഞ്ഞും അത്താഴം പങ്കുവെക്കുന്ന തീന്‍മേശകളാണ് ഇന്നിന്‍റെ ബലിവേദികള്‍. അവിടെ ബലിയര്‍പ്പിക്കുന്നത് അവരുടെ സ്നേഹവും സമയവും നേട്ടങ്ങളുമൊക്കെയാണ്. ആളൊഴിഞ്ഞ തീന്‍മേശകളാണ് ഇന്നത്തെ സാമൂഹിക പ്രശ്നങ്ങളുടെയും സമാധാനമില്ലായ്മയുടെയും പുതിയ പാഠങ്ങള്‍ പഠിപ്പിച്ചതും പാപങ്ങള്‍ ക്ഷമിക്കാന്‍ പഠിപ്പിച്ചതും അവിടെവച്ചുതന്നെ. വിളിച്ചിടത്തെല്ലാം ഉണ്ണാന്‍ പോയ് വിളമ്പിയതൊക്കെയും മടികൂടാതെ അവന്‍ കഴിച്ചു. തീന്‍മേശക്കുമുമ്പില്‍ വലിപ്പച്ചെറുപ്പമില്ല എന്നവന്‍ ഫരിസേയരെയും നിയമജ്ഞരെയും പഠിപ്പിച്ചു. ഹൃദയങ്ങളുടെ ഉരുകലും മനസ്സുകളുടെ പങ്കുവെക്കലും അവിടെവച്ചാണ്. ഒരിക്കല്‍ ഒരു തീന്‍ മേശയില്‍ അവന്‍ തന്നെത്തന്നെ പങ്കുവെച്ചപ്പോഴാണ് രക്ഷാകരകൂദാശ കൂദാശയുണ്ടായത്.

കൈമോശം വരുന്ന ഇന്നത്തെ സംസ്കാരത്തിലെ നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളെ തിരിച്ചുപിടിക്കാന്‍ തീന്‍മേശയിലെ പൊട്ടിച്ചിരികള്‍ക്കും പങ്കുവെക്കലുകള്‍ക്കും ഒരു പരിധിവരെ സാധിക്കും. അതിനാല്‍ മടികൂടാതെ തിരക്കുകള്‍ മാറ്റിവെച്ചു കുടുംബത്തോടൊപ്പം പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയാല്‍ നഷ്ടപ്പെട്ടു എന്ന് കരുതിത്തുടങ്ങിയ പലതും ഇനിയും നമുക്ക് തിരിച്ചുപിടിക്കാനാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org