ബുദ്ധിക്കാണ് ശമ്പളം…

ബുദ്ധിക്കാണ് ശമ്പളം…

സെബി ജയിംസ് പുത്തന്‍പുരയ്ക്കല്‍
തലയോലപ്പറമ്പ്

മാധവപുരത്തെ രാജാവായിരുന്നു രാജശേഖരന്‍. രാജാവിന് തന്‍റെ മന്ത്രിയായ മുത്തുലാലിനോട് നല്ല സ്നേഹവും, വിശ്വസവും ആയിരുന്നു.

രാജ്യത്തെ ബാധിക്കുന്ന ഏത് കാര്യമാണെങ്കിലും മന്ത്രിയുമായി ആലോചിച്ചു മാത്രമേ രാജാവ് തീരുമാനം എടുത്തിരുന്നുള്ളൂ. മന്ത്രിയായ മുത്തുലാലിനും രാജാവും രാജ്യവുമെന്നാല്‍ തന്‍റെ ജീവനെക്കാള്‍ അധികം സ്നേഹവുമാണ്.

എന്നാല്‍ ഇതൊന്നും ഇഷ്ടപ്പെടാത്ത ചിലര്‍ കൊട്ടാരജോലിക്കാരായുണ്ട്.

രാജാവിന്‍റെ അംഗരക്ഷകര്‍ക്കും കൊട്ടാരം സൈനികര്‍ക്കും മന്ത്രിയെ അപേക്ഷിച്ച് തങ്ങളുടെ ശമ്പളം വളരെക്കുറവാണെന്ന പരാതിയുമുണ്ട്.

മന്ത്രി മറ്റൊരു സ്ഥലത്തേയ്ക്ക് യാത്രപോയ ഒരു ദിവസം ഇവരുടെ പ്രതിനിധികള്‍ തങ്ങളുടെ പരാതികള്‍ പറയുവാന്‍ രാജാവിന്‍റെ അടുത്തെത്തി.

തങ്ങള്‍ ദിവസം മുഴുവന്‍ കഠിന ജോലികള്‍ ചെയ്ത്, ഉറക്കമിളച്ച് രാജ്യം കാക്കുമ്പോള്‍ മന്ത്രിക്ക് കാര്യമായ പണിയൊന്നുമില്ലാതെ രാജാവിനെ ഉപദേശിച്ച് സമയം കളയുന്നു, രാത്രികളില്‍ മന്ത്രി സുഖമായി ഉറങ്ങുമ്പോള്‍ തങ്ങള്‍ ഉണര്‍ന്നിരുന്ന് ജോലി നോക്കുകയാണ്, എന്നിട്ടും രാജാവിന് മന്ത്രിയെയാണ് കൂടുതല്‍ സ്നേഹവും വിശ്വാസവും. മന്ത്രിക്ക് രാജ്യത്തിന്‍റെ ചിലവില്‍ കുതിരവണ്ടിയും, കുതിരക്കാരനുമുണ്ട്. മറ്റ് ആനുകൂല്യം നല്‍കുന്ന കാര്യത്തിലും പ്രഥമസ്ഥാനം മന്ത്രിക്ക് തന്നെയാണ് രാജാവ് നല്‍കുന്നത്.

ഇതൊക്കെയായിരുന്നു ഇവരുടെ പരാതികള്‍.

രാജാവ് പരാതികള്‍ കേട്ടു കൊണ്ടിരിക്കെ പട്ടണാതിര്‍ത്തിയിലൂടെ വിദേശീയരുടെ വലിയൊരു വാണിഭസംഘം കടന്നു പോകുന്ന വാര്‍ത്തയുമായി ഒരു ദൂതന്‍ രാജസന്നിധിയിലെത്തി.

രാജാവ് ഉടന്‍ തന്നെ പരാതിയുമായി വന്ന പ്രതിനിധികളില്‍ ഒരാളെ ഈ കച്ചവടസംഘം എവിടെ നിന്നാണ് വരുന്നതെന്ന് അന്വഷിക്കുവാന്‍ കച്ചവടക്കാരുടെ അടുത്തേക്കയച്ചു.

അയാള്‍ കുറച്ചു സമയത്തിനു ശേഷം തിരികെ എത്തി, ദൂരെയുള്ള മംഗളരാജ്യത്തു നിന്നാണ് ഇവര്‍ വരുന്നതെന്ന് രാജാവിനോട് ഉണര്‍ത്തിച്ചു.

അപ്പോള്‍ രാജാവിന് ഇവര്‍ എങ്ങോട്ട് പോകുന്നതാണ് എന്നറിയണമെന്നു നിര്‍ബന്ധം..!

പ്രതിനിധികളില്‍ അടുത്ത ആളെ അതിനായി പറഞ്ഞയച്ചു.

രണ്ടാമത്തെ ആളും തിരിച്ചെത്തി 'അവര്‍ ചീന രാജ്യത്തേക്ക് പോകുന്നവരാണെന്ന്' ഉണര്‍ത്തിച്ചു.

രാജാവ് രണ്ടാമന്‍റെ ഉത്തരം കേട്ടു കഴിഞ്ഞപ്പോള്‍ അവരുടെ കൈവശം കച്ചവടത്തിനായി എന്ത് ചരക്കുകളാണ് ഉള്ളതെന്നറിയുവാന്‍ മൂന്നാമനെയും അവരുടെ അടുത്തേക്ക് അയച്ചു.

മൂന്നാമന്‍ വന്ന് ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോള്‍ 'ഇവര്‍ എത്ര കച്ചവടക്കാര്‍ ഉണ്ടെന്നറിയണമെന്ന' ആഗ്രഹമായി രാജാവിന്…

അതിനായി നാലാമനെ വിടുവാന്‍ രാജാവ് ഒരുങ്ങിയപ്പോള്‍ ഈ വിവരങ്ങള്‍ ഒന്നും അറിയാതെ മന്ത്രി തന്‍റെ യാത്ര കഴിഞ്ഞ് തിരികെ രാജസന്നിധിയിലെത്തിയിരുന്നു.

രാജാവ് മന്ത്രിയെ കണ്ടപ്പോള്‍ മന്ത്രിയുടെ നേരെ തിരിഞ്ഞ് വിദേശീയരുടെ ഒരു വാണിഭ സംഘം പട്ടണ അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നുണ്ടെന്നും, അവര്‍ എത്രകച്ചവടക്കാരാണ് ഉള്ളതെന്ന് അവരെ നേരില്‍ കണ്ട് അന്വേഷിച്ചു തിരിച്ചെത്തുവാന്‍ മന്ത്രിയോട് തന്നെ കല്‍പ്പിച്ചു.

മന്ത്രി പോയി കാര്യം അറിഞ്ഞ് തിരിച്ചു വന്നപ്പോള്‍ അവര്‍ എത്ര പേരുണ്ടെന്ന് രാജാവ് ചോദിച്ചു.

മന്ത്രി ഉത്തരമായി – 'എഴുപത്തിരണ്ട് കച്ചവടക്കാരുണ്ടെ'ന്ന മറുപടിയും പറഞ്ഞു.

രാജാവിന് അവര്‍ ഏതൊക്കെ വിധത്തിലാണ് ചരക്കുകള്‍ കൊണ്ടു പോകുന്നതെന്നറിയണമെന്നായി.

രാജാവ് അടുത്ത ആളെ അതറിയുവാന്‍ വിളിച്ചു.

അതു കണ്ട മന്ത്രി പറഞ്ഞു, 'പ്രഭോ ആളെ വിടേണ്ടതില്ല, അവര്‍ക്ക് നൂറ്റി തൊണ്ണൂറ് കഴുതകള്‍ ചുമടു ചുമക്കുവാനും എണ്‍പത് കഴുതകള്‍ പകരക്കാരാകുവാന്‍ കരുതലായും അവരുടെ കൂടെയുണ്ട്" എന്നു പറഞ്ഞു.

'അപ്പോള്‍ കച്ചവടക്കാരുടെ യാത്രയോ?' രാജാവ് ചോദിച്ചു.

'അവരില്‍ നാല്‍പത്തി അഞ്ചുപേര്‍ക്ക് കുതിരയും പന്ത്രണ്ട് പേര്‍ക്ക് കോവര്‍ കഴുതയും ബാക്കി പതിനാലു പേര്‍ക്ക് ഒട്ടകവും യാത്രക്കായി ഉണ്ട്. കൂടാതെ ഇരുപത്തി അഞ്ച് പശുക്കളും എരുമകളും വേറെയുണ്ട്. അവര്‍ മിക്കവരും പട്ടു തുണിക്കച്ചവടക്കാരാണ്. അവരുടെ കൈവശം പട്ടുതുണിയും, ഉപ്പു കല്ലുകളും, ചണവും, പരുത്തിയുമാണ് കൂടുതല്‍ കച്ചവടചരക്കുകളായി ഉള്ളതെന്നും അവര്‍ മംഗളദേശത്തു നിന്നും ചീനയിലേക്കാണ് യാത്രയെന്നും, ഇവര്‍ എഴുപത്തി അഞ്ചു പേരുടെ സംഘമാണ് യാത്ര തുടങ്ങിയതെങ്കിലും മൂന്നു പേര്‍ യാത്രയ്ക്കിടയില്‍ രോഗം വന്ന് മരിച്ചു പോയെന്നും അതിനാല്‍ ബാക്കിയുള്ള കച്ചവടക്കാരുടെ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി കൊട്ടാരംവൈദ്യനെ ഇവരുടെ അടുത്തേയ്ക്ക് പറഞ്ഞു വിട്ടിട്ടുമുണ്ട്' എന്നും മന്ത്രി മറുപടി പറഞ്ഞു.

രാജാവ് തിരിഞ്ഞ് പരാതിയുമായി വന്നവരെ നോക്കി. എന്നിട്ടു പറഞ്ഞു,

'നോക്കൂ… ഞാന്‍ ഒരു കാര്യം അന്വേഷിക്കുവാന്‍ വിട്ട മന്ത്രി അവരുടെ സകല കാര്യങ്ങളും അന്വഷിച്ച് അവര്‍ക്ക് ആവശ്യമുളള കാര്യങ്ങള്‍ നോക്കുവാന്‍ ബദല്‍ ഏര്‍പ്പാടുമുണ്ടാക്കി. നിങ്ങള്‍ പലര്‍ ചെയ്ത കാര്യങ്ങള്‍ ഇയാള്‍ ഒറ്റയ്ക്കു ചെയ്തു. ഇനി പറയൂ, നിങ്ങള്‍ക്ക് മന്ത്രിയുടെ ശമ്പളം ആവശ്യമാണോ..?

ശാരീരികാദ്ധ്വാനം മാത്രമല്ല അദ്ധ്വാനം. ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതു കൂടുതല്‍ അദ്ധ്വാനമാണ്. ഇത് നിങ്ങള്‍ക്ക് മനസ്സിലാകുന്നതിനാണ് ഇങ്ങനെ ചെയ്തത്. ഇനി പറയൂ. ആര്‍ക്കാണ് ശമ്പളക്കൂടുതല്‍ വേണ്ടത്?'

പ്രതിനിധികള്‍ക്ക് മറുപടിയില്ലാതെ തങ്ങളുടെ ആവശ്യങ്ങള്‍ പിന്‍വലിച്ച് തല കുമ്പിട്ട് രാജസന്നിധിയില്‍നിന്ന് പുറത്തിറങ്ങേണ്ടി വന്നു…!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org