സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കാമോ?

സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കാമോ?

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
സഭാപരമായ മൃതസംസ്ക്കാരം വിശ്വാസികള്‍ക്ക് ഏതെങ്കിലും കാരണത്താല്‍ നിഷേധിക്കുവാന്‍ സഭാനിയമത്തില്‍ വകുപ്പുണ്ടോ? ഉണ്ടെങ്കില്‍ എന്തെല്ലാം?

ഉത്തരം 
സഭാനിയമമനുസരിച്ച് എല്ലാ ക്രൈസ്തവവിശ്വാസികള്‍ക്കും ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്കുപോലും (catechumens) സഭാപരമായ മൃതസംസ്ക്കാരം നല്കേണ്ടതാണ്. ഇത് മരണമടഞ്ഞവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്കും. ഇതോടൊപ്പം പുനരുത്ഥാനത്തിലുള്ള വിശ്വാസവും പ്രതീക്ഷയുംകൂടി നല്കുന്നു. ഈ വിശ്വാസവും പ്രതീക്ഷയും പരസ്യമായി പ്രഖ്യാപിക്കാന്‍ ലഭിക്കുന്ന ഒരവസരം കൂടിയാണ് സഭാപരമായ മൃതസംസ്ക്കാരം. ആകയാല്‍ സഭാപരമായ സംസ്ക്കാര ശുശ്രൂഷകള്‍ സാധാരണഗതിയില്‍ വിശ്വാസികള്‍ക്ക് നിഷേധിക്കാന്‍ പാടില്ല എന്നതാണ് സഭാനിയമത്തിന്‍റെ ചൈതന്യം.

നിഷേധിക്കാവുന്ന സാഹചര്യങ്ങള്‍
എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ സഭാപരമായ മൃത സംസ്ക്കാരം വ്യക്തികള്‍ക്ക് നിഷേധിക്കുവാന്‍ സഭയ്ക്ക് കഴിയും. അവ താഴെ പറയുന്നവയാണ്:

1. മതത്യാഗികള്‍ (Notorious Apostates)
പരസ്യമായി മതം ഉപേക്ഷിക്കുന്നവരെയാണ് മതത്യാഗികള്‍ എന്നു പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ മതം ഉപേക്ഷിക്കുന്നത് വിശ്വാസം ഉപേക്ഷിക്കുന്നതിന് തുല്യമാണ്.

2. മതനിന്ദകര്‍ (Heretics)
ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന പ്രബോധനങ്ങളില്‍ ഒന്നോ അതിലധികമോ തള്ളിപ്പറയുന്നവരാണ് മതനിന്ദകര്‍.

3. മതഭിന്നത സൃഷ്ടിക്കുന്നവര്‍ (Schismatics)
സഭയുടെ ഐക്യത്തില്‍നിന്നും കൂട്ടായ്മയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടവരെയാണ് schismatics എന്ന് പറയുന്നത്.

4. ക്രിസ്തീയ വിശ്വാസത്തിനെതിരായ കാരണങ്ങളാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ വിട്ടുകൊടുക്കുന്നവര്‍.

5. ഗൗരവമായ പാപത്തില്‍ ഉള്‍പ്പെട്ട് ജീവിക്കുകയും സഭാപരമായ മൃതസംസ്ക്കാരം ദൈവജനത്തിന് ഉതപ്പിന് കാരണമാവുകയും ചെയ്യുന്ന പക്ഷം സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കാവുന്നതാണ്.

ലത്തീന്‍ നിയമസംഹിതയില്‍
1917-ലെ ലത്തീന്‍ നിയമ സംഹിതയിലെ 1240-ാം കാനോന പ്രകാരം മനഃപൂര്‍വ്വം ആത്മഹത്യ ചെയ്യുന്നവര്‍ക്ക് സഭാപരമായ മൃതസംസ്ക്കാര ശുശ്രൂഷ നല്‍കരുതെന്ന് നിഷ്ക്കര്‍ഷിച്ചിരുന്നു. അതു പോലെ ദ്വന്ദ്വയുദ്ധത്തില്‍ മരിക്കുന്നവര്‍ക്കും, മരണശേഷം മൃതദേഹം ദഹിപ്പിക്കാന്‍ വിട്ടുകൊടുക്കുന്നവര്‍ക്കും സഭാപരമായ മൃതസംസ്ക്കാരം നല്കുന്നത് വിലക്കിയിരുന്നു (CIC-1917, c.1240/1,1). എന്നാല്‍, പരിഷ്ക്കരിച്ച 1983-ലെ ലത്തീന്‍ നിയമസംഹിതയിലെ 1184-ാം കാനോനയനുസരിച്ച്, മരണത്തിനുമുമ്പ് പശ്ചാത്താപത്തിന്‍റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കാത്ത പക്ഷം നേരത്തെ പ്രസ്താവിച്ച അഞ്ച് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സഭാപരമായ മൃതസംസ്ക്കാര ശുശ്രൂഷ നിഷേധിക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു.

1. മരണത്തിനുമുമ്പ് പശ്ചാത്തപിച്ചാല്‍
എന്നാല്‍, മേല്പറഞ്ഞ സാഹചര്യങ്ങളിലും മരണത്തിനുമുമ്പ് മാനസാന്തരത്തിന്‍റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കുവാന്‍ പാടില്ല. വൈദികനെ വിളിച്ചുവരുത്തുക, വരപ്രസാദാവസ്ഥയില്‍ മരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുക, ദൈവത്തെ ദ്രോഹിച്ചതിലുള്ള പശ്ചാത്താപം പ്രകടിപ്പിക്കുക തുടങ്ങിയവയെല്ലാം അയാളുടെ അനുതാപത്തിന്‍റെ വ്യക്തമായ സൂചനകളായി കണക്കാക്കാവുന്നതാണ്.

പൗരസ്ത്യനിയമ സംഹിതയില്‍
ലത്തീന്‍ നിയമ സംഹിതയിലെ വ്യവസ്ഥകളില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ പൗരസ്ത്യ നിയമ സംഹിതയിലെ കാനോനകളില്‍ ഇല്ലെങ്കിലും താഴെപ്പറയുന്ന നിസ്സാരമായ ചില മാറ്റങ്ങള്‍ കാണാവുന്നതാണ്:

1. ലത്തീന്‍ നിയമത്തില്‍ ക്രിസ്തീയ വിശ്വാസത്തിനെതിരായ കാരണങ്ങളാല്‍ (Anti-christian motives) മൃതശരീരം ദഹിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് സഭാപരമായ മൃതസംസ്ക്കാരം നല്കരുതെന്ന് പറയുമ്പോള്‍ (CIC.c.1184/1,2) പൗരസ്ത്യനിയമ സംഹിത ക്രിസ്തീയ ജീവിതത്തിന് വിരുദ്ധമായ കാരണങ്ങളാല്‍ (Contrary to the Conduct of Christian life) മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് സഭാപരമായ മൃതസംസ്ക്കാരം നല്കരുതെന്ന് അനുശാസിക്കുന്നു (CCEO.c. 876/3).

2. ലത്തീന്‍ നിയമസംഹിതയില്‍ മൃതസംസ്ക്കാരം നിഷേധിക്കുന്നവരെപ്പറ്റി പല വേര്‍തിരിവുകള്‍ വരുത്തിയപ്പോള്‍ (Apostate, Heretic, Schismatic, Manifest sin-ners etc.)  പൗരസ്ത്യ നിയമസംഹിത പരസ്യപാപികള്‍ക്ക് സഭാപരമായ മൃതസംസ്ക്കാരം നല്കരുതെന്ന് പൊതുവേ പറയുക മാത്രമേ ചെയ്തിട്ടുള്ളൂ.

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാരം
1917-ലെ ലത്തീന്‍ നിയമസംഹിതയില്‍ നിന്ന് പരിഷ്ക്കരിച്ച നിയമസംഹിതകള്‍ (CIC and CCEO) സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കുന്ന കാര്യത്തില്‍ വരുത്തിയ മാറ്റം ശ്രദ്ധേയമാണ്. 1917-ലെ ലത്തീന്‍ നിയമമനുസരിച്ച്, മനഃ പൂര്‍വ്വം ആത്മഹത്യ ചെയ്യുന്നവര്‍ക്ക് സഭാപരമായ മൃതസംസ്ക്കാരം നല്കരുതെന്ന് നിഷ്ക്കര്‍ഷിച്ചപ്പോള്‍ പരിഷ്ക്കരിച്ച നിയമസംഹിതകളില്‍ അതു സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തി. കാരണം, ഒരു വ്യക്തിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കാരണങ്ങളും സാഹചര്യങ്ങളും അപ്പോഴത്തെ അയാളുടെ മാനസികാവസ്ഥയും മറ്റും പരിഗണിച്ച് ആത്മഹത്യ ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം സഭാപരമായ മൃതസംസ്ക്കാരം നല്കുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നതുവഴി ഒരാള്‍ ജീവന്‍ സ്വയം ഇല്ലായ്മ ചെയ്യുകയാണെങ്കിലും അയാളുടെ അപ്പോഴത്തെ തീവ്രമായ വിഷാദം, കടുത്ത മാനസിക അസ്വസ്ഥത, അസ്സഹനീയമായ വേദന തുടങ്ങിയ കാരണങ്ങളാലാകാം അയാള്‍ ആത്മഹത്യ ചെയ്തതെന്ന നിഗമനമാണ് സഭാപരമായ മൃതസംസ്ക്കാരം നല്കാന്‍ സഭയെ പ്രേരിപ്പിക്കുന്നത്.

മൃതസംസ്ക്കാരം നിഷേധിക്കാനുള്ള കാരണങ്ങള്‍ തെളിയിച്ചിരിക്കണം
ക്രിസ്തുമതം ഉപേക്ഷിച്ച് മറ്റു മതം സ്വീകരിച്ചവര്‍ക്കും ക്രിസ്തു മതത്തിന്‍റെ അടിസ്ഥാന പ്രബോധനങ്ങളെ തള്ളിപ്പറയുകയോ നിഷേധിക്കുകയോ ചെയ്യുന്നവര്‍ക്കും സഭാധികാരത്തേയും സഭാപ്രബോധനത്തേയും വെല്ലുവിളിച്ച് സഭാ കൂട്ടായ്മയില്‍ നിന്നും ഐക്യത്തില്‍നിന്നും വേര്‍പെട്ടു പോയവര്‍ക്കും സഭാനിയമമനുസരിച്ച് സഭാപരമായ മൃതസംസ്ക്കാര ശുശ്രൂഷ നല്കാന്‍ പാടുള്ളതല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. എന്നാല്‍, മരണത്തിന് മുമ്പ് തന്നെ ഇക്കൂട്ടര്‍ മതനിന്ദകരും മത ത്യാഗികളും ശീശ്മയില്‍ ഉള്‍പ്പെട്ടവരും പരസ്യപാപികളും ആണെന്ന് നിയമാനുസൃതം തെളിയിക്കപ്പെട്ടിരിക്കണം. പെന്തക്കുസ്താ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്നും അവരുടെ കൂടെ പ്രാര്‍ത്ഥനയ്ക്ക് പോകാറുണ്ടെന്നും, മാതാവിന്‍റെ രൂപം വീട്ടില്‍ വച്ചിട്ടില്ലെന്നും മറ്റും പറഞ്ഞ് മരണശേഷം ആര്‍ക്കെങ്കിലും സഭാപരമായ മൃതസംസ്ക്കാരശുശ്രൂഷ നിഷേധിക്കുന്നത് സഭാനിയമത്തിന്‍റെ അന്തഃസത്തയ്ക്ക് ചേര്‍ന്നതല്ല.

വ്യക്തമായ തെളിവുകള്‍ ഇല്ലാതെ സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കുന്നതുവഴി അടുത്ത കാലത്ത് കേരളത്തില്‍ അനാവശ്യമായ സിവില്‍ വ്യവഹാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭീമമായ തുക ഈ കേസ്സുകളില്‍ നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കുന്നതിന് സഭാനിയമത്തില്‍ ന്യായീകരണങ്ങള്‍ കണ്ടെത്തിയാലും സഭയ്ക്ക് ഏല്ക്കുന്ന മുറിപ്പാടായിട്ടാണ് ഈ സംഭവങ്ങള്‍ പരിണമിക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്.

സഭയുടെ അവകാശം ചോദ്യം ചെയ്യപ്പെടാനാവില്ല.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും, വ്യക്തികള്‍ അനുതാപത്തിന്‍റെ യാതൊരു ലക്ഷണങ്ങളും കാണിക്കാത്ത സാഹചര്യത്തിലും നിയമാനുസൃതം അവര്‍ സഭാപരമായ മൃതസംസ്ക്കാരം അര്‍ഹിക്കുന്നില്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കാനുള്ള സഭയുടെ അവകാശം ചോദ്യം ചെയ്യപ്പെടാനാവില്ല. കൂദാശകള്‍ സ്വീകരിക്കാന്‍ എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ കൂദാശാ സ്വീകരണത്തിന് ആവശ്യമായ ഒരുക്കമില്ലാത്തവര്‍ക്കും സഭാനിയമപ്രകാരം കൂദാശകള്‍ മുടക്കിയിട്ടുള്ളവര്‍ക്കും അതിന് അവകാശമില്ല (CCEO.c. 3812; CIC.c. 843/1). ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവര്‍ക്കാണല്ലോ അവകാശങ്ങളും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലും സഭാപരമായ മൃതസംസ്ക്കാരം ഒരു ക്രിസ്ത്യാനിയുടെ സിവില്‍ അവകാശമാണെന്ന തരത്തിലുള്ള കോടതി വിധികള്‍ സഭാ നിയമത്തിന്മേലുള്ള കടന്നുകയറ്റമാണ്. മരിച്ച ആര്‍ക്കും മാന്യമായ ശവസംസ്ക്കാരം ലഭിക്കുന്നതിനുള്ള അവകാശമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സഭയുടെ സെമിത്തേരിയില്‍ അടക്കം ചെയ്യപ്പെടുന്നതിന് സഭാനിയമം പാലിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കത്തിനവകാശമില്ല.

നിയമങ്ങള്‍ക്ക് വ്യക്തത വേണം
സഭാപരമായ മൃതസംസ്ക്കാരത്തിന് സഭാനിയമങ്ങള്‍ അനുസരിച്ചേ മതിയാവൂ. എന്നാല്‍ ഈ നിയമങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റവും, വ്യക്തതയും ഉണ്ടാകേണ്ടതാണെന്ന് തോന്നുന്നു. സഭാപരമായ മൃതസംസ്ക്കാരത്തിന് അര്‍ഹതയില്ലാത്തവര്‍ ആരാണെന്നറിയാന്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അഭാവം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കാണാം. പരസ്യപാപികള്‍ ആരാണ്? കൂദാശകള്‍ സ്വീകരിക്കാതെ സഭാക്കൂട്ടായ്മയില്‍ നിന്ന് വേര്‍പെട്ട് നില്ക്കുന്നവര്‍ക്ക് സഭാപരമായ മൃതസംസ്ക്കാരം നല്‍കാമോ? പരസ്ത്രീയോടൊപ്പം ജീവിക്കുന്നവരും സഭ അംഗീകരിക്കാത്ത വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നവരും പരസ്യപാപികളാണോ? സഭാപരമായ മൃതസംസ്ക്കാരം നിഷേധിക്കുകയെന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കേണ്ടത്? ഈ നിഷേധത്തിന്‍റെ വ്യാപ്തി എത്രമാത്രം? സഭാപരമായ മൃതസംസ്ക്കാരം വേണ്ട എന്നു പറഞ്ഞ് മരിക്കുന്ന വ്യക്തിക്ക് അവരുടെ ബന്ധുക്കള്‍ സഭാപരമായ മൃതസംസ്ക്കാരം നല്കണമെന്ന് നിര്‍ബന്ധിച്ചാല്‍ എന്ത് നിലപാടെടുക്കണം?

ഇത്തരം കാര്യങ്ങള്‍ക്ക് സഭാനിയമത്തില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ട്. ഓരോ സഭയുടേയും പ്രത്യേക നിയമത്തില്‍ ഈ വ്യക്തത കൈവരുത്താന്‍ കഴിയണം. ഇതിന് സഹായകമായ നിയമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള അവ്യക്തതയാണ് ചിലപ്പോഴെങ്കിലും അജപാലകര്‍ വിശ്വാസികള്‍ക്ക് സഭാപരമായ ശവസംസ്ക്കാര ശുശ്രൂഷകള്‍ നിഷേധിക്കുവാനും പിന്നീട് സിവില്‍ വ്യവഹാരങ്ങളില്‍ ഉള്‍പ്പെടുവാനും നഷ്ടപരിഹാരവും മറ്റും കൊടുക്കുവാനും ഇടയാക്കുന്നത്.

സീറോ-മലബാര്‍ സഭയുടെ സിനഡിന്‍റെ തീരുമാനപ്രകാരം സഭാപരമായ മൃതസംസ്ക്കാര ശുശ്രൂഷയെ പലതായി തിരിച്ചിട്ടുണ്ട്. ആഘോഷമായ മൃതസംസ്ക്കാര ശുശ്രൂഷ നിഷേധിക്കുന്ന സാഹചര്യത്തില്‍ ലളിതമായ മൃതസംസ്ക്കാര ശുശ്രൂഷ (simple burial) നല്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലളിതമായ ശവസംസ്ക്കാരശുശ്രൂ ഷയില്‍ പ്രസംഗമോ വി. കുര്‍ബാനയോ അതോടനുബന്ധിച്ച് പാടില്ല. കൂടാതെ മൈക്കും ഉപയോഗിക്കാന്‍ പാടുള്ളതല്ല. കുരിശും രണ്ട് മുത്തുക്കുടകളും മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാവൂ. ഒരു വൈദികന്‍ മാത്രമേ ഇത്തരം ശവസംസ്ക്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനും പാടുള്ളൂ.

മനുഷ്യര്‍ക്ക് ഉതപ്പ് നല്കുന്ന വിധത്തില്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്ക് (Scandalous cases of suicide) മേല്പറഞ്ഞ ലളിതമായ ശവസംസ്ക്കാര ശുശ്രൂഷയും പാടില്ലെന്നാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃതദേഹം പള്ളിയില്‍ കയറ്റാനും പാടില്ല. എന്നാല്‍ മൃതദേഹം സംസ്ക്കരിക്കാനുള്ള കുഴി (grave) നേരത്തെ വെഞ്ചെരിച്ചു കൊടുക്കാവുന്നതാണ് (XI Synod (2003) Decision no. 10).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org