കശുമാങ്ങയും കശുവണ്ടിപ്പരിപ്പും

കശുമാങ്ങയും കശുവണ്ടിപ്പരിപ്പും

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

ഔഷധഗുണവും പോഷകഗുണങ്ങളും അടങ്ങിയതാണു കശുമാങ്ങ. 100 ഗ്രാം കശുമാങ്ങയില്‍ 86.3 ഗ്രാം ഈര്‍പ്പം, 0.2 ഗ്രാം മാംസ്യം, 0.1 ഗ്രാം കൊഴുപ്പ്, 12.6 ഗ്രാം അന്നജം, 0.2 ഗ്രാം കാത്സ്യം, 0.4 ഗ്രാം ഇരുമ്പ്, 234-371 മി. ഗ്രാം വിറ്റാമിന്‍ 'സി' എന്നിവ അടങ്ങിയിരിക്കുന്നു. നന്നായി പഴുത്തു വീഴുന്ന കശുമാങ്ങ വൃത്തിയാക്കി കഴുകിയെടുത്തു വിവിധ കശുമാങ്ങാ വിഭവങ്ങള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്.

ജ്യൂസ്, സിറപ്പ്, ജാം, ക്യാന്‍ഡി, അച്ചാര്‍, കശുമാങ്ങ ചട്നി, കശുമാങ്ങാ വിനാഗിരി, മദ്യം തുടങ്ങിയ ഒട്ടനവധി വിഭവങ്ങള്‍ ഉണ്ടാക്കുവാന്‍ വളരെ നല്ലതാണ് ഇവ. അവശേഷിക്കുന്ന അവശിഷ്ടഭാഗങ്ങള്‍ ജൈവവളമായും കൃഷിയിടത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയും.

കശുവണ്ടിപ്പരിപ്പിന്‍റെ പ്രധാന ഉപയോഗം അവ വറുത്ത് ഉപ്പോ എരിവോ ചേര്‍ത്തു സല്‍ക്കാരങ്ങളില്‍ നല്കുന്നതു വഴിയാണ്. മുഴുവന്‍ പരിപ്പുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. പഞ്ചസാര, തേന്‍, മസാല എന്നിവ ചേര്‍ത്ത പരിപ്പുകളും ഉപയോഗിക്കുന്നുണ്ട്. പൊട്ടിയ പരിപ്പുകള്‍ ബിസ്കറ്റ്, കേക്ക്, പായസം തുടങ്ങി നിരവധി ഉത്പന്നങ്ങളിലും ഉപയോഗിക്കുന്നു. ഇവയ്ക്കു നിരവധി ഗുണങ്ങളുമുണ്ട്.

മാംസ്യം, ഹൃദയത്തിനു ദോഷമുണ്ടാക്കാത്ത അപൂരിത കൊഴുപ്പുകള്‍, അന്നജം, ജീവകങ്ങള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ എന്നിവയുടെ അപൂര്‍വ ചേരുവയാണ് വണ്ടര്‍നട്ട് എന്നറിയപ്പെടുന്ന കശുവണ്ടിപ്പരിപ്പ്.

കശുവണ്ടി മഴക്കാലത്ത് അടുപ്പിലെ കനലില്‍ ഇട്ട് ചുട്ടു പൊട്ടിച്ചെടുത്ത് പരിപ്പു ഭക്ഷിക്കുവാന്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേക സ്വാദാണ് ഇവയ്ക്കുള്ളത്. മുളപ്പിച്ച കശുവണ്ടി പച്ചയ്ക്കു ഭക്ഷിക്കുവാനും തോരന്‍ കറി വയ്ക്കുവാനും നല്ലതാണ്. പഴയകാലങ്ങളില്‍ വീട്ടമ്മമാര്‍ പ്രത്യേക രീതിയില്‍ കശുവണ്ടിക്കറി വയ്ക്കുമായിരുന്നു.

കശുവണ്ടിപ്പരിപ്പില്‍ മാംസ്യം, കൊഴുപ്പ്, അന്നജം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാല്‍സ്യം, കോപ്പര്‍, സിങ്ക്, ഊര്‍ജ്ജം എന്നിവയും വിറ്റാമിന്‍ എ, ബി, ബി-2, ബി-6, ഡി, ഇ എന്നിവയും വിവിധ അളവില്‍ അടങ്ങിയിരിക്കുന്നു.

ഔഷധാവശ്യങ്ങള്‍ക്കും കശുമാവിന്‍റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചു വരുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ കശുമാങ്ങയുടെയും കശുവണ്ടിപരിപ്പിന്‍റെയും മഹിമകള്‍ നാം മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org