Latest News
|^| Home -> Suppliments -> ULife -> സെറാമിക് എഞ്ചിനീയറിംഗ്

സെറാമിക് എഞ്ചിനീയറിംഗ്

Sathyadeepam

യുവര്‍ കരിയര്‍

എം. ഷൈറജ്

എഞ്ചിനീയറിംഗ് എന്നു കേട്ടാല്‍ കൈവിരലിലെണ്ണാവുന്ന ശാഖകളെക്കുറിച്ചേ നാമൊക്കെ ചിന്തിക്കാറുള്ളൂ. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് തുടങ്ങിയ ജനപ്രിയ വിഷയങ്ങളില്‍ പ്രവേശനം നേടാനാണു ബഹു ഭൂരിപക്ഷത്തിനും താല്പര്യം. എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ നവീനമായ നിരവധി എഞ്ചിനീയറിംഗ് ശാഖകളില്‍ പഠനാവസരങ്ങള്‍ ഇന്നുണ്ട്. ഇവയില്‍ പലതും ഉയര്‍ന്ന തൊഴില്‍ സാധ്യതകളുള്ളവയുമാണ്.

സെറാമിക് ടെക്നോളജി
പരിമിതമായ പഠനാവസരങ്ങളും വലിയ തോതില്‍ തൊഴിലവസരങ്ങളുമാണ് സെറാമിക് ടെക്നോളജി എന്ന എഞ്ചിനീയറിംഗ് ശാഖയുടെ പ്രത്യേകത.

സെറാമിക് പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണം, രൂപകല്‍പ്പന, ഉപയോഗം എന്നിവയിലുള്ള പഠനമാണ് സെറാമിക് എഞ്ചിനീയറിംഗ്.

സെറാമിക്കിന്‍റെ ഉപയോഗത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കളിമണ്‍ പാത്രങ്ങളാവും മിക്കവരുടെയും മനസ്സില്‍ വരിക. എന്നാല്‍ സെറാമിക് ഗൃഹോപകരണങ്ങള്‍ മുതല്‍ സെമികണ്ടക്ടര്‍ ടെക്നോളജി വരെയുള്ള വിപുലമായ മേഖലകളില്‍ സെറാമിക്കിന്‍റെ ഉപയോഗമുണ്ട്. സെറാമിക്കിനെ മറ്റു പദാര്‍ത്ഥങ്ങളുമായി സംയോജിപ്പിച്ചുണ്ടാക്കുന്ന കോമ്പസിറ്റുകള്‍ക്കാണ് ഇത്തരത്തിലുള്ള ഉപയോഗം ഏറ്റവും കൂടുതലായുള്ളത്. ഗ്ലാസ്സ് -സെറാമിക് കോമ്പസിറ്റ് ഒരു ഉദാഹരണമാണ്.
സെറാമിക് വളരെയേറെ കാഠിന്യമുള്ള പദാര്‍ത്ഥമാണ്. അതു കൊണ്ട് സെറാമിക് ഉല്‍പ്പന്നങ്ങള്‍ക്ക് രൂപ വ്യതിയാനം വരാനുള്ള സാധ്യതകള്‍ കുറയുന്നു. ഉയര്‍ന്ന താപത്തെയും തേയ്മാനസാധ്യതയെയും സെറാമിക്കിനു ചെറുക്കുവാനാകും. ഈ ഗുണഗണങ്ങളാണ് സെറാമിക്കിനെ ഏറെ പ്രിയപ്പെട്ട നിര്‍മ്മാണവസ്തുവാക്കുന്നത്. അലുമിന, സിലിക്കോണ്‍, നൈട്രേറ്റ്, സിലിക്കോണ്‍ കാര്‍ബൈഡ്, സിര്‍ക്കോണിയ, സാഫൈര്‍ എന്നിവയൊക്കെ സെറാമിക്കിന്‍റെ രൂപഭേദങ്ങളാണ്.
ഓപ്റ്റിക്കല്‍ ഫൈബറുകള്‍, ഓപ്റ്റിക്കല്‍ സ്വിച്ചുകള്‍, ബഹിരാകാശ വാഹനങ്ങള്‍, ഇന്ധനസെല്ലുകള്‍, മിസ്സൈലുകള്‍, സൂപ്പര്‍ കണ്ടക്ടറുകള്‍, മൈക്രോ ഇലക്ട്രോണിക് പാക്കേജിംഗ്, പല്ലിന്‍റെയും അസ്ഥിയുടെയും ഇംപ്ലാന്‍റുകള്‍, കപ്പാസിറ്ററുകള്‍, റിഫ്രാക്ടറികള്‍ തുടങ്ങി സെറാമിക്കിന്‍റെ ഉപയോഗമുള്ള മേഖലകള്‍ നിരവധിയാണ്.

തൊഴിലവസരങ്ങള്‍
ഇന്ത്യയിലെ വമ്പന്‍ വ്യവസായ മേഖലകളിലൊന്നാണ് സെറാമിക്. പതിനായിരക്കണക്കിനു കോടി രൂപയുടെ വ്യവസായമാണിത്. സെറാമിക് ടൈല്‍ മേഖലയുടെ പ്രതിവര്‍ഷ വിറ്റുവരവു മാത്രം 20,000 കോടി രൂപയാണ്. അതിനാല്‍ ഈ രംഗത്തെ തൊഴില്‍ സാധ്യതകള്‍ വളരെക്കൂടുതലാണ്.

എഞ്ചിനീയറിംഗ് കമ്പോണന്‍റ്സ് യൂണിറ്റുകള്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍, സെറാമിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ കമ്പനികള്‍, ഇലക്ട്രോണിക് കമ്പോണന്‍റുകളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊക്കെ തൊഴിലവസരങ്ങള്‍ ലഭിക്കാവുന്നതാണ്.

എന്തു പഠിക്കണം?
~ഒരു എഞ്ചിനീയറിംഗ് പഠന ശാഖയായതിനാല്‍ ഡിപ്ലോമ, ഡിഗ്രി, ബിരുദാനന്തരബിരുദം, ഗവേഷണം എന്നിവയ്ക്കെല്ലാം സെറാമിക് മേഖലയിലും അവസരങ്ങളുണ്ട്. പഠനസ്ഥാപനങ്ങളുടെ എണ്ണം പരിമിതമാണെന്നു മാത്രം.

സെറാമിക് ഫാക്ടറികളില്‍ ടെക്നീഷ്യന്‍ തലത്തിലുള്ള തൊഴില്‍ ലക്ഷ്യമിടുന്നവര്‍ ഡിപ്ലോമ പഠനം നടത്തിയാല്‍ മതിയാവും. ബിരുദപഠനം പൂര്‍ത്തിയാക്കിയാല്‍ ഈ മേഖലയിലെ ഏതു തൊഴിലി നുമുള്ള യോഗ്യതയാവും. ഗവേഷണം, അധ്യാപനം എന്നിവ ആഗ്രഹിക്കുന്നവര്‍ ബിരുദാനന്തര ബിരുദപഠനവും ഗവേഷണ ബിരുദ പഠനവും നടത്തണം. ഇവ കൂടാതെ, സെറാമിക് ഡിസൈനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ പര്യാപ്തമാക്കുന്ന ബിരുദതല കോഴ്സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഉണ്ട്.

ഡിപ്ലോമ പഠനം
ആന്ധ്രാപ്രദേശിലെ ഗുഡൂരിലുള്ള ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മൂന്നരവര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. 60 സീറ്റുകളുണ്ട്. പോളിസെറ്റ് എന്ന പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷന്‍.

ബാംഗ്ലൂരിലെ ജയചാമരാജേന്ദ്ര ഗവണ്‍മെന്‍റ് പോളിടെക്നിക്കിലും കര്‍ണ്ണാടകയിലെ തന്നെ മുരുദേശ്വറിലുള്ള റൂറല്‍ പോളിടെക്നിക്കിലും ഡിപ്ലോമ കോഴ്സുണ്ട്. ന്യൂഡല്‍ഹിയിലെ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹ്രസ്വകാല പരിശീലനം നടത്തുന്നുണ്ട്. ബറോഡയിലെ എം.എസ്. യൂണിവേ ഴ്സിറ്റിയുടെ ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റിയിലും ഡിപ്ലോമ പഠനം നടത്താം.

ബിരുദപഠനം
പശ്ചിമബംഗാള്‍ ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥതയില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് സെറാമിക് ടെക്നോളജി ഇന്ത്യയിലെ ആദ്യകാല സെറാമിക് പഠനസ്ഥാപനമാണ്. സെറാമിക് എഞ്ചിനീയറിംഗില്‍ ബി.ടെക് പഠനത്തിനായുള്ള പ്രമുഖ സ്ഥാപനങ്ങളിലൊന്നാണിത്.
ചെന്നൈയിലെ അന്നാ യൂണിവേഴ്സിറ്റി, ബിക്കാനിറിലുള്ള കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, ആന്ധ്ര യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജ് ഓഫ് എഞ്ചിനീയറിംഗ്, കോട്ടയിലെ രാജസ്ഥാന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഐ.ഐ.ടി., ഗുല്‍ബര്‍ഗയിലെ പി.ഡി.എ. എഞ്ചിനീയറിംഗ് കോളജ്, ഹൈദരാബാദിലെ ഓസ്മാനിയ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടെക്നോളജി. ബീഹാറിലെ മുസഫര്‍പൂര്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്‍ക്കത്ത യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ സെറാമിക് പഠനം നടത്താം.

കാണ്‍പൂരിലെയും ഘരക്പൂരിലെയും ഐ.ഐ.ടി.കളും റൂര്‍ക്കലയിലെ എന്‍.ഐ.ടി.യും സെറാമിക് ബി.ടെക്കിനുള്ള പ്രമുഖ സ്ഥാപനങ്ങളില്‍പ്പെടും.
സെറാമിക് എഞ്ചിനീയറിംഗ് പഠനത്തിനുള്ള അടിസ്ഥാന യോഗ്യത ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളോടെയുള്ള പ്ലസ്ടു ആണ്. ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. യിലൂടെയും അതാതു സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീ ക്ഷകളിലൂടെയുമാണ് അഡ്മിഷന്‍.

ബിരുദാനന്തരബിരുദവും ഗവേഷണവും
സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെ റാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഏറ്റവും പ്രമുഖമായ ഗവേഷണ സ്ഥാപനം. ബിരുദപഠനത്തിനായി മേല്‍പ്പറഞ്ഞ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ പഠനാവസരവുമുണ്ട്.

സെറാമിക് പഠനത്തിന് കേരളത്തില്‍ പഠനകേന്ദ്രങ്ങളില്ലെങ്കിലും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഈ ശാഖയെ അവഗണിക്കരുത്. ശോഭനമായ തൊഴിലവസരങ്ങളാണ് ഈ മേഖലയിലുള്ളത്.

വെബ്സൈറ്റുകള്‍
www.cgcri.res.in, www.iitgp.ac.in, www.iitbhu.ac.in, www.iitk.ac.in, www.gcect.ac.in, www.apprlycet.nic.in, www.admissions.nid.edu

Leave a Comment

*
*