നമ്മുടെ സ്വന്തം ചാമ്പ

നമ്മുടെ സ്വന്തം ചാമ്പ

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

കേരളത്തിലെ വീട്ടുവളപ്പില്‍ വളരെ പണ്ടുകാലം മുതലേ നട്ടുവളര്‍ത്തി വരുന്ന ഒരു അലങ്കാര ഫലവൃക്ഷമാണു ചാമ്പ. ഇതിലുണ്ടാകുന്ന ചാമ്പയ്ക്ക കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചാമ്പയ്ക്ക ഔഷധഗുണവും ഉള്ളതാണ്. ചാമ്പയ്ക്ക ഒന്ന് ഉപ്പുംകൂട്ടി കഴിക്കാത്തവര്‍ നന്നേ ചുരുക്കമായിരിക്കും.

മൂപ്പെത്തുന്നതിനുമുമ്പു വെളുത്ത നിറവും മൂപ്പെത്തിയാല്‍ ഇളം റോസ് നിറവുമാകുന്ന ചാമ്പയ്ക്ക നന്നായി പഴുക്കുമ്പോള്‍ കടുംചുവപ്പു നിറമാകുന്നു. ഇവ നേര്‍ത്ത പുളിരസവും മധുരവുമുള്ളതിനാല്‍ ഇന്നു കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചാമ്പയില്‍ വ്യത്യസ്ത ഇനങ്ങളും ഉണ്ട്. നിറയെ കായ്ച്ചുനില്ക്കുന്ന ചാമ്പമരം ആരെയും ആകര്‍ഷിക്കും. ഇതു വീട്ടുമുറ്റങ്ങള്‍ക്കു മനോഹാരിതയും നല്കുന്നു.

ചാമ്പയ്ക്ക ഔഷധഗുണമുള്ളതാണ്. ഇതു കഴിക്കുന്നതുമൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവും കുറയുമെന്നു കണ്ടിട്ടുണ്ട്. അതിനാല്‍ പ്രമേഹരോഗമുള്ളവര്‍ക്കു പറ്റിയ ഫലമെന്ന നിലയില്‍ ഇത് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ അമിതമായി ഇതു കഴിക്കുന്നതും അത്ര നന്നല്ല.

നേരിയ മധുരവും പുളിയുമുള്ള ചാമ്പയ്ക്ക സംസ്കരണത്തിനു വളരെ അനുയോജ്യമാണ്. ജാം, സ്ക്വാഷ്, പാനീയങ്ങള്‍, വീഞ്ഞ്, അച്ചാര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ചാമ്പയ്ക്കകൊണ്ടു തയ്യാറാക്കാം. ചാമ്പയ്ക്ക തോരന്‍വച്ചും ഉപയോഗിക്കാവുന്നതാണ്. വിഷമേല്ക്കാത്ത പഴങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഫലമാണു ചാമ്പയ്ക്ക എന്ന കാര്യംകൂടി നാം ഓര്‍ക്കണം.

വിത്തുകള്‍ പാകി തൈകള്‍ ഉണ്ടാക്കിയും പതിവച്ച തൈകള്‍ നട്ടുമാണ് ഇവ സാധാരണയായി നട്ടുവളര്‍ത്തുന്നത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലങ്ങളില്‍ നന്നായി വളരുകയും കൂടുതല്‍ കായ്ഫലം നല്കുകയും ചെയ്യും.

കൃഷിയിടത്തില്‍ അനുയോജ്യമായ കുഴി തയ്യാറാക്കി അതില്‍ മേല്‍ മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും ചേര്‍ത്തു മൂടിയശേഷം തൈകള്‍ നടാം. കാലവര്‍ഷാരംഭത്തോടെ നടുന്നതാണു കൂടുതല്‍ ഉചിതം. വേനല്‍ക്കാലങ്ങളില്‍ നനച്ചുകൊടുക്കണം. ചുവട്ടില്‍ പുതയിടല്‍ നടത്തണം. കടുത്ത ചൂടില്‍ സംരക്ഷണത്തിനായി ഓലമെടഞ്ഞു മറച്ചു കെട്ടാം. മൂന്നു വര്‍ഷത്തിനകം ഇവ കായ്ച്ചുതുടങ്ങും (പതിവച്ച തൈകള്‍). ഇക്കാലയളവില്‍ കളയെടുപ്പു നടത്തി ജൈവവളങ്ങള്‍ ചുവട്ടില്‍ ചേര്‍ത്തുകൊടുക്കുകയും വേണം. നന്നായി പരിപാലിച്ചാല്‍ ചാമ്പയില്‍ നിന്നും നല്ല വിളവു ലഭി ക്കുന്നതുമാണ്. പ്രായമെത്തിയ നന്നായി കായ്ക്കുന്ന ചാമ്പയില്‍ നിന്നും പ്രതിവര്‍ഷം 1000 മുതല്‍ 2000 വരെ കായ്കള്‍ ലഭിക്കുകയും ചെയ്യും. പഴയ കാലങ്ങളില്‍ വീട്ടുവളപ്പുകളില്‍ ഒരു ചാമ്പമരമെങ്കിലും കാണാമായിരുന്നു. എന്നാല്‍ ഇന്ന് ഈ കാഴ്ച അന്യമായി തുടങ്ങിയിരിക്കുന്നു എന്ന കാര്യം കൂടി നാം ഓര്‍മിക്കേണ്ടതുണ്ട്. വീട്ടുവളപ്പില്‍ ഒരു അലങ്കാരമായിട്ടും ഒപ്പംതന്നെ ഫലവൃക്ഷമായും കുട്ടികളുടെ പ്രിയപ്പെട്ട ചാമ്പയെ നമുക്കു നട്ടുവളര്‍ത്താം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org