|^| Home -> Suppliments -> ULife -> ചരിത്രം സൃഷ്ടിക്കലാകണം ജീവിത ലക്ഷ്യം

ചരിത്രം സൃഷ്ടിക്കലാകണം ജീവിത ലക്ഷ്യം

Sathyadeepam

ബിനു കണ്ണന്താനം

ഒരു വിത്ത് നല്ല ഫലം നല്‍കണമെങ്കില്‍ എങ്ങനെയുള്ള മണ്ണില്‍ കുഴിച്ചിടണം? സംശയമില്ല, എല്ലാവരും പറയും ഫലപുഷ്ടമായ മണ്ണില്‍, എങ്കില്‍ നമ്മുടെ പുരയിടത്തിലെ ഏറ്റവും ഫലപുഷ്ടമായ മണ്ണില്‍ ഒരു ഈന്തപ്പനയുടെ വിത്ത് കുഴിച്ചിട്ടാല്‍ അത് ഫലം തരുമോ? ഇല്ല. ഒരിക്കലുമില്ല. ഈന്തപ്പന ഫലം നല്‍കണമെങ്കില്‍ അതിനെ അറേബ്യന്‍ രാജ്യങ്ങളില്‍ കൊണ്ടു നടണം. എന്നാല്‍ ഈ അറേബ്യന്‍ രാജ്യത്ത് കൊണ്ടു ഒരു ജാതി നട്ടാല്‍ അത് ഫലം തരുമോ? ഇല്ല. അതു ഫലം തരണമെങ്കില്‍ കേരളത്തില്‍ നടണം. അപ്പോള്‍ ഫലപുഷ്ടമായ മണ്ണിലല്ല കാര്യം അനുയോജ്യമായ മണ്ണാണ് വേണ്ടത്.

ഇന്ന് പലപ്പോഴും നമുക്കിടയിലും സംഭവിക്കുന്നത് ഇതാണ്. കുട്ടികളുടെ അഭിരുചി നോക്കാതെ ഏതു മേഖലയില്‍ പോയാലാണ് കൂടുതല്‍ വരുമാനം ലഭിക്കുകയെന്നതു നോക്കി പോകുന്നു. എങ്ങനെയും വിദേശത്തേയ്ക്ക് കടക്കുകയെന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പോക്ക് ഭാവിയില്‍ സഭയ്ക്കും, സമൂഹത്തിനും വളരെയേറെ ദോഷങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ ഞാനാദ്യമിടുന്ന ഓര്‍ഡര്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ളതായിരിക്കും. എന്തുമാത്രം വര്‍ക്ക് ലോഡാണ് ഇത് കുട്ടികള്‍ക്കു കൊടുക്കുന്നത്. ഞായറാഴ്ച ഒന്നു പള്ളിയില്‍ പോകാന്‍ പോലും ഈ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്‍ററുകള്‍ സാമ്പത്തികമായി തഴച്ചു വളരുന്നു. പല കുടുംബത്തിന്‍റെയും നടുവൊടിയുന്നു. ഇന്ന് കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇരുപത്തി അയ്യായിരത്തിലധികം സീറ്റ് ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. എന്നിട്ടും നല്ലൊരു ശതമാനം കുട്ടികളും എന്‍ട്രന്‍സ് പരീക്ഷയുടെ പുറകേ പായുകയാണ്.

ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞു, എന്‍ട്രന്‍സ് പരീക്ഷ നിര്‍ത്തലാക്കി അതിനുപകരമായി ആപ്റ്റിറ്റ്യൂട് (അഭിരുചി) പരീക്ഷയിട്ട് ഓരോ കുട്ടിക്കും അവരുടെ അഭിരുചിക്കനുസൃതമായ മേഖലയില്‍ അഡ്മിഷന്‍ കൊടുക്കണം എന്ന്. ഇന്ന് ചോര കണ്ടാല്‍ വിറയ്ക്കുന്ന കുട്ടിയേയും അപ്പനും അമ്മയ്ക്കും പണമുണ്ടെങ്കില്‍ ഡോക്ടറാകാന്‍ വിടുന്ന അവസ്ഥയാണ് നമ്മുടേത്. ‘Mind is a garden filled with beautiful flowers. മനസ്സിനെ സന്തോഷത്തിന്‍റെ പൂക്കളാല്‍ നിറച്ച ഒരു പൂന്തോട്ടമാക്കണം. എങ്കില്‍ മാത്രമേ ജീവിതവിജയം നേടാന്‍ സാധിക്കൂ. അതിന് ഏറ്റവും ആവശ്യം നമ്മുടെ തൊഴില്‍ മേഖലയില്‍ സംതൃപ്തി ലഭിക്കുകയെന്നതാണ്. അഭിരുചിക്കു വ്യത്യസ്തമായ മേഖലയിലാണ് തൊഴില്‍ എങ്കില്‍ അത് മാനസികമായും ശാരീരികമായും നമ്മേ തളര്‍ത്തും. അതിന്‍റെ പ്രത്യാഘാതം എല്ലാ മേഖലയിലുമുണ്ടാകും.
പലരും എന്നോടു ചോദിക്കാറുണ്ട് ഏതു കോഴ്സാണ് നല്ലത് എന്ന്. എന്‍റെ അഭിപ്രായത്തില്‍ ലോകത്തിലുള്ള എല്ലാ കോഴ്സുകളും നല്ലതാണ്. ഏതു കോഴ്സെടുത്താലും അതില്‍ വിജയിച്ചവരെയും പരാജിതരേയും നമുക്കു കാണാന്‍ സാധിക്കും. നൂറു കുട്ടികളുടെ മുമ്പില്‍ പോയി ഒരു കോഴ്സിനെപ്പറ്റി പറയുമ്പോള്‍ ആ കോഴ്സിനു അനുയോജ്യരായ നാലോ അഞ്ചോ കുട്ടികളെ അതില്‍ കാണൂ. അവര്‍ക്ക് ആ കോഴ്സ് പ്രയോജനം ചെയ്യും. മറ്റു കുട്ടികള്‍ ആ കോഴ്സ് പഠി ച്ചാല്‍ ഫലം പരാജയമായിരിക്കും.

വക്കീല്‍ ജോലി നല്ല ജോലിയാണ്. ചില വക്കീലന്മാര്‍ക്കൊക്കെ എന്തു മാത്രം ഫീസാണ് ലഭിക്കുന്നത്. എന്നാല്‍ എത്ര വക്കീലുമാരുണ്ട് ദിവസം നൂറുരൂപ പോലും തടയാത്തത്.

എം.ബി.എ. നല്ല പ്രൊഫഷനാണ്. മിടുക്കരായ എം.ബി.എ.ക്കാര്‍ക്കൊക്കെ ഭീമമായ തുക മാസം ലഭിക്കുന്നു. പക്ഷേ നല്ല നേതൃത്വ വാസനയുള്ളവര്‍ക്കെ ഈ മേഖലയില്‍ വിജയിക്കാന്‍ സാധിക്കൂ. ചിലപ്പോള്‍ ഒരു പ്രസ്ഥാനമായിരിക്കും ഇവരെ ഏല്‍പ്പിക്കുക. അതു മാനേജു ചെയ്യാനുള്ള കരുത്തും, നേതൃത്വ വാസനയും വേണം. അതില്ലാതെ ഫസ്റ്റ് റാങ്ക് വാങ്ങി പാസായിട്ടു കാര്യമില്ല.

എഞ്ചിനീയറിങ്ങ് നല്ല മേഖലയാണ്. എന്നാല്‍ ഒരു എഞ്ചിനീയറാകാന്‍ പോകുന്ന കുട്ടിക്കു വേണ്ടത് ഗണിതവാസനയും വിഷ്വലൈസേഷന്‍ സ്കില്‍സുമാണ്. ചില കുട്ടികള്‍ മറ്റു വിഷയങ്ങള്‍ക്കൊക്കെ പുറകിലാണെങ്കിലും കണക്കിന് നല്ല മാര്‍ക്ക് നേടിയേക്കാം. ഇത് അവരുടെ ജന്മസിദ്ധമായ കഴിവാണ്. ഇങ്ങനെയുള്ളവര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ വിജയിക്കും.

രാജ്യത്തെ ഏറ്റവും മഹനീയവും മഹത്തരവുമായ സിവില്‍ സര്‍വ്വീസിന് ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ പേര്‍ പാസാകുന്നത് സാക്ഷരതയില്‍ രാജ്യത്തെ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ ബീഹാറില്‍ നിന്നാണ്. സാക്ഷരതയില്‍ ഏറ്റവും മുമ്പിലുള്ള കേരളത്തില്‍ നിന്ന് വിരലില്‍ എണ്ണാനുള്ളവര്‍ മാത്രം പാസാകുന്നു. പലരുടെയും വിചാരം ഉന്നത ഐക്യു ഉള്ളവര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് ഈ മേഖല എന്നാണ്. ഇത് ഒരു തെറ്റിദ്ധാരണയാണ്. ജീവിതവിജയത്തിന് ഐക്യുസ്ഥാനം ഇരുപതു ശതമാനം മാത്രമേയുള്ളു. ഉന്നത ഐക്യു ഉള്ളവരില്‍ പലരും അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പരാജയപ്പെടുന്നതായിട്ടാണ് കാണുന്നത്. ഈ കൂട്ടരുടെ മുമ്പില്‍ ഒരു വിഷയം കിട്ടിയാല്‍ അതിന്‍റെ സകല നൂലാമാലകളെയും പറ്റി ചിന്തിച്ച് പഠിച്ചുകൊണ്ടിരിക്കും. വിഷയത്തിന്മേല്‍ തീരുമാനം കൈക്കൊള്ളില്ല. ബുദ്ധിശക്തിയാണ് സിവില്‍ സര്‍വ്വീസിനാധാരമെങ്കില്‍ എസ്എസ്എല്‍സിക്ക് വെറും 242 മാര്‍ക്കു വാങ്ങിയ എന്‍റെ സഹോദരന്‍ ആറാം റാങ്കോടെ ഐഎഎസ്കാരനാകുമായിരുന്നില്ല.

നമ്മുടെ വിദ്യാഭ്യാസ സംവിധാനം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ രീതി dead learnings  ആണ്. യൂണിവേഴ്സിറ്റിയെ ബോധ്യപ്പെടുത്തി എങ്ങനെ കുറേ മാര്‍ക്കു നേടാം എന്ന ഒറ്റ ലക്ഷ്യം. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച രാജാവ് എന്നു ജനിച്ചു എന്നു മരിച്ചു എത്ര പേരേ കൊന്നു. അയാളുടെ പൊണ്ടാട്ടിമാരുടെ എണ്ണവും പേരും നാളുമെല്ലാം കാണാതെ പഠിക്കണം. എന്തിനു വേണ്ടി? രണ്ടു മാര്‍ക്കിനു വേണ്ടി മാത്രം. അല്ലാതെ ഇത് ആരുടെ ജീവിതത്തില്‍ എന്തു തരുന്നു. ഈയിടെ ഒരഭിമുഖത്തില്‍ ക്യാന്‍സര്‍ രോഗവിദഗ്ധനായ ഡോ. ഗംഗാധരന്‍ പറയുന്നതു കേട്ടു. ക്യാന്‍സര്‍ രോഗം ഒരു മഹാവിപത്തായി പടരുകയാണ്, ഇതിനു പ്രധാന കാരണം നമ്മുടെ ജീവിതശൈലിയാണ്. നമ്മുടെ കു ട്ടികളെ രണ്ടാം മഹാലോകയുദ്ധത്തെ പറ്റി പഠിപ്പിക്കുന്നതിലും അത്യാവശ്യം സ്വന്തം ശരീരം എങ്ങനെ ആരോഗ്യത്തോടെ സംരക്ഷിക്കണം എന്നതാണെന്ന്. ചരിത്രം പഠിക്കേണ്ടയെന്നല്ല ഇതുകൊണ്ട് ഞാനര്‍ത്ഥമാക്കുന്നത്. മണി മാനേജ്മെന്‍റിനെപ്പറ്റി പഠിപ്പിക്കുമ്പോള്‍ ഞാന്‍ ഒരു കാര്യം പറയാറുണ്ട്. ഓരോ രൂപ ചെലവാക്കുമ്പോഴും മൂന്നു കാര്യം ചിന്തിക്കണം. ആവശ്യമാണോ, അത്യാവശ്യമാണോ, അനാവശ്യമാണോ എന്ന്. ചരിത്രപഠനം ആവശ്യമാണ് എന്നാല്‍ സ്വന്തം ശരീരത്തെ ശരിയായ രീതിയില്‍ സംരക്ഷിക്കുവാന്‍ പഠിപ്പിക്കുക എന്നത് അത്യാവശ്യമാണ്.

മലയാളികള്‍ക്ക് ഒട്ടും അറിവില്ലാത്ത രണ്ടു കാര്യങ്ങളാണ് മണി മാനേജുമെന്‍റും വീടു നിര്‍മ്മാണവും. മലയാളികള്‍ വീട് പണിയുന്നത് നാട്ടുകാരെ കാണിക്കാനാണ്. നല്ലൊരു ശതമാനം പണവും വീടിനു പുറം മോടി പിടിപ്പിച്ച് മറ്റുള്ളവരെ പ്രൗഡി കാണിക്കാന്‍ വിനിയോഗിക്കും. ഇടുങ്ങിയ മുറികളും പണിയും; ഇവിടെ ഒരിക്കലും പോസിറ്റീവ് എനര്‍ജിയല്ല. ആ ഇടുങ്ങിയ മുറികള്‍ പോലെ അവിടെ താമസിക്കുന്നവരുടെ മനസും ഇടുങ്ങിയതായിതീരുന്നു. ലോകത്തിലേ ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് കാണുവാന്‍ സാധിച്ചിട്ടുള്ളത് അവരെല്ലാം വീടുപണിയുന്നത് അവരുടെ കുടുംബത്തിനാവശ്യാനുസരണമാണ് മറ്റുള്ളവരെ കാണിക്കാനല്ല. നമ്മള്‍ പുറംമോടി പിടിപ്പിക്കാന്‍ പണം ചെലവാക്കുമ്പോള്‍ അവര്‍ അകം മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കുന്നു.

ജീവിതവിജയം എല്ലാവരും ആഗ്രഹിക്കുന്നു എന്നാല്‍ ഒരു ചെറിയ ശതമാനത്തിനു മാത്രമേ ഇതു നേടാന്‍ സാധിക്കുന്നുള്ളൂ. എന്താണ് ജീവിതവിജയിയും പരാജിതനും തമ്മിലുള്ള വ്യത്യാസം? പ്രതിസന്ധികളില്‍ സാധ്യത കണ്ടെത്തുന്നവന്‍ വിജയി, സാധ്യതകളില്‍ പ്രതിസന്ധി കണ്ടെത്തുന്നവര്‍ പരാജിതന്‍.
ജീവിതവിജയം എന്നു പറയുന്നത് ആകാശത്തേയ്ക്ക് റോക്കറ്റ് കുതിച്ചുയരുന്നതുപോലെയാണ്. റോക്കറ്റങ്ങനെ മുകളിലേയ്ക്ക് കുതിക്കുമ്പോള്‍ ഭൂമിക്കൊരു സുഖക്കേടുണ്ട്. ഭൂമിയുടെ ഗുരുത്വാകര്‍ഷണം റോക്കറ്റിനെ താഴേയ്ക്കു പിടിച്ചുവലിക്കും. ഇതിനെ അതിജീവിക്കാന്‍ സാധിക്കാതെ പല റോക്കറ്റുകളും മുകളിലേയ്ക്ക് കുതിച്ചതിനേക്കാള്‍ സ്പീഡില്‍ താഴേയ്ക്കു മൂക്കു കുത്തും. ഇങ്ങനെയുള്ള റോക്കറ്റുകള്‍ ഒരിക്കലും ചരിത്രത്തില്‍ സ്ഥാനം പിടിക്കില്ല. എന്നാല്‍ ചില റോക്കറ്റുകള്‍ ഇതിനെ അതിജീവിച്ച് ഭ്രമണപഥത്തില്‍ എത്തിച്ചേരും ഇവര്‍ ചരിത്രത്തിന്‍റെ ഭാഗമായി മാറും.

നമ്മളും ജീവിതത്തില്‍ ഉയരുവാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നിറച്ചു വച്ചിരിക്കുന്ന നെഗറ്റീവ് ചിന്താഗതികള്‍, നമ്മുടെ സുഹൃത്തുക്കള്‍, സമൂഹം നമ്മെ പലപ്പോഴും താഴോട്ടു പിടിച്ചുവലിക്കും. ഇതിനെയെല്ലാം അതിജീവിച്ചു പോകുവാന്‍ നമുക്കു വേണ്ടത് നമ്മുടെ മനസ്സാകുന്ന ഇന്ധന ടാങ്കില്‍ ഇപ്പോള്‍ നിറച്ചുവച്ചിരിക്കുന്ന നെഗറ്റീവ് ചിന്താഗതികള്‍ പുറത്തു കളഞ്ഞിട്ട് അവിടെ പോസിറ്റീവ് ചിന്താഗതികള്‍ നിറയ്ക്കുക എന്നതാണ്. വിജയം നിങ്ങളെ തേടി വന്നിരിക്കും.

ചരിത്രം സൃഷ്ടിക്കലാകണം നമ്മുടെ ജീ വിതലക്ഷ്യം അല്ലാതെ മറ്റുള്ളവര്‍ സൃഷ്ടിച്ച ചരിത്രം ഏറ്റു പറഞ്ഞുകൊണ്ടു നടക്കല്‍ മാത്രമാകരുത്.

Leave a Comment

*
*