അഴകേകും ചെമ്പരത്തി

അഴകേകും ചെമ്പരത്തി

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

ഒട്ടനവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ ഒരു കുറ്റിച്ചെടിയാണു ചെമ്പരത്തി. നാട്ടിന്‍ പുറങ്ങളിലും അതിരില്‍ വേലിയായി പഴയ കാലങ്ങളില്‍ നട്ടുപിടിപ്പിച്ചു വന്നിരുന്ന ഒരു കുറ്റിച്ചെടിയാണു ചെമ്പരത്തി. ഇന്നു ധാരാളം നിറങ്ങളിലും ആകൃതിയിലുമുള്ള ഹൈബ്രീഡ് ചെമ്പരത്തിയിനങ്ങള്‍ വിപണിയില്‍ ലഭ്യമാണു ചുവന്ന നാടന്‍ ചെമ്പരത്തിയാണ് ഔഷധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

ഇരുണ്ട പച്ചനിറത്തിലുള്ള ഇലച്ചാര്‍ത്തുകളും 'എത്തിനോട്ടം' എന്ന പ്രതീതിയുളവാക്കുന്ന രക്തവര്‍ണമുള്ള പൂക്കളും വളരെ ആകര്‍ഷണീയംതന്നെയാണ്. ചെമ്പരത്തിയുടെ ഇലയും പൂവും വേരും തൊലിയും ഔഷധയോഗ്യമാണ്.

കറുത്തിരുണ്ട തലമുടി വളര്‍ച്ചയ്ക്കു സ്ത്രീകള്‍ ചെമ്പരത്തിയില പറിച്ചു താളിയായി ഉപയോഗിച്ചുവരുന്നു. ചെമ്പരത്തിത്താളി പഴയകാലം മുതലേ പ്രസിദ്ധമാണ്. തലമുടിക്കു വളരെ നല്ലതാണിത്. കൂടാതെ തലയ്ക്കു നല്ല തണുപ്പും സുഖനിദ്ര ലഭിക്കുവാനും ഇത് ഉത്തമമാണ്. മുടിയിലെ ചെളിയും അഴുക്കു കളയുവാനും ഇതു നല്ലതാണ്.

ചെമ്പരത്തിപ്പൂവില്‍ നിന്നും തയ്യാറാക്കുന്ന മരുന്ന് സ്ത്രീകള്‍ക്കുണ്ടാകുന്ന ഉഷ്ണരോഗങ്ങള്‍ക്കും രക്തസ്രാവത്തിനും ഗുണകരമാണ്. ചെമ്പരത്തിപ്പൂവ് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നതു ശരീരസൗന്ദര്യം വര്‍ദ്ധിക്കുവാന്‍ ഉപകരിക്കും.

ചെമ്പരത്തിപ്പൂവും ഇലയും താളിയാക്കി ഉപയോഗിക്കുന്നതു തലമുടി നന്നായി വളരുവാനും ശിരോരോഗങ്ങള്‍ക്കും വളരെ നല്ലതാണ്.

ചെമ്പരത്തിപ്പൂവിന്‍റെ നീര് ഞെരടിയെടുക്കുന്നത് ഒട്ടനവധി രോഗങ്ങള്‍ക്കു ശമനം നല്കുവാന്‍ ഉപയോഗിച്ചുവരുന്നു. ചെമ്പരത്തിപ്പൂവിന്‍റെ നീരും ഒലിവെണ്ണയും തിളപ്പിച്ചെടുത്തു സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം തലയില്‍ തേച്ചുപിടിപ്പിച്ചു കുളിക്കുന്നതു തലമുടിക്കു നല്ല കറുത്ത നിറം ലഭിക്കുവാന്‍ ഇടയാക്കുമെന്നു പറയപ്പെടുന്നു.

ചെമ്പരത്തിവേര് ഉണക്കിപ്പൊടിച്ചതും മറ്റു മരുന്നുകളോടു ചേര്‍ത്ത് ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.

പൂക്കളുടെ സത്ത് കരള്‍രോഗങ്ങള്‍ക്കും കൂടിയ രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും കൊളസ്ട്രോള്‍നില കുറയ്ക്കുവാനും ഉപയോഗിക്കാറുണ്ട്. വൃക്കരോഗത്തിനും മൂത്രതടസ്സത്തിനും കരള്‍രോഗത്തിനും ചെമ്പരത്തിയില ഗുണകരമാണ്. ഒട്ടനവധി ഔഷധാവശ്യങ്ങള്‍ക്കും ഇവ ഉപയോഗിച്ചുവരുന്നു. ഇവയില്‍ നിന്നും സ്ക്വാഷും മറ്റും ഉണ്ടാക്കാറുണ്ട്.

തുറസ്സായ സ്ഥലമാണ് ഇവ വളര്‍ത്തുവാന്‍ ഏറെ ഉത്തമം. കമ്പു മുറിച്ചുവച്ചാണ് ഇവ നട്ടുവളര്‍ത്തുന്നത്. പൂച്ചെട്ടികളില്‍ അലങ്കാരത്തിനായും ചില ഇനങ്ങള്‍ നട്ടുവളര്‍ത്താറുണ്ട്. നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ നനച്ചുകൊടുക്കണം. പച്ചചാണകം കലക്കി തടങ്ങളില്‍ ചുവട്ടില്‍നി ന്നും അല്പം മാറ്റി ഒഴിച്ചുകൊടുക്കണം. ഒട്ടേറെ ഔഷധമൂല്യമുള്ള ചെമ്പരത്തി നമുക്കും അനായാസം നട്ടുവളര്‍ത്താം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org