ചേമ്പ് നടാം

ചേമ്പ് നടാം

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

നമ്മുടെ വീട്ടുവളപ്പില്‍ പ്രചുരപ്രചാരം നേടിയ ഒരു പച്ചക്കറിവിളയാണു ചേമ്പ്. ഇളംപ്രായത്തിലുള്ള ചേമ്പിന്‍റെ ഇലയും തണ്ടും നല്ലൊരു ഇലക്കറിയായും ഉപയോഗിച്ചുവരുന്നു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ചേമ്പുകൃഷിക്ക് ഉചിതമാണ്. നല്ല ഫലപുഷ്ടിയും നീര്‍വാര്‍ച്ചയും ഇളക്കമുള്ള മണ്ണും ചേമ്പുകൃഷിക്കു പറ്റിയതാണ്.

കേരളത്തില്‍ മേയ്, ജൂണ്‍ – ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണു മഴയെ ആശ്രയിച്ചുള്ള ചേമ്പുകൃഷി ചെയ്യുന്നത്. എന്നാല്‍ നനച്ച് കൃഷി ചെയ്യാനാണെങ്കില്‍ ഏതു സമയത്തും ചേമ്പു നടാവുന്നതാണ്.

കിളച്ചിളക്കി കട്ടകളുടച്ചു കളകള്‍ മാറ്റിയ കൃഷിസ്ഥലത്തു 45 സെന്‍റിമീറ്റര്‍ അകലത്തില്‍ 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പുവിത്ത് നടാവുന്നതാണ്. അടിവളമായി, നടുമ്പോള്‍ ചാണകപ്പൊടികൂടി ചേര്‍ക്കുന്നതു കൂടുതല്‍ നന്ന്. വിത്ത് നട്ട് മണ്ണുകൊണ്ടു മൂടിയശേഷം പച്ചിലയോ കരിയിലയോകൊണ്ടു പുതയിടുകയും വേണം. വിത്തുമുളച്ച ശേഷം ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ വളമായി നല്കാം. മുളച്ച് ഒരു മാസത്തിനുശേഷം കളയെടുത്തു മണ്ണുകൂട്ടികൊടുക്കണം. വിത്തു നട്ടശേഷം ഏതാണ്ട് ഒന്ന് – ഒന്നര മാസവും രണ്ട് – രണ്ടര മാസവും എത്തുമ്പോള്‍ രണ്ടുപ്രാവശ്യത്തെ കളയെടുക്കലും മണ്ണു കൂട്ടികൊടുക്കലും ചേമ്പുകൃഷിയില്‍ ആവശ്യമായി വരും.

നല്ല നാടന്‍ ഇനങ്ങള്‍ നടുവാന്‍ ഉപയോഗിക്കാം. ശ്രീരശ്മി, ശ്രീപല്ലവി, കോ-1 തുടങ്ങിയവ ചേമ്പിന്‍റെ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്. കേടുവന്ന വിത്തുകള്‍ നടുവാന്‍ ഉപയോഗിക്കരുത്. നല്ല വിത്തുകള്‍ മാത്രം നടുവുവാന്‍ ഉപയോഗിക്കണം. കര്‍ഷകരില്‍നിന്നോ കാര്‍ഷികനേഴ്സറികളില്‍ നിന്നോ വിത്തുകള്‍ വാങ്ങി കൃഷി നടത്താം.

ചേമ്പ് നട്ട് 5 – 6 മാസമാകുമ്പോള്‍ വിളവെടുക്കാനാകും. കിഴങ്ങിനു കേടുപറ്റാതെ കിളച്ചിളക്കി തള്ളക്കിഴങ്ങും പിള്ളക്കിഴങ്ങുകളം വെവ്വേറെ മാറ്റിയെടുക്കണം.

കീടശല്യം കാര്യമായി ചേമ്പുകൃഷിയില്‍ ഉണ്ടാകാറില്ല. ചുവട്ടില്‍ ചാരം വിതറുന്നതു വളരെ നല്ലതാണ്. വേനല്‍ക്കാലങ്ങളില്‍ പുതയിടുന്നതും ആഴ്ചയില്‍ രണ്ടു പ്രാവശ്യം നനയ്ക്കുന്നതും കൂടുതല്‍ വിളവിന് ഉപകരിക്കും.

ചേമ്പ് പുഴുങ്ങുവാനും ചേമ്പ് കറിച്ചാറു വയ്ക്കുവാനും ഉത്തമമാണ്. മലയാളിക്കു മറക്കാന്‍ പറ്റാത്ത ഒരു വിളകൂടിയാണു ചേമ്പ്.

ടെറസ്സിനു മുകളില്‍ കൃഷി നടത്തുന്നവര്‍ക്കു പ്ലാസ്റ്റിക്ക് ചാക്കില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നന്നായി യോജിപ്പിച്ചു നിറച്ചശേഷം വിത്തു നടാം. ചേമ്പുകൃഷി നടത്തുവാനും നമ്മുടെ വീട്ടുവളപ്പില്‍ കുറച്ച് ഇടം നല്കുവാന്‍ ഓരോ കര്‍ഷകമിത്രവും ശ്രമിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org