ചെറുപട്ടങ്ങള്‍

ചെറുപട്ടങ്ങള്‍

"മെത്രാന്മാര്‍, വൈദികര്‍, മ്ശംശാന്മാര്‍ എന്നിവരെ കൂടാതെ ചെറുപട്ടങ്ങളിലുള്ളവരും ശെമ്മാശന്മാര്‍ (Minor clerics) എന്ന് സാധാരണ വിളിക്കപ്പെടുന്നവരുമായ മറ്റു ശുശ്രൂഷികളെയും ദൈവജനശുശ്രൂഷയ്ക്കോ ആരാധനാശുശ്രൂഷയ്ക്കോ ആയി നിശ്ചയിക്കാവുന്നതാണ്" (CCEO 327). സീറോമലബാര്‍ സഭയില്‍ "കാറോയൂസ" "ഹെവ് പ്പദ്യ്ക്ക്നൂസ" എന്നീ രണ്ടു ചെറുപട്ടങ്ങള്‍ ഉണ്ട്.

കാറോയപ്പട്ടം: വായനക്കാരന്‍ എന്നാണ് "കാറോയ" എന്ന സുറിയാനി പദത്തിനര്‍ത്ഥം. ലിറ്റര്‍ജിയുടെ ആഘോഷങ്ങളില്‍ നിയമഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ നിയുക്തരാണിവര്‍ എന്നു സൂചിപ്പിക്കുവാന്‍ ഈ ഗ്രന്ഥങ്ങള്‍ ഇവര്‍ക്ക് നല്കുന്നു. കൊത്തീന, സൂനാ ഇവയാണ് ഔദ്യോഗിക വസ്ത്രം. ഊറാറ കൈകളില്‍ നല്കുന്നു. മിശിഹായില്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ കൊത്തീനയും വിശുദ്ധിയെ സൂനാറയും സൂചിപ്പിക്കുന്നു.

ഹെവ്പ്പദ്യാക്കോന പട്ടം: സബ് ഡയക്കനേറ്റ് എന്ന് ഈ പട്ടത്തിന് ലത്തീന്‍ സഭയില്‍ പറയാറുണ്ട്. ദൈവാലയതിരുക്കര്‍മ്മങ്ങളില്‍ സഹായിക്കേണ്ട ഇവരെ ശുശ്രൂഷയുടെ അടയാളമായ ഊറാറ കഴുത്തില്‍ അണിയുകയും ബലിയര്‍പ്പണത്തിനാവശ്യമായ വസ്തുക്കള്‍ ഒരു താലത്തില്‍ ഇവര്‍ക്ക് നല്കുകയും ചെയ്യുന്നു. സങ്കീര്‍ത്തനപുസ്തകം നല്കിക്കൊണ്ട് പ്രാര്‍ത്ഥനയിലെ ഭാഗഭാഗിത്വത്തെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവാലയത്തില്‍ ശുശ്രൂഷിക്കുക, പ്രവചനങ്ങള്‍ വായിക്കുക, ദൈവാലയ വാതില്‍ അടയ്ക്കുക ഇവ ഹെവ്പ്പദ്യാക്കോനപ്പട്ടക്കാരുടെ ചുമതലയാണ്.

ഏഴു പട്ടങ്ങള്‍: പൗരോഹിത്യപട്ടത്തെ ഏഴാം പട്ടം എന്നു വിശേഷിപ്പിച്ചിരുന്നു. ലത്തീന്‍ പാരമ്പര്യത്തില്‍നിന്നുള്ള പ്രയോഗമാണിത്. ലത്തീന്‍ സഭയില്‍ ദ്വാരപാലകന്‍ (Porter), വായനക്കാരന്‍ (Lector), ഭൂതോച്ചാടകന്‍ (Exorcist), അള്‍ത്താരശുശ്രൂഷി (acolyle) എന്നീ ചെറു പട്ടങ്ങളും സബ്ഡീക്കന്‍ (Sub decon) ഡീക്കന്‍ (decon) പുരോഹിതന്‍ (Priest) എന്നീ വലിയ പട്ടങ്ങളും ഉണ്ടായിരുന്നു. ഇന്ന് വായനക്കാരന്‍, അള്‍ത്താര ശുശ്രൂഷി എന്നീ രണ്ടു ചെറുപട്ടക്കാര്‍ മാത്രമെ ഉള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org