ചെറുതുള്ളികള്‍ വലുതാകുമ്പോള്‍

ചെറുതുള്ളികള്‍ വലുതാകുമ്പോള്‍

ഒരു കൊച്ചുകുട്ടി, പാറമടയില്‍ പാറപൊട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു തൊഴിലാളിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊരിവെയിലത്ത് ഭാരമേറിയ കൂടമുപയോഗിച്ച് അയാള്‍ പാറക്കഷണത്തില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. കുറേനേരം അയാള്‍ ശ്രമിച്ചിട്ടും പാറ പൊട്ടിയില്ല. ഇത് കണ്ട കൊച്ചുകുട്ടി ചോദിച്ചു.

"പാറ പൊട്ടാതിരുന്നിട്ടും താങ്കള്‍ക്ക് വിഷമമൊന്നുമില്ലേ?"

അപ്പോള്‍ അയാള്‍ ഇങ്ങനെ പ്രതിവചിച്ചു.

"ഏതാനും സമയം കൂടി നീ എന്നെ നിരീക്ഷിക്കൂ."

ആ കുട്ടി അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു.

കൂടം മുകളിലേക്ക് ഉയര്‍ന്നുതാണു… പക്ഷേ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. വീണ്ടും അയാള്‍ കൂടം ഉപയോഗിച്ച് പാറക്കഷണത്തില്‍ ആഞ്ഞടി ച്ചു… അത് രണ്ടായി പിളര്‍ന്നു. അപ്പോള്‍ അയാള്‍ ആ കുട്ടിയോട് പറഞ്ഞു.

"ഞാന്‍ പലവട്ടം ഈ പാറയില്‍ കൂടം കൊണ്ടടിച്ചു. പക്ഷെ പാറ പിളര്‍ന്നതാവട്ടെ അവസാനത്തെ അടിയില്‍ മാത്രം. ഞാന്‍ ഓരോ തവണ അടിക്കുമ്പോഴും ആ പാറ കൂടുതല്‍ ദുര്‍ബലമാകുകയായിരുന്നു. അങ്ങനെ അവസാനം അത് രണ്ടാകുകയും ചെയ്തു."

ഇയാള്‍ അടിച്ച ആദ്യത്തെ അടികള്‍ വ്യര്‍ത്ഥമാണെന്ന് കൂട്ടുകാര്‍ കരുതുന്നുണ്ടോ? ഇല്ല എന്നായിരിക്കും ഭൂരിപക്ഷം പ്രതികരണം. കാരണം അയാളുടെ ആദ്യത്തെ അടികള്‍ വ്യര്‍ത്ഥമായിരുന്നുവെങ്കില്‍ ഒരു കാലത്തും ആ പാറ പിളരില്ലായിരുന്നു.

പലപ്പോഴും വിജയങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരില്ലായെന്ന് നിങ്ങള്‍ വിചാരിക്കുമ്പോള്‍ ഈ കഥ ഓര്‍ക്കുക. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഫലം തീര്‍ച്ചയായും കിട്ടും. പക്ഷെ ചിലപ്പോള്‍ അതിനുവേണ്ടി നാം കാത്തിരിക്കണമെന്നുമാത്രം. നിരന്തരപ്രയത്നത്തിന്‍റെ ഫലത്തെ തോല്പിക്കുവാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും കഴിയുകയില്ല.

നിരന്തര പ്രയത്നംകൊണ്ട് തങ്ങളുടെ കഴിവു കേടുകളെയും ദുര്‍ബലതകളെയും തൂത്തെറിഞ്ഞവരാണ് പില്ക്കാലത്ത് മഹാന്മാരായി തീര്‍ന്നിട്ടുള്ളത്.
ജീവിതത്തില്‍ ഒരു ചെറുവിരല്‍പോലും അനക്കാതെ, സ്വന്തം ജീവിതം പരാജയമാണെന്ന്, വിലയിരുത്തുന്നവര്‍ അലസന്മാരാണ്. പ്രയത്നശാലികള്‍ക്ക് ജീവിതത്തില്‍ താത്കാലികമായി പല ബുദ്ധിമുട്ടുകളെയും നേരിടേണ്ടി വന്നേക്കാം. പക്ഷെ ആത്യന്തികമായി വിജയം അവരെ തേടിയെത്തുക തന്നെ ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org