ചിരിക്കാന്‍ മറക്കുന്ന നേതാക്കള്‍

ചിരിക്കാന്‍ മറക്കുന്ന നേതാക്കള്‍

യാത്രയ്ക്കിടയില്‍

സണ്ണി ചെറിയാന്‍

ഒരു യുവജന കോണ്‍ഫറന്‍സില്‍ വച്ച് ഒരു യുവാവ് മാര്‍ ക്രിസോസ്റ്റത്തോട് ചോദിച്ചു: "തിരുമേനി, ലോത്തിന്‍റെ ഭാര്യയുടെ പേരെന്താണ്? വേദപുസ്തകത്തില്‍ ലോത്തിന്‍റെ ഭാര്യയുടെ പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ ഈ ചോദ്യം എല്ലാവരിലും കൗതുകമുണര്‍ത്തി. എല്ലാവരും ശ്രദ്ധയോടെ മറുപടിക്കായി കാത്തിരുന്നു.

മാര്‍ ക്രിസോസ്റ്റം തികഞ്ഞ ഗൗരവത്തോടെ ആ യുവാവിനോട് ചോദിച്ചു, 'താങ്കള്‍ വിവാഹം കഴിച്ചതാണോ?

'അല്ല.'

എന്നാല്‍ പോയി വിവാഹം കഴിക്കാന്‍ നോക്ക്! വല്ലവന്‍റെയും ഭാര്യയുടെ പേരും തപ്പി എത്ര നാള്‍ നടക്കും.

വര്‍ത്തമാനകാലത്തില്‍ ചിരിക്കാന്‍ മറന്നു പോകുന്നവര്‍ക്കിടയില്‍ മാര്‍ ക്രിസോസ്റ്റവും, മാര്‍ ആന്‍റണി പടിയറയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'ചിരി' വലുതാകുമ്പോള്‍ വഴിയില്‍ എവിടെയോ കളഞ്ഞുപോകേണ്ട സിദ്ധി അല്ലെന്നുള്ളതാണ്.

മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പല്ല സന്തോഷമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടിയതും, കുഞ്ഞുങ്ങള്‍ ഒരു ദിവസം 400 തവണ ചിരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ 17 തവണ മാത്രമേ ചിരിക്കുകയുള്ളൂവെന്ന് ജീവനകലയുടെ ആചാര്യര്‍ ശ്രീ രവിശങ്കര്‍ പറഞ്ഞതും വെറുതെയല്ല.

മരണംവരെ പിന്തുടര്‍ന്ന രോഗാവസ്ഥ, ഭാര്യയുടെ വേര്‍പാട്, ഏകമകന്‍റെ അകാല നിര്യാണം തുടങ്ങി ഒട്ടേറെ ദുഃഖങ്ങള്‍ വ്യക്തിജീവിതത്തില്‍ ഉലച്ചിട്ടും സഞ്ജയന്‍ എഴുതി:

'കരളെരിഞ്ഞാലും, തല പുകഞ്ഞാലും
ചിരിക്കണമത്രേ 'വിദൂഷക ധര്‍മ്മം'….

ഇത്രയും എഴുതിയത് നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക മണ്ഡലത്തിലുള്ള ഉന്നത വ്യക്തിത്വങ്ങളുടെ ചിരി മറന്ന മുഖങ്ങള്‍ കാണുമ്പോഴാണ്.

നിങ്ങള്‍ ആരാണെന്ന് നിങ്ങളുടെ മുഖം പ്രതിഫലിപ്പിക്കുമെന്ന് എഴുതിയത് നോബല്‍ സമ്മാന ജേതാവായ അലക്സിസ് കാരനാണ്.

കൊമ്പുവച്ച അഹങ്കാരം, വരട്ടു തത്ത്വവാദപരമായ പൊതു സമ്പര്‍ക്കശൈലി, പ്രത്യയശാസ്ത്രപരമായ അവ്യക്തതകള്‍ എന്നിവ പല നേതാക്കളുടെയും മുഖമുദ്രയാകുന്നു.

അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുമ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമ്പോഴും ഇവര്‍ വെറും പ്രതിമകളാകുന്നു.

അറിയാതെയൊന്നു ചിരിച്ചാല്‍, കുശലം പറഞ്ഞാല്‍ പൊളിഞ്ഞു പോകുന്നതല്ല ഭരിക്കുന്നവരുടെ ഗരിമ. മുന്‍പൊക്കെ നിയമസഭയില്‍ പോരടിക്കുമ്പോഴും നര്‍മ്മത്തിലൂടെ വാക്ക്ശരങ്ങളുടെ മൂര്‍ച്ച കൂട്ടാന്‍ ശ്രമിച്ചിരുന്ന എത്രയോ അംഗങ്ങളുണ്ടായിരുന്നു.

1957 ഓഗസ്റ്റ് 24-ന് ഒന്നാം കേരള നിയമ സഭയില്‍ കാര്‍ഷിക കീടങ്ങളെയും, കീടബാധയെയും കുറിച്ചു ചര്‍ച്ച നടക്കുന്ന സമയം.

തോപ്പില്‍ഭാസി ഒരു ചോദ്യമുന്നയിച്ചു. കൃഷിക്ക് ചാഴികേട് ഉണ്ടാക്കുന്നതായി അറിയാമോ?

ജോസഫ് ചാഴിക്കാടന്‍ ഇതിനു മറുപടിയായി പറഞ്ഞു. ഇതിന് ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ മറ്റുള്ളവര്‍ എന്നെ പഴിക്കും. ചില ചാഴികള്‍ ചില തോപ്പിലൊക്കെ കയറും. മറ്റ് ചിലത് നിലങ്ങളില്‍ കയറും. ഏതായാലും ഈ ചാഴി ആ വെറും തോപ്പില്‍ കയറില്ല.

കത്തോലിക്കനായിരുന്ന തര്യത് കുഞ്ഞിത്തൊമ്മന്‍ തിരു-കൊച്ചി നിയമസഭയിലും, ശ്രീമൂലം പ്രജാസഭയിലും ഏറ്റവും അധികം കാലം അംഗമായിരുന്നു. ശ്രീ മൂലം അസംബ്ലിയില്‍ തിരുവനന്തപുരം മൃഗശാലയിലേക്ക് ജിറാഫുകളെ വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. ഇടയ്ക്കൊന്നു മയങ്ങിപ്പോയ തൊമ്മന്‍ ഉറക്കമുണര്‍ന്നപ്പോള്‍ പറഞ്ഞു, 'അതിലൊന്ന് കത്തോലിക്കനായിരിക്കണം!'

ജീവിതത്തിന്‍റെ സൗരഭ്യം തന്നെയാണ് തമാശയെന്ന് പറഞ്ഞുവച്ചത് ബഷീറിന്‍റെ പ്രേമലേഖനത്തിലെ സാറാമ്മയാണ്. പൂവമ്പഴത്തിന് പെണ്ണുങ്ങള്‍ ആവശ്യപ്പെടുന്നത് പ്രസവിച്ച സിംഹത്തിന്‍റെ രണ്ടു മീശയാണ്. പിന്നെ എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ നിന്ന് മഞ്ഞുകട്ടയും. മുഴയന്‍ താണുവിന്‍റെ തലയിലെ മുഴ തലച്ചോര്‍ സ്റ്റോക് ചെയ് തിരിക്കുന്നതാണു പോലും.

രാഷ്ട്രീയത്തില്‍ മാത്രമല്ല, സാഹിത്യത്തിലും ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ കുറഞ്ഞു വരുന്നു.

'സുജാതയുടെ തലയില്‍ കല്ലുകൊണ്ട് കുത്തുമ്പോള്‍ അവന് ബദാം പൊട്ടിക്കുന്നതുപോലെ ഒരു രസം തോന്നി. ബദാംചകിരിപോലെ അവളുടെ തലയില്‍ പരുപരുത്ത മുടിയിഴകള്‍. അവയ്ക്കിടയിലൂടെ പഴച്ചാറുപോലെ ചിതറുന്ന ചോരയുടെ പുളിരസം.' ഇങ്ങനെയൊക്കെ എഴുതുന്ന ന്യൂ ജന്‍ എഴുത്തുകാരികള്‍ ഭയ, സന്ത്രാസങ്ങളുമായി കഴിയുന്നവരാണ് കഥാപാത്രങ്ങള്‍ ഏറെയും.

ചിരി സാഹിത്യത്തിലും അപ്രത്യക്ഷമാകുന്നു. 'ഭാരത് മേ ബഹുത് പ്രാന്ത് ഹൈ. ഏക് പ്രാന്ത് ദൂസരാ പ്രാന്ത് സേ ഭിന്ന് ഹേ'… എന്നു വച്ചാല്‍ ഭാരതത്തില്‍ നിരവധി ഭ്രാന്തുകളുണ്ട്. ഒരു ഭ്രാന്ത് വേറൊരു ഭ്രാന്തില്‍നിന്ന് ഭിന്നമാണ് – (ജനറല്‍ ചാത്തന്‍സ്) ഇങ്ങനെയൊക്കെ എഴുതാന്‍ വി.കെ.എന്‍മാരും ഇനിയില്ലല്ലോ….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org