ചിരിക്കൂ മനസ്സുതുറന്ന്…

ചിരിക്കൂ മനസ്സുതുറന്ന്…

ചിരി നന്മയുടേയും സ്നേഹത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പ്രതീകമാണ്. ഉള്ളുതുറന്ന് ചിരിക്കുവാന്‍ കഴിയുന്നത് നമ്മുടെ മനസ്സിന് സംതൃപ്തിയേകുന്നു. നമ്മുടെ ഉള്ളിലുള്ള പ്രകാശത്തേയും നന്മയുടെ കിരണങ്ങളേയും പ്രതിഫലിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നന്നായി ചിരിക്കുക എന്നുള്ളതാണ്. മനസ്സിനെ ഉണര്‍വുള്ളതാക്കി മാറ്റുവാന്‍ കഴിയുന്ന ചിരി നമ്മുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നന്നായി ചിരിക്കുന്ന ആളുകള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമത്രെ.

ചിരി കൊണ്ടുള്ള പ്രയോജനങ്ങള്‍ വളരെ വലുതാണ്. നമുക്ക് ധാരാളം സുഹൃത്തുക്കളെ നേടിത്തരുന്നതിന് പുറമേ ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ കൂടി ഇതിനുണ്ട്. ചിരിക്കുമ്പോള്‍ ശ്വാസോച്ഛ്വാസം വേഗത്തിലാകുന്നു. ഇതുമൂലം രക്തത്തിലെത്തിച്ചേരുന്ന ഓക്സിജന്‍റെ അളവ് കൂടുന്നു. ഹൃദയസ്പന്ദന നിരക്കും ഈയവസരത്തില്‍ കൂടുതലായിരിക്കും.

ചിരിക്കുന്ന അവസരത്തില്‍ ഉന്മേഷദായക ഹോര്‍മോണുകളായ അഡ്രിനാലിന്‍, നോഡ്രിനാലിന്‍ എന്നിവയുടെ അളവ് നമ്മുടെ ശരീരത്തില്‍ കൂടുതലായിരിക്കും. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നമുക്ക് ഉണര്‍വ്വും ഉന്മേഷവും പകര്‍ന്നു നല്കുന്നു.

ആകര്‍ഷകമായ ഒരു വ്യക്തിത്വത്തിന്‍റെ പ്രതിഫലനം കൂടിയാണ് ആകര്‍ഷകമായ ചിരി. ചിലരെങ്കിലും ചിരിക്കുമ്പോള്‍ 'ഹായ്… എത്ര മനോഹരം' എന്ന് നമ്മള്‍ അറിയാതെ പറഞ്ഞുപോയിട്ടില്ലേ? കാരണം നമ്മുടെ മനസ്സില്‍ ചലനാത്മകമായ സ്വാധീനം സൃഷ്ടിക്കുവാന്‍ ഒരു നല്ല പുഞ്ചിരിക്ക് കഴിയും അത്രതന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org