ചിരിക്കുന്നവരെല്ലാം ഹാപ്പി ആണോ?

ചിരിക്കുന്നവരെല്ലാം ഹാപ്പി ആണോ?

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry & Roldants Behaviour Studio, Cochin

എന്‍റെ ഉറ്റ ചങ്ങാതികളിലൊരാളാണ് പരസ്യചിത്ര സംവിധായകനായ സന്തോഷ് ദേവ. കാസര്‍കോട് സ്വദേശിയായ ടിയാന്‍ കുസാറ്റ് ക്യാംപസിനടുത്ത് നടത്തപ്പെടുന്ന ഒരു കോഫിഷോപ്പിന്‍റെ പാര്‍ട്ണറുമാണ്. കണ്‍സള്‍ട്ടേഷന്‍ തിരക്കിനു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്ന വഴി ഞാനവിടെ കയറി. പൊതുവെ ഊര്‍ജ്ജസ്വലനും രസികനുമായ സന്തോഷ് അല്പം മൂഡ് ഓഫ് ആയി ഇരിക്കുന്നതുപോലെ തോന്നിയതിന്‍റെ കാരണം അന്വേഷിച്ച ഞാന്‍ കേട്ട കാര്യം എന്നെ ഞെട്ടിച്ചു കളഞ്ഞു. കേട്ടതു വിശ്വസിക്കാനാകാത്തതുപോലെ അമ്പരന്നിരുന്ന എന്നോട് അസ്വസ്ഥതയോടെ സന്തോഷ് പറഞ്ഞു, "നമ്മുടെ സുഹൃത്തില്ലേ… അവന്‍ പോയി. ഉറ്റ സുഹൃക്കളൊരുപാട് പേരുണ്ടായിട്ടും ഒരാള്‍ക്കും ഒരു സൂചനയം നല്കാതെ സ്വയമങ്ങില്ലാതാവുക. എന്തു പ്രശ്നമാണെങ്കിലും മരിക്കേണ്ടിയിരുന്നില്ലല്ലോ… പരിഹാരമില്ലാത്ത എന്തു പ്രശ്നമാണുള്ളത്?" അമര്‍ഷവും സങ്കടവും ഇടകലര്‍ന്ന വാക്കുകള്‍.

എനിക്കും പരിചിതനായ വ്യക്തിയാണ്. കാര്യങ്ങള്‍ വ്യക്തമാക്കാതെ, വ്യക്തമല്ലാത്ത ഇരുട്ട് തേടി വെളിച്ചമെടുക്കാതെ പോയത്. കലാകാരന്‍, സരസന്‍, സൗമ്യന്‍, സദാ പ്രസന്നമായ മുഖം, ആര്, എന്ത് സഹായം ചോദിച്ചാലും മടികൂടാതെ സഹായിക്കുന്നവന്‍, സൗഹൃദവലയങ്ങളുടെ കെട്ടുറപ്പുണ്ടായിരുന്നവന്‍, ചിന്തിച്ചിരുന്നവന്‍, എഴുത്തും വായനയം ക്രിയാത്മകതയും നന്മയും ഇടകലര്‍ന്ന ശ്രേഷ്ഠ വ്യക്തിത്വം. എന്തുകൊണ്ടും നല്ല ചിത്രം…. എന്നിട്ടും എന്തേ ക്ലൈമാക്സ് തകര്‍ന്നത്? അറിയില്ല, ആര്‍ക്കും… കാരണം, ആരോടും തുറക്കാത്ത ഉള്ളം നിനച്ചിരുന്നതെന്തെന്ന് ആരറിയാന്‍!! ലോകത്തിന് വെളിച്ചമാകേണ്ടിയിരുന്നവന്‍ ആരോടും ഒന്നുമുരിയാടാതെ മെയിന്‍സ്വിച്ച് ഓഫ് ചെയ്തു… സ്വയം നിത്യമായ ഇരുട്ടിലായി… വേണ്ടപ്പെട്ടവര്‍ കണ്ണീരിലും.

സോഷ്യല്‍ മീഡിയായില്‍ സജീവമായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗവാര്‍ത്തയ്ക്കു കീഴെ കണ്ണീരില്‍ കുതിര്‍ന്ന ഒരുപാട് യാത്രാമൊഴികള്‍ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. "വേണ്ടിയിരുന്നില്ല സ്നേഹിതാ, വേണ്ടിയിരുന്നില്ല. പ്രതിസന്ധിഘട്ടത്തില്‍ എന്‍റെ മരണക്കയത്തില്‍ നിന്നും രക്ഷിച്ച നീ തന്നെയോ സ്വയം ആ കയത്തിലേയ്ക്ക് യാത്രയായത്." പൊട്ടിത്തെറിച്ചവരുമുണ്ടായിരുന്നു. സ്നേഹമില്ലാത്തവനാടാ നീ… നിന്‍റെ കൂടെ സദാ നടന്നിരുന്ന ഞാന്‍ അറിഞ്ഞാല്‍ നിനക്കു കുറവ് ഫീലു ചെയ്യുന്ന എന്തു പ്രശ്നമായിരുന്നു നിനക്കുണ്ടായിരുന്നത്. ഒന്നു പറയാമായിരുന്നില്ലേടാ നിന്‍റെ വിഷമങ്ങള്‍. പങ്കുവച്ചാല്‍, ഒരുമിച്ച് ശ്രമിച്ചാല്‍ തീരാവുന്നതല്ലേയുള്ളൂ ഏതു പ്രശ്നവും?" ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഹൃദയഭേദകമായ വാക്കുകള്‍.

വിഷാദരോഗത്തിന്‍റെ പ്രതിഫലനമായി ആത്മഹത്യാ പ്രവണത കാത്തിരിക്കുന്നയാളെ മരണതാല്പര്യം പുലര്‍ത്തുന്ന അയാളുടെ വാക്കുകളുടെയും എഴുത്തുകുത്തുകളുടെയും സംസാരത്തിന്‍റെയും സൂചനകളിലൂടെ കണ്ടുപിടിക്കാനും സഹായിക്കാനുമാകും… ഒരു പരിധി വരെ പക്ഷേ, പുറമെ യാതൊരു സൂചനയും നല്കാതെ ചിരിച്ചു കളിച്ച് നടന്ന് 'ദേ ഞാനിപ്പോ വരാട്ടോ' എന്ന മട്ടില്‍ മുങ്ങി, ജീവിതം അവസാനിപ്പിക്കുന്നവരുണ്ട്. ഹൃദയം പറിച്ചു നല്കിയിരുന്ന ആ ആത്മാര്‍ത്ഥ സുഹൃത്തുക്കളോടു പോലും ഹൃദയം തുറന്നു സംസാരിക്കാന്‍ മെനക്കെടാതെ 'കണ്ണടച്ചിരുട്ടാക്കിയാല്‍ എല്ലാം ശുഭമാകും' എന്ന മട്ടില്‍ ഒരൊറ്റപ്പോക്ക്. തങ്ങളുടെ മനസ്സിനെയും ചിന്തകളെയും പൂപ്പല്‍ ബാധിച്ചതറിയാതെ, താന്‍ ചെയ്യുന്നതാണ് ഏറ്റം ശരി എന്ന ധാരണയില്‍, വൈറസ് കയറിയ കംപ്യൂട്ടര്‍ പോലെ 'ഹാങാ'വാന്‍ സ്വയമങ്ങ് തീരുമാനിക്കുക. ലോകം തന്‍റെ പ്രവര്‍ത്തിയെ വാഴ്ത്തും, അംഗീകരിക്കും എന്നു വിചാരിച്ചാണിതൊക്കെയെങ്കില്‍ തെറ്റി. സ്വയം യാത്രയാവാന്‍ എന്തു ഫിലോസഫി എഴുതിവച്ചാലും തോറ്റവനും ഒളിച്ചോടിയവനുമായിട്ടേ അന്നുവരെ സ്നേഹിച്ചിരുന്നവരും ബഹുമാനിച്ചിരുന്നവരും കരുതൂ. ഈ സ്നേഹിതന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ചിലര്‍ ഇങ്ങനെ എഴുതി. 'ഒളിച്ചോടണമായിരുന്നോ സുഹൃത്തേ?' മനസ്സില്‍ തോന്നുന്നത് സധൈര്യം പറയാന്‍ തന്‍റേടം കാണിച്ചിരുന്ന നിങ്ങള്‍ക്കിതെന്തുപറ്റി, ഇതു വേണ്ടായിരുന്നു, ഇതല്ലല്ലോ എല്ലാത്തിനുമുള്ള പരിഹാരം? സ്നേഹിതാ, ഈ ചതി വേണ്ടിയിരുന്നില്ല. ധീരനായിരുന്ന നീ ഭീരുവിനെപ്പോലെ ഇനി അറിയപ്പെടില്ലേ, തുറന്നു പറയാമായിരുന്നില്ലേ, ഒരിക്കലെങ്കിലും…

പോയവന്‍ പോയി. പറഞ്ഞിട്ടൊരു കാര്യവുമില്ല. ജീവിച്ചിരിക്കുന്നവരുടെ മനസ്സില്‍ നിത്യമുറിവുകള്‍ സമ്മാനിച്ചിട്ട് നിത്യനിശബ്ദതയിലേയ്ക്കു പോയവര്‍ക്കുവേണ്ടിയല്ല ഞാന്‍ തൂലികയെടുത്തതും. ഏതൊക്കെയോ വ്യക്തവും അവ്യക്തവുമായ കാരണങ്ങളാല്‍ ജീവിതത്തോടു ടാറ്റാ പറയാന്‍ അവസരം കാത്തിരിക്കുന്നവരുടെ മനസ്സില്‍ തെളിച്ചമുണ്ടാണ്ടാകാനാണീ കുറിപ്പുകള്‍. അവര്‍ തിരിച്ചറിയേണ്ട സത്യമിതാണ്. "സന്തോഷം പങ്കുവെച്ചാല്‍ കൂടും, ദുഃഖം പങ്കുവച്ചാല്‍ കുറയും." ഫെയ്സ്ബുക്ക് സൗഹൃദങ്ങള്‍ 5000 ഉണ്ടെന്നു വീമ്പിളക്കുന്ന മിക്കവര്‍ക്കും ലൈക്കിനും പോക്ക്-നും കമന്‍റുകള്‍ക്കുമിടയില്‍ ഹൃദയം തുറന്നു സംസാരിക്കാന്‍ ഒരാള്‍ പോലുമില്ല എന്നത് തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യവുമാണ്. പക്ഷേ, 'ആള്‍ക്കൂട്ടത്തില്‍ എനിക്ക് ആരുമില്ല' എന്ന ചിന്തകള്‍ വെറും തോന്നല്‍ മാത്രമാണ്. നമ്മെ സ്നേഹിക്കുന്ന ഒരുപാട് വ്യക്തികളാല്‍ ചുറ്റപ്പെട്ടതാണ് നമ്മുടെ ജീവിതം. പക്ഷേ, നിങ്ങളുടെ ഉള്ളം നീറ്റിക്കുന്ന നൊമ്പരങ്ങള്‍ തുറന്നു പറയാതെ കണ്ടെത്താന്‍ മറ്റുള്ളവര്‍ക്കെങ്ങനെ സാധിക്കും. 'ഞാന്‍ പറയാതെ തന്നെ മറ്റുള്ളവര്‍ എന്‍റെ വിഷമങ്ങള്‍ കണ്ടെത്തി എന്നെ ആശ്വസിപ്പിക്കണം' എന്ന പിടിവാശി സങ്കടപ്പെടുന്നവരുടെ ഒരു പൊതു സ്വഭാവമാണ്. വെറുതെ നില്‍ക്കുന്ന നിങ്ങളുടെ മുമ്പിലേയ്ക്ക് നിങ്ങളെ രക്ഷിക്കാനെന്നവണ്ണം വന്നു സംസാരിക്കുന്നത് ലോട്ടറി ടിക്കറ്റുകാരന്‍ മാത്രമായിരിക്കും. അവനവനെ രക്ഷിക്കാന്‍, സഹായിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് അവനവന്‍ തന്നെയാണ്. കാരണം, അവനേ അറിയൂ, അവന്‍റെ യഥാര്‍ത്ഥ അവസ്ഥ. 'ഏയ് ഓട്ടോ' എന്നു വിളിച്ചാല്‍ ഓട്ടോ വരുന്നതുപോലെ, കൈനീട്ടിയാല്‍ ബസ് നിര്‍ത്തുന്നതുപോലെ നിങ്ങള്‍ ഒന്നു മനസ്സുതുറന്ന് നിസ്സഹായത വെളിപ്പെടുത്തിയാല്‍ സഹായഹസ്തങ്ങളുമായി അനേകര്‍ ഓടിയെത്തും. വിളിച്ചാല്‍ വരാത്ത ഓട്ടോയും നിര്‍ത്താതെ പോകുന്ന ബസുകളുമുണ്ടാകാം. ഒരു വണ്ടിക്ക് കൈകാണിച്ചിട്ട് നിര്‍ത്തിയില്ലെങ്കില്‍ അടുത്ത വണ്ടിക്ക് കൈകാണിക്കൂ, അത്രതന്നെ. ആവശ്യക്കാരന് എന്തിന് ഔചിത്യം?

തിന്നാനും കുടിക്കാനും ചാടാനും ഓടാനും ബഹളം വയ്ക്കാനും കുത്തിമറിയാനും കൂടെ നില്‍ക്കുന്ന കൂട്ടുകാരനോട് കൂട്ടുകാരിയോട് വ്യക്തിപരമായ അവന്‍റെ അവളുടെ വിശേഷങ്ങള്‍ ചോദിക്കുന്നവരെത്രയുണ്ട്? 'ഹായ്, ഹൂയ്' ഡയലോഗുകള്‍ക്കപ്പുറം 'നിനക്ക് സുഖമാണോ' എന്ന ആത്മാര്‍ത്ഥത നിറഞ്ഞ ഒരു ചോദ്യമെങ്കിലും നമുക്കു ചോദിക്കാനായാല്‍ പുറമെ ചിരിച്ചുല്ലസിച്ചു നടക്കുന്ന നിങ്ങളുടെ സുഹൃത്ത് ചിരിക്കു പിന്നില്‍ സമര്‍ത്ഥമായി ഒളിപ്പിച്ച മനസ്സിന്‍റെ തേങ്ങലുകള്‍ നിങ്ങളോടു പങ്കുവയ്ക്കും. കേള്‍ക്കാന്‍ നിങ്ങള്‍ മനസ്സു കാണിക്കുന്നില്ലെങ്കില്‍ നിങ്ങളൊരു സുഹൃത്തല്ല, വെറുമൊരു പരിചയക്കാരനും വഴിപോക്കനുമാണ്. കണ്ണീരു മറയ്ക്കാനായിട്ടുള്ള ഏറ്റം നല്ല വിദ്യയാണ് പൊട്ടിച്ചിരികളും ബഹളം നിറഞ്ഞ ഇടപെടലുകളുമൊക്കെ, ചിരിക്കുന്നവരും ചിരിപ്പിക്കുന്നവരുമെല്ലാം 'ഹാപ്പി'യായിരിക്കണമെന്നില്ല. പക്ഷേ, തന്‍റെ സുഹൃത്തുക്കളോട് തുറന്നു പറഞ്ഞാല്‍ അവര്‍ക്ക് തന്നെക്കുറിച്ചുള്ള ധാരണയിലും മനോഭാവത്തിലും മാറ്റം വരുമോ എന്ന് ശങ്കിച്ച് സ്വവിഷമങ്ങള്‍ പങ്കുവയ്ക്കാതെ അബദ്ധങ്ങളിലും പരാജയങ്ങളിലും സങ്കടങ്ങളിലും ജീവിതം ഹോമിക്കുന്നവരുണ്ട്. "മഴയത്തു നടക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. ഹൃദയം പൊട്ടി ഞാന്‍ കരയുന്നത് ആരും കാണി ല്ലല്ലോ" എന്നു പറഞ്ഞ വിഖ്യാത ഹാസ്യസാമ്രാട്ട് ചാര്‍ളിചാപ്ലിന്‍റെ വാക്കുകളിലും അത് വ്യക്തം.

അറിയേണ്ട ചില ആളുകളെങ്കിലും നിങ്ങളുടെ വേദനകള്‍ അറിഞ്ഞോട്ടെ കൂട്ടരേ,… ദുരഭിമാനം നമുക്കു വെടിയാം. എല്ലാവര്‍ക്കും സ്വകാര്യ സങ്കടങ്ങളുണ്ട്. അതു പങ്കുവച്ച് പരിഹരിക്കാനാണീ സമൂഹം, ലോകം. പുറത്താരോടും പറയാനാവില്ലെങ്കില്‍ നല്ലൊരു മനഃശാസ്ത്രജ്ഞനെയോ കൗണ്‍സിലറെയോ കണ്ട് മനസ്സ് സ്വസ്ഥമാക്കുക എന്നത് നിങ്ങളുടെ ആവശ്യമാണ്. അവകാശമാണ്. മാനസികക്ലേശങ്ങളും വിഷാദാവസ്ഥയും താന്‍ നേരിട്ടിട്ടുണ്ടെന്നും 'ഹാപ്പി ന്യൂ ഇയര്‍' എന്ന സിനിമ പൂര്‍ത്തിയാക്കിയത് ഒരു മനഃശാസ്ത്ര വിദഗ്ദ്ധന്‍റെ സഹായത്തോടു കൂടിയാണെന്നും പനി വരുമ്പോള്‍ ചികിത്സ എടുക്കുക എന്നതുപോലെ ഇതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല" എന്നും ധീരമായി തുറന്നു പറഞ്ഞ പ്രശസ്ത ബോളിവുഡ് അഭിനേത്രി ദീപിക പദുക്കോണ്‍ സങ്കടം മറച്ചുവെച്ച് എരിഞ്ഞില്ലാതാകുന്നവര്‍ക്ക് ഒരു പ്രചോദനമായിരുന്നെങ്കില്‍!! എല്ലാ വഴികളുമടഞ്ഞുവെന്ന് തോന്നിയാലും പ്രത്യാശയോടെ കാത്തിരിക്കുക. പുതുവഴികള്‍ നിങ്ങള്‍ക്കായി താനേ തുറക്കപ്പെടും. തീര്‍ച്ച. സൃഷ്ടിച്ചവന്‍ തിരിച്ചു വിളിക്കുവോളം നമുക്കീ ലോകത്തെ സ്നേഹിക്കാം…. അന്തസ്സായി ജീവിച്ച് കണിച്ചു കൊടുക്കാം.. ശുഭാശംസകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org