ഔഷധ​ഗുണങ്ങൾ നിറഞ്ഞ ചിറ്റരത്ത

ഔഷധ​ഗുണങ്ങൾ നിറഞ്ഞ ചിറ്റരത്ത

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത.

ഔഷധനിര്‍മ്മാണത്തിനു വേണ്ടി ധാരാളം ശേഖരിക്കുന്ന മരുന്നുകളിലൊന്നാണ് ചിറ്റരത്ത. വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദം. ചിറ്റരത്തയുടെ ഭൂകാണ്ഢമാണ് ഔഷധയോഗ്യമായ ഭാഗം.

ബാലചികിത്സാരംഗത്ത്, നീര്‍വീഴ്ച, ചുമ, കഫകെട്ട് മൂലമുള്ള നെഞ്ചുവേദന എന്നിവയുടെ ചികിത്സയില്‍ രാസ്നാദി ചൂര്‍ണ്ണം, തേനില്‍ ചാലിച്ച് വൈദ്യവിധിപ്രകാരം ഉപയോഗിക്കാവുന്നതാണ്.

ചിറ്റരത്തയിലെ രാസഘടകങ്ങള്‍ കാംഫറൈഡ്, ഗലാന്‍ ഗിന്‍, ആല്‍പിനിന്‍ എന്നീ മൂന്ന് രാസതത്ത്വങ്ങളും കേന്ദ്രത്തില്‍ ബാഷ്പീകരണസ്വഭാവമുള്ള ഒരു തൈലവും ഉണ്ട്. തൈലത്തിന്‍റെ നിറം ഇളംമഞ്ഞയാണ്. ഈ തൈലത്തില്‍ 48 ശതമാനം മീഥൈല്‍ സിന്നമേറ്റ്, 20-30% സിനിയോള്‍, കര്‍പ്പൂരം, ഡി-പൈനിന്‍ ഇവ അടങ്ങിയിട്ടുണ്ട്.

നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ ചിറ്റരത്ത നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ നട്ടുവളര്‍ത്താം. നൈസര്‍ഗ്ഗികമായി ചിറ്റരത്ത ചതുപ്പു പ്രദേശങ്ങളില്‍ വളര്‍ന്നു കാണുന്നു. സാധാരണ ഔഷധികളില്‍ നിന്ന് വ്യത്യസ്തമായ ഇഷ്ടാനിഷ്ടങ്ങളുള്ള ഔഷധസസ്യമാണ് ചിറ്റരത്ത.

ഒരു ചുവട്ടില്‍ തന്നെ വളരെയധികം ചിനപ്പുകള്‍ പൊട്ടി കൂട്ടമായി വളരുന്ന സ്വഭാവമുള്ള സസ്യമാണിത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇവ നടാന്‍ പറ്റിയ സമയമാണ്. തയ്യാറാക്കിയ കൃഷിസ്ഥലത്ത് തടങ്ങളില്‍ ഇതിന്‍റെ പ്രകന്ദങ്ങള്‍ അടിവളം – ചേര്‍ത്ത് നടാം. (ഭൂകാണ്ഡത്തിന്‍റെ കഷണങ്ങള്‍ – വിത്തായി ഉപയോഗിക്കാം.) നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് നടാം. നട്ടശേഷം പുതയിടല്‍ – നടത്തണം. തുടര്‍ന്നുള്ള കാലങ്ങളില്‍- കളയെടുപ്പ് നടത്തി വളപ്രയോഗം നടത്തണം. പ്രകന്ദത്തിനും ഇതിന്‍റെ ഇലയ്ക്കും ചെറിയ തോതില്‍ സുഗന്ധമുണ്ട്. ഇതിന്‍റെ പൂക്കള്‍ അല്പം പച്ചകലര്‍ന്ന വെള്ളനിറത്തോടുകൂടിയതാണ്. നട്ട് പതിനെട്ട് മാസം പിന്നിട്ടാല്‍ മരുന്നിനായി പ്രകന്ദങ്ങള്‍ വിളവെടുക്കാം. തുടര്‍ന്ന് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുന്നു.

ഒട്ടനവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ ചിറ്റരത്തക്ക് നമ്മുടെ കൃഷിയിടത്തില്‍ കൂടി സ്ഥാനം നല്കുവാന്‍ എല്ലാ കര്‍ഷകരും ശ്രമിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org