ചൂടാവല്ലേ, ചുട്ടുപഴുക്കല്ലേ

ചൂടാവല്ലേ, ചുട്ടുപഴുക്കല്ലേ

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry
& Roldants Behaviour Studio, Cochin

"ഇതിപ്പോ മൂന്നാമത്തെ iPhone ആണ് എറിഞ്ഞുപൊട്ടിക്കുന്നത്. ഫോണ്‍ എടുത്തു വലിച്ചെറിഞ്ഞു, കലിയടങ്ങാതെ നിലത്തുനിന്ന് അതേ ഫോണ്‍ എടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. വീണ്ടും അതെടുത്ത് എറിഞ്ഞു. അങ്ങനെ അത് തവിടുപൊടിയായപ്പോഴാണ് ചേട്ടന്‍റെ ദേഷ്യം ഒന്നടങ്ങിയത്. ദേഷ്യാനന്തര അനുഭവങ്ങള്‍ അയവിറക്കിയ സത്താറിന്‍റെ ഭാര്യ സഹല(പേരുകള്‍ വ്യാ ജം)യോടു ഞാന്‍ ചോദിച്ചു: "എത്ര നേരമെടുത്തു ഈ പ്രകടനത്തിനു മൊത്തത്തില്‍." "ഓ അത് എല്ലാം കൂടെ ഒരു 10-15 മിനിറ്റ്…. ഫോണ്‍ പൊട്ടിച്ചിതറി കഥാവശേഷമായപ്പോള്‍ തന്നെ ഇക്കേടെ ദേഷ്യം പോയി." സാമ്പത്തിക ശാസ്ത്രത്തിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് ഞാന്‍ ചോദ്യം തുടര്‍ന്നു. "നാളിതുവരെ പൊട്ടിച്ച സാധനങ്ങളുടെ എല്ലാം വില കൂട്ടിയാല്‍ എത്ര വരും?" ചോദ്യം കേട്ട് ചിരിക്കണോ, കരയണോ എന്ന കണ്‍ഫ്യൂഷനിലായിപ്പോയി. എങ്കിലും സഹല പറഞ്ഞു: "കറക്ട് കണക്ക് എനിക്ക് പറയാന്‍ പറ്റുമോന്നറിയില്ല സാര്‍; പൊട്ടിച്ച സാധനങ്ങള്‍ പറയാം. മൂന്ന് ഐഫോണ്‍, ഒരു ലാപ്ടോപ്പ്, ഒരു അയേണ്‍ ബോക്സ്, 18 ഗ്ലാസ്സ്, 11 പ്ലെയിറ്റ്, പിന്നെ ഒരു എല്‍.ഇ.ഡി. ടിവിയും ഐ ഫോണും, ലാപ് ടോപ്പും. കൂട്ടിയാല്‍ ലക്ഷങ്ങള്‍ പോയിട്ടുണ്ട്. നിസ്സഹായതയും നിര്‍വികാരതയും ഓളംവെട്ടുന്ന മുഖത്തോടെ സഹല ചോദിച്ചു: "ഇതിനെന്താപ്പോ ചെയ്യുക സാര്‍. ഈ ദേഷ്യം മാറാന്‍ ഗുളികയോ കുത്തിവെയ്പോ എന്തെങ്കിലുമുണ്ടോ? കാശെത്ര ചെലവായാലും ഇക്കയുടെ ഈ സ്വഭാവം ഒന്നു മാറികിട്ടണം. ഈ രീതിയില്‍ ഈ ആളുടെ കൂടെ പൊറുക്കാന്‍ പറ്റൂല്ല. വന്നുവന്ന് ഒട്ടും ദേഷ്യമില്ലാതിരുന്ന എനിക്കും പെട്ടെന്ന് ദേഷ്യം വരാന്‍ തുടങ്ങി. എന്‍റെ സ്വഭാവം മാറിപ്പോകുന്നതുപോലെ. ഇതിങ്ങനെ പോയാല്‍ ഞങ്ങളുടെ കുടുംബം തകരും. മക്കള്‍ക്കൊന്നും ഒരു സന്തോഷവുമില്ല. വീട്ടിലെ സീന്‍സ് എല്ലാം കണ്ട് വളര്‍ന്നാല്‍ വലുതാകുമ്പോള്‍ ഞങ്ങളുടെ മക്കളുടെ സ്വഭാവവും ഇങ്ങനെയാവില്ലേ? ഓര്‍ക്കുമ്പോഴേ പേടിയാവുന്നു." സഹല തുടര്‍ന്നുകൊണ്ടേയിരുന്നു.

പൊടിപ്പും തൊങ്ങലുമില്ലാതെ
ദേഷ്യം പേമാരിയായി പെയ്തിറങ്ങുന്ന കുടുംബാന്തരീക്ഷത്തിന്‍റെ 'പൊടിപ്പും തൊങ്ങലു'മില്ലാത്ത വിവരണമാണ് നിങ്ങള്‍ കേട്ടുകൊണ്ടിരുന്നത്. തത്സമയ സംപ്രേക്ഷണമല്ലായിരുന്നുവെന്നുമാത്രം. Live show പോലെ, കേട്ടിരിക്കുന്നവര്‍ക്കും ഇപ്പോള്‍, വായിക്കുന്നവര്‍ക്കും തോന്നാം. Live ആയിട്ടുള്ള അനുഭവങ്ങളുള്ളവര്‍ അത് പങ്കുവയ്ക്കുന്ന സമയത്ത് അവര്‍ പറയുന്ന കാര്യങ്ങളിലൂടെ മനസ്സു സഞ്ചരിച്ച് Relive അഥവാ വീണ്ടും അതേ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന അവസ്ഥ അവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഉണ്ടാകും. അതുകൊണ്ടുതന്നെ കാര്യത്തിന്‍റെ ഗൗരവം മനസ്സിലായി കാണുമല്ലോ അല്ലേ.

കൈവിട്ടുപോയതിന്‍റെ കണക്കെടുപ്പുകള്‍
ചിലരെങ്കിലും മേല്‍പറഞ്ഞ കണക്കെടുപ്പ് വായിച്ച് താന്‍ പൊട്ടിച്ച ചട്ടിവട്ടികളുടെയും, എറിഞ്ഞുടച്ച മൊബൈല്‍ ഫോണിന്‍റെയും ഗ്ലാസിന്‍റെയും പ്ലേറ്റിന്‍റെയുമൊക്കെ ഓര്‍മ്മകളില്‍ അയവെട്ടിയിട്ടുണ്ടാകും. ചിലര്‍ക്കൊക്കെ ആത്മപുച്ഛവും ദീര്‍ഘശ്വാസവും വന്നിട്ടുമുണ്ടാകും. മറ്റു ചിലര്‍ക്ക് 'ശ്ശോ', 'ശ്ശെ', 'ഹും' ശബ്ദങ്ങളായിരിക്കും ഉള്ളില്‍നിന്ന് പുറത്തോട്ടു തള്ളിയത്. ചിലര്‍ ആകെ നിരാശയിലാണ്. "ആഗ്രഹമില്ലാഞ്ഞിട്ടല്ല, പക്ഷേ, time ആണ് സാര്‍ time, ആ നേരത്ത് ഒരു ഫിലോസഫിയും സൈക്കോളജിയും വരില്ല. ആ time അങ്ങ്ട് കഴിഞ്ഞാല്‍ പിന്നെ ഫുള്‍ ഐഡിയാസാണ് എങ്ങനെ ദേഷ്യപ്പെടാതിരിക്കാം എന്ന്. But അപ്പോഴേയ്ക്കും എല്ലാം കൈവിട്ടുപോയിട്ടുണ്ടാകും.

Mr കലിയും Ms കലിയും പകര്‍ന്നാടുമ്പോള്‍
ദേഷ്യവും എടുത്തുചാട്ടവും ബുദ്ധിമുട്ടിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇത് എവിടെനിന്നു വന്നു എന്നുള്ളതാണ്. ആരുടെ സ്വഭാവമാണ് തന്നെ പിടിച്ചുലയ്ക്കുന്നത്, grand parentsന്‍റെയാണോ parents ന്‍റെയാണോ, അതോ മറ്റുവല്ലവരുടേതുമാണോ? ആരുടെയാണെങ്കിലും എടുത്തുചാടുന്നവരും പൊട്ടിത്തെറിക്കുന്നവരും തെറ്റിദ്ധരിക്കപ്പെടും എന്നതുറപ്പാണ്. On the spot കലിതുള്ളി പറഞ്ഞു 'ശീല'മായിപ്പോയ ചില 'അതിദ്രുത ദേഷ്യ' 'അസുഖ'ക്കാരുമുണ്ട്. കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും 'ഠൊ' 'ര്‍ര്‍റോ' aproach ആണ് അവരുടെ മുഖമുദ്ര. ഉള്ളില്‍ ശുദ്ധരും പാവങ്ങളുമൊക്കെയാണീ കൂട്ടര്‍ എങ്കിലും വൈകാരിക പക്വതയില്ലാത്തതിനാല്‍ നാക്കു നീട്ടാവുന്ന അത്ര നീട്ടുകയും, വളയ്ക്കാവുന്ന അത്ര വളയ്ക്കുകയും ചെയ്ത് ബന്ധങ്ങള്‍ നശിപ്പിക്കാവുന്ന അത്ര നശിപ്പിക്കുന്നതിലും തകര്‍ക്കുന്നതിലും ഒരു പ്രത്യേക ജന്മവാസനതന്നെ ഉണ്ടിവര്‍ക്ക്. ഉള്ളിലെ നന്മ ഇടയ്ക്ക് പൂര്‍ണ്ണചന്ദ്രനെപ്പോലെ തെളിഞ്ഞങ്ങുവരാന്‍ തുടങ്ങുമ്പോള്‍ തന്നെ മധ്യവേനല്‍ക്കാലത്തെ നട്ടുച്ചസൂര്യനെപ്പോലെ 500 ചൂടില്‍ 'കലി' പുറത്തുചാടും. പിന്നെ അങ്കക്കലി മൂലം ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റാത്ത അവസ്ഥയിലാകും ഇക്കൂട്ടര്‍. പറയുന്നതും ചെയ്യുന്നതും ഒക്കെ അറിയാമെങ്കിലും 'കലി' ഉള്ളില്‍ പകര്‍ന്നാട്ടം നടത്തുന്നതിനാല്‍ എന്തെങ്കിലുമൊക്കെ സംസാരിച്ചിട്ടേ Mr കലി / Ms കലി അടങ്ങൂ. (Ref. ആദ്യം സൂചിപ്പിച്ച പൊട്ടിക്കപ്പെട്ട, സംഹരിക്കപ്പെട്ട വസ്തുക്കള്‍)

ഉള്ളിലെ ഭീരു, പുറത്തെ അഹങ്കാരി
ചിലരില്‍ മാറ്റം വരുത്തേണ്ടത്, 'എനിക്കിത്തിരി ദേഷ്യം ഉള്ള ആളാണ്, അത് എല്ലാവരും അംഗീകരിച്ചോണം, അതിനനുസരിച്ച് നിന്നാല്‍ എല്ലാവര്‍ക്കും കൊള്ളാം' എന്നൊക്കെയുള്ള അഹങ്കാര മനോഭാവമാണ്. ഇത് ഉള്ളില്‍ ഭീരുവായ ഒരുവന്‍റെ defence mechanism കൂടിയാണ്. മാറ്റണം ഈ ചിന്തകള്‍. നിങ്ങളെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ നിങ്ങള്‍ മരിക്കാതിരിക്കാന്‍ അവ മാറ്റിയാല്‍ കൊള്ളാം. ദേഷ്യപ്പെടുന്ന തന്‍റെ സ്വഭാവത്തെ ഓര്‍ത്ത് ദേഷ്യപ്പെടുന്ന ആളുകളുമുണ്ട്. താനിങ്ങനെ ആയിപ്പോയല്ലോ എന്ന് പരിതപിക്കുന്നവരും ഉണ്ട്. സ്വന്തം ശരീരം വിറച്ചുതുള്ളി, ദേഷ്യത്തിന്‍റെ ഫലമായി തളര്‍ന്നു വീഴുന്നവരും ഉണ്ട്. എല്ലാവര്‍ക്കും മാറാനാകും, മനസ്സുണ്ടെങ്കില്‍. ആധുനിക മനഃശാസ്ത്രം Anger Management, Anger Therapy തുടങ്ങിയ പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍, ദേഷ്യത്തെയും അതിനെത്തുടര്‍ന്നുള്ള എടുത്തു ചാട്ടത്തെയും നിയന്ത്രിക്കാനായി സമൂഹത്തിന് നല്കുന്നത് പ്രയോജനപ്പെടുത്തിയെടുത്താല്‍ ആര്‍ക്കും അതിജീവിക്കാനാകും ഈ ദ്രുത ദേഷ്യത്തെ.

Reaction വേണ്ട Respond ചെയ്യാം
ഏതെങ്കിലും രോഗാവസ്ഥയിലുള്ളവര്‍ irritated ആയിരിക്കും. നിരാശയുള്ളവരും, അപമാനിക്കപ്പെട്ടവരും, പരാജയപ്പെട്ടവരും, അവഹേളിക്കപ്പെട്ടവരും, ഒഴിവാക്കപ്പെട്ടവരുമെല്ലാം അസ്വസ്ഥരായിരിക്കും. തൊട്ടാല്‍ പൊട്ടിത്തെറിക്കും അവര്‍. ഒരു തരം ventilation. ദേഷ്യത്തെയല്ല, ദേഷ്യം വരുത്തുന്ന കാരണങ്ങളെ കണ്ടെത്തി പരിഹരിക്കണമെന്നു സാരം. സ്വയം സാധിക്കുന്നില്ലെങ്കില്‍ മനഃശാസ്ത്ര സഹായം തേടിയാല്‍ ഉടനടി പരിഹാരം ഉറപ്പ്. React ചെയ്യാതെ respondചെയ്യുന്ന ശൈലിയും ശീലിക്കണം. എന്തും ഞാന്‍ മുഖത്തുനോക്കി തുറന്നടിച്ചു പറയും എന്നതാണ് reactive style മറുഭാഗത്തുള്ളവരും അതിനനുസരിച്ച് പെരുമാറുമ്പോള്‍ രംഗം വഷളാകും. സാഹചര്യം മനസ്സിലാക്കി, നമുക്ക് അതിലുണ്ടായ ബുദ്ധിമുട്ട് ശാന്തത കൈവിടാതെ, മാന്യമായി സംസാരിക്കുന്ന രീതിയില്‍ response style സ്വീകരിച്ചാല്‍ത്തന്നെ നമ്മുടെ പ്രവൃത്തികള്‍ പക്വമാകും. ജീവിതം സുന്ദരമാകും.

Mob : 9744075722
vipinroldant@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org