Latest News
|^| Home -> Suppliments -> ULife -> ‘മനുഷ്യന്‍െറ മുഖവും ദൈവത്തിന്‍റെ കാരുണ്യവുമുള്ള ദൈവമനുഷ്യന്‍’: ക്രിസ്ത്യാനി

‘മനുഷ്യന്‍െറ മുഖവും ദൈവത്തിന്‍റെ കാരുണ്യവുമുള്ള ദൈവമനുഷ്യന്‍’: ക്രിസ്ത്യാനി

Sathyadeepam

ഇ.എം.ജി. ചന്ദനപ്പള്ളി

പൗരോഹിത്യത്തിന് ഇന്നും പൊതുസമൂഹത്തിലുള്ള സ്വാധീനം ചെറുതല്ല. ആയിരുന്നെങ്കില്‍ പൗരോഹിത്യ സംബന്ധിയായ നിസ്സാരവിഷയങ്ങള്‍ പോലും ചര്‍ച്ച ചെയ്യുമായിരുന്നില്ല. പിന്നെയോ ചെറുതായി പോലും ക്രൈസ്തവ പൗരോഹിത്യം കളങ്കിതമാകരുതെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു.

ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടെന്നറിയുക. പ്രതികരിക്കുന്നത് ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. ഏതു രംഗത്തും ലീഡേഴ്സിനെ ചോദ്യം ചെയ്യാന്‍ അണികള്‍ക്ക് തെല്ലും ഭയമില്ലാതായിട്ടുണ്ട്. കുടുംബത്തിലും വിദ്യാലയത്തിലും ഇത് പ്രതിഫലിക്കുമ്പോള്‍ ദേവാലയത്തിലും സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാനാവുന്നില്ല പലര്‍ക്കും.

ഒരുപക്ഷേ സാമൂഹ്യമാധ്യമ വിചാരണ അത്ര സാരമായി തോന്നുകില്ലായിരിക്കും പലര്‍ക്കും. സഭയൊന്നായി അവഹേളിക്കപ്പെടുന്നതിന്‍റെ വേദനയില്ലാത്തവര്‍ക്ക് ഉറക്കം കിട്ടിയേക്കും. ഉറങ്ങാനാകാത്ത ധാരാളം പാവങ്ങളുണ്ട്. അവരുടെ കണ്ണീരിന്‍റെ അലിവിലാകും നമ്മുടെ നിലനില്‍പു തന്നെ. പള്ളിപ്രസംഗങ്ങളും ഇടയലേഖനങ്ങളും പരസ്യാഹ്വാനങ്ങളും മറ്റും വിശ്വാസിസമൂഹം കേള്‍ക്കാറുണ്ട്. പ്രസംഗം കേള്‍ക്കുന്നവര്‍ പ്രവൃത്തി വീക്ഷിക്കുവാന്‍ നിര്‍ബന്ധപൂര്‍വ്വം ശ്രമിക്കും. ഇവയുടെ പൊരുത്തക്കേടുകള്‍ ചോദ്യം ചെയ്യാന്‍ പലരും മടികാട്ടുന്നുമില്ല. പുരോഹിതര്‍ പ്രസംഗം ശീലിച്ചവരാണ്; പൊതുവെ കേള്‍ക്കാന്‍ വിമുഖതയുള്ളവരും. തങ്ങളുടെ അഭിപ്രായം പറയാന്‍ വേദി ലഭിക്കാതെയും പറഞ്ഞാല്‍ പോലും പ്രതികരണമില്ലാതെയും വരുമ്പോള്‍ അവര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമല്ലേ. ഇവിടെയാണ് കഴുകന്‍ കണ്ണുകളുമായി വട്ടം പറക്കുന്ന ചാനലുകാരും മറ്റും റാഞ്ചിപ്പറക്കുക.

ഇപ്പോള്‍ വിരല്‍തുമ്പില്‍ വിരിയുന്ന നവമാധ്യമ ക്യാന്‍വാസുകള്‍ എത്ര സുലഭം. എന്തു പറഞ്ഞാലും രണ്ടുപക്ഷമായി ലൈക്കികളും അണ്‍ലൈക്കികളും അരങ്ങു കൊഴുപ്പിക്കുവാന്‍ റെഡി. അപ്പോള്‍ പിന്നെ വിചാരണകള്‍ തലങ്ങും വിലങ്ങും ആഘോഷമാകും. ഇവിടെ തോന്ന്യാക്ഷരങ്ങള്‍ക്കും അസഭ്യപ്രയോഗങ്ങള്‍ക്കും സെന്‍സറിംഗ് ഇല്ലല്ലോ. തെറ്റും ശരിയും നോക്കുന്നില്ല. തോന്നുന്നത് പറയാനും പ്രചരിപ്പിക്കാനും സര്‍വ്വ സ്വാതന്ത്ര്യം. പൊതുജനത്തിനും ആശയക്കുഴപ്പം. ഏതാണ് ശരിയെന്ന് നിശ്ചയമില്ല. വക്താക്കളുടെ മറുപടിയോ? ആര്‍ക്കും മനസ്സിലാകാത്ത ദൈവശാസ്ത്രത്തിന്‍റെ ഉദ്ധരണികള്‍.

ഇത്തരം വിചാരണകള്‍ സഭാ ഗാത്രത്തെ എത്രയധികം വ്രണപ്പെടുത്തുന്നു! എത്രയോ വിശുദ്ധ മനസ്സുകള്‍ വേദനിക്കുന്നു.

എന്തുകൊണ്ട് സഭാംഗങ്ങളില്‍ നിന്ന് വിമര്‍ശനമുണ്ടാകുന്നു? Pray, Pay & Obey എന്ന വിശ്വാസപ്രക്രിയ കാലഹരണപ്പെട്ടു. വൈദികര്‍/മെത്രാന്മാര്‍ പലര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല. അങ്ങിങ്ങു കേള്‍ക്കുന്ന വാര്‍ത്തകള്‍ അവര്‍ ഗൗനിക്കുന്നില്ല. ജനത്തിന്‍റെ വിശ്വാസപ്രക്രിയ Pray on conviction, Pay on
realization & Obey on reasoning എന്നായിട്ടുണ്ട്. (ഉത്തരവാദി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍) Dogmatic approach-Rationa listic approach-ന് വഴിമാറി. Dogmatic approach-Rationa listic approach എങ്ങനെ സ്വാധീനിക്കും? Rebellious പാകത്തിലാക്കും. അത്രതന്നെ. അവന്‍ അവരോടു ചോദിച്ചു, ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എങ്ങുനിന്നും കേള്‍ക്കാറില്ല.

ജനം വിമര്‍ശിച്ചു കേള്‍ക്കുന്ന ഏതാനും കാര്യങ്ങള്‍ അക്കമിട്ടു പറയട്ടെ….

1. വിശ്വാസിക്കു പെരുമാറ്റച്ചട്ടം നിഷ്ക്കര്‍ഷിക്കുന്ന ക്ലര്‍ജിക്ക് എന്താ പെരുമാറ്റച്ചട്ടം വേണ്ടേ?

2. പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഗൗരവമായി കാണുന്ന ക്യാമറക്കണ്ണുകള്‍ പലേടങ്ങളിലും സജീവമാണ്.

3. പാവങ്ങളുടെ പക്ഷം ചേരാനാഹ്വാനം ചെയ്യുന്നവര്‍ പണക്കാരുടെ തിണ്ണ നിരങ്ങരുത്. നികുതിവെട്ടിപ്പിന്‍റെയും അഴിമതിപ്പണത്തിന്‍റെയും കാണിക്കകള്‍ ഭണ്ഡാരങ്ങളില്‍ വീഴരുത്. അവ മൂലക്കല്ലുകളായ് പണിയപ്പെടുന്ന സ്ഥാപനങ്ങള്‍ വെഞ്ചെരിച്ച് ശുദ്ധി ചെയ്യരുത്.

4. എന്തോ, ധ്യാനഗുരുക്കന്മാര്‍ക്ക് ഈ പാപത്തെപ്പറ്റി പറയാന്‍ ദര്‍ശനം ലഭിക്കുന്നില്ല.

5. പെരുമാറ്റച്ചട്ടത്തെപ്പറ്റി: ദയവായി സ്വന്തക്കാരുടേതല്ലാത്ത വിവാഹം തുടങ്ങിയ ആഘോഷങ്ങളില്‍ ആഡംബരമായി മെത്രാന്മാര്‍ പങ്കെടുക്കരുത്. പട്ടം ഒഴിച്ചുള്ള കൂദാശകള്‍ പുരോഹിതര്‍ പരികര്‍മ്മം ചെയ്യട്ടെ.

6. ശവസംസ്ക്കാരത്തിലും വീട്ടുകാരുടെ ക്ഷണം സ്വീകരിച്ച് യാതൊരു വ്യക്തിബന്ധവുമില്ലാത്തവരുടെ ആഡംബരമായി മെത്രാന്മാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് നീതീകരിക്കാമോ?

7. പെരുന്നാളുകളുടെയും ആഘോഷങ്ങളുടെയും ധൂര്‍ത്ത് നിയന്ത്രിക്കാന്‍ മെത്രാന് അധികാരമില്ലേ?

8. നിര്‍മ്മാണങ്ങളിലെയും വിവാഹാഘോഷങ്ങളിലെയും ആഡംബരവും ധൂര്‍ത്തും നിയന്ത്രിക്കാന്‍ നിയമം നിര്‍മ്മിക്കുവാന്‍ സര്‍ക്കാരാലോചിക്കുന്നതെന്താകും?

9. തിരുക്കര്‍മ്മങ്ങള്‍ക്ക് ഒത്തതുപോലെ പലേടത്തും ഫീസു പിരിക്കുന്നുവെന്നുള്ള ആക്ഷേപങ്ങള്‍ മറനീക്കി പ്രചരണ വിഷയമാകുന്നു.

10. കാനോനികനിയമത്തിന്‍റെ പേരില്‍ കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കരണം നടക്കുന്നില്ല.

11. ബഹുഭൂരിപക്ഷമുള്ള അല്മായരുടെ/വനിതകളുടെ അഭിപ്രായം സഭയുടെ വിവിധസമിതികളിലും ഭരണത്തിലും പരിഗണിക്കുന്നില്ല.

12. അപ്രമാദിത്തമെന്ന വജ്രായുധത്തിന് മൂര്‍ച്ചയില്ലാതാകുന്നുവെന്ന് എന്തേ സഭാനേതൃത്വങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ല.

13. സ്ഥാപനങ്ങളിലെ സുതാര്യത പൊതുജനത്തിന് ബോധ്യപ്പെടുന്നില്ല.

14. ധ്യാനമന്ദിരങ്ങള്‍ പോലും പ്രചരണത്വരയാല്‍ മത്സരസ്ഥാപനങ്ങളായി തരം താഴുന്നു.

(ചിലയിടങ്ങളില്‍ കൈവെയ്പു പ്രാര്‍ത്ഥനയ്ക്കായി തിക്കും തിരക്കും കൂട്ടുന്ന വിശ്വാസികള്‍, വാളന്‍റിയേഴ്സിന്‍റെ കൈയിലൊതുങ്ങാതെ വരുന്നതു കാണുമ്പോള്‍ സക്രാരിയിലിരിക്കുന്ന/ജനമധ്യത്തിലൂടെ പ്രദക്ഷിണത്തിലെഴുന്നെള്ളിയ തമ്പുരാനെക്കാളും വലിയവന്‍ അവിടെയുണ്ടെന്ന തോന്നല്‍ അല്‍പവിശ്വാസികളെ ഗ്രസിക്കുന്നു.)

15. ആടുകളുടെ ചൂടുംചൂരും മണവുമറിയുന്ന ഇടയനെ പലപ്പോഴും മഷിയിട്ടുനോക്കേണ്ടി വരുന്നു.

16. സഭയ്ക്കെതിരെയുള്ള വിമര്‍ശനത്തിന്‍റെ അടിവേരുകള്‍ ചെന്നെത്തുക വൈദികനിലാവും. വൈദികരെ ചേര്‍ത്തുനിര്‍ത്താനാവാത്ത നേതൃത്വം പരാജയമാണെന്നു പറയണം.

17. അടിസ്ഥാനഘടകമായ ഇടവകയിലാണ് ശ്രദ്ധവേണ്ടത്. പക്ഷേ ന്യൂനപക്ഷമാകുന്ന രൂപതാതല സമിതികളിലാണ് നേതൃത്വം ആശവയ്ക്കുന്നത്. ആ സമിതികളില്‍ വരുന്നവരോ ഇഷ്ടക്കാരായ മൗനികളും നാമനിര്‍ദ്ദേശികളുമാകും.

18. ആഘോഷങ്ങളുടെയും സമ്മേളനങ്ങളുടെയും അതിപ്രസരം മടുപ്പാകുന്നില്ലേ.

19. സ്ഥിരം സമ്മേളനത്തൊഴിലാളി സമൂഹത്തെ സഭയും പരിരക്ഷിക്കുന്നില്ലേ?

20. മാധ്യമശ്രദ്ധയ്ക്ക് അമിത പ്രചാരം നല്‍കുന്നില്ലേ? ഹേ ഞങ്ങളുടെ സഭയോ നല്ല അച്ചടക്കമുള്ളതാ. ഇവിടെയെല്ലാം ഭദ്രമാ… ഉന്നതാധികാര സമിതികളില്‍ വിലയിരുത്തപ്പെടും. കാനോനികമാണ് അവസാനവാക്ക്. പക്ഷേ സഭാ നേതൃത്വം വളരെ പണിപ്പെട്ടാണ് പല രംഗങ്ങളും ശാന്തമാക്കുന്നത്. പ്രതീക്ഷിക്കാതെയുള്ള കല്ലെറിയലിന് കല്ലു പെറുക്കുന്നവരെ ആരും കാണുന്നില്ല. അസ്വസ്ഥതകളുടെ നെരിപ്പോടുകള്‍ നീറുന്നത് പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല. നേതൃത്വത്തിന്‍റെ ആഹ്വാനങ്ങളെ കയ്യടിച്ചു സമ്മതിക്കുന്നവര്‍ മുന്നിലുണ്ടാവും. മഹാഭൂരിപക്ഷം മുഖ്യധാരയില്‍ നിന്നകന്നിരിക്കുമെന്ന് എന്തേ ചിന്തിക്കുന്നില്ല? ഇനി കല്ലെറിയാന്‍ വരുന്നവരോട് നിങ്ങളില്‍ പാപമില്ലാത്തവന്‍ കല്ലെറിയട്ടെ എന്ന് പറയാന്‍ എത്ര പേര്‍ക്ക് ചങ്കൂറ്റമുണ്ടാകും? വേണ്ടേ വൈദികര്‍ക്കും നേതൃത്വത്തിനും ജാഗരൂകത?

emgchandanapally@gmail.com
9447722163

Leave a Comment

*
*