ക്രിസ്തുവിനെ നിഷേധിച്ച് എനിക്ക് ജീവിക്കണ്ട

ക്രിസ്തുവിനെ നിഷേധിച്ച് എനിക്ക് ജീവിക്കണ്ട

വിശുദ്ധരും രക്തസാക്ഷികളുമൊക്കെ സുനിശ്ചിതമായ തീരുമാനം ജീവിതത്തില്‍ എടുത്തിരുന്നവരാണ്. ക്രിസ്തീയത ഭ്രാന്തെന്നും വിഡ്ഢിത്തമെന്നുമൊക്കെ ചിത്രീകരിക്കപ്പെട്ടിരുന്ന നാളുകളില്‍ ക്രിസ്ത്യാനി ആയിരിക്കുന്നതില്‍ അഭിമാനിക്കുന്നു എന്ന് പറയാന്‍ അവര്‍ക്ക് ചങ്കുറപ്പുണ്ടായിരുന്നു, നിത്യംജീവിക്കേണ്ടതിന് ലോകത്തില്‍ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കണ്ട എന്നവര്‍ തീരുമാനിച്ചു. ക്രിസ്തുവിന്‍റെ മൂല്യം ജീവിതത്തില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്യുവാന്‍ അവര്‍ക്ക് സാധിച്ചത്. ലോകത്തേക്കാളും ക്രിസ്തുവിന് ജീവിതത്തില്‍ പ്രാധാന്യം കൊടുക്കാന്‍ സാധിച്ചതിനാലാണ് അപ്രകാരമുള്ള ഒരു തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്. "ക്രിസ്തുവിനെ തിരസ്കരിച്ചു കൊണ്ടുള്ള ജീവിതം ഞങ്ങള്‍ക്കു വേണ്ട" എന്നവര്‍ സുധീരം പറഞ്ഞു. വി. സിപ്രിയാന്‍റെ കാര്യം തന്നെ നമുക്ക് നോക്കാം.

കാര്‍ത്തേജിലെ മെത്രാനായിരുന്ന സിപ്രിയാനെ ഗവര്‍ണര്‍ അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന്‍റെ ചോദ്യം: "നിങ്ങള്‍ താസിയസ് സിപ്രിയാനാണോ?"

"അതേ" – എന്നു മറുപടി.

"ഞങ്ങളുടെ പരമാരാദ്ധ്യരായ ചക്രവര്‍ത്തിമാര്‍ക്കു നിങ്ങള്‍ ബലി നല്കണമെന്നു കല്പിച്ചിരിക്കുന്നു" – മജിസ് ട്രേറ്റിന്‍റെ ഉത്തരവ്.

"ഞാനതു ചെയ്യില്ല" എന്നു സിപ്രിയാന്‍.

"പുനരാലോചിക്കൂ" എന്നായി മജിസ്ട്രേറ്റ്.

"ഇതുപോലൊരു കാര്യത്തിനു പുനഃരാലോചനയുടെ ആവശ്യമില്ല" എന്നു സിപ്രിയാന്‍റെ ഉറച്ച നിലപാട്.

"നീ റോമിലെ ദൈവങ്ങളുടെ ശത്രുവായും ചക്രവര്‍ത്തിക്കെതിരായും നിലകൊള്ളുന്നു." ഗവര്‍ണര്‍ വിധിവാചകം ഉച്ചരിച്ചു: "സിപ്രിയാന്‍ വാളാല്‍ വധിക്കപ്പെടണം."

വിധി കേട്ട് സിപ്രിയാന്‍ പറഞ്ഞു: "ദൈവത്തിനു സ്തുതിയുണ്ടായിരിക്കട്ടെ." സിപ്രിയാന്‍ രക്തസാക്ഷിനിരയില്‍ സ്ഥാനം പിടിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org