ക്രിസ്തുവിന്‍റെ സമാധാനം ഞങ്ങളൊരുമിച്ച് ആശംസിച്ചെങ്കില്‍

ക്രിസ്തുവിന്‍റെ സമാധാനം ഞങ്ങളൊരുമിച്ച് ആശംസിച്ചെങ്കില്‍

വിജി ജാക്സണ്‍

വി. കുര്‍ബാനയില്‍ ഒന്നിച്ച് നിന്നു വിവാഹമെന്ന കൂദാശ സ്വീകരണവേളയില്‍ ഭൂമിയില്‍ മരണംവരെ ഒരുമിച്ചെന്ന വാഗ്ദാനവുമായി, സ്വര്‍ഗ്ഗത്തില്‍ ഇരുവരും ദൈവസ്നേഹത്തില്‍ ലയിച്ചു ചേരണമെന്ന പ്രത്യാശയുമായി മുന്നോട്ടു യാത്ര ചെയ്യുന്നവരാണ് കത്തോലിക്കാ ദമ്പതികള്‍. എപ്പോഴും എല്ലായിടത്തും ഒരുമിച്ചായിരിക്കാന്‍ വേണ്ടിയാണ് മാതാപിതാക്കളെയും വീടും എല്ലാം ഉപേക്ഷിച്ച് പുതിയ ഒരവസ്ഥയിലേക്ക് അവര്‍ പ്രവേശിക്കുന്നത്. അവര്‍ ഒരേ വീട്ടില്‍ ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ ഉറങ്ങുന്നു. ഒരു മേശയില്‍ ഒന്നിച്ച് ഭക്ഷിക്കുന്നു. ഒരുമിച്ചിരിക്കുന്നു, ഒരുമിച്ച് യാത്ര ചെയ്യുന്നു. ജീവിതം മുഴുവനും ഒരുമിച്ചുള്ള യാത്രയായി മാറുന്നു. അവരുടെ എല്ലാ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പ്രശ്നങ്ങളിലും ഒരുമിച്ച് കൈകോര്‍ത്ത് പോകാന്‍ സഭ പഠിപ്പിക്കുന്നു. മരണമല്ലാതെ അവരെ അകറ്റിനിര്‍ത്തുന്ന ഒന്നും വേറേ ഇല്ല. എങ്കിലും ദമ്പതികള്‍ അകലങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. അവരുടെ മനസ്സും ആത്മാവും ശരീരവും വളരെ അകലങ്ങളിലാണ്. ഇതിനു പല കാരണങ്ങളും ദമ്പതികള്‍ക്കു ചുറ്റുമുണ്ട്. സഭ അതെല്ലാം പഠിച്ച് ഓരോ കാലഘട്ടങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങളും തിരുത്തലുകളും വളരാന്‍ വേണ്ട എല്ലാ സഹായങ്ങളും സാധ്യമാക്കി തരുന്നുണ്ട്. പ്രത്യേകിച്ച് ഫ്രാന്‍സിസ് പാപ്പ കുടുംബ ബന്ധങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ട പഠനങ്ങളും മറ്റും സമ്മാനിച്ചതും ഒരു പ്രത്യേക ഭാഗ്യം തന്നെയാണ്. എന്നാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഒരു ചെറിയ കാര്യം. അത് വലിയ നഷ്ടം തന്നെയാണ്. ദമ്പതികള്‍ കാലാകാലങ്ങളായി അതനുഭവിക്കുന്നവരാണ്.

വിവാഹമെന്ന കൂദാശ സ്വീകരിക്കുമ്പോള്‍ ദമ്പതികള്‍ വി. കുര്‍ബാനയില്‍ ഒരുമിച്ച് നില്‍ക്കുന്നു. പിന്നീട് ജീവിതത്തിലൊരിക്കലും ഇതിനുള്ള അവസരം ആ ദമ്പതികള്‍ക്ക് ലഭിക്കുന്നില്ല.

വി. കുര്‍ബാനയാണ് അവരെ ഒരുമിച്ച് നിര്‍ത്തിയത്. അന്ന് ഒരിക്കല്‍ മാത്രം ഒരുമിച്ച് നില്‍ക്കാനാണോ ദൈവം ആഗ്രഹിക്കുക? അടുത്ത ദിവസം കുര്‍ബാനയില്‍ അവര്‍ രണ്ടിടത്തായി. അങ്ങനെ അവര്‍ മരണം വരെ അകലങ്ങളിലായി. വിവാഹമെന്ന കൂദാശ സ്വീകരിച്ച അന്നു മുതല്‍ ദമ്പതികള്‍ ഒരുമിച്ച് നില്‍ക്കുന്ന ഒരു സംവിധാനമുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ പോലെ പല ഭര്‍ത്താക്കന്മാരും കുര്‍ബാന സമയത്ത് വീട്ടിലോ മറ്റു സ്ഥലങ്ങളിലോ തനിച്ചിരിക്കില്ല. ദമ്പതികള്‍ക്ക് എന്തുകൊണ്ട് പള്ളിയില്‍ ഒരുമിച്ച് നില്‍ക്കാന്‍ അവസരമില്ല? പാരമ്പര്യം കാരണമായേക്കും. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടേണ്ടത് ദൈവം നല്‍കുന്ന ശക്തിയില്‍ നിന്നും ബോധ്യങ്ങളില്‍ നിന്നുമാണ്. ദിവസവും അവര്‍ ഒരുമിച്ച് കുര്‍ബാനയ്ക്കു നില്‍ക്കുമ്പോള്‍ തന്നെ ക്ഷമിക്കാന്‍ സാധിക്കുമായിരുന്നു. ക്ഷമിക്കാനും വീണ്ടും വീണ്ടും സ്നേഹിക്കാനും ശക്തി നല്‍കുന്ന ഈശോയുടെ നടുവിലല്ലേ അവര്‍ നില്‍ക്കുക? ഒരുമിച്ച് നില്‍ക്കുമ്പോള്‍ ജീവിത പങ്കാളിയെ കുറച്ചുകൂടി മനോഹരമാക്കികൊണ്ട് നടക്കാന്‍ പരസ്പരം ശ്രദ്ധിക്കും. ഇതു തന്നെ പരസ്പര സ്നേഹവും ബഹുമാനവും വര്‍ദ്ധിക്കാന്‍ കാരണമാകും. എന്‍റെ പങ്കാളി അവരേക്കാള്‍ കൂടുതല്‍ നന്നായി നടക്കണമെന്ന ആഗ്രഹം ആദ്യം മുതലേ നടപ്പാക്കുന്നു. ജീവിതത്തിനു തന്നെ ഒരര്‍ത്ഥവും ഒരന്തസും വര്‍ദ്ധിക്കും. പലരും ശ്രദ്ധിക്കുമെന്നതിനാലും പങ്കാളി തനിച്ചാകുമെന്നതിനാലും മുടങ്ങാന്‍ പരമാവധി ശ്രമിക്കില്ല. മാത്രമല്ല, കുര്‍ബാനയ്ക്ക് ഒരുമിച്ചു വരുന്നത് ഒരാവേശവും ആകും. ഇടവകയില്‍ തന്നെ വരാനുള്ള പ്രേരണയുണ്ടാകും. ഇടവകയും ജനങ്ങളും മറ്റു സംഘടനകളുമായും ബന്ധം വര്‍ദ്ധിക്കും.

ദിവസവും ഒരുമിച്ച് കുര്‍ബാനയില്‍ (ഞായറാഴ്ചയെങ്കിലും) പങ്കെടുക്കുന്ന മാതാപിതാക്കളെ കാണുന്നത് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും വലിയ പ്രചോദനവും പ്രത്യാശയും സന്തോഷവും ആയിരിക്കും.

ക്രിസ്തുവിന്‍റെ സമാധാനം ദമ്പതികള്‍ക്കൊരുമിച്ച് ആശംസിക്കാന്‍ അള്‍ത്താരയ്ക്കു ചുറ്റും ഒരവസരം ഒരുക്കിക്കൂടെ? ഇത് ദമ്പതികളുടെ അവകാശം തന്നെയാണ്. ആര്‍ക്കതിനെ വേര്‍പിരിക്കാന്‍ സാധിക്കും. സര്‍വ്വ നന്മകളും നിറഞ്ഞ് മുടിചൂടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സഭ സത്യത്തില്‍ ദമ്പതികള്‍ക്ക് ഇങ്ങനെ ഒരു പരിഗണന നല്‍കേണ്ടതല്ലേ. ഇതുവഴി പണ്ടു മുതലേ ദമ്പതികള്‍ക്ക് ഉണ്ടായ നഷ്ടം വലുതുതന്നെയാണ്. ഇനിയുമുള്ളവരും വരാനിരിക്കുന്ന ദമ്പതികളും വശങ്ങളിലേക്ക് മറയപ്പെടാതിരിക്കട്ടെ.

ദമ്പതികളുടെ വിശുദ്ധരും വി. കൊച്ചുത്രേസ്യയുടെ മാതാപിതാക്കളുമായ ലൂയി സെലി ദമ്പതികള്‍ എന്താണ് ചെയ്തത്? വി. കുര്‍ബാന ഒരുമിച്ച് അര്‍പ്പിക്കാനും ആഘോഷിക്കാനും വലിയ തുക കൊടുത്ത് പള്ളിക്കകത്ത് സ്ഥലം വാങ്ങിയെന്നും അവരുടെ കുടുംബം ഒരുമിച്ച് ദിവ്യബലിയില്‍ പങ്കുകൊള്ളുമായിരുന്നുവെന്നും ചരിത്രം.

അതിരൂപതകളില്‍ കുടുംബപ്രേഷിത കേന്ദ്രവുമായി ബന്ധപ്പെട്ട് ധാരാളം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. അതെല്ലാം വിജയിച്ചിട്ടും ഉണ്ട്. ദമ്പതികളോട് കാണിക്കുന്ന കരുതലിനും സ്നേഹത്തിനും വളരെ നന്ദി തോന്നിയിട്ടുണ്ട്. എന്നാലും ഞങ്ങളെ ഒരുമിച്ച് വളര്‍ത്തുന്ന, സ്നേഹിക്കുന്ന, ശക്തിയുടെ ഉറവിടമായ ദൈവത്തിന്‍റെ മുമ്പിലാണ് ഞങ്ങള്‍ ഓരോ പ്രഭാതത്തിലും ആദ്യം ഒരുമിച്ച് നില്‍ക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org