Latest News
|^| Home -> Suppliments -> ULife -> സിനിമയും ടിവിയും

സിനിമയും ടിവിയും

Sathyadeepam

യുവര്‍ കരിയര്‍

എം. ഷൈറജ്

സ്വപ്നം വില്‍ക്കുന്നവരുടെ ലോകമാണ് സിനിമയുടേതും ടെലിവിഷന്‍റേതും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കും കമ്മ്യൂണിക്കേഷനുമൊപ്പം പുതിയ കാലത്തിന്‍റെ ബിസിനസ്സായി അതിവേഗം വളരുകയാണ് സിനിമ-ടെലിവിഷന്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മാണ മേഖലയും സിനിമാ രംഗത്ത കോര്‍പ്പറേറ്റ്വല്‍ക്കരണവും വിദേശമാര്‍ക്കറ്റിന്‍റെ വളര്‍ച്ചയും ടിവി ചാനലുകളുടെ വര്‍ദ്ധനയുമെല്ലാം ഈ മേഖലയുടെ നവോന്മേഷത്തിന് കാരണങ്ങളാണ്.

സിനിമ ഇഷ്ടപ്പെടാത്തതായി ആരുമുണ്ടാവില്ല. സിനിമാ-ടിവി രംഗത്ത് കരിയര്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. പണം, പ്രശസ്തി, ഗ്ലാമര്‍ തുടങ്ങിയ തിളക്കങ്ങളില്‍ കണ്ണുനട്ടാണ് ബഹുഭൂരിപക്ഷവും ഈ രംഗത്തെത്തുന്നത്. എന്നാല്‍, ആദ്യംതന്നെ പറയട്ടെ; വിജയിക്കുന്നവര്‍ക്ക് എല്ലാം ലഭിക്കുകയും അല്ലാത്തവര്‍ക്ക് ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്ന ലോകമാണിത്. ക്യാമറയ്ക്കു പിന്നിലും മുന്നിലും കഠിനമത്സരമാണുള്ളത്. കഴിവ്, യോഗ്യത, കഠിനാധ്വാനം, ഭാഗ്യം എന്നിവ ഒത്തുചേര്‍ന്നാല്‍ ഉയര്‍ച്ചയ്ക്ക് പരിമിതികളില്ലെന്നതും യാഥാര്‍ത്ഥ്യം.

കരിയറിലേക്കുള്ള വഴി
ഏതെങ്കിലുമൊരു പ്രൊഡക്ഷന്‍ യൂണിറ്റില്‍ സഹായിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പ്രാവീണ്യം നേടിയവരാണ് ഈ രംഗത്ത് ഇന്നുള്ളവരിലധികവും. എന്നാല്‍ കമ്പ്യൂട്ടറിന്‍റെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയുമൊക്കെ അനന്തസാധ്യതകള്‍ ബുദ്ധിപൂര്‍വ്വം സന്നിവേശിപ്പിച്ച് ദൃശ്യവിസ്മയങ്ങളൊരുക്കുന്ന ആധുനിക സിനിമയുടെ ഭാഗമാകുവാന്‍ ഇതല്ല ശരിയായ മാര്‍ഗ്ഗം.

കൃത്യമായ കോഴ്സുകളും മികച്ച പഠനകേന്ദ്രങ്ങളും സിനിമ-ടിവി രംഗത്ത് കരിയറാഗ്രഹിക്കുന്നവര്‍ക്കായുണ്ട്. കോഴ്സുകളെയും സ്ഥാപനങ്ങളെയും മനസ്സിലാക്കുന്നതിനുമുമ്പ് ഈ രംഗത്തെ തൊഴില്‍ മേഖലകളേതൊക്കെയെന്ന് നോക്കാം.

തൊഴില്‍ മേഖലകള്‍
കലയുടെയും സാങ്കേതികതയുടെയും അപൂര്‍വ്വ സങ്കലനമായ സിനിമാ-ടെലിവിഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ വിപുലമാണ്. ഡയറക്ടര്‍, സ്ക്രിപ്റ്റ് റൈറ്റര്‍, എഡിറ്റര്‍, സിനിമറ്റോഗ്രാഫര്‍, സൗണ്ട് എഞ്ചിനീയര്‍, നടീനടന്മാര്‍, മേക്കപ്പ്മാന്‍, സംഗീതസംവിധായകന്‍, പ്രൊഡക്ഷന്‍ മാനേജര്‍, ഗായകര്‍, കൊറിയോഗ്രാഫര്‍, കലാസംവിധായകന്‍, വസ്ത്രാലങ്കാരകന്‍, ആനിമേറ്റര്‍ തുടങ്ങിയ നിരവധിയാളുകളുടെ കൂട്ടായ്മയാണീ ലോകം. ഓരോ തൊഴിലിനും വേണ്ട വ്യക്തിഗുണങ്ങളും പഠന-പരിശീലനത്തിലൂടെ ആര്‍ജ്ജിക്കേണ്ട യോഗ്യതകളും വ്യത്യസ്തമാണ്.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
ദീപ്തമായൊരു കാമ്പസാണിത്, വിഖ്യാതമായ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. മുഴുവന്‍ പേര്: ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഫിലിം സ്റ്റുഡിയോകള്‍, ടെലിവിഷന്‍ സ്റ്റുഡിയോകള്‍, ഗ്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ്, ആധുനിക എഡിറ്റിംഗ് സൗകര്യങ്ങള്‍, ഏറ്റവും പുതിയ ആഡിയോ വീഡിയോ മിക്സിംഗ് കണ്‍സോളുകള്‍, ഫിലിം/വീഡിയോ ലൈബ്രറി, മികച്ച അധ്യാപകര്‍ തുടങ്ങി സമൃദ്ധമായ സൗകര്യങ്ങളുണ്ടിവിടെ.

മുമ്പ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങുന്നവര്‍ അവാര്‍ഡ് സിനിമയുടെ വക്താക്കളായി കണക്കാക്കപ്പെട്ടിരുന്നു. എന്നാലിന്ന് കൊമേഴ്സ്യല്‍ സിനിമയുടെയും പരസ്യചിത്രങ്ങളുടെയുമൊക്കെ മുന്‍പന്തിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോഡക്ടുകളാണ്.

കോഴ്സുകള്‍
ഡയറക്ടര്‍, സിനിമറ്റോഗ്രാഫി, സൗണ്ട് റിക്കോഡിംഗ് ആന്‍ഡ് സൗണ്ട് ഡിസൈനര്‍, എഡിറ്റിംഗ് എന്നിവയില്‍ ത്രിവത്സര പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളും അഭിനയം, ആര്‍ട്ട് ഡയറക്ടര്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയില്‍ ദ്വിവത്സര പി.ജി.ഡിപ്ലോമ കോഴ്സുകളും തിരക്കഥാരചന, ടി.വി. ഡയറക്ഷന്‍, ഇലക്ട്രോണിക് സിനിമറ്റോഗ്രഫി (ടി.വി.), വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോഡിംഗ് ആന്‍ഡ് ടിവി എഞ്ചിനീയറിംഗ് എന്നിവയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്.

എല്ലാ കോഴ്സുകള്‍ക്കും ബിരുദമാണ് അടിസ്ഥാന യോഗ്യത. സൗണ്ട് റിക്കോഡിംഗ് കോഴ്സുകള്‍ക്ക് +2 തലത്തില്‍ ഫിസിക്സ് പഠിച്ച ബിരുദധാരികള്‍ക്കു മാത്രമേ അപേക്ഷിക്കുവാന്‍ കഴിയൂ. അതുപോലെ ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്സിന് അപേക്ഷിക്കുന്നവര്‍ക്ക് ആര്‍ക്കിടെക്ചര്‍, പെയിന്‍റിംഗ്, അപ്ലൈഡ് ആര്‍ട്സ്, സ്കള്‍പ്ചര്‍, ഇന്‍റീരിയര്‍ ഡിസൈന്‍ തുടങ്ങിയ മേഖലകളിലൊന്നില്‍ ബിരുദമുണ്ടായിരിക്കണം.

പ്രവേശന പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

മറ്റു സ്ഥാപനങ്ങള്‍
കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ റാമോജി അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍, ചെന്നൈയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ്നാട്, കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ഫൈന്‍ ആര്‍ട്സ് തുടങ്ങിയ സ്ഥാപനങ്ങളും ഈ രംഗത്തെ മികച്ച പഠന കേന്ദ്രങ്ങളാണ്. ഈ സ്ഥാപനങ്ങളിലെ കോഴ്സുകളും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമാനമായുള്ളവയാണ്.

ഫിലിം/ടിവി രംഗത്ത് പരിശീലനം നല്കുന്ന സ്വകാര്യ സ്ഥാപനങ്ങളും നിരവധിയുണ്ട്. പഠനകേന്ദ്രം തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും മികച്ചവ തന്നെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.

വ്യക്തിഗുണങ്ങള്‍
സര്‍ഗ്ഗാത്മകത, ദൃശ്യഭാവന, നിരീക്ഷണപാടവം, കഠിനാധ്വാനം, ഉള്‍ക്കാഴ്ച, കൂട്ടുപ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവ്, പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വിജയിക്കാനുള്ള കഴിവ്, ക്ഷമ, വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും സമചിത്തതയോടെ നേരിടാനുള്ള കഴിവ്, കലാപാടവം തുടങ്ങിയവ ഈ മേഖലയിലേക്കു പൊതുവായി വേണ്ട വ്യക്തിഗുണങ്ങളാണ്.

വെബ് സൈറ്റുകള്‍
www.ftiindia.com
www.ramojifilmcity.com/raft
www.srfti.gov.in

Leave a Comment

*
*