സിനിമയും ജീവിതവും

സിനിമയും ജീവിതവും

സിനിമ നാം ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ പ്രതിഫലനമാണ്, നമ്മുടെ ജീവിതവീക്ഷണങ്ങളെ അത് സ്വാധീനിക്കുന്നുണ്ട്. സിനിമ സമൂഹത്തിന്‍റെ കണ്ണാടിയാണെന്ന് പറയപ്പെടുന്നു. സാധാരണ സിനിമ ഉല്ലാസത്തിനുവേണ്ടി മാത്രമാണ് എന്നാണ് പൊതുവെ ധാരണ, സിനിമ ഒരു ആശയവിനിമയ മാധ്യമം കൂടിയാണ്. സിനിമയിലൂടെ ചില സന്ദേശങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെ സിനിമയിലൂടെയുള്ള സന്ദേശങ്ങള്‍ക്ക് നമ്മുടെ ജീവിതശൈലിയെയും മനോഭാവത്തെയും സ്വാധീനിക്കാനുള്ള കഴിവുണ്ട്. മനുഷ്യര്‍ തമ്മിലുള്ള ബന്ധം, കുടുംബ ജീവിതം, രാഷ്ട്രീയ-സാമൂഹ്യ വിമര്‍ശനം, സാംസ്കാരിക വിശകലനവും വിമര്‍ശനവും, പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, കലാത്മകത, ചരിത്രബോധം, സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ ഇങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങള്‍ സിനിമയിലൂടെ വിനിമയം ചെയ്യപ്പെടുന്നു. അപ്പോള്‍ സിനിമ നമ്മുടെ ജീവിതത്തിന്‍റെതന്നെ ഒരു പരിപ്രേക്ഷ്യമെന്നു പറയാം.

നല്ല സിനിമകള്‍ ഉല്ലാസം മാത്രമല്ല നമുക്കു തരുന്നത്. പ്രചോദനവും നല്ല ജീവിതസന്ദേശങ്ങളും പാഠങ്ങളും തരുന്നു. രാജ്യസ്നേഹം, മാനുഷിക ധാര്‍മ്മിക മൂല്യങ്ങള്‍, മതമൈത്രിയും സാമൂഹ്യസൗഹാര്‍ദ്ദവും പരിസ്ഥിതി സ്നേഹം, വേദനിക്കുന്നവരോടു കനിവ്, നന്മയുടെ വിജയം, നല്ല കുടുംബബന്ധങ്ങള്‍, സ്നേഹത്തിന്‍റെ മഹത്വം ഇങ്ങനെ നിരവധി സന്ദേശങ്ങള്‍ സിനിമയിലൂടെ കാഴ്ചക്കാരിലേക്ക് എത്തുന്നുണ്ട്. അങ്ങനെ സിനിമ സാമൂഹ്യപരിവര്‍ത്തനത്തെ സാധ്യമാക്കാന്‍ സഹായിക്കുന്നു. നിരവധി സാമൂഹ്യപ്രശ്നങ്ങള്‍ പ്രമേയമാക്കിയ സിനിമകള്‍ ഉണ്ടായിട്ടുണ്ട്.

സിനിമകള്‍ ദോഷകരമായും നമ്മെ സ്വാധീനിക്കും, മിഥ്യയായ പല കാര്യങ്ങളും സത്യമായിട്ട് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കും. നമ്മുടെ ചിന്താശക്തിയേയും വികാരങ്ങളെയും ചൂഷണം ചെയ്യുന്ന തരത്തിലുള്ള ബിംബങ്ങളും ദൃശ്യങ്ങളും വിനിമയം ചെയ്യുന്നുണ്ട്. അമിതമായ വാണിജ്യ താല്പര്യം മൂലം സിനിമയുടെ കലാമൂല്യവും ധാര്‍മ്മികമൂല്യവും ഗൗനിക്കാതെ, കാണികളുടെ ഉപരിപ്ലവമായ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള സിനിമകള്‍ പണം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. നല്ല മൂല്യങ്ങള്‍ സമൂഹത്തിനു നല്കുകയെന്നതിനു പകരം. സിനിമയില്‍ അക്രമവും ലൈംഗികതയും ഉപയോഗിച്ച് യുവമനസ്സുകളെ ദോഷമായി സ്വാധീനിക്കാന്‍ ഇത്തരം ചില സിനിമകള്‍ ലക്ഷ്യം വയ്ക്കുന്നു. ഇന്ന് തിയറ്ററുകളില്‍ക്കൂടി മാത്രമല്ല സിനിമ നമ്മിലെത്തുന്നത്. ടെലിവിഷനില്‍ വിവിധ ചാനലുകളിലൂടെ എളുപ്പത്തില്‍ സിനിമ നമ്മുടെ വീടുകളിലെത്തുന്നു. അതുകൊണ്ടുതന്നെ സിനിമ ഇന്നത്തെ സമൂഹത്തില്‍ വളരെ ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന മാധ്യമമാണ്. പലപ്പോഴും കുട്ടികളും യുവജനങ്ങളും സിനിമയിലെ ലോകത്തെ യഥാര്‍ത്ഥ ജീവിതമായി കണക്കാക്കുകയും അവരുടെ പ്രിയ താരങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സിനിമ സമൂഹത്തിന്‍റെ കണ്ണാടിയാണെങ്കിലും വിമര്‍ശന ബുദ്ധിയോടെ നാം അതിനെ സമീപിക്കണം. സിനിമയെന്ന മാധ്യമത്തിന്‍റെ നന്മ തിന്മകളെ തിരിച്ചറിഞ്ഞ് അവയെ നമ്മുടെ മാനസിക, വൈകാരിക, ബൗദ്ധിക, ആത്മീയ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുവാന്‍ നാം പരിശീലിക്കണം. സിനിമയിലെ ആദര്‍ശജീവിതം, നമ്മുടെ യഥാര്‍ത്ഥ ജീവിതത്തെ മെച്ചപ്പെടുത്തുവാന്‍ പ്രചോദനമാകണം. അതുകൊണ്ട് സിനിമയിലെ കാര്യങ്ങള്‍ അന്ധമായി അനുകരിക്കാതെ വിവേചനബുദ്ധിയോടെ സിനിമ കാണുകയും ആസ്വദിക്കുകയും വേണം, വിദ്യാഭ്യാസത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും സാമൂഹ്യപരിവര്‍ത്തനത്തിനും സിനിമ വളരെ ശക്തമായ ഒരു മാധ്യമമാണ്.

എങ്ങനെ ക്രിയാത്മകമായും വിമര്‍ശനാത്മകമായും സിനിമ കാണാം:
* പുതിയ ഒരു സിനിമയെക്കുറിച്ചുള്ള പരസ്യങ്ങളും റിപ്പോര്‍ട്ടുകളും വായിച്ച് സിനിമയെക്കുറിച്ച് അഭിപ്രായം രൂപീകരിക്കുക. ഇത് കാണേണ്ട നല്ല സിനിമയാണ് എന്ന് ബോധ്യപ്പെടുക.

* സിനിമ ഏതു തരത്തിലുള്ളതാണ് എന്ന് കണ്ടെത്തുക. ഉദാ: കോമഡി, കുടുംബകഥകള്‍, ഹൊറര്‍, ആക്ഷന്‍, സയന്‍സ്, കാര്‍ട്ടൂണ്‍, ജന്തുകഥകള്‍, കുറ്റാന്വേഷണം, കുട്ടികളുടെ സിനിമ, മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ളവ തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട സിനിമകളുണ്ട്. ഇതില്‍ നല്ലതുമാത്രം തെരഞ്ഞെടുക്കുക. ദോഷമായി ബാധിക്കുമെന്നു തോന്നുന്നവ ഒഴിവാക്കുക.

* സിനിമയിലെ കഥ അന്ധമായി വിശ്വസിക്കേണ്ടതില്ല. എന്നാല്‍ കഥയിലെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വിമര്‍ശനബുദ്ധിയോടെ ഉള്‍ക്കൊള്ളുക.

* സിനിമയിലെ വിഷയം, എത്ര മാത്രം നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ പ്രസക്തമാണ് എന്ന് ചിന്തിക്കുക.

* ഒരു സിനിമ കണ്ടതിനുശേഷം അതിലെ പ്രധാന സന്ദേശം എന്താണെന്നു മനസ്സിലാക്കുക.

* എന്തൊക്കെ നല്ല മൂല്യങ്ങളാണ് ഒരു സിനിമയിലൂടെ നമുക്കു ലഭിക്കുന്നത് എന്ന് അറിയുകയും നല്ലതല്ലാത്തതിനെ വിമര്‍ശനബുദ്ധിയോടെ തിരിച്ചറിയുകയും ചെയ്യുക.

* സിനിമയിലെ കലാപരമായ അംശങ്ങളെ ആസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.
ഉദാ: പ്രകൃതിദൃശ്യങ്ങള്‍, കഥാപാത്രങ്ങളുടെ സംസാര രീതി, വേഷവിധാനങ്ങള്‍, നിഴലും വെളിച്ചവും ഉണ്ടാക്കുന്ന പ്രത്യേകതകള്‍, നിറങ്ങളും സംഗീതവും പശ്ചാത്തലങ്ങളും. ഇതിനെല്ലാറ്റിനും അതിന്‍റേതായ പ്രാധാന്യം ഉണ്ട്.)

* സിനിമയെ അതിന്‍റെ ആസ്വാദ്യതയുടെയും കലാമൂല്യത്തിന്‍റെയും സന്ദേശങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്താനുള്ള കഴിവുണ്ടാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org