Latest News
|^| Home -> Suppliments -> ULife -> സിവിൽ സർവ്വീസ് പരീക്ഷ

സിവിൽ സർവ്വീസ് പരീക്ഷ

Sathyadeepam

യുവര്‍ കരിയര്‍

എം. ഷൈറജ്

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ പരമോന്നത പദവികളിലേക്കുള്ള പാതയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ഐ.എ.എസ്), ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് (ഐ.പി.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് (ഐ.എഫ്.എസ്) എന്നിവയിലേക്കും ഇന്‍കംടാക്സ്, കസ്റ്റംസ്, തപാല്‍വകുപ്പ്, റയില്‍വേ, അക്കൗണ്ട് ആന്‍ഡ് ആഡിറ്റ്, കോര്‍പ്പറേറ്റ് ലോ തുടങ്ങി നിരവധി മറ്റു വകുപ്പുകളിലെ ക്ലാസ്സ് വണ്‍ ഉദ്യോഗങ്ങളിലേക്കും ചില ഗ്രൂപ്പ് ബി തസ്തികകളിലേക്കുമുള്ള തെരഞ്ഞെടുപ്പിനുള്ള പൊതുപരീക്ഷയാണിത്.

ബിരുദതലത്തില്‍ ഏതു വിഷയം പഠിച്ചുവെന്നതിനോ എത്ര മാര്‍ക്കു നേടിയെന്നതിനോ ഈ പരീക്ഷയില്‍ പ്രസക്തിയില്ല. രണ്ടു ഘട്ടങ്ങളുള്ള എഴുത്തുപരീക്ഷയുടെയും തുടര്‍ന്നുള്ള ഇന്‍റര്‍വ്യൂവിന്‍റെയും പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പ്.

ഐ.എ.എസ് പരീക്ഷ എന്നു സാമാന്യജനം കാലങ്ങളായി വിളിച്ചുപൊരുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയിലൂടെ സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ ഉന്നതതലങ്ങളിലെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത് ഈ പരീക്ഷയുടെ കൃത്യമായ രൂപമാണ്. പഠനവും പരിശീലനവും ആരംഭിക്കുന്നതിനു മുമ്പുതന്നെ ഈ അറിവ് ഉണ്ടായേ മതിയാവൂ; പരീക്ഷാഘടനയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സാരമായ പരിഷ്ക്കരണം നടന്നതിനാല്‍ പ്രത്യേകിച്ചും.

ഘടന
യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്.

1. പ്രിലിമിനറി പരീക്ഷ

2. മെയിന്‍ പരീക്ഷ

3. പേഴ്സണാലിറ്റി ടെസ്റ്റ്

ഇവയില്‍ മെയിന്‍ എക്സാമിനും പേഴ്സണാലിറ്റി ടെസ്റ്റിനും മൊത്തത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അവസാന തെരഞ്ഞെടുപ്പ്. മെയിന്‍ പരീക്ഷ എഴുതുവാന്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുക എന്നതു മാത്രമാണ് പ്രിലിമിനറി പരീക്ഷയുടെ ഉദ്ദേശ്യം.

ഒരു വര്‍ഷം കണക്കാക്കപ്പെടുന്ന ഒഴിവുകളുടെ ഏതാണ്ട് 12 ഇരട്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മെയിന്‍ പരീക്ഷ എഴുതാന്‍ അര്‍ഹത ലഭിക്കും. ഒഴിവുകളുടെ എണ്ണത്തിന്‍റെ ഇരട്ടിപ്പേര്‍ക്ക് മെയിന്‍ പരീക്ഷാ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.

പ്രിലിമിനറി പരീക്ഷ
ഒബ്ജക്ടീവ് മാതൃകയില്‍ 2 ഭാഗങ്ങളുള്ള പരീക്ഷയാണിത്.

1) ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്ന്. 2) ജനറല്‍ സ്റ്റഡീസ് പേപ്പര്‍ രണ്ട്.

ഇതില്‍ ഒന്നാം പേപ്പറിന്‍റെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. രണ്ടാം പേപ്പര്‍ യോഗ്യതാ പരീക്ഷയാണ്. ഈ പേപ്പറില്‍ 33% മാര്‍ക്കു നേടണമെന്നതാണു മാനദണ്ഡം.

ഒന്നാം പേപ്പറില്‍ കറന്‍റ് അഫയേഴ്സ്, ഇന്ത്യാ ചരിത്രം, ദേശീയ പ്രസ്ഥാനം, ജ്യോഗ്രഫി, ഇക്കണോമിക്സ്, പോളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ ഡവലപ്മെന്‍റ്, അടിസ്ഥാനശാസ്ത്രം, കല, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാവും.

യോഗ്യതാ പരീക്ഷയായ രണ്ടാം പേപ്പറില്‍ കോംപ്രിഹെന്‍ഷന്‍, കമ്മ്യൂണിക്കേഷന്‍, ലോജിക്കല്‍ റീസണിംഗ്, ന്യൂമറിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ്, മെന്‍റല്‍ എബിലിറ്റി തുടങ്ങിയ വിഷയങ്ങളുണ്ട്.

മെയിന്‍ പരീക്ഷ
മെയിന്‍ പരീക്ഷയ്ക്ക് ഒമ്പതു പേപ്പറുകളുണ്ട്. എഴുത്തുപരീക്ഷയാണെല്ലാം.

ഒന്നാം പേപ്പര്‍ എട്ടാം ഷെഡ്യൂളിലുള്ള ഇന്ത്യന്‍ ഭാഷകളിലൊന്നിലും രണ്ടാം പേപ്പര്‍ ഇംഗ്ലീഷ് ഭാഷയിലുമുള്ള പരീക്ഷയാണ്. 300 മാര്‍ക്ക് വീതമുള്ള ഈ രണ്ടു പേപ്പറുകളും യോഗ്യതാ പരീക്ഷകളാണ്. ഇവയ്ക്ക് നിശ്ചിത മാര്‍ക്ക് നേടണം. എന്നാല്‍ ഈ മാര്‍ക്കുകള്‍ മൊത്തം മാര്‍ക്കില്‍ കൂട്ടില്ല.

ബാക്കിയുള്ള ഏഴു പേപ്പറുകള്‍ക്കും 250 മാര്‍ക്കു വീതമാണ്. ഇതില്‍ ഒരെണ്ണം ഉപന്യാസം (ESSAY) പേപ്പറാണ്. നാലു പേപ്പറുകള്‍ ജനറല്‍ സ്റ്റഡീസ് പേപ്പറുകളും രണ്ടെണ്ണം നാം തിരഞ്ഞെടുക്കുന്ന ഓപ്ഷണല്‍ വിഷയത്തിലുമാണ്.

ഒട്ടുമിക്ക ശാസ്ത്രവിഷയങ്ങളും ഹ്യൂമാനിറ്റീസ് വിഷയങ്ങളും എഞ്ചിനീയറിംഗും മെഡിസിനും നിയമവും വിവിധ ഭാഷാസാഹിത്യങ്ങളുമൊക്കെ ഓപ്ഷണല്‍ വിഷയങ്ങളുടെ പട്ടികയിലുണ്ട്. മുമ്പൊക്കെ രണ്ട് ഓപ്ഷണല്‍ വിഷയങ്ങള്‍ എഴുതണമായിരുന്നു. ഇപ്പോളത് ഒന്നാക്കി കുറച്ചിട്ടുണ്ട്. ബിരുദതലത്തില്‍ ഉദ്യോഗാര്‍ത്ഥി പഠിച്ച വിഷയം തന്നെ ഓപ്ഷണലായി തിരഞ്ഞെടുക്കണമെന്നു നിബന്ധനയില്ല.

ഇന്‍റര്‍വ്യൂ
മെയിന്‍ പരീക്ഷയുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റര്‍വ്യൂവിനു ക്ഷണിക്കും. ആഴത്തിലുള്ള വ്യക്തിത്വപരിശോധനയാവും ഇന്‍റര്‍വ്യൂബോര്‍ഡ് നടത്തുക. വിവിധ മേഖലകളിലൂന്നിയുള്ള ഈ കൂടിക്കാഴ്ച ഫലപ്രാപ്തിയില്‍ ഉന്നത നിലവാരമുള്ളതാണ്. 275 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിനുള്ളത്.

മെയിന്‍ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും മൊത്തം മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അവസാന തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ത്ഥിയുടെ റാങ്കും വിവിധ സര്‍വ്വീസുകളിലേക്കുള്ള അയാളുടെ മുന്‍ഗണനാക്രമവും അനുസരിച്ച് സര്‍വ്വീസുകള്‍ അനുവദിക്കും.

യോഗ്യത
സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍വേണ്ട യോഗ്യത ബിരു ദമാണ്. പ്രായം 21-നും 32-നും മദ്ധ്യേ ഒ.ബി.സി. വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധി 35-ഉം പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന് 37-ഉം ആണ്.

ജനറല്‍ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷ പരമാവധി 6 തവണ മാത്രമേ എഴുതാന്‍ കഴിയൂ. ഒ.ബി.സി. വിഭാഗത്തിന് 9 തവണ എഴുതാം. പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിന് ഇത്തരമൊരു പരിധിയില്ല.

സംവരണതത്ത്വങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും അവസാന പട്ടിക തയ്യാറാക്കുക.

കൃത്യമായ പ്ലാനിംഗോടെ തീവ്രവും ചിട്ടയുള്ളതുമായ പരിശീലനം നടത്തിയാല്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിക്കുപോലും സിവില്‍ സര്‍വ്വീസ് പരീക്ഷ ഒരു ബാലികേറാമലയല്ല. പരീക്ഷാ തയ്യാറെടുപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടുത്ത തവണ പ്രതിപാദിക്കാം.

വെബ് സൈറ്റ്
www.upsc.gov.in

Leave a Comment

*
*