പകരക്കാരൻ വഴി വിവാഹം നടത്താമോ?

പകരക്കാരൻ വഴി വിവാഹം നടത്താമോ?

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
എന്‍റെ വിവാഹം നിശ്ചയിച്ച ദിവസം യാതൊരു കാരണത്താലും എനിക്ക് നാട്ടില്‍ എത്താന്‍ സാധിക്കുകയില്ല. നിശ്ചിച്ച ദിവസം തന്നെ എന്‍റെ വിവാഹം നടക്കണമെന്നാണ് എന്‍റെ ആഗ്രഹം. ഞാന്‍ വ്യക്തിപരമായി സന്നിഹിതനാകാതെ പകരക്കാരന്‍ വഴി (proxy) എന്‍റെ വിവാഹം നടത്താന്‍ കഴിയുമോ?

ഉത്തരം
ലത്തീന്‍സഭയ്ക്ക് ഒരു ക്രോഡീകൃത നിയമസംഹിത 1917-ല്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ദമ്പതികള്‍ക്ക് ലെറ്റര്‍ വഴിയും സാധുവായി സഭയില്‍ വിവാഹിതരാകാമായിരുന്നു. എന്നാല്‍ 1917-ല്‍ നിയമസംഹിത പ്രാബല്യത്തില്‍ വന്നതോടെ ലെറ്റര്‍ വഴി ദമ്പതിമാര്‍ വിവാഹിതരാകുന്ന സമ്പ്രദായം നിരോധിക്കപ്പെട്ടു (CIC- 1917, C.1088/1). രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം പരിഷ്കരിച്ച് പ്രസിദ്ധീകരിച്ച 1983-ലെ ലത്തീന്‍ നിയമമനുസരിച്ച്, വിവാഹിതരാകാന്‍ യോഗ്യതയുള്ള വ്യക്തികള്‍ തമ്മില്‍ നിയമപരമായി പ്രകടിപ്പിക്കുന്ന ഉഭയസമ്മതം വഴിയാണ് വിവാഹം നിലവില്‍ വരുന്നതെന്ന് വ്യക്തമാക്കി (CIC. c. 1057/1). ഈ ഉഭയസമ്മതം നല്കുവാന്‍ അഥവാ വിവാഹം സാധുവായി നടത്തുവാന്‍ വിവാഹിതരാകുന്നവര്‍ ഒരുമിച്ച് വ്യക്തിപരമായോ പ്രോക്സി വഴിയോ (പകരക്കാരന്‍) സന്നിഹിതനായിരിക്കണം (CIC. c. 1104/1).

വിവാഹ ഉടമ്പടി: പാശ്ചാത്യ കാഴ്ചപ്പാട്
കാനോനിക ചരിത്രത്തില്‍ വിവാഹത്തെ ഒരു ഉടമ്പടി (Contract) ആയിട്ടാണ് പാശ്ചാത്യലോകം കാണുന്നത്. തന്മൂലം, മറ്റ് ഉടമ്പടികളിലെന്നപോലെ വിവാഹ ഉടമ്പടിയിലും പ്രോക്സി (പകരക്കാരന്‍) വഴി ഏര്‍പ്പെടാമെന്ന് വന്നു. വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുമ്പോള്‍ യാതൊരു വിധത്തിലും സന്നിഹിതനാകാന്‍ സാധിക്കാത്ത വ്യക്തിയാണ് പകരക്കാരനെ നിയമിക്കുന്നത്. പകരക്കാരന്‍ വഴി നടത്തുന്ന വിവാഹ ഉടമ്പടിയിലും പകരക്കാരനെ നിയമിച്ച ദമ്പതി ഈ ഉടമ്പടി വ്യക്തിപരമായി നിര്‍വ്വഹിച്ചതുപോലെയാണ് നിയമപരമായി കണക്കാക്കപ്പെടുന്നത്. തന്മൂലം, പകരക്കാരന്‍ വഴി വിവാഹം നടത്തിയാലും അയാളെ നിയമിച്ച ദമ്പതിയും കൂട്ടുദമ്പതിയും തമ്മില്‍ മരണം വരെ നിലനില്‍ക്കുന്ന ബന്ധം ഉണ്ടാവുകയാണ്.

ഏതെങ്കിലുമൊരു ദമ്പതി തനിക്ക് വ്യക്തിപരമായി സന്നിഹിതനാകാന്‍ പറ്റാത്തതുമൂലം പകരക്കാരനെ നിയമിക്കുമ്പോള്‍ അയാള്‍ തനിക്കു പകരക്കാരനായി ഒരു നിശ്ചിത വിവാഹത്തില്‍ കൂട്ടുദമ്പതിയോടൊപ്പം തനിക്കുവേണ്ടി വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുകയാണ്. നിയമപരമായ സാധുതയ്ക്കുവേണ്ടി പകരക്കാരനെ ഏര്‍പ്പെടുത്തുന്ന ദമ്പതി പകരക്കാരനെ നിയമിച്ചുകൊണ്ടുള്ള രേഖയില്‍ ഒപ്പിട്ടിരിക്കണം. രണ്ടു സാക്ഷികളുടെ കൂടി ഒപ്പ് ഉണ്ടായിരിക്കണം. കൂടാതെ പ്രസ്തുത രേഖയില്‍ ഇടവക വികാരിയുടെയോ സ്ഥലമേലദ്ധ്യക്ഷന്‍റെയോ ഒപ്പും ഉണ്ടായിരിക്കണം.

ഏതെല്ലാം സാഹചര്യത്തിലാണ് പകരക്കാരന്‍
വിവാഹത്തില്‍ ഏര്‍പ്പെടുന്ന ദമ്പതിമാരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കോ രണ്ടുപേര്‍ക്കുമോ വ്യക്തിപരമായി സന്നിഹിതരാകുവാന്‍ സാധിക്കാത്ത വിധത്തില്‍ ഗൗരവമേറിയ കാരണങ്ങള്‍ ഉള്ളപ്പോഴാണ് പകരക്കാരെ നിയമിക്കുന്നത്. ഉദാഹരണമായി, വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ട പുരുഷന്‍ പട്ടാളത്തിലാണ്. അയാള്‍ക്ക് ഒഴിവു ലഭിക്കുമെന്ന് വിചാരിച്ചുവെങ്കിലും ലഭിച്ചില്ല. അയാളില്‍ നിന്നുണ്ടായ കുട്ടിയുടെ നിയമാനുസൃതത്വത്തിനുവേണ്ടിയോ (legiti-macy) മറ്റ് ആനുകൂല്യങ്ങള്‍ക്കു വേണ്ടിയോ കൂട്ടുദമ്പതിയുമായുള്ള വിവാഹം ഉടനെ നടത്തേണ്ട സാഹചര്യത്തില്‍ അയാള്‍ക്ക് പകരക്കാരനെ ഏര്‍പ്പെടുത്തി വിവാഹം നടത്തുവാന്‍ ലത്തീന്‍ നിയമം അനുവദിക്കുന്നുണ്ട് (CIC. c. 1105).

ഇപ്രകാരം പകരക്കാരന്‍ വഴി വിവാഹം നടത്തുമ്പോള്‍ സാധുവായി വിവാഹം നടത്തുന്നതിനുള്ള കാനോനികവും സിവില്‍പരവുമായ നടപടിക്രമങ്ങളെല്ലാം ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തിയിരിക്കണം. കൂടാതെ, നിയമാനുസൃതം ഇത്തരം വിവാഹം നടത്തുന്നതിന് സ്ഥലമേലദ്ധ്യക്ഷന്‍റെ അനുവാദവും വാങ്ങിച്ചിരിക്കണം (CIC. c. 1071).

പകരക്കാരന്‍ വഴി വിവാഹം സാധുവായി നടത്തുന്നതിന് ലത്തീന്‍ നിയമം (CIC. c. 1105) അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ സിവില്‍ നിയമമനുസരിച്ചുള്ള വിവാഹ നിയമത്തിലൊന്നും ഇപ്രകാരം വിവാഹം നടത്തുന്നതിനുള്ള സാദ്ധ്യത വിഭാവനം ചെയ്തിട്ടില്ല.

നിയമിക്കപ്പെടുന്ന പകരക്കാരന്‍ (proxy) നിയമിക്കുന്ന ദമ്പതി ഉള്‍പ്പെടുന്ന ലിംഗത്തില്‍പ്പെട്ടയാളോ എതിര്‍ലിംഗത്തില്‍പ്പെട്ടയാളോ ആകാം. പകരക്കാരന്‍ വഴിയുള്ള വിവാഹം കാനോനിക ക്രമത്തോടെയും രണ്ടു സാക്ഷികളുടെയും നിയോഗിക്കപ്പെട്ട പുരോഹിത ശുശ്രൂഷിയുടെയും സാന്നിദ്ധ്യത്തില്‍ വേണം നടത്തുവാന്‍.

പകരക്കാരന്‍ വഴിയുളള വിവാഹം – പൗരസ്ത്യ നിയമസംഹിതയില്‍
പകരക്കാരന്‍ വഴി വിവാഹം നടത്തുന്നതിന് പൗരസ്ത്യ നിയമസംഹിത അനുവദിക്കുന്നില്ല. എന്നാല്‍, പൊതുനിയമം വ്യക്തമാക്കുന്നതനുസരിച്ച്, ഏതെങ്കിലും ഒരു സ്വയാധികാര സഭk`(sui iuris Church)-യുടെ പ്രത്യേക നിയമം (Paricular Laws) മറിച്ച് വ്യവസ്ഥ ചെയ്യുകയാണെങ്കില്‍ ഇപ്രകാരം വിവാഹം നടത്തുന്നതിനുവേണ്ട വ്യവസ്ഥകള്‍കൂടി പ്രത്യേക നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് (CCEO. c.837/2).

പൗരസ്ത്യ കാഴ്ചപ്പാടനുസരിച്ച്, വിവാഹത്തിന് ആന്തരിക സമ്മതം മാത്രം പോരാ; സമ്മതം ബാഹ്യമായും പ്രകടിപ്പിക്കേണ്ടതുണ്ട്. ലത്തീന്‍ കാനോന്‍ നിയമത്തിലെ പകരക്കാരന്‍ വഴിയുള്ള വിവാഹത്തില്‍നിന്ന് വ്യത്യസ്തമായി പൗരസ്ത്യ കാനോന്‍ നിയമം ദമ്പതികള്‍ സന്നിഹിതരായി പരസ്പരം സമ്മതം പ്രകടപ്പിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നു (CCEO. c. 837/1). പൗരസ്ത്യസഭകളുടെ പാരമ്പര്യമനുസരിച്ച്, സമ്മതത്തിന്‍റെയും ഉടമ്പടിയുടെയും ഐക്യം ഇതില്‍ നിന്ന് വ്യക്തമാണല്ലോ. പരിശുദ്ധാത്മാവ് നല്കുന്ന വിശുദ്ധീകരണത്തിന്‍റെ കൃപ ദമ്പതികള്‍ക്ക് ലഭിക്കുന്നത് വിവാഹത്തിന്‍റെ അവസരത്തില്‍ ആയതിനാല്‍, അവര്‍ വ്യക്തിപരമായി വിവാഹാവസരത്തില്‍ സന്നിഹിതരായിരിക്കണം. കത്തുകള്‍, ടെലിഫോണ്‍, മറ്റ് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങള്‍ എന്നിവ വഴി സാധുവായി വിവാഹം നടത്തുവാന്‍ സഭാനിയമം അനുവദിക്കുന്നില്ല. സീറോ-മലബാര്‍ സഭയുടെ പ്രത്യേക നിയമവും (Code of Particular Law of the Syro-Malabar Church) പകരക്കാരന്‍ വഴിയുള്ള വിവാഹം അനുവദിച്ചിട്ടില്ല (Article, 187).

ലത്തീന്‍ – പൗരസ്ത്യ കാഴ്ചപ്പാടുകളിലെ വ്യത്യാസം
പകരക്കാരന്‍ വഴിയുള്ള വിവാഹം സംബന്ധിച്ച് ലത്തീന്‍ കാനോന്‍ നിയമത്തില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് പൗരസ്ത്യ കാനോന്‍ നിയമം സ്വീകരിച്ചിരിക്കുന്നതെന്ന് മേല്‍വിവരിച്ചതില്‍നിന്ന് വ്യക്തമാണല്ലോ. ഇതിനുകാരണം, വിവാഹമെന്ന കൂദാശയെ സംബന്ധിച്ച ലത്തീന്‍ സഭയുടെയും പൗരസ്ത്യ സഭകളുടെയും ദൈവശാസ്ത്രപരമായ കാഴ്ചപ്പാടുകളുടെ വ്യത്യാസമാണ്. ലത്തീന്‍ സഭ വിവാഹത്തിന്‍റെ നൈയ്യാമിക ഘടകമായ ഉടമ്പടിക്ക് ഊന്നല്‍ കൊടുത്തപ്പോള്‍ പൗരസ്ത്യ ദൈവശാ സ്ത്രം വിവാഹത്തിന്‍റെ കൗദാശിക ഘടകത്തിനാണ് പ്രാധാന്യം നല്കുന്നത്.

ലത്തീന്‍ ചിന്താഗതിയനുസരിച്ച്, ദൈവത്തിന്‍റെ കൃപാവരദാനങ്ങള്‍ക്ക് പാത്രമായി ക്രൈസ്തവ വിവാഹം കൂദാശ എന്ന നിലയില്‍ അതിസ്വഭാവിക തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നുണ്ടെന്നുള്ള വസ്തുത ശരിയാണ്. എന്നിരുന്നാലും, പിന്‍വലിക്കാനാവാത്ത ഉടമ്പടിയിലൂടെ വധൂവരന്മാര്‍ തങ്ങളെത്തന്നെ പരസ്പരം നല്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുടെ പ്രവര്‍ത്തിയായ ഉഭയ സമ്മതം (consent) വഴിയാണ് വിവാഹം നിലവില്‍ വരുന്നത്. തന്മൂലം, വധൂവരന്മാര്‍ തന്നെയാണ് പാശ്ചാത്യ ദൈവശാസ്ത്രമനുസരിച്ച് വിവാഹമെന്ന കൂദാശയുടെ കാര്‍മ്മികര്‍ (CIC. c. 1057).

എന്നാല്‍, പൗരസ്ത്യ ദൈവശാസ്ത്ര കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ വിവാഹ വാഗ്ദാനമോ (betrothal), വിവാഹം തന്നെയോ പകരക്കാരന്‍ വഴി നടത്തുന്നതിന്‍റെ സാംഗത്യമില്ലായ്മ മനസ്സിലാക്കാനാകും. വിവാഹമെന്ന കൂദാശ പരികര്‍മ്മം ചെയ്യപ്പെടുമ്പോള്‍ കൂദാശയുടെ കൃപാവരദാനങ്ങളാല്‍ നിറയേണ്ടത് ദമ്പതിമാരാകയാല്‍ പകരക്കാരന്‍റെ സാന്നിദ്ധ്യത്തിന് പ്രസക്തിയില്ല. ദമ്പതിമാര്‍ സന്നിഹിതരായി പരസ്പരം സമ്മതം പ്രകടിപ്പിക്കണമെന്ന് പൗരസ്ത്യ കാനോന്‍ നിയമം (CCEO. c. 837) നിഷ്കര്‍ഷിക്കുന്നതിന്‍റെ കാരണം ഇതാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 'സഭ ആധുനിക ലോകത്തില്‍' എന്ന പ്രമാണരേഖയില്‍ വിവാഹത്തെയും ദാമ്പത്യജീവിതത്തെയും പറ്റി പ്രതിപാദിക്കുന്നിടത്ത് വിവാഹത്തിന്‍റെ കാര്‍മ്മികര്‍ ദമ്പതിമാരാണെന്ന് പറയുന്നില്ല. എന്നാല്‍, വിവാഹത്തെ സംബന്ധിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനം പൗരസ്ത്യ ദൈവശാസ്ത്ര വീക്ഷണത്തെയാണ് സ്ഥിരീകരിക്കുന്നത്. പരിശുദ്ധമായ വിവാഹബന്ധം മാനുഷികമായ നിശ്ചയങ്ങളെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഒന്നല്ല. കാരണം, ദൈവം തന്നെയാണ് വൈവാഹികബന്ധത്തിന്‍റെ സ്ഥാപകന്‍. ഏറെ ഉദ്ദേശ്യങ്ങളോടും ഉപകാരങ്ങളോടുംകൂടി അതിനെ ധന്യമാക്കിയിരിക്കുന്നത് അവിടുന്നു തന്നെ. ദൈവിക സ്നേഹത്തിന്‍റെ സ്രോതസ്സില്‍നിന്ന് ഉത്ഭവിക്കുന്നതും തിരുസ്സഭയുമായുള്ള ക്രിസ്തുനാഥന്‍റെ ഐക്യത്തിന്‍റെ മാതൃകയില്‍ സം വിധാനം ചെയ്തിരിക്കുന്നതുമായ ഈ ബഹുമുഖ സ്നേഹബന്ധത്തെ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട് (സഭ ആധുനിക ലോകത്തില്‍, 48).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org