വികാരിക്കെതിരെ ഇടവകാംഗത്തിന് കേസ് കൊടുക്കാമോ?

വികാരിക്കെതിരെ ഇടവകാംഗത്തിന് കേസ് കൊടുക്കാമോ?

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
ഇടവകവികാരി ഞായറാഴ്ച പ്രസംഗങ്ങളിലും മറ്റും സഭ പഠിപ്പിക്കാത്ത കാര്യങ്ങളും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായും പ്രസംഗിക്കുന്നതിനെതിരെ ഇടവാംഗത്തിന് സഭാകോടതിയില്‍ കേസ് കൊടുക്കാമോ?

ഉത്തരം
വിശ്വാസികള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചുകിട്ടുന്നതിനുവേണ്ടി അധികാരമുള്ള സഭാകോടതികളെ സമീപിക്കുവാന്‍ അവകാശമുണ്ട്. അതുപോലെ തന്നെ തങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തലുകള്‍ ഉണ്ടായാല്‍ അതിനെതിരെ നടപടികള്‍ എടുക്കുവാനും സഭാകോടതികളെ സമീപിക്കാവുന്നതാണ്. അന്യായമായി ശിക്ഷിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തേണ്ടതും ഇത്തരം സഭാകോടതികള്‍ തന്നെയാണ് (CCEO. c. 24; CIC. c. 221). തന്മൂലം വിശ്വാസികളുടെ ഏതെങ്കിലും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നതിന് വ്യക്തമായ തെളിവുള്ളപ്പോള്‍ വിഷയം സഭാകോടതി മുന്‍പാകെ എത്തിക്കുന്നതിന് പ്രസ്തുത വ്യക്തിക്ക് അവകാശമുണ്ട.് ഇതു സംബന്ധിച്ച് സഭാനിയമം വ്യക്തമാക്കുന്ന വസ്തുതയുടെ മൂന്ന് ഘടകങ്ങള്‍ വളരെ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടതുണ്ട്.

അവകാശം ലഭിക്കണമെങ്കില്‍ സഭാംഗത്വം ഉണ്ടാകണം
ക്രിസ്ത്യാനി എന്ന നിലയിലുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കണമെങ്കില്‍ ആദ്യമായി അയാള്‍ സഭയില്‍ ഒരംഗമായിരിക്കണം. ഒരാള്‍ മാമ്മോദീസ വഴിയാണ് വിശ്വാസികളുടെ (Christifidelis) ഗണത്തില്‍ അംഗമായിത്തീരുന്നത്. അതുവഴി അദ്ദേഹത്തിന് സഭയില്‍ ചില അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ടാകുന്നു. ലത്തീന്‍ നിയമസംഹിതയിലെ കാനോന്‍ ഈ വ്യവസ്ഥ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതായത്, മാമ്മോദീസവഴി ഒരു വ്യക്തി ക്രിസ്തുവിന്‍റെ സഭയുമായി സംയോജിക്കപ്പെടുകയും ക്രിസ്ത്യാനികള്‍ ഓരോരുത്തരുടെയും അവസ്ഥയ്ക്കനുസരിച്ച്, സഭയോടുള്ള കൂട്ടായ്മയില്‍ ആയിരിക്കുന്നിടത്തോളം, നിയമപരമായ ശിക്ഷ തടസ്സമായി നില്ക്കുന്നില്ലെങ്കില്‍, തനതായ അവകാശങ്ങളും കടമകളുമുള്ള വ്യക്തിയായിത്തീരുകയും ചെയ്യുന്നു (CIC. c.96).

മേല്പറഞ്ഞതനുസരിച്ച് ഒരാള്‍ക്ക് ക്രിസ്ത്യാനിയെന്ന പേരില്‍ സഭാപരമായ അംഗത്വം ഉണ്ടാകുന്നതിന് അടിസ്ഥാനപരമായ യോഗ്യത മാമ്മോദീസയാണ് എന്ന് മനസ്സിലാക്കാം. തന്മൂലം, ആദ്യമായി സ്ഥാപിക്കേണ്ടത് അയാള്‍ മാമ്മോദീസ സ്വീകരിച്ച വ്യക്തിയാണോ എന്നതാണ്.

ചോദ്യത്തില്‍ ഇടവക വൈദികനെതിരെ പരാതി ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഇടവകാംഗം തന്നെയാണല്ലോ. തന്മൂലം അയാള്‍ മാമ്മോദീസ സ്വീകരിച്ചിട്ടുള്ളയാളാണെന്ന് ന്യായമായും വിശ്വസിക്കാം. കൂടാതെ അയാള്‍ കത്തോലിക്കാ സഭയുമായി പൂര്‍ണ്ണകൂട്ടായ്മയില്‍ ജീവിക്കുന്നയാളാണെന്നുള്ള നിഗമനത്തിലുമെത്താം. മാത്രവുമല്ല, ക്രിസ്ത്യാനിയെന്ന നിലയിലുള്ള തന്‍റെ അവകാശങ്ങള്‍ അനുഭവിക്കുന്നതിന് സഭാപരമായ ശിക്ഷവഴിയോ മറ്റോ അയോഗ്യത അയാള്‍ക്കില്ലെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പരാതി ഉന്നയിക്കാന്‍ സഭാപരമായ അവകാശലംഘനം നടന്നിരിക്കണം
സഭാകോടതി മുന്‍പാകെ ഇപ്രകാരമൊരു പരാതി സഭാംഗത്തിന് ഉന്നയിക്കണമെങ്കില്‍ സഭാപരമായൊരു അവകാശത്തിന്‍റെ ലംഘനമോ മറ്റോ നടന്നിരിക്കണം. സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ക്കനുസരിച്ചുള്ള പ്രസംഗങ്ങളും പഠിപ്പിക്കലുകളും ലഭിക്കാനുള്ള അവകാശം ക്രിസ്ത്യാനികള്‍ക്കുണ്ടോ? ഇത് അവരുടെ അവകാശമാണോ?

ആദ്ധ്യാത്മിക ജീവിതത്തിനാവശ്യമായ സഹായം തങ്ങളുടെ ഇടയന്മാരില്‍ നിന്ന് ലഭിക്കുവാന്‍ എല്ലാ വിശ്വാസികള്‍ക്കും അവകാശമുണ്ടെന്ന് നാം കാണുകയുണ്ടായല്ലോ (CCEO. c. 16; CIC. c. 213) വൈദികരെയും മെത്രാന്മാരെയും സംബന്ധിച്ചിടത്തോളം ഇതൊരു കടമയുമാണ്. ആദ്ധ്യാത്മിക ജീവിതത്തിനാവശ്യമായ സഹായം തങ്ങള്‍ അംഗമായി ചേര്‍ന്നിട്ടുള്ള ഇടവകകള്‍ വഴിയാണ് ലഭിക്കേണ്ടത്.

ഇടവക വികാരി തന്നെ ഭരമേല്പിച്ചിരിക്കുന്ന ഇടവകയുടെ സ്വന്തം ഇടയനാണ്. തന്നെ ഭരമേല്പിച്ചിരിക്കുന്ന സമൂഹത്തിന്‍റെ അജപാലന ശുശ്രൂഷ രൂപതാമെത്രാന്‍റെ അധികാരത്തിന്‍ കീഴിലാണ് നിര്‍വ്വഹിക്കേണ്ടത്. അദ്ദേഹം വിശ്വാസ സത്യങ്ങളെപ്പറ്റിയുള്ള അറിവിലും സത്സ്വഭാവത്തിലും മുന്‍പന്തിയില്‍ നില്ക്കുന്നവനും സഭാനിയമം അനുസരിക്കുന്ന മറ്റു ഗുണവിശേഷങ്ങള്‍ ഉളളവനും ആയിരിക്കേണ്ടതാണ്. ഇപ്രകാരം തങ്ങളുടെ ഇടവക വികാരിമാരില്‍നിന്നും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും മറ്റ് അജപാലനപരമായ ശുശ്രൂഷകളും ലഭിക്കുന്നതിനുള്ള അവകാശം ക്രിസ്തീയ വിശ്വാസികള്‍ക്കുണ്ട്.

സഭയുടെ ആദ്ധ്യാത്മിക ജീവിതത്തിനാവശ്യമായ സഹായം ലഭിക്കാനുള്ള ക്രിസ്തീയ വിശ്വാസികളുടെ അവകാശം ക്രിസ്തീയ വിശ്വാസികളെന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണ്. സാര്‍വ്വത്രിക സഭയോടും തങ്ങളുടെ സ്വയാധികാരസഭയോടുമുള്ള കടമകള്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം നിറവേറ്റേണ്ടതാണ്. സഭയുടെ ഔദ്യോഗിക പ്രബോധനാധികാരത്തിന് കീഴ്വഴങ്ങാനും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും അര്‍ഹമായ അനുസരണവും വിധേയത്വവും പ്രകടിപ്പിക്കാനും എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ട്. സഭയുടെ ഔദ്യോഗിക പ്രബോധനത്തിന് വിരുദ്ധമായ പ്രബോധനങ്ങള്‍ ഉപേക്ഷിക്കേണ്ടതുമാണ് (CCEO. c. 16; CIC. c. 213).

മേല്പറഞ്ഞതില്‍നിന്ന് പള്ളിയിലെ പ്രസംഗങ്ങളും പഠിപ്പിക്കലുകളും മറ്റും സഭയുടെ ഔദ്യോഗിക പ്രബോധനാധികാരത്തിന് വിധേയമായിട്ടുള്ളതാകണം എന്ന് പ്രതീക്ഷിക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് അവകാശമില്ലേ? തീര്‍ച്ചയായും ഉണ്ട് എന്നുവേണം പറയാന്‍. ചോദ്യകര്‍ത്താവ് പരാമര്‍ശിച്ചിരിക്കുന്ന കേസ്സിലെ പരാതിക്കാരന് ഇത്തരം പ്രബോധനങ്ങളല്ല ഇടവക വികാരിയില്‍നിന്ന് ലഭിക്കുക എന്നാണല്ലോ പറയുന്നത്.

അവകാശം സ്ഥാപിച്ചെടുക്കേണ്ടത് സഭാകോടതികള്‍വഴി
സഭയില്‍ നിയമാനുസൃതം സ്ഥാപിക്കപ്പെട്ടിട്ടുള്ള കോടതികള്‍വഴി ക്രിസ്തീയ വിശ്വാസികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാം. ഇത്തരം സാഹചര്യങ്ങളില്‍ സഭാ കോടതിക്ക് കേസ് കൈകാര്യം ചെയ്യാനുള്ള യോഗ്യത കൈവരുന്നതെങ്ങനെയാണ്?

ന്യായവിചാരണകളുടെ പൊതുവിലുള്ള ലക്ഷ്യം സ്വഭാവിക വ്യക്തികളുടെ (physical persons) യോ നൈയ്യാമിക വ്യക്തികളുടെ (juridic persons) യോ അവകാശങ്ങള്‍ നേടിയെടുക്കുകയോ സംരക്ഷിക്കുകയോ ആണ്. ഈ കാനോനയുടെ അടുത്ത ഖണ്ഡികയില്‍ പറയുന്നു: ഭരണനിര്‍വ്വഹണാധികാരത്തിന്‍റെ പ്രവര്‍ത്തിയില്‍നിന്ന് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ സുപ്പീരിയറിന്‍റെയോ അഡ് മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെയോ മുന്‍പാകെ മാത്രമെ കൊണ്ടുവരാവൂ എന്ന് (CIC. c. 1400; CCEO. c. 1055)

തന്മൂലം, ചോദ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പരാതിക്കാരന്‍റെ പരാതി അഡ്മിനിസ്ട്രേറ്ററ്റീവ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട (canonical administrative act) താണെങ്കില്‍ സാധാരണ ട്രൈബ്യൂണലിലേയ്ക്ക് കേസ് വിടാന്‍ പാടില്ല. നിയമപരമായ സുപ്പീരിയറുടെയോ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ മുന്‍പാകെയോ മാത്രമെ കൊണ്ടുവാരാവൂ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഈ കേസ് കൈകാര്യം ചെയ്യാനുള്ള യോഗ്യത (competence) ഇല്ലെങ്കില്‍ മാത്രമെ സഭയുടെ സാധാരണ ട്രൈബ്യൂണലിന് വിടാവൂ. കാരണം, ഏതൊരു അവകാശവും സംരക്ഷിക്കപ്പെടുന്നത് വ്യവഹാര നടപടി (action) വഴി മാത്രമല്ല, മറിച്ച് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടില്ലാത്ത പക്ഷം, എല്ലായ്പ്പോഴും സാധ്യവും സ്വഭാവത്താലെ ശാശ്വതവുമായ നിയമാപവാദം (exception) വഴിയുമാണല്ലോ.

ചോദ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പരാതി അതായത് സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ക്കു വിധേയമല്ലാത്ത വിധത്തിലുള്ള ഇടവകവികാരിയുടെ പ്രസംഗമായിരുന്നല്ലോ. പള്ളിയിലെ വികാരിയുടെ പ്രസംഗം അഡ്മിനിസ്ട്രേറ്റീവ് ആക്ടിന്‍റെ പരിധിയില്‍ വരുന്നതല്ല. പ്രസംഗിക്കുക എന്നത് സഭയുടെ teaching office ന്‍റെ പരിധിയില്‍ വരുന്നതാണ്. തന്മൂലം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഈ കേസ് കൈകാര്യം ചെയ്യാനുള്ള യോഗ്യത ഉണ്ടാവില്ല; സാധാരണ ട്രൈബ്യൂണലിലേക്ക് പരാതിക്കാരന്‍ കേസ് വിടേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org