Latest News
|^| Home -> Suppliments -> Baladeepam -> ആശയവിനിമയം

ആശയവിനിമയം

Sathyadeepam

“എല്ലാ കഴിവുകളിലും ഏറ്റം അമൂല്യമായതു വാക്ചാതുര്യമാണെന്നു” വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. “ചോരയും കണ്ണീരും വിയര്‍പ്പുമല്ലാതെ നിങ്ങള്‍ക്കു തരാന്‍ എന്‍റെ പക്കല്‍ ഒന്നുമില്ലെന്ന്” പ്രസംഗിച്ച (1940, മേയ് 13) ചര്‍ച്ചിലിന്‍റെ പാര്‍ലമെന്‍റ് പ്രഭാഷണം അതുകൊണ്ടാണു വര്‍ഷങ്ങളായിട്ടും ജനമനസ്സില്‍ വികാരമുണര്‍ത്തുന്നത്. “എനിക്കൊരു സ്വപ്നമുണ്ട്; അടിമകള്‍ ഉടമകളോടു തോള്‍ ചേര്‍ന്നു നടക്കുന്ന സ്വപ്നം” എന്നുറക്കെ പറഞ്ഞ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും (1963), “അടിമകള്‍ക്കു സ്വാതന്ത്ര്യമില്ലെങ്കില്‍ കല്‍ത്തുറുങ്കിലേക്കു പോകാനോ മരിച്ചു മണ്ണടിയാനോ ഞാന്‍ ഒരുക്കമാണെന്ന്” പറഞ്ഞ നെല്‍സണ്‍ മണ്ടേലയും (1964, ഏപ്രില്‍ 20) ഫറവോന്‍റെ മുമ്പില്‍ ചങ്കുറപ്പോടെ നിന്ന മോശയുമൊക്കെ വിജയപ്രദമായ ആശയവിനിമയം നടത്തിയ നേതാക്കളാണ്.

ജോണ്‍ എഫ്. കെന്നഡിയും മാര്‍ഗരറ്റ് താച്ചറും ഇന്ദിരാഗാന്ധിയും അവരുടെ ശക്തമായ വിനിമയശക്തിയാലും ശരീരഭാഷയാലും ജനലക്ഷങ്ങളെ ആവേശം കൊള്ളിച്ചിരുന്നു.

എന്തിനെയും പ്രചോദിപ്പിക്കുകയും കര്‍മനിരതമാക്കുകയും ചെയ്യുന്ന മാസ്മരശക്തിയാണ് ഉത്തമ ആശയവിനിമയം എന്നു ചുരുക്കം.

വിനിമയവിസ്ഫോടനത്തിന്‍റെ ലോകത്തു ചില മേഖലകളിലുള്ളവര്‍ ഇതില്‍ പ്രത്യേക പാടവം നേടണം. മാനവവിഭവശേഷിയിലും പബ്ലിക് റിലേഷന്‍സ് വകുപ്പിലും ജനങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തേണ്ടവരിലും വിനിമയപാടവം മികവാര്‍ന്നതാവണം. ഒരു പ്രസ്ഥാനത്തെയോ സ്ഥാപനത്തെയോ സംബന്ധിച്ചിടത്തോളം നേതാവില്‍ നിന്നുള്ള സന്ദേശം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നേതാവിന്‍റെ ആശയവിനിമയത്തിനും പാളിച്ചയുണ്ടാകാന്‍ പാടില്ല.

ഒരാള്‍ മരുഭൂമിയുടെ നടുക്കുനിന്ന് ഉറക്കെ കരയുകയാണെന്നു കരുതുക. മറ്റാരും ഇതു കേള്‍ക്കാനില്ല. യഥാര്‍ത്ഥത്തില്‍ അയാള്‍ ആശയവിനിമയം നടത്തുകയാണോ? ആണെന്നു പറയാം. എന്നാല്‍, യാതൊരു പ്രതികരണവും അത് ഉളവാക്കാത്തിടത്തോളം അതു വിജയകരമായ ആശയവിനിമയം എന്നു പറയാനാവില്ല. 70 ശതമാനം ആശയവിനിമയവും അതു വാക്കാലോ എഴുത്താലോ ഉള്ളതാകട്ടെ ലക്ഷ്യത്തിലെത്താറില്ലെന്നു പറയപ്പെടുന്നു. ആശയവിനിമയത്തിലൂടെ വസ്തുതയും വികാരവും പെരുമാറ്റവും ആശയവും ചിന്തയും നാം പങ്കുവയ്ക്കുന്നു. ഇതിനു പ്രധാനമായും ആറു ഘടകങ്ങളുണ്ട്.

1. ഉറവിടം, 2. സന്ദേശം, 3. മാധ്യമം, 4. സ്വീകര്‍ത്താവ്, 5. പ്രതികരണം, 6. പ്രതിബന്ധങ്ങള്‍.

എന്നാല്‍, എല്ലായ്പ്പോഴും ഈ ആറു ഘടകങ്ങള്‍ ആശയവിനിമയപ്രക്രിയയില്‍ ഉണ്ടായിരിക്കണമെന്നില്ല. സന്ദേശം ഏകദിശയില്‍ ഉള്ളതാകാം. ഉറവിടവും സന്ദേശവും സ്വീകര്‍ത്താവും മാത്രമേ ഇവിടുണ്ടാകൂ. പ്രതികരണം അറിയാന്‍ സംവിധാനമില്ല. എല്ലാ ഘടകങ്ങളും ഉള്‍പ്പെട്ട പ്രക്രിയയാണു പൂര്‍ണമായ ആശയവിനിമയം. അതില്‍ ആറു ഘടകവും ഉണ്ടായിരിക്കും. ഈ അവധിക്കാലം നല്ല ആശയവിനിമയം പരിശീലിക്കാന്‍ പരിശ്രമിക്കാം.

Leave a Comment

*
*