കമ്പനി സെക്രട്ടറി

കമ്പനി സെക്രട്ടറി

യുവര്‍ കരിയര്‍

എം. ഷൈറജ്

എഞ്ചിനീയറിംഗിനും മെ ഡിസിനുമപ്പുറം പ്രൊഫഷണല്‍ കോഴ്സ് പഠിക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട മൂന്നു കോഴ്സുകളാണ് കമ്പനി സെക്രട്ടറി, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, കോസ്റ്റ് അക്കൗണ്ടന്‍റ് എന്നിവ. യോഗ്യത നേടിയാലുടന്‍ ജോലി, ഉയര്‍ന്ന ശമ്പളം, ഉന്നതമായ പദവി. എന്തുകൊണ്ടും ആകര്‍ഷകമായ കരിയറുകളാണിവ. പഠനച്ചെലവാകട്ടെ ഏറെക്കുറവും.

കമ്പനി സെക്രട്ടറി
ബിസിനസ്സുമായി ബന്ധപ്പെട്ടവയാണ് മേല്‍പ്പറഞ്ഞ മൂന്നു തൊഴില്‍ മേഖലകളും. അവയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരുന്ന കരിയറാണ് കമ്പനി സെക്രട്ടറിയെന്നത്. 'സെക്രട്ടറി' എന്ന വാക്കാണു വില്ലനായത്. കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ഉന്നതോദ്യോഗസ്ഥന്‍റെ സെക്രട്ടറി പദവിയാണിതെന്ന അബദ്ധവിചാരം പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഒരു കമ്പനിയുടെ പ്രിന്‍സിപ്പല്‍ ഓഫീസറാണ് കമ്പനി സെക്രട്ടറിയെന്നത് മിക്കവര്‍ക്കും ഇന്നറിയാം. ഇന്ത്യന്‍ കമ്പനി നിയമത്തി ന്‍റെ 203-ാം വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള 'കീ മാനേജീരിയില്‍ പേഴ്സനല്‍' വിഭാഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍, ഹോള്‍ ടൈം ഡയറക്ടര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്നിവയ്ക്കൊപ്പം കമ്പനി സെക്രട്ടറിയും ഉള്‍പ്പെടും.

ചുമതലകള്‍
കമ്പനികളുടെ രൂപീകരണം, നടത്തിപ്പ്, വികാസം എന്നിവയില്‍ സുപ്രധാന പങ്കാണു കമ്പനി സെക്രട്ടറിക്കുള്ളത്. കമ്പനിയുടെ നിയമപരമായ ബാധ്യതകള്‍ കമ്പനി നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മുഖ്യചുമതലയാണ്. ഫിനാന്‍സ്, അക്കൗണ്ടിംഗ്, മാനേജ്മെന്‍റ്, നിയമം, അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ മേഖലകളിലെ അവഗാഹവും അവയുടെ കൃത്യമായ പ്രയോഗവുമാണ് ഒരു മികച്ച കമ്പനി സെക്രട്ടറിയെ സൃഷ്ടിക്കുന്നത്.

ജോലി സാധ്യത
ആദ്യം സൂചിപ്പിച്ചതുപോലെ ഏറ്റവുമധികം തൊഴില്‍ സാധ്യതയുള്ള കോഴ്സുകളിലൊന്നാണിത്. അഞ്ചുകോടിയിലേറെ മൂലധനമുള്ള എല്ലാ കമ്പനികളിലും ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള കമ്പനികളിലും മുഴുവന്‍ സമയ കമ്പനി സെക്രട്ടറി വേണമെന്ന നിയമവും ഇന്ത്യയില്‍ 13 ലക്ഷത്തോളം കമ്പനികളുണ്ടെങ്കിലും കമ്പനിസെക്രട്ടറിമാര്‍ 35,000-ത്തോളം മാത്രമേയുള്ളൂവെന്ന വസ്തുതയും കൂട്ടിവായിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.

പ്രാക്ടീസിംഗ്
ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ഉദ്യോഗം നേടുന്നതിനു പകരമായി സ്വന്തമായ പ്രാക്ടീസിംഗ് നടത്തുന്നതിനും അവസരമുണ്ട്. കമ്പനീസ് ആക്ട്, ഇന്‍കംടാക്സ് ആക്ട്, എം.ആര്‍.ടി.പി., കസ്റ്റംസ് ആക്ട്, സെന്‍ട്രല്‍ എക്സൈസ് ആക്ട്, ജി.എസ്.ടി., സര്‍വ്വീസ് ടാക്സ് എന്നീ നിയമങ്ങളിലെ വിവിധ വശങ്ങളിലാണു പ്രാക്ടീസ്.

ഇതു കൂടാതെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ തൊഴില്‍ നേടുവാനാകും. കോമേഴ്സ്-മാനേജ്മെന്‍റ് അദ്ധ്യാപകനാകുവാനും കമ്പനി സെക്രട്ടറി യോഗ്യത ഉപയോഗപ്രദമാക്കാം.

കോഴ്സ്
1980-ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമത്തിലൂടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) നിലവില്‍ വന്നു. പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ടിനാണു കമ്പനി സെക്രട്ടറി കോഴ്സ് നടത്തുന്നതിന്‍റെ ചുമതല. ഡല്‍ഹി ആസ്ഥാനമായിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ചാപ്റ്ററുകളുണ്ട്. ഈ ചാപ്റ്ററുകളിലെല്ലാം ക്ലാസ്സ് റൂം കോച്ചിംഗിന് അവസരമുണ്ട്. ICSI-യുടെ ഹെഡ്ക്വോര്‍ട്ടേഴ്സിലോ റീജിയണല്‍ ഓഫീസുകളിലോ ചാപ്റ്ററുകളിലോ പ്രവേശനത്തിനായി അപേക്ഷിക്കാം. എന്‍ട്രന്‍സ്, റാങ്കിംഗ് തുടങ്ങിയ നൂലാമാലകളൊന്നുമില്ല.

പ്ലസ് ടൂ കഴിഞ്ഞതിനു ശേഷമോ ബിരുദം നേടിയതിനു ശേഷമോ കമ്പനി സെക്രട്ടറി പഠനം തുടങ്ങാം. പ്ലസ് ടുവിനു ശേഷമാണ് പഠനമാരംഭിക്കുന്നതെങ്കില്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം, എക്സിക്യൂട്ടീവ് പ്രോഗ്രാം, പ്രൊഫഷണല്‍ പ്രോഗ്രാം എന്നിങ്ങനെ മൂന്നു ലെവലുകള്‍ പാസ്സാകണം. ബിരുദധാരികള്‍ക്കാവട്ടെ രണ്ടു തലങ്ങള്‍ പാസ്സായാല്‍ മതി. ഫൗണ്ടേഷന്‍ പ്രോഗ്രാം ആവശ്യമില്ല.

പ്ലസ് ടുവിന് ഏതു ഗ്രൂപ്പ് പഠിച്ചവര്‍ക്കും കമ്പനി സെക്രട്ടറി കോഴ്സിനു ചേരാം. ബിരുദത്തിനും വിഷയനിബന്ധനയില്ല. ഫൈന്‍ ആര്‍ട്സ് ബിരുദം മാത്രം യോഗ്യതയായി കണക്കാക്കില്ല.

ഫൗണ്ടേഷന്‍ പ്രോഗ്രാം
മേല്‍ സൂചിപ്പിച്ചതുപോലെ പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ളതാണു ഫൗണ്ടേഷന്‍ പ്രോഗ്രാം. ചാപ്റ്ററുകളിലെ ക്ലാസ്സ് റൂം കോച്ചിംഗ് കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തപാല്‍ കോഴ്സിലൂടെയും ഫൗണ്ടേഷന്‍ കോഴ്സ് പഠിക്കാം. എട്ടുമാസമാണ് കാലാവധി. വര്‍ഷത്തില്‍ രണ്ടു തവണ പരീക്ഷയുണ്ട്.

എക്സിക്യൂട്ടീവ് / പ്രൊഫഷണല്‍ പ്രോഗ്രാം
ഫൗണ്ടേഷന്‍ കോഴ്സ് പാസ്സായവര്‍ക്കും ബിരുദധാരികള്‍ക്കും CA/ICWA പാസ്സായവര്‍ക്കും എക്സിക്യൂട്ടീവ് പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്യാം. രണ്ടു മോഡ്യൂളുകളിലായി 8 പേപ്പറുകള്‍ പാസ്സാകണം.

എക്സിക്യൂട്ടീവ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പ്രൊഫഷണല്‍ പ്രോഗ്രാമിനു ചേരാം. മൂന്നു മോഡ്യൂളുകളിലായി 9 പേപ്പറുകള്‍ ഈ പ്രോഗ്രാമില്‍ പാസ്സാകണം.

എക്സിക്യൂട്ടീവ് പ്രോഗ്രാമിനും പ്രൊഫഷണല്‍ പ്രോഗ്രാമിനും റീജണല്‍/ചാപ്റ്റര്‍ സെന്‍ററുകളില്‍ കോച്ചിംഗ് നടത്തുന്നുണ്ട്. വിവിധ നിയമങ്ങള്‍, മാനേജ്മെന്‍റ്, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സ് മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളാണു പഠിക്കേണ്ടത്.

പ്രായോഗിക പരിശീലനം
കമ്പനി സെക്രട്ടറി കോഴ്സിന്‍റെ ഭാഗമായി പ്രായോഗിക പരിശീലനം നിര്‍ബന്ധമാണ്. ഒരു പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിയുടെ കീഴിലോ ലിസ്റ്റു ചെയ്യപ്പെട്ട കമ്പനികളിലോ പരിശീലനം നേടാം. പരിശീലന സമയത്ത് സ്റ്റൈപന്‍റിന് അര്‍ഹതയുണ്ട്.

എക്സിക്യൂട്ടീവ് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്തതിനു ശേഷം പ്രായോഗിക പരിശീലനം തുടങ്ങുകയാണെങ്കില്‍ മൂന്നു വര്‍ഷമാണു പരിശീലന കാലാവധി. എക്സിക്യൂട്ടീവ് പ്രോഗ്രാം പാസ്സായതിനു ശേഷമാണെങ്കില്‍ രണ്ടു വര്‍ഷവും പ്രൊഫഷണല്‍ പ്രോഗ്രാം പാസ്സായതിനു ശേഷമാണെങ്കില്‍ ഒരു വര്‍ഷവും പ്രായോഗിക പരിശീലനം മതിയാവും.

ഫീസ്
തുച്ഛമായ ഫീസ് മാത്രമേ കമ്പനി സെക്രട്ടറി കോഴ്സിനുള്ളൂ. ഫൗണ്ടേഷന്‍ കോഴ്സിന് 4,500 രൂപ, എക്സിക്യൂട്ടീവ് പ്രോഗ്രാമിന് 8,500 രൂപ, പ്രൊഫഷണല്‍ പ്രോഗ്രാമിന് 12,000 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഫീസ്. പരീക്ഷാ ഫീസുമുണ്ട്.

ഡോക്ടറേറ്റ്
ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികള്‍ Ph.D. കോഴ്സിനുള്ള അടിസ്ഥാന യോഗ്യതയായി കമ്പനി സെക്രട്ടറിഷിപ്പിനെ അംഗീകരിച്ചിട്ടുണ്ട്.

വ്യക്തിഗുണങ്ങള്‍
ഭരണപാടവം, വിവേചനസാമര്‍ത്ഥ്യം, നിയമവിഷയങ്ങളോടുള്ള ആഭിമുഖ്യം, സംഖ്യാസംബന്ധമായ അറിവ്, തന്ത്രജ്ഞത, ചിട്ടയായ പ്രവര്‍ത്തനം.

വെബ്സൈറ്റ്
www.icsi.edu

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org