|^| Home -> Suppliments -> ULife -> സുവിശേഷ വല്‍ക്കരണത്തിന്‍റെ കൊറോണ പാതകള്‍

സുവിശേഷ വല്‍ക്കരണത്തിന്‍റെ കൊറോണ പാതകള്‍

Sathyadeepam

ജോസ് തോമസ്, പാലാരിവട്ടം

വിശാലമായ ലോകത്ത് മനുഷ്യന്‍ സ്വതന്ത്രനായി ഓടി നടക്കുന്നു. തിക്കും തിരക്കും പിടിച്ച ലോകം. പരസ്പരം നോക്കാനോ സംസാരിക്കാനോ നേരമില്ല. കുടുംബാംഗങ്ങള്‍ പലപ്പോഴും വീട്ടിലെ വിശേഷങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് അറിയിക്കുന്നത്. മുകളിലെ മുറിയില്‍നിന്ന് താഴേക്ക് ഒരു മുറിയില്‍നിന്ന് അടുത്ത മുറിയിലേക്ക് സംസാരിക്കുന്നത് ഫോണിലൂടെ ചാറ്റിങ്ങിലൂടെ ആണ്. അത്രയും തിക്കുംതിരക്കും പിടിച്ച ലോകം. തുണിക്കടകളില്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍, റസ്റ്റോറന്‍റുകളില്‍, വിദേശമദ്യ ഷോപ്പുകളില്‍, സിനിമ ശാലകളില്‍ എന്ന് വേണ്ട എങ്ങും തിക്കുംതിരക്കും. പലര്‍ക്കും വീട്ടില്‍ എത്താന്‍ നേരമില്ല. പലപ്പോഴും വൈകി വരുന്നു നേരത്തെ പോകുന്നു. കുടുംബാംഗങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ചോദിക്കുവാനോ മനസ്സിലാക്കാനോ നേരമില്ല.

ഈ തിരക്കിനിടയിലേക്ക് പറന്ന് വന്നു കൊറോണ വൈറസ്. സന്ധ്യക്ക് പക്ഷികള്‍ കൂട്ടിലേക്ക് ചേക്കേറുന്നതുപോലെ എല്ലാ മനുഷ്യനും സ്വന്തം ഭവനത്തിലേക്ക് ഓടിയെത്തി. വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഓഫീസില്‍നിന്നും ഹോസ്റ്റലില്‍നിന്നും പാടത്തുനിന്നും പറമ്പില്‍നിന്നും ഓടി കൂടണഞ്ഞു. തുടര്‍ന്നുവന്ന ലോക്ക്ഡൗണ്‍.

ഷോപ്പിങ് മാളുകളും തുണിക്കടകളും റസ്റ്റോറന്‍റുകളും മദ്യഷോപ്പുകളും എന്നു വേണ്ട തെരുവോരങ്ങള്‍ എല്ലാം ശാന്തമായി. എല്ലാവരുടെയും തിരക്ക് കഴിഞ്ഞു. റോഡുകള്‍ വിജനമായി. പ്രകൃതി സുന്ദരമായി. അന്തരീക്ഷം വിഷരഹിതമായി.

കുടുംബാംഗങ്ങള്‍ തമ്മില്‍ കാണുവാന്‍ തുടങ്ങി. സംസാരിക്കാന്‍ തുടങ്ങി. വീട്ടിലെ ഭക്ഷണത്തിന് സ്വാദ് കൂടുവാന്‍ തുടങ്ങി. പ്രഭാത പ്രാര്‍ത്ഥനകളും സായാഹ്ന പ്രാര്‍ത്ഥനകളും അന്തരീക്ഷത്തില്‍ നിറയാന്‍ തുടങ്ങി. ദേവാലയങ്ങള്‍ നിശബ്ദം ആയപ്പോള്‍ വീടുകള്‍ ദേവാലയങ്ങള്‍ ആയി. വീടിന്‍റെ സുരക്ഷിതത്വം, സമര്‍പ്പിത ജീവിതത്തിന്‍റെ സുരക്ഷിതത്വം തുടങ്ങിയവ പുതിയ അനുഭവമായി. മദ്യഷോപ്പുകളുടെ നിയന്ത്രണം കുടുംബ ങ്ങളില്‍ സമാധാനം വര്‍ദ്ധിപ്പിച്ചു.

സന്യാസ സമൂഹങ്ങളിലെ സ്നേഹത്തിന്‍റെ തീക്ഷ്ണതയേറി. സ്കൂളിലും കോളേജിലും മറ്റുമുള്ള ജോലി തിരക്ക് മൂലം സഹോദരിമാര്‍ തമ്മില്‍ പരസ്പരം കാണുവാനോ സംസാരിക്കുവാനോ സമയമില്ലായിരുന്നു. ഇന്ന് എപ്പോഴും കാണാനും ഒരുമിച്ച് ദീര്‍ഘസമയം ദിവ്യനാഥന്‍റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നു. ഒന്നിച്ചുള്ള പ്രാര്‍ത്ഥന ഒന്നിച്ചുള്ള സൗഹൃദം ഒന്നിച്ചുള്ള ഭക്ഷണം കൂട്ടായ്മയുടെ മാധുരി ഇരട്ടിയാക്കി.

എന്നും അജഗണത്തോട് ഒത്ത് ബലിയര്‍പ്പിച്ച് കൂദാശകള്‍ പരികര്‍മ്മം ചെയ്ത് അതിന്‍റെ ആത്മസംതൃപ്തിയില്‍ കഴിഞ്ഞിരുന്ന ഇടയന്‍ ഇന്ന് ഏകനായി. ഈ ഏകാന്തത വഴിതെറ്റിയതിനെ പേര് ചൊല്ലി വിളിക്കാനും ചേര്‍ത്തുപിടിച്ചു കൂടെ നടക്കാനുമുള്ള വേദിയായി. കുറവുള്ളതിനെയും മുടന്തുള്ളതിനെയും തേടി കണ്ടെത്താനും പരിചരിക്കാനുമുള്ള അവസരമായി. എല്ലാം നഷ്ടപ്പെടുത്തി കുതിച്ചു കൊണ്ടിരുന്ന ലോകത്തെ നിമിഷം കൊണ്ട് (വെളിപാട് 2:5) ആദ്യ സ്നേഹത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഇതെല്ലാം എനിക്ക് തിരിച്ചു കിട്ടി ഞാന്‍ അനുഭവിക്കുമ്പോള്‍ എന്‍റെ സഹോദരനെക്കുറിച്ച് ഞാന്‍ ചിന്തിച്ചുവോ? ലോക്ക് ഡൗണിന്‍റെ നീണ്ട 55 ദിവസം കടന്നുപോയപ്പോള്‍ അടുത്ത വീട്ടില്‍ തീ പുകയുന്നുണ്ടോ എന്ന് ഞാന്‍ നോക്കിയോ? ഞാനെന്‍റെ സുരക്ഷിതത്വവും നിലനില്‍പ്പും നോക്കിയപ്പോള്‍ ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവന് കൊടുക്കാന്‍ താല്പര്യം കാണിച്ചുവോ? മുറ്റത്തിറങ്ങി അടുത്ത വീട്ടിലെ സ്ഥിതിഗതികള്‍ എങ്ങനെയെന്ന് നോക്കാനുള്ള മനസ്സു ഉണ്ടായോ?

സമൂഹജീവിതത്തിന്‍റെ സുരക്ഷിതത്വത്തില്‍ ഞാന്‍ ഇരുന്നപ്പോള്‍ എന്‍റെ ചുറ്റുമുള്ള സമൂഹത്തിന്‍റെ അവസ്ഥയെ ഞാന്‍ പരിഗണിച്ചുവോ? ഉപവാസവും പ്രാര്‍ത്ഥനയും ആയി ഇരുന്നപ്പോള്‍ ഉപവാസത്തിന്‍റെ വിഹിതം സഹോദരങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറായോ? ഒറ്റപ്പെട്ട മാതാപിതാക്കളുടേയും വിദേശത്ത് പെട്ടുപോയ ജീവിതപങ്കാളിയെക്കുറിച്ച് ഓര്‍ത്ത് വേദനിക്കുന്നവരെയും ആശ്വസിപ്പിക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയോ? മദ്യവും മയക്കു മരുന്നും കിട്ടാതെ വീട്ടില്‍ കിടന്ന് ബഹളം ഉണ്ടാക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ഇറങ്ങി തിരിച്ചുവോ? തകര്‍ച്ചയിലും തളര്‍ച്ചയിലും ദാരിദ്ര്യത്തിലും ദുഃഖത്തിലും രോഗത്തിലും വേദനയിലും കൂടെയുള്ള ദൈവത്തെ കാണിച്ചുകൊടുക്കാന്‍ ഈ കൊറോണ കാലത്ത് ഞാനെന്തു ചെയ്തു?

ദേവാലയത്തിന്‍റെ ഏകാന്തതയും ഈശോയോട് ചേര്‍ന്നിരിക്കാന്‍ അവസരവും തന്നത് ആടുകളെ അടുത്തറിയുന്ന ഇടയന്‍ ആകാനാണ്. അതിനുവേണ്ടി ഞാന്‍ എന്തു ചെയ്തു? ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിച്ച (യോഹ. 10:15) നല്ല ഇടയനെ പോലെ ആടുകളെ തേടി ഇറങ്ങാന്‍ ഞാന്‍ തയ്യാറായോ? ഓരോ ദിവസവും ഉള്ള എന്‍റെ ബലിയര്‍പ്പണം വേദനിക്കുന്ന ആടുകള്‍ക്ക് വേണ്ടിയുള്ള കണ്ണുനീരിനെ ബലി ആയിരുന്നോ?. രോഗികള്‍ക്കും വേദനിക്കുന്നവര്‍ക്കും വേണ്ടി ഞാന്‍ എന്തുചെയ്തു? ഈശോയെ കൊടുക്കാന്‍ കഴിയുന്ന ഏക വ്യക്തി ഞാന്‍ ആണെന്ന ബോധ്യത്തോടെ ആവശ്യക്കാരിലേക്ക് ഈശോയെ കൊടുക്കാന്‍ ഞാന്‍ തുനിഞ്ഞിറങ്ങിയോ? അതോ എന്‍റെ സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുത്തുവോ? വിശക്കുന്നവരിലേക്ക് ദാരിദ്ര്യം അനുഭവിക്കുന്നവരിലേക്ക് ഒരു അപ്പനടുത്ത് സ്നേഹത്തോടെ കടന്നുചെല്ലാന്‍ അവരെ കണ്ടെത്താന്‍ അവരെ ആശ്വസിപ്പിക്കാന്‍ അവര്‍ക്ക് വേണ്ടത് ചെയ്യാന്‍ ഞാന്‍ തയ്യാറായോ?

ആവശ്യക്കാരിലേക്ക് അനാഥരിലേക്ക് അവഗണിക്കപ്പെട്ടവരിലേക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്ക് ആരുമറിയാതെ സഹായങ്ങള്‍ എത്തിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ലേ?
നമ്മുടെ സാന്നിധ്യമാണ് ഏറ്റവും വലിയ വചനപ്രഘോഷണം. അതെ ഇങ്ങനെയുള്ള വചനപ്രഘോഷണത്തിനുള്ള വേദിയാണ് ഈശോ ഈ കൊറോണ കാലത്ത് നമുക്ക് ഒരുക്കി തന്നത്.

Leave a Comment

*
*