ഫാ. കുര്യാക്കോസ് മുണ്ടാടന്‍
മനുഷ്യകുലത്തിന്‍റെ ശ്വാസോച്ഛ്വാസങ്ങളില്‍
സൂക്ഷ്മാണുക്കളുടെ ഘോഷയാത്ര.
ആരറിഞ്ഞു ദൈവമല്ലാതെയാരും,
വൈദ്യശാസ്ത്രവും വൈദഗ്ദ്ധ്യവും
അടര്‍ത്തിമാറ്റി കെറോണ വൈറസുകള്‍.
ചുംബനങ്ങളില്ല, പവറോത്തി1യുടെ
സംഗീതമില്ല, കൂരിരുളില്‍ മരണപ്രവാഹം
അണപ്പൊട്ടിയൊഴുകി ടൈബറില്‍2
വേദന, ഏകാന്തത; യാര്‍ത്തനാദങ്ങളെങ്ങും.
ശ്വാസമില്ലാതെ പിടയുന്നോരമ്മതന്‍
അന്തിമ ഭാവങ്ങള്‍ വെന്‍റിലേറ്ററില്‍.
മക്കളെ, ചെറുമക്കളെ ഉമ്മവയ്ക്കാനുള്ള
മോഹം, "ലോക്കൗഡണി"3 ന്നാകാശങ്ങളില്‍
പെയ്തിറങ്ങി കണ്ണുനീര്‍ മഴതുള്ളികള്‍.
തോക്കുകളില്ല, തീതുപ്പും മിസൈലുകളില്ല,
മാസ്ക്കുകളും സാനിറ്റൈസറുകളും4 മാത്രം.
ശത്രുവില്ല, മിത്രമില്ല, ഭൂമിയാകെ യുദ്ധക്കളം,
ഇരുപതേയിരുപതില്‍ ചരിത്രം മഹാമാരിയെഴുതി.
കൂട്ടിലടച്ച പക്ഷിപോല്‍, മര്‍ത്ത്യര്‍,
വിട്ടിലടച്ചു സ്വാതന്ത്ര്യം, മരീചിക.
മറന്ന പാഠങ്ങള്‍ മണ്ണിലെഴുതി വെറുതെ,
അകത്തളം കിളിര്‍ത്തു, മനുഷ്യത്വബോധം.
അടച്ചിട്ട മുറികളില്‍ കോവിഡിന്‍ വാര്‍ത്തകള്‍,
തുറന്ന ജാലകങ്ങളില്‍ കാരുണ്യത്തൊട്ടികള്‍5.
മഹാമാരിക്കു കീഴടങ്ങാത്ത മഹാമനസ്കത,
മാനവസംസ്കാരത്തിന്‍റെ ശുശ്രൂഷകര്‍6.
ഇന്നലെ കണ്ട ലോകമല്ല, യെങ്കിലും,
ഇന്നെനിക്കും നിനക്കും രോഗമുണ്ടവര്‍ക്കും.
മരണത്തിന്‍ കറുത്തച്ചിറകടികള്‍, ഭയം,
മനുഷ്യവര്‍ഗചേതനയിലസ്വസ്ഥതകള്‍.
കബന്ധങ്ങള്‍ ശ്മശാനങ്ങള്‍ നിറയ്ക്കുമ്പോള്‍
സിരകളില്‍, ഹൃദയധമനികളിലെങ്ങോ
മിടിക്കുന്നു "ഭയപ്പെടേണ്ട ഞാനുണ്ടു കൂടെ"
ഒത്തിരിയാശ്വാസത്തിന്‍ വാക്കുകള്‍
കാലനും കാലത്തിനുമപ്പുറം
നിത്യത, യെന്നെ പുല്കുന്ന സത്യം.
1. ഇറ്റലിയിലെ സംഗീതജ്ഞന്‍
2. റോമിലെ പ്രസിദ്ധമായ നദി
3. മനുഷ്യരുമായുള്ള സമ്പര്‍ക്കം കുറയ്ക്കാനുള്ള ടെക്നിക്- ലോക്ക്ഡൗണ്‍.
4. കെറോണയെ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍.
5. ഇറ്റലിയിലെ നേപ്പിള്‍സില്‍ ബാല്‍ക്കണയില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ പാവങ്ങള്‍ക്കായ് തൊട്ടിയിലിറക്കി കെറോണക്കാലത്ത് കാരുണ്യം കാണിച്ചവര്‍
6. കെറോണയെ പ്രതിരോധിക്കാന്‍ സഹായിച്ച പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും