|^| Home -> Suppliments -> ULife -> കൊറോണയുടെ സുവിശേഷം

കൊറോണയുടെ സുവിശേഷം

Sathyadeepam

മരിയ റാന്‍സം

വെയില്‍ കനക്കും മുന്നേ ചന്ദന നിറത്തിനരുകില്‍ ഓലപ്പച്ച നൂലുള്ള തുമ്പറ്റം വളഞ്ഞ കുരുത്തോല കൈയ്യില്‍ പിടിച്ച്, ദാവീദിന്‍ സുതനോശാന പാടി ആന വാതില്‍മുട്ടിത്തുറന്ന് പള്ളിയകത്തേക്ക്…

ഇടക്ക് മനസ്സറിഞ്ഞൊന്ന് കണ്ണ് പൂട്ടിയാല്‍ കാണാം, കുരുത്തോല തുമ്പുകള്‍ക്ക് ഇടയിലെവിടെയോ കൊതിപ്പിക്കുന്ന ചിരിയും ചിരിച്ച് തലയെടുപ്പോടെ അവന്‍ — ആ ചുവന്ന അങ്കിക്കാരന്‍ —

ഒരാണ്ടിലേക്കുള്ള മുഴുവന്‍ ഇന്ധനവും നിറയ്ക്കേണ്ടത് നോമ്പിന്‍റെ ഈ ഓശാന തിരുന്നാള്‍ മുതല്‍ ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നാണല്ലോ? തിങ്കളും ചൊവ്വയും കൊണ്ട് മുറ്റമൊക്കെ അടിച്ചുവാരി വീടെല്ലാം ഒതുക്കി തുടച്ച്, ബുധനാഴ്ചക്ക് മുന്നേ കുമ്പസാരിച്ച്, കുടുംബത്തെയും മനസ്സിനെയും ഒരു പോലെ ഒരുക്കിയെടുക്കുന്ന ദിവസങ്ങള്‍.

ഓര്‍ശ്ശലേത്തെ പെണ്‍ഛായയുള്ള അമ്മമാര്‍ പറഞ്ഞും പഠിപ്പിച്ചും തന്നിട്ടുള്ളവയും, ഇതുവരെ കൃത്യമായി അനുഷ്ടിച്ച് പോന്നവയെയും തകിടം മറിച്ച ഒരു വലിയാഴ്ച! ദിവ്യകാരുണ്യ ആരാധന, പള്ളിയിലും കുടുംബത്തിലുമുള്ള പെസഹ, പൊതുനിരത്തിലൂടെയുള്ള കുരിശിന്‍റെ വഴി, കുരിശ് രൂപം ചുംബിക്കാന്‍ സ്ഥിരമായി പോകാറുള്ള ദേവാലയങ്ങള്‍ എല്ലാം ഓര്‍മ്മകള്‍ മാത്രമായി അവശേഷിപ്പിച്ച ഈ കോവിഡ് കാലത്തെ എങ്ങനെ അതിജീവിക്കും എന്ന് അറിയില്ല. മനസ്സ് നിറയെ ആശങ്കകള്‍ മാത്രമാണ്. ഞാന്‍ മാത്രമല്ല ഏത് പള്ളിയുടെയും മുക്കാല്‍ പങ്കും കയ്യേറുന്ന പെണ്‍മനസ്സുകളാണ് ഈ അന്തരീക്ഷത്തില്‍ കൂടുതല്‍ ഉലയാന്‍ ഇടയുള്ളത് എന്ന് തോന്നുന്നു. പള്ളികളിലെ ഫസ്റ്റ് ബഞ്ച്കാരെ കുറിച്ചും ഓര്‍ത്തു. മുന്‍നിര ഇരി പ്പിടം ഉറപ്പിക്കാനായി പരപരാ വെളുക്കുമ്പോഴേ – ഒരുപക്ഷേ പള്ളി തുറക്കുന്നതിലും മുന്നേ പോലും – എത്തുന്ന അവരൊക്കെ ഏത് നുകവും ചിരിച്ചു കൊണ്ട് വഹിക്കുന്നതും , പ്രതീക്ഷയറ്റിട്ടും പിടിവിടാതെ നില നില്‍ക്കുന്നതും, നീ എന്ന ഒറ്റ ബലത്തിന്മേലായിരുന്നല്ലോ തമ്പുരാനേ !

എരിതീയില്‍ എണ്ണ പകര്‍ന്ന് നവ മാധ്യമങ്ങളുടെ സഹകരണവും ഉണ്ടായിരുന്നു. “ഇത്തിരിപോന്ന കുഞ്ഞന്‍ വൈറസിനെ പേടിച്ച് ദൈവങ്ങളെല്ലാം ഓടിയൊളിച്ചു. ശാസ്ത്രമെന്ന സത്യത്തിന് മുന്നില്‍ ദൈവമെന്ന സങ്കല്‍പ്പം തോറ്റു” എന്നൊക്കെ പോസ്റ്ററിട്ട്, ദൈവത്തെ തല്ലിയാലേ പരിഷ്ക്കാരിയാവൂ എന്ന തെറ്റിദ്ധാരകര്‍ ഒരുവശത്തും, അനാദിയായ പരംപൊരുളിനെ അല്‍പ്പായുസായ ഞാന്‍ സംരക്ഷിച്ചില്ല എങ്കില്‍ പിന്നെയാര് എന്ന ലൈനില്‍ മറുഭാഗത്തും നിന്നുള്ള പോരുവിളികളാണ് എവിടെയും. ഇതിനിടയിലാണ് മുന്‍നിര മാധ്യമങ്ങളും ഇതേ ചുവടുപിടിച്ച് കത്തികയറി തുടങ്ങിയത്. സമൂഹത്തിന്‍റെ മൊത്തം നിലപാട് എന്ന് തെറ്റിദ്ധരിക്കും വിധം ആനുകാലികങ്ങള ആധികാരികമായി വെട്ടി കണ്ടിച്ച് വിധി പറയുന്ന ‘കവര്‍ സ്റ്റോറിയാണ്’ കൂട്ടത്തില്‍ ഏറ്റവും ഭീകരമായി തോന്നിയത്. ആചാരങ്ങളെ വിശ്വാസമെന്ന് തെറ്റിദ്ധരിച്ച ആരോ ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എന്നുറപ്പായിരുന്നു. കാരണം, ആചാരങ്ങളില്ലാതായതോടെ ദൈവങ്ങളെ ഒരുമിച്ച് ചാക്കില്‍ കെട്ടി ഇപ്പൊ കടലില്‍ താഴ്ത്തും എന്ന ലൈനില്‍ ആയിരുന്നു അവതരണം. പ്രാണനൊപ്പം ആഴമേറിയതാണ് വിശ്വാസമെന്നും, അതിനെ അലങ്കരിക്കാനും പ്രകടിപ്പിക്കാനുമായി, കാലാകാലങ്ങളില്‍ മനുഷ്യരുടെ മനസ്സിലുദിച്ച ആശയങ്ങളാണ് ആചാരങ്ങളായതെന്നും ആരോട് പറയാന്‍?? ഒലിവില കുരുത്തോലയായിട്ടും, യൂദാനാട്ടിലെ പുളിപ്പുള്ള അപ്പം ഇന്‍ട്രിയപ്പമായിട്ടും വിശ്വാസത്തിന് കോട്ടം തട്ടാത്തതിന്‍റെ അനുഭവം ഇവരെയൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? ഈ ആചാരങ്ങളിലൊന്നും പങ്കുചേരാന്‍ കഴിയാത്ത – വിദേശത്തായിരിക്കുന്ന – മനുഷ്യരുടെ തീഷ്ണമായ വിശ്വാസവും, പ്ലേഗും യുദ്ധവും പ്രളയവും തകര്‍ത്ത ഇടങ്ങളിലിന്നും നിലനില്‍ക്കുന്ന സമൃദ്ധമായ വിശ്വാസ സമൂഹവുമൊക്കെയാണല്ലോ ഇവര്‍ക്കുള്ള മറുപടി. എന്നാല്‍ ഒരു മറുചിന്തയും തോന്നാതിരുന്നില്ല. കാരണം വിശ്വാസം ഘോഷിക്കാന്‍ കെട്ടിയ തോരണങ്ങള്‍ പലതും അഴിച്ച് മാറ്റാതെ പെരുവഴിയില്‍, മഴയും വെയിലുമേറ്റ് നിറംമങ്ങി തുടങ്ങി എന്ന് സമ്മതിക്കാന്‍ മേല്‍പ്പറഞ്ഞ കുഞ്ഞന്‍ വൈറസ് എത്തേണ്ടി വന്നല്ലോ? തൊങ്ങലുകളുടെ തിളക്കം കൊണ്ടും, അംശവടിയുടെ ബലം കൊണ്ടും വിശ്വാസത്തെ ബലപ്പെടുത്താം എന്ന് ധരിക്കുന്ന അജപാലകരുടെ നാട്ടില്‍ ഇത്തരം കൂക്കൂവിളികള്‍ കേട്ടില്ല എങ്കിലേ അല്‍ഭുതമുള്ളൂ എന്നാശ്വസിക്കാം.

വീടിനു പുറത്തേക്കിറങ്ങരുതെന്ന കഠിന കല്‍പ്പന, ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത ശീലങ്ങള്‍ ശീലിച്ച് തുടങ്ങേണ്ട അസൗകര്യങ്ങള്‍, അന്യരാജ്യത്തായി പോയ പ്രിയപ്പെട്ടവരുടെ ജീവനെകുറിച്ചു പോലും ആശങ്കപെടുത്തുന്ന വാര്‍ത്തകള്‍, ഇംഗ്ലീഷ് സിനിമകളില്‍ കണ്ടിട്ടുള്ളതിനേക്കാള്‍ ഭീതിതമായ അന്തരീക്ഷം. അതിജീവിക്കാന്‍ ആകെ ഉണ്ടായ ഇടവും പൂട്ടപ്പെട്ടു കഴിഞ്ഞു. ദൈവത്തിന് അസാധ്യമായതൊന്നും ഇല്ല എന്ന് അനുഭവമാക്കിയ സഭയ്ക്കും പ്രാധാന്യമുണ്ടായിരുന്നു. ഒരാണ്ടിന്‍റെ മുഴുവന്‍ പ്രാധാന്യമേറിയ ദിനങ്ങളെന്നത് പോലെ, ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെയുമാണ് കൈകാര്യം ചെയ്യേണ്ടത്. നോക്ക്, മരണത്തിന്‍റെ നിഴല്‍വീണ ഇരുണ്ട തെരുവുകളിലൂടെ വേഞ്ഞു വേഞ്ഞ് നടന്ന് നീങ്ങിയ പാപ്പാ ലോകത്തെ ചെറുതായല്ല ആശ്വസിപ്പിച്ചത്. കണ്ണുനീര്‍ പൊടിഞ്ഞ് ഇടറിയ വാക്കുകള്‍ ലോകം മുഴുവനും ഹൃദയത്തിലേറ്റി. ആ കരുതലിന്‍റെ ഒരു തുടര്‍കാഴ്ചയായിരുന്നു ഇവിടേയും പ്രതീക്ഷിച്ചത്. ശൂന്യമായ പള്ളികളിലെ അള്‍ത്താരകളില്‍ ബലികള്‍ മുടങ്ങുന്നില്ല എന്ന അറിവ് വിലപ്പെട്ടതായി. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ അവയില്‍ പങ്കുചേരാന്‍ അവസരമൊരുങ്ങുന്നു എന്ന് കേട്ട് കാത്തിരുന്നു. അതിനു പുറകിലെ അധ്വാനങ്ങളും പ്രോത്സാഹിക്കപ്പെട്ടു. പക്ഷെ പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതും ഒരു മത്സര ഇനമായി പ്രഖ്യാപിച്ച പ്രതീതിയായിരുന്നു. തങ്ങളുടെ അപ്രമാദിത്വം തുടരാന്‍ ശ്രമിക്കുന്നവര്‍ വാട്ട്സാപ്പുകളിലേക്ക് അയച്ചു കൊണ്ടിരുന്ന പ്രബോധന കസര്‍ത്തുകളെ അതിന് കൊടുക്കേണ്ട മൂല്യത്തോടെ തള്ളികളഞ്ഞെങ്കിലും, കുര്‍ബാന തൊഴിലാളികളായ് ലൈക്കും ഷെയറും ചെയ്യാനാവശ്യപ്പെട്ട് ഇടവക-ജില്ല- സംസ്ഥാന – രാജ്യ അതിര്‍ത്തികള്‍വിട്ട് മെസേജുകള്‍ പായിച്ചവരോടൊക്കെ എന്താണ് പറയേണ്ടത്? ഇതിനായി നടത്തിയ എല്ലാ അധ്വാനത്തോടുമുള്ള ആദരവോട് കൂടി തന്നെ പറയട്ടെ, ലൈവ് എന്നാണ് സാങ്കേതികപദമായി ഉപയോഗിച്ചതെങ്കിലും ഒട്ടും സജീവമായിരുന്നില്ല പല ആഘോഷങ്ങളും. എന്നാല്‍ കെട്ടിയുയര്‍ത്തിയ പീഠത്തിനു മുകളില്‍ നിന്നുയര്‍ന്ന പ്രബോധനത്തെക്കാള്‍, കൂടെയുണ്ട് എന്ന ഉറപ്പാണ് ആവശ്യം എന്ന് പിടികിട്ടിയരുടെ ‘സദ്വാര്‍ത്തകള്‍ക്ക്’ വലിയ ലൈക്കും ഷെയറുമൊക്കെ നേടുന്നുമുണ്ടായിരുന്നു. ഓരോ ബലിയും ‘നീ തനിച്ചല്ല’ എന്ന ബലമാണ് അപരന് സമ്മാനിക്കേണ്ടതെന്ന് ഉറപ്പിച്ച അവര്‍ വിശക്കുന്നവന് അന്നമായും, തളര്‍ന്നവന് താങ്ങായും, ആശയക്കുഴപ്പങ്ങള്‍ക്ക് നേര്‍വഴിയായും ഒക്കെ മാറുന്നുണ്ടായിരുന്നു. ‘അമ്മച്ചീ, ഈ രണ്ടാഴ്ച എന്നത് കണ്ണടച്ച് തുറക്കും മുന്നേ അങ്ങ് പോകില്ലേ? കൊറോണ കഴിഞ്ഞ് ദിവസവും നമുക്ക് രണ്ട് കുര്‍ബാന വീതം ചൊല്ലാട്ടോ…. ഭക്ഷണം കൃത്യമായി കഴിച്ച്, കിട്ടുന്ന സമയം മുഴുവനും ഓര്‍മ്മയിലുള്ള എല്ലാവരെയും സമര്‍പ്പിച്ച് കരുണ കൊന്ത ചൊല്ലിക്കോ, മരുന്നോ മറ്റെന്തങ്കിലുമോ ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. ‘വികാരിയച്ചന്‍ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ചത്, വള്ളി പുള്ളി വിടാതെ പറഞ്ഞ് കേള്‍ക്കാന്‍ തന്നെ വല്ലാത്ത ശേലായിരുന്നു.

മൊബൈല്‍ ഫോണ്‍ ഒരത്യാവശ്യ വസ്തുവല്ല എന്ന് പുതിയ തലമുറയോട് കലഹിക്കുന്ന ഒരു സിസ്റ്ററുടെ ഫോണ്‍ ഇപ്പോള്‍ ദിവസം മുഴുവനും തിരക്കിലാണ്. ഫോണിലുള്ള കോണ്‍ടാക്റ്റ് ലിസ്റ്റ് മുഴുവനുമെടുത്ത് വിളിക്കുകയാണത്രെ. ചുറ്റുമുള്ളവരെ വിളിച്ചൊന്ന് മിണ്ടിയാല്‍ പോലും സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെടുന്ന പുണ്യകാലമാണ് കോവിഡ് കാലം എന്ന വിശേഷണം ചെറുതായി ഞെട്ടിച്ചു. ഊട്ടു മുറിയില്‍ തുറന്നു വച്ച ചാക്കുകളില്‍ അന്നം നിറച്ചും, മുഖ്യന്‍ ചിന്തിക്കും മുന്‍പേ, ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വിശപ്പകറ്റാനുള്ള വിളി ഏറ്റെടുത്തും, ടാക്സിക്കാര്‍ പോലും മടിച്ചു നിന്ന സമയത്ത് സ്വയം ഡ്രൈവറായി രോഗികളായവരെ ആശുപത്രിയില്‍ പോകാന്‍ സഹായിച്ചും, മാസ്ക്ക് തുന്നാനും സാനിറ്റൈസര്‍ ഉണ്ടാക്കാന്‍ നേതൃത്വം കൊടുത്തും, മുണ്ടു മുറുക്കി ഉടുക്കുന്നവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താതെ ചേര്‍ത്ത് നിറുത്തിയും, വില്‍ക്കാന്‍ നിവൃത്തിയില്ലാതെ കെട്ടികിടന്ന പച്ചക്കറികള്‍ വില കൊടുത്ത് വാങ്ങി ആവശ്യക്കാര്‍ക്ക് ന്യായവിലക്കെത്തിച്ചും, ഇടവക വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ കുട്ടികള്‍ക്കായ് മത്സരങ്ങള്‍ നടത്തിയും, ഇടവകക്കാരോട് വെറുതെ മിണ്ടിയും, യൂത്തിനെ ഒരുമിച്ച് കൂട്ടാതെ ഒരുമിപ്പിച്ചും, പാട്ട് പാടിയും പടം വരപ്പിച്ചും, ഇട വകാതിര്‍ത്തിയില്‍ നിന്നുള്ള പ്രവാസികളുടെ മുഴുവന്‍ നമ്പറുകളും ശേഖരിച്ച് അവരെ വിളിച്ച് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചുമൊക്കെ അവര്‍ തിരക്കിലാണ്. ഇടവയിലെ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യൂത്ത്, പ്രത്യേക ശ്രദ്ധ ആവശ്യമായവര്‍, രോഗികള്‍, സാമ്പത്തിക സഹായം ഉടനേ വേണ്ടവര്‍ എന്നിങ്ങനെ തിരിച്ചെടുക്കാന്‍ ഒരു വികാരിയച്ചന് വേണ്ടി വന്ന സമയം 48 മണിക്കൂര്‍ മാത്രം. പല രാജ്യങ്ങളിലായ് കൊളുത്തിയ മെഴുതിരിക്കരുകില്‍ നിന്ന് ഇടയനോടൊപ്പം വൈദികര്‍ ഒരുമിച്ച് ഒരുക്കിയ പാട്ട് അതിസമൃദ്ധിയുടെ കാലത്ത് പോലും അസാധ്യമായ ഒന്നായിരുന്നു.

കാലം ആവശ്യപ്പെടുന്ന വിശ്വാസ പ്രഖ്യാപനങ്ങളാണ് ഇവയെല്ലാം എന്ന് അടി വരയിട്ട് പറയാം. രാവിലെ ചൊല്ലേണ്ട പ്രാര്‍ത്ഥന, ഉച്ചയ്ക്ക് വേണ്ട സുകൃതജപം, സന്ധ്യാപ്രാര്‍ത്ഥന എന്ന ക്രമത്തില്‍ നിര്‍ദ്ദേശിക്കാനായി ലൈവില്‍ വരുന്നവരോട് ഒന്നു ഓര്‍മ്മിപ്പിച്ചേക്കാം, ഇതൊക്കെ കാലേകൂട്ടിക്കണ്ട കാരണവന്മാരാണ് പെണ്ണൊരുത്തിയെ കെട്ടിച്ചയക്കുമ്പോള്‍ അലമാരിയിക്കകത്ത് വേദപുസ്തകത്തിനൊപ്പം കുടുംബ പ്രാര്‍ത്ഥനയും കൂടെ ഭദ്രമായി തന്നയക്കുന്നത്.

ഇടവക സംവിധാനങ്ങള്‍ – ഫാമിലി യൂണിറ്റ്, സംഘടനകള്‍, സെന്‍ട്രല്‍ കമ്മറ്റി, പാരിഷ് കൗണ്‍സില്‍ – ഉപയോഗപ്പെടുത്തി ദീര്‍ഘവീക്ഷണത്തോടെയുള്ള മാസ്റ്റര്‍ പ്ലാനുകളാണ് ഉണ്ടാവേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്കുള്ള സുതാര്യത ഗുണകരമാകും. പക്ഷെ ഭരണപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളായ് അത് മാറുകയും ചെയ്യരുത്. ഇടവക യുറ്റൂബ് ചാനലുകളും ഫെയ്സ് ബുക്ക് ലൈവുമൊക്കെ ഇത്തരം മീറ്റിംങ്ങുകള്‍ക്കും സര്‍വ്വേകള്‍ക്കുമായും കൂടി പ്രയോജനപ്പെടുത്താന്‍ കഴിയണം.

കൊറോണ കാലം കഴിയും വരെ വീടിനകത്തെ സുരക്ഷിതത്വത്തില്‍ യൂറ്റ്യൂബ് കുര്‍ബാനകള്‍ മാത്രം അര്‍പ്പിച്ച് വിശ്രമത്തിലേക്ക് പോകാനല്ല, അതിജീവനത്തിനായി ഒരുങ്ങാനുള്ള ദിവസങ്ങളാണിത്. ഇടവക പള്ളിയും സക്രാരിയും എന്നും സ്വപനം കാണുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് പുറമേ നിന്നുള്ള ഒരു രക്ഷകനിലും പ്രതീക്ഷയര്‍പ്പിക്കാനാകില്ലല്ലോ?

Leave a Comment

*
*