ദൈവം അതിഥിയായി വന്ന കുടുംബം

ദൈവം അതിഥിയായി വന്ന കുടുംബം

അബ്രാഹം തന്‍റെ കൂടാരവാതില്ക്കല്‍, ഓക്കുമരത്തണലില്‍ നട്ടുച്ചയ്ക്ക് ആരെയോ കാത്തിരിക്കുന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ വരുന്നതു കണ്ടു. എഴുന്നേറ്റ് അവരെ എതിരേല്ക്കാന്‍ ഓടിച്ചെന്നു. പിന്നെ നിലംപറ്റെ താണ് അവരെ വണങ്ങി. അവര്‍ക്കായി അബ്രാഹം വിരുന്നൊരുക്കി. ഈ അതിഥികളെ ഉത്പത്തിപ്പുസ്തകകാരന്‍ വിശേഷിപ്പിക്കുന്നത് 'കര്‍ത്താവ്' എന്നാണ്. അതിഥികള്‍ അബ്രാഹത്തിന്‍റെ കുടുംബത്തെ അനുഗ്രഹിച്ചു: "വസന്തത്തില്‍ തീര്‍ച്ചയായും ഞാന്‍ തിരികെ വരും. അപ്പോള്‍ നിന്‍റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടാകും" (ഉത്പ. 18:10).

ദൈവം ഒരു കുടുംബത്തിലേക്ക് അതിഥിയായി കടന്നുവരുകയും ആ കുടുംബത്തിന്‍റെ സന്തോഷത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. അസാധ്യമായ കാര്യമാണ് സംഭവിക്കാന്‍ പോ കുന്നത്. വന്ധ്യയായ സാറ പ്രസവിക്കാന്‍ പോകുന്നത്രെ. ഇതൊന്നും നടക്കില്ലെന്ന് സാറാ മനസ്സില്‍പ്പറഞ്ഞ് അറിയാതെ ചിരിച്ചു പോയി. മനസ്സിലെ ഒരു ചെറുചിരിയോ ചിന്തയോ പോലും അറിയുന്ന ദൈവം ഉടനേ അതിനുത്തരം കൊടുത്തു: "കര്‍ത്താവിന് കഴിയാത്തത് എന്തെങ്കിലുമുണ്ടോ?" (ഉത്പ. 18:14). ദൈവത്തിന്‍റെ വാക്കിലും വാഗ്ദാനത്തിലും വിശ്വസിച്ച അബ്രാഹത്തിന്‍റെ കുടുംബത്തിനു നല്കപ്പെട്ടത് അളക്കാനാവാത്ത അനുഗ്രഹ സമ്പത്തായിരുന്നു. ഒരിഞ്ചുപോലും മണ്ണില്ലാത്ത അബ്രാഹത്തിനാണ് ദൈവം കാനാന്‍ദേശം മുഴുവന്‍ നല്കാമെന്നു പറഞ്ഞത്. വിളിച്ചവന്‍ വിശ്വസ്തനാണെന്നു വിശ്വസിച്ച അബ്രാഹം ദൈവത്തെ ഒരു സുഹൃത്തിനെപ്പോലെ സ്നേഹിച്ചു, പറഞ്ഞതെല്ലാം വിശ്വസിച്ചു, അനുസരിച്ചു ജീവിച്ചു.

ദൈവാരാധന മുഖമുദ്രയാക്കിയ കുടുംബമായിരുന്നു അബാഹത്തിന്‍റേത്. അദ്ദേഹം എവിടെയെല്ലാം പോകുന്നുവോ, അവിടെയെല്ലാം ദൈവമായ കര്‍ത്താവിനുവേണ്ടി ബലിപീഠം പണിയുകയും ബലിയര്‍പ്പണം നടത്തുകയും ചെയ്യുമായിരുന്നു (ഉത്പ. 12:7). അതുവഴി തന്‍റെ കുടുംബം കര്‍ത്താവിന് പ്രതിഷ്ഠിക്കുകയായിരുന്നു. ബലിപീഠങ്ങള്‍ ദൈവസാന്നിധ്യത്തിന്‍റെ സജീവ പ്രതീകങ്ങളായിരുന്നു. അപ്രകാരം തന്‍റെ കുടുംബത്തെ ഒരു ആരാധനാ കേന്ദ്രമാക്കി മാറ്റി.

അബ്രാഹത്തിന്‍റെ ബലിജീവിതം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് വിരുന്നും ബലിയുമായ വിശുദ്ധ കുര്‍ബാനയിലേക്കാണ്. വത്തിക്കാന്‍ സൂനഹദോസ് വിശേഷിപ്പിച്ച ക്രൈസ്തവ കുടുംബജീവിതത്തിന്‍റെ കേന്ദ്രബിന്ദുവും സ്രോതസ്സുമായ വിശുദ്ധ കുര്‍ബാനയിലേക്ക് (ജനതകളുടെ പ്രകാശം, No.11).

കുടുംബങ്ങളുടെ പാപ്പാ എന്നറിയപ്പെടുന്ന ജോണ്‍പോള്‍ പാപ്പാ എഴുതി: "ക്രിസ്തീയ വിവാഹത്തിന്‍റെ ഉറവിടംതന്നെ വിശുദ്ധ കുര്‍ബാനയാണ് കുര്‍ബാന എന്ന ബലി യഥാര്‍ഥത്തില്‍ പ്രതിനിധാനം ചെയ്യുന്നത് ക്രിസ്തു സഭയുമായി നടത്തിയ സ്നേഹത്തിന്‍റെ ഉടമ്പടിയാണ്. ഈ ഉടമ്പടി മുദ്രവച്ചിരിക്കുന്നത് കുരിശിലെ രക്തത്താലാണ്. നവീനവും ശാശ്വതവുമായ ഉടമ്പടിയുടെ ഈ ബലിയില്‍ ക്രൈസ്തവദമ്പതികള്‍ താങ്കളുടെ വിവാഹ ഉടമ്പടിയുടെ ഉദ്ഭവസ്ഥാനം കണ്ടെത്തുന്നു.

കുരിശിലെ യാഗത്തിന്‍റെ തനിപ്പകര്‍പ്പാണ് കുര്‍ബാന. അതിന്‍റെ രണ്ടാം പതിപ്പാണ് കുടുംബം. എന്നു വച്ചാല്‍, കുരിശിലും കുടുംബത്തിലും അരങ്ങേറുന്ന ബലികളുടെ കേന്ദ്രബിന്ദു കിസ്തു തന്നെയാണ്. അബ്രാഹം തന്‍റെ കുടുംബ ബലിപീഠത്തില്‍ സമര്‍ പ്പിച്ച ബലിയുടെ തുടര്‍ച്ചയായിരുന്നു മോറിയാ മലയില്‍ ഒരുക്കിയ ബലിപീഠത്തില്‍ അര്‍പ്പിച്ചതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org