ദൈവം തന്നു ദൈവം എടുത്തു

ദൈവം തന്നു ദൈവം എടുത്തു

റബ്ബിയും ഭാര്യയും രണ്ട് ആണ്‍കുട്ടികളും. സന്തുഷ്ട കുടുംബം. പതിവുപോലെ സാബത്തുദിവസം സിനഗോഗില്‍ നിയമം പഠിപ്പിക്കാന്‍ റബ്ബി പോയി. അധികം വൈകാതെ ആ കുടുംബത്തില്‍ ഒരു ദുരന്തമുണ്ടായി. രണ്ടു കുട്ടികളും വൈദ്യുതാഘാതമേറ്റു മരിച്ചു.

ഉത്തമവിശ്വാസിയും ഭക്തയുമായ അമ്മ അവരെ വെള്ളത്തുണികൊണ്ടു പുതപ്പിച്ചു കിടത്തി.

ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ പണ്ഡിതന്‍ കുട്ടികളെ അന്വേഷിച്ചു. ഭാര്യ അപ്പോള്‍ എന്തൊക്കെയോ ഒഴിവുകഴിവുകള്‍ പറഞ്ഞു.

ഊണിനുശേഷം അവള്‍ താഴ്ന്ന സ്വരത്തില്‍ അയാളോടു പറഞ്ഞു: "ഞാനൊരു പ്രതിസന്ധിയിലാണ്. എനിക്കു നിങ്ങളുടെ സഹായം വേണം."

"എന്താ കാര്യം?" അയാള്‍ ആകാംക്ഷയോടെ തിരിക്കി.

"കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാള്‍ വിലപിടിച്ച കുറച്ചു വസ്തുക്കള്‍ എന്നെ സൂക്ഷിക്കാനേല്പിച്ചു. ഇപ്പോള്‍ അത് തിരിച്ചു കൊടുക്കാനാവശ്യപ്പെടുന്നു. എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയില്ല. ഇത്രയും വര്‍ഷങ്ങള്‍ സൂക്ഷിച്ചതിനുശേഷം ഞാനിവ തിരിച്ചു കൊടുക്കണോ? അങ്ങെന്തു പറയുന്നു?"

"ഈ ചോദ്യം കേട്ടിട്ടുതന്നെ എനിക്കത്ഭുതം തോന്നുന്നു. എന്താ ചെയ്യേണ്ടത് എന്നതില്‍ ഒരു സംശയവും വേണ്ട. മറ്റൊരാളുടെ മുതല്‍ തിരിച്ചുകൊടുക്കാന്‍ നീ മടിക്കുന്നതെന്തിന്?"

അവള്‍ ഒന്നും മിണ്ടിയില്ല. പണ്ഡിതനായ റബ്ബിയെ കിടപ്പറയിലേക്കു കൂട്ടിക്കൊണ്ടുപോയി. ബെഡില്‍ കിടന്നിരുന്ന ഷീറ്റ് എടുത്തുമാറ്റി.

"എന്‍റെ മക്കളേ," മക്കളുടെ മൃതദേഹം കണ്ട് പണ്ഡിതന്‍ ഉറക്കെക്കരഞ്ഞു.

"ദൈവം തന്നു, ദൈവം എടുത്തു, അവിടുത്തെ സ്തുതിക്കുക." കണ്ണീരോടെ ആ അമ്മ പറഞ്ഞു.

നിശബ്ദമായ നിമിഷങ്ങള്‍ക്കു ശേഷം റബ്ബി പ്രാര്‍ത്ഥനാപൂര്‍വ്വം പറഞ്ഞു: "ഇത്രയും വര്‍ഷങ്ങള്‍ നമ്മള്‍ പരസ്പരം സ്നേഹിച്ചു. നമുക്കു വേണ്ടതെല്ലാം തന്ന് ദൈവം നമ്മളെ അനുഗ്രഹിച്ചു. വേദനകളില്‍ അവിടുന്ന് നമുക്കു കൂട്ടായിരുന്നു. തന്നതെല്ലാം തിരിച്ചെടുക്കാന്‍ അവിടുത്തേക്ക് അധികാരമുണ്ട്. ഇപ്പോള്‍ അവിടുന്ന് നമുക്കേറ്റവും വിലപ്പെട്ട നമ്മുടെ പൊന്നുമക്കളെ തന്നെ തിരിച്ചെടുത്തു. എല്ലാ അനുഗ്രഹങ്ങള്‍ക്കും അവിടുത്തേക്കു നന്ദി പറയുക."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org